ഓരോ
തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ഭരണകൂടങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും
തെരഞ്ഞെടുപ്പുമായി കൂട്ടിയിണക്കേണ്ട നയപരമായ തീരുമാനങ്ങള്‍
എടുക്കുന്നതിനുമുമ്പുതന്നെ രാജ്യത്ത് അഭിപ്രായ സര്‍വ്വേകളും മറ്റും അരങ്ങേറും.
വോട്ടുചെയ്ത് സമ്മതിദായകര്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് മടങ്ങുമ്പോള്‍ തന്നെ എക്സിറ്റ് പോള്‍
എന്ന ഓമനപ്പേരില്‍ മറ്റൊരു തെരഞ്ഞെടുപ്പും രാജ്യത്ത് നടക്കും. എന്നിട്ട് പതിവുപോലെ
സമാന്തരമായി സര്‍വ്വേ ഫലങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളും ഇക്കൂട്ടര്‍
പ്രഖ്യാപിക്കുന്നു. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസ്സല്‍
തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രഖ്യാപിക്കുന്നു. ജനങ്ങള്‍ രണ്ടു തെരഞ്ഞെടുപ്പു ഫലങ്ങളും
പ്രഖ്യാപനങ്ങളും കണ്ടും കേട്ടും അന്ധാളിച്ചുനില്‍ക്കുന്നു.
രാജ്യം
സമ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്ന ഒരു ജനാധിപത്യ സമ്പ്രദായമാണ് തെരഞ്ഞെടുപ്പ്.
അപ്പോള്‍പിന്നെ സമാന്തരമായി മറ്റൊരു തെരഞ്ഞെടുപ്പ്, അഭിപ്രായ സര്‍വ്വെകളിലൂടെയും
എക്സിറ്റ് പോളുകളിലൂടെയും നടത്തുന്നത് ജനാധിപത്യപരമായ തെറ്റോ കുറ്റമോ അബദ്ധമോ
അല്ലെ? ആണെന്നുതന്നെയാണ് ഈ ലേഖകന്റെ വിശ്വാസം. ഇപ്പോള്‍ നിലനില്‍ക്കുന്ന
നിയമങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് അതൊരു തെറ്റോ കുറ്റമോ അബദ്ധമോ അല്ലെങ്കില്‍
നിയമ പണ്ഡിതര്‍ ഈ വിഷയത്തിന്മേല്‍ നന്നായി ന്യായാന്യായ വിശകലനങ്ങള്‍ നടത്തി ഒരു
സമവായത്തിലെത്തണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.
ഇത്തരം
അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും കണ്ടെത്തിയവര്‍ വിദേശികളില്‍ ഡച്ചുകാരനായ
മാര്‍സെല്‍ വാന്‍ ഡാം ആണോ അമേരിക്കാരനായ വാറന്‍ മിറ്റോസ്കി ആണോ എന്ന ചരിത്ര ഗവേഷണ
സംശയങ്ങള്‍ക്ക് ഇനിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ഇന്ത്യയെപോലെ ഒരു രാജ്യത്തിന്
അതൊന്നും ഒരു പ്രശ്നമല്ല. വിദേശികള്‍ എന്തബദ്ധങ്ങള്‍ കാണിച്ചാലും അച്ചും പുള്ളിയും
തെറ്റാതെ അതൊക്കെ ഇന്ത്യയില്‍ പകര്‍ത്തുകയാണല്ലോ നാം ഇന്ത്യക്കാരുടെ ഒരു ദൌര്‍ബ്ബല്യം,
അല്ലെങ്കില്‍ പരിഷ്കാരം. അങ്ങനെയാണ് ഇത്തരം അഭിപ്രായ സര്‍വ്വേകളും
എക്സിറ്റ് പോളുകളും ഇന്ത്യയിലെത്തുന്നത്.
ആരാണ്
ഇത്തരം അഭിപ്രായ സര്‍വ്വേകളുടെയും എക്സിറ്റ് പോളുകളുടെയും പിന്നില്‍. സംശയം വേണ്ട,
ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉപ്പും ചോറും തിന്നുകൊഴുക്കുന്ന ചില
കുത്തക മാധ്യമങ്ങളും സ്ഥിതിവിവര ഗണിത ശാസ്ത്രത്തെ ഉപജീവനമാക്കി കഴിഞ്ഞുപോരുന്ന
മറ്റുചില കുത്തക സ്ഥാപനങ്ങളുമാണ് ഇതിന്റെയൊക്കെ പിന്നില്‍ എന്ന് വളരെ ഗൌരവത്തില്‍
സൂക്ഷ്മദര്‍ശനം നടത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. അതുകൊണ്ടൊക്കെതന്നെയാണ് തെരഞ്ഞെടുപ്പുകള്‍ക്ക്
മുമ്പും ശേഷവും ഇത്തരത്തിലുള്ള സര്‍വ്വേ-എക്സിറ്റ് പോള്‍ കച്ചവടം
പൊടിപൊടിക്കുന്നത്. ഇതില്‍ കച്ചവടം കൊഴുക്കുന്നത് കൊണ്ടുതന്നെയാണ്, മറ്റുപല
രാജ്യങ്ങളിലും നിരോധിച്ച ഈ ഏര്‍പ്പാട് ഇന്ത്യയില്‍ ഇന്നും
സ്വീകരിക്കപ്പെട്ടുപോരുന്നത്.
അഭിപ്രായ
സര്‍വ്വേകളുടെയും എക്സിറ്റ് പോളുകളുടെയും അടിസ്ഥാന നിയന്ത്രണ-വിശകലന ശാസ്ത്രം
എന്താണ്. സ്ഥിതിവിവര ഗണിത ശാസ്ത്രം അഥവാ ഇംഗ്ലീഷില്‍ Statistics എന്നുപറയുന്ന ഒരു
ശാസ്ത്രമാണ് ഇത്തരം സര്‍വ്വെകളെയും പോളുകളെയും നിയന്ത്രിക്കുകയും വിശകലനം
ചെയ്യുന്നതും. ഈ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ പൊതുവേ പറയുന്ന ഒരു
സത്യമുണ്ട്. സ്ഥിതിവിവര ഗണിത ശാസ്ത്രം
അഥവാ ഇംഗ്ലീഷില്‍ Statistics എന്നത് ഒരു കല്ലുവച്ച നുണയാണ് (Statistics is a dark
lie) എന്ന്. ഈ സത്യം സ്ഥിരീകരിച്ചുകാണിക്കാന്‍ അദ്ധ്യാപകന്‍ ഒരു ഉദാഹരണവും
കുട്ടികള്‍ക്ക് ആദ്യ ക്ലാസ്സില്‍ തന്നെ പറഞ്ഞുകൊടുക്കും. അതിങ്ങനെ:-
സ്ഥിതിവിവര
ഗണിത ശാസ്ത്രം ഉപയോഗിച്ചുകൊണ്ട് ഒരു കുളത്തിന്റെ ആഴം കണ്ടെത്തുവാനുള്ള സ്ഥിതിവിവര
ഗണിത ശാസ്ത്ര ഉപാധിയാണ് ഇവിടെ അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത്. ഒരു കുളത്തിന്റെ ആഴം
സാധ്യമായ പത്തിടത്തുനിന്നു സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്‍ അളന്നെടുക്കുന്നു.
അതിങ്ങനെ:- 4,5,6,4,3,2,2,7,3,7 (അടി കണക്ക്). ഈ അളവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം
നടത്തിയതിനുശേഷം സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് കുളത്തിന്റെ ആഴം 4.3
അടിയെന്നാണ്. ഈ കണക്ക് വിശ്വാസത്തില്‍ എടുത്തുകൊണ്ട് ആരെങ്കിലും ഈ കുളത്തിലൂടെ
നടക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ മുങ്ങിച്ചത്തതുതന്നെ. കാരണം ആ കുളത്തിന്റെ പത്തും
പന്ത്രണ്ടും പതിനഞ്ചും അടി ആഴമുള്ള സ്ഥലങ്ങളൊന്നും തന്നെ അളന്നെടുക്കാന്‍ ആ സ്ഥിതിവിവര
ഗണിത ശാസ്ത്രജ്ഞന് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഈ ദുരന്തം തന്നെയാണ്
നമ്മുടെ അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും വിശ്വസിക്കുന്നവരുടെയും
ദുരന്തം.
അഭിപ്രായ
സര്‍വ്വെകളിലും എക്സിറ്റ് പോളുകളിലും സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്‍ അനുവര്‍ത്തിക്കുന്നതും
ഇതേ സാങ്കേതികതയാണ്. ഏറ്റവുമൊടുവില്‍ ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍
ഇന്ത്യയില്‍ ഏകദേശം134 കോടി ജനങ്ങളും 81.41 കോടി സമ്മതിദായകരുമാണ് ഉള്ളത്. കേരളത്തില്‍
മൂന്നര കോടി ജനങ്ങളും 2.60 കോടി സമ്മതിദായകരുമാണ് ഉള്ളത്. സ്ഥിതിവിവര ഗണിത
ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം പറയുന്നത് മൊത്തം വോട്ടര്‍മാരുടെ {Population
Size) ഏകദേശം 10 ശതമാനമെങ്കിലും (Sample Size) ഇത്തരം സര്‍വ്വെകള്‍ക്കുവേണ്ടി പങ്കെടുപ്പിക്കണമെന്നാണ്.
എങ്കില്‍ മാത്രമേ വിശ്വസിനീയമായ ഒരു ഫലപ്രാപ്തിയില്‍ എത്തിച്ചേരാനാവൂ എന്നതാണ്
ശാസ്ത്രം. എന്നുപറയുമ്പോള്‍ ഇന്ത്യയില്‍ നിന്നും 8.14 കോടി വോട്ടര്‍മാരില്‍
നിന്നെങ്കിലും വിവരങ്ങള്‍ ശേഖരിക്കണമെന്നാണ്. കേരളത്തില്‍ നിന്നാവുമ്പോള്‍ 26
ലക്ഷം വോട്ടര്‍മാരില്‍ നിന്നെങ്കിലും വിവരങ്ങള്‍ ശേഖരിക്കണമെന്നാണ്.
സ്ഥിതിവിവര
ഗണിതശാസ്ത്രം ഇതായിരിക്കെ നമ്മുടെ സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്മാര്‍ വിവരങ്ങള്‍
ശേഖരിക്കുന്നത് വളരെ കുറഞ്ഞ ഒരു അളവിലാണ് എന്നതാണ് പരമാര്‍ത്ഥം. അവരുടെ സാധ്യതയും
അതാണ്. അവരില്‍ തന്നെ ഏകദേശം 30 മുതല്‍ 40 ശതമാനം വരെ നിഷ്പക്ഷരും ഇതേക്കുറിച്ചൊന്നും
അഭിപ്രായമില്ലാത്തവരും അല്ലെങ്കില്‍ യഥാര്‍ത്ഥ അഭിപ്രായം രേഖപ്പെടുത്താന്‍
കഴിവില്ലാത്തവരുമാണ്. ബാക്കി അവിശേഷിക്കുന്ന ഏകദേശം 60 ശതമാനത്തിന്റെ വിവരങ്ങളെ
അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്ഥിതിവിവര ഗണിത
ശാസ്ത്രജ്ഞന്മാര്‍ ഒരു അവസാന ഫല പ്രവചനത്തിലെക്കോ പ്രഖ്യാപനത്തിലേക്കോ എത്തുന്നത്.
കുറച്ചുകൂടി വ്യക്തമാക്കിയാല്‍ 81.41 കോടി സമ്മതിദായകരുള്ള ഇന്ത്യയില്‍ നിന്നും 2.60 കോടി സമ്മതിദായകരുള്ള കേരളത്തില്‍ നിന്നും
യഥാര്‍ത്ഥത്തില്‍ വളരെ നാമമാത്രമായ ആയിരങ്ങളോ പതിനായിരങ്ങളോ എന്നുപറയാവുന്ന ഒരളവിലുള്ള
വോട്ടര്‍മാരില്‍ നിന്നാണ് നമ്മുടെ സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്മാര്‍ വിവരങ്ങള്‍
ശേഖരിക്കുന്നതും ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതും. അതുകൊണ്ടുതന്നെ ഇത്തരം സര്‍വ്വേ-എക്സിറ്റ്
പോള്‍ ഫലങ്ങള്‍ വിശ്വസനീയമാവണമെന്നില്ല.
അതേസമയം
അത്യപൂര്‍വ്വമായി സര്‍വ്വേ-എക്സിറ്റ് ഫലങ്ങള്‍ ശരിയാവാറുമുണ്ട്. എന്നിരുന്നാലും
കൂടുതലും തെറ്റിയതായാണ് ചരിത്രം നമ്മോടു പറയുന്നത്. ശരിയാവുന്ന സാഹചര്യങ്ങള്‍
ലോട്ടറിക്ക് സമമായ ഫല സാഹചര്യങ്ങള്‍ എന്നുമാത്രമേ
നമുക്ക് പറയാനാവൂ. ലോട്ടറിയില്‍ ബംബര്‍ അടിക്കുന്നുണ്ടോ എന്നുചോദിച്ചാല്‍
പാവപ്പെട്ടവര്‍ക്കുപോലും അടിക്കുന്നുണ്ട് എന്നാണല്ലോ ഉത്തരം. നമ്മുടെ ലോട്ടറികളിലും
അടിസ്ഥാനപ്പെടുത്തുന്ന ശാസ്ത്രവും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്ത ഇതേ സ്ഥിതിവിവര
ഗണിതശാസ്ത്രം തന്നെയാണ്. എന്നാല്‍ ഇവിടെ ആര്‍ക്കൊക്കെ ലോട്ടറി അടിക്കാമെന്ന്
ഇത്തരത്തിലുള്ള സര്‍വ്വേകള്‍ നടത്തി ഫലം പ്രവചിക്കാന്‍ മാധ്യമങ്ങളും കുത്തക സ്ഥാപനങ്ങളും
തയ്യാറാവാത്തത് അതുകൊണ്ട് അവര്‍ക്ക് യാതൊരുവിധ ഗുണവുമില്ല എന്നതുകൊണ്ടുതന്നെയാണ്.
അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകളും എക്സിറ്റ് പോളുകളും
നടത്തുമ്പോള്‍ മാധ്യമങ്ങള്‍ക്കും കുത്തക സ്ഥാപനങ്ങള്‍ക്കും കാര്യമായ കച്ചവട താല്‍പ്പര്യങ്ങളും
ഗുണങ്ങളും ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനകളും നമുക്ക് കിട്ടുന്നുണ്ട്.
അഭിപ്രായ
സര്‍വ്വെകളെയും എക്സിറ്റ് പോളുകളെയും സംബന്ധിച്ചുള്ള മറ്റൊരു രസകരമായ വസ്തുത
എന്തെന്നാല്‍ ഇതൊക്കെ നടത്തുന്ന മാധ്യമങ്ങളോ കുത്തക സ്ഥാപനങ്ങളോ അവര്‍
സ്വരൂപിക്കുന്ന വിവരങ്ങളോ ഫലപ്രാപ്തിക്കായുള്ള അവരുടെ അപഗ്രഥന സങ്കേതങ്ങളോ ഒന്നും
തന്നെ നിയമപരമായോ നിയന്ത്രണപരമായോ ആരുംതന്നെ മേല്‍നോട്ടം വഹിക്കുന്നില്ല എന്നതാണ്.
അതുകൊണ്ടുതന്നെ അവരുടെ കൈവശമുള്ള വിവരങ്ങളെ എങ്ങനെ വേണമെങ്കിലും അവര്‍ക്ക്
മാറ്റിയും മറിച്ചും ഉപയോഗപ്പെടുത്താം, അപഗ്രഥിക്കാം. അങ്ങനെവരുമ്പോള്‍ വിവരങ്ങളെ
ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഫലവും പ്രവചനവും അവരുടെ സൗകര്യം പോലെ
പ്രയോജനപ്പെടുത്താമെന്നതും സത്യം.
ഇനി
നമുക്ക് ഒരിക്കല്‍ കൂടി നേരത്തെ ഉദ്ധരിച്ച കുളത്തിന്റെ ആഴം കണക്കാക്കിയ കഥയിലേക്ക്
മടങ്ങാം. അപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും. കുളത്തിന്റെ ആഴവുമായി
ബന്ധപ്പെട്ട അളവുകളെ നമുക്ക് ഒന്ന് മാറ്റിനോക്കാം. അതിങ്ങനെ എന്ന് കരുതുക:- 4,5,6,6,5,6,6,7,4,7
(അടി കണക്ക്). ഈ അളവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം നടത്തിയതിനുശേഷം സ്ഥിതിവിവര
ഗണിത ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് കുളത്തിന്റെ ആഴം 5.6 അടിയെന്നാണ്. നേരത്തെ അത്
4.3 അടി ആയിരുന്നുവെന്നു ശ്രദ്ധിക്കുക. ഈ പുതിയ കണക്ക് വിശ്വാസത്തില്‍
എടുത്തുകൊണ്ട് ആരെങ്കിലും ഈ കുളത്തിലൂടെ നടക്കാന്‍ ശ്രമിക്കുമോ? തീര്‍ച്ചയായും
ഇല്ല, കാരണം അയാള്‍ മുങ്ങിച്ചാവുമെന്ന് അയാള്‍ക്ക് പൂര്‍ണബോധ്യമുണ്ടാവും. അതായത്,
ഇത്തരത്തില്‍ കയ്യിലുള്ള വിവരങ്ങളെ മാറ്റിമറിച്ചാല്‍ ഫലത്തെയും പ്രവചനത്തെയും
നമുക്ക് എങ്ങിനെവേണമെങ്കിലും നിയന്ത്രിക്കാം, ആര്‍ക്കുവേണ്ടിയും
പ്രയോജനപ്പെടുത്താം. കാരണം ഇവിടെ വിവരങ്ങള്‍ ശേഖരിക്കുന്ന മാധ്യമങ്ങളും കുത്തക സ്ഥാപനങ്ങളും ആരുടേയും
നിയന്ത്രണത്തിലല്ല. അതുകൊണ്ടുതന്നെ അവരുടെ കൈവശമുള്ള വിവരങ്ങളും ഒരാളുടെയും
നിയന്ത്രണത്തിലുമല്ല, സുരക്ഷിതവുമല്ല എന്നതാണ് സത്യം.