Thursday, February 7, 2019

സര്‍ക്കാര്‍ ഒരു കോടി രൂപ കലക്കിയിട്ടും തൃശൂരിലെ വടക്കേച്ചിറ തെളിഞ്ഞില്ല; സുന്ദരിയായില്ല.

തൃശൂരിന്റെ നഗരമദ്ധ്യത്തിലെ ഈ പച്ച പുല്‍ത്തകിടി കണ്ടാല്‍ അത്യാധുനികമായ ഒരു സിന്തെറ്റിക്ക് ഫുട്ബാള്‍ മൈതാനമോ ക്രിക്കറ്റ് ഗ്രൌണ്ടോ എന്ന് തോന്നിപ്പോകും. കേരളത്തിനു പുറത്തുള്ളവര്‍ കണ്ടാല്‍ ഒരുപക്ഷെ ഇതൊരു ഗോള്‍ഫ് മൈതാനമെന്നും വിശേഷിപ്പിച്ചേക്കാം. ഏകദേശം നാല് ഏക്കറില്‍ പച്ചവിരിപ്പിട്ട ഈ സ്ഥലം തൃശൂരിലെ വടക്കേ ബസ് സ്റ്റാന്റിനു മുന്‍വശത്തായി സ്ഥിതിചെയ്യുന്നു. ഈ ചേതോഹരമായ പുല്‍ത്തകിടി കണ്ട് ആരെങ്കിലും ഭ്രമിച്ചുപോയി ഇവിടെയിറങ്ങി ഒന്ന് ഓടിക്കളിക്കാമെന്നു വച്ചാല്‍ സംഗതി കുടുങ്ങിയതുതന്നെ. വസ്തുതയെന്തെന്നാല്‍ ഇതൊരു പുല്‍ത്തകിടിയല്ല; മറിച്ച് മുങ്ങിച്ചാവാന്‍ മാത്രം ആഴമുള്ള ഒരു കുളമാണ്. തൃശൂരിന്റെ ചരിത്ര പ്രസിദ്ധമായ വടക്കേച്ചിറ.  ഈ കുളമാണ് ഇപ്പോള്‍ അധികൃതരാല്‍ അനാഥമാമാക്കപ്പെട്ടുകൊണ്ട് ഇവ്വിധം പച്ച പായല്‍ വന്നുമൂടി കിടക്കുന്നത്. സര്‍ക്കാര്‍ ഒരു കോടി രൂപ കലക്കിയിട്ടും തൃശൂരിലെ ഈ കുളം തെളിഞ്ഞില്ല; സുന്ദരിയായില്ല. വീഡിയോ 

    
തൃശ്ശൂർ നഗരത്തിലെ അതി പുരാതനമായ 4 കുളങ്ങളിൽ അഥവാ ചിറകളില്‍ ഒന്നാണ് വടക്കേച്ചിറ. കൊച്ചി രാജകുടുംബത്തിലെ രാജാവായ ശക്തൻ തമ്പുരാൻ (1751-1805) പണികഴിപ്പിച്ചതാണ് ഈ കുളങ്ങള്‍.  ജലസംഭരണത്തിനും ജല വിതരണത്തിനുമായി തൃശ്ശൂർ ജില്ലയിൽ പണികഴിപ്പിച്ച ഈ കുളങ്ങള്‍ തൃശ്ശൂർ ജില്ലയുടെ ചരിത്രവും അഭിമാനവുമാണ്. പടിഞ്ഞാറെ ചിറതെക്കേ ചിറകിഴക്കേ ചിറ എന്നിവയാണ്  മറ്റു മൂന്നു കുളങ്ങള്‍ അഥവാ ചിറകള്‍. വടക്കേച്ചിറയുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം  കൊച്ചിൻ ദേവസ്വം ബോർഡിനാണ്. വീഡിയോ 

ഈ ചിറക്കുചുറ്റും അശോകേശ്വരം ശിവ ക്ഷേത്രം, ശക്തന്‍ തമ്പുരാന്‍ കോവിലകം, ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നു. ഇതില്‍ ശക്തന്‍ തമ്പുരാന്‍ കോവിലകം ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇവിടെ ഇപ്പോള്‍ ഒരു പുരാവസ്തു മ്യൂസിയവും പ്രവര്‍ത്തിച്ചുവരുന്നു. ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധാരണ പ്രക്രിയയിലാണ്. 

അശോകേശ്വരം ക്ഷേത്രത്തിലെ പൂജാരികളും കൊച്ചി രാജകുടുംബത്തിലെ അംഗങ്ങളും ഈ ചിറയുടെ വടക്കേ മൂലയിലെ കോവിലക കുളപ്പുരയാണ് കുളിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. പൊതുജനങ്ങൾക്കുവേണ്ടി തെക്കേ മൂലയിലെ ഒരു പൊതു കുളപ്പുരയും അനുവദിച്ചിരുന്നു. ആദ്യകാലത്ത് ആനകളെ കുളിപ്പിക്കുന്നതിന് വേണ്ടി ഇവിടെ ഒരു ആനക്കടവും നിർമിച്ചിട്ടുണ്ടായിരുന്നു.


1983-ൽ കനത്ത വരൾച്ചയുടെ കാലത്ത് അന്ന് ജലവിഭവ മന്ത്രിയായിരുന്ന എം. പി. ഗംഗാധരൻ, കേരള ജലവിഭവ മന്ത്രാലയത്തിന്റെ സഹായത്തോടുകൂടി ഈ കുളം 23 ലക്ഷം രൂപ ചെലവഴിച്ച് വൃത്തിയാക്കുകയും 1985-ൽ തൃശൂർ ജില്ലയിലെ തേക്കിൻകാട് മൈതാനിയിലേക്കുള്ള ഒരു ജലസ്രോതസ്സായി ഈ ചിറയെ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഈ പദ്ധതി തൃശൂർ നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു.

പിന്നീട് 2005-ല്‍ 41 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ഈ കുളത്തിന്റെ അറ്റകുറ്റപ്പണികളും സൌന്ദര്യവല്‍ക്കരണവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതിനുശേഷം 2012-ലെ ഓണക്കാലത്ത് വീണ്ടും 42 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ഈ കുളത്തിനെ സര്‍ക്കാരും തൃശൂര്‍ ജില്ലാ ടൂറിസം വകുപ്പും കൂടി സൌന്ദര്യവല്‍ക്കരിച്ചു. അക്കാലത്ത് നിര്‍മ്മാണ കലക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീ. കെ.എം. വിനോദാണ് വടക്കേച്ചിറയെ സൌന്ദര്യവല്‍ക്കരിച്ചത്. അങ്ങനെ മൊത്തം ഒരു കോടിയോളം രൂപ ചെലവഴിച്ചിട്ടും തൃശൂരിലെ വടക്കേചിറ സുന്ദരിയായില്ല. വിവിധ പദ്ധതി പ്രകാരം വടക്കേചിറയില്‍ നടപ്പിലാക്കേണ്ട ഒരു അടിസ്ഥാന സൌകര്യങ്ങളും അവിടെ നടപ്പിലാക്കിയില്ല. അതൊക്കെ നടപ്പിലാക്കിയോ എന്നുചോദിക്കാന്‍ കുളത്തിനുവേണ്ടി ആളുമുണ്ടായിരുന്നില്ല.വീഡിയോ 

2012-നുശേഷം പിന്നെ സര്‍ക്കാരോ, ടൂറിസം വകുപ്പോ, ഉടമസ്ഥാവകാശമുണ്ടെന്ന് അഹങ്കരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ വടക്കേച്ചിറയെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്യാനെത്തുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരും വടക്കേചിറയെ കൈവിട്ടു. മാത്രമല്ല, ജല അതോറിറ്റി അധികൃതര്‍ ഈ പരിസരമാകെ കുഴിച്ചും വെട്ടിപ്പൊളിച്ചും വൃത്തികേടാക്കി. വടക്കേച്ചിറയെ സ്നേഹിക്കുന്ന കുറെ ചെറുപ്പക്കാരും നാട്ടുകാരുമാണ് പിന്നീട് കാലാകാലങ്ങളില്‍ വടക്കേച്ചിറയെ സംരക്ഷിച്ചുപോന്നത്. ഇപ്പോള്‍ വീണ്ടും വടക്കേച്ചിറ പായല്‍ വന്നുമൂടിക്കിടക്കുകയാണ്; ശുദ്ധിക്രിയക്ക്‌ വേണ്ടി ഈ ചിറ നല്ലവരായ ചെറുപ്പക്കാരെയും നാട്ടുകാരെയും കാത്ത് കിടക്കുകയാണ്.

വടക്കേച്ചിറയുടെ നല്ലകാലത്ത് ഇവിടെ ഒരുപാട് സന്ദര്‍ശകര്‍ വരാറുണ്ടായിരുന്നു. അവരുടെ സന്ദര്‍ശക കുറിപ്പുകളും ഇപ്പോഴും ഒരു പുരാവസ്തുപോലെ അധികൃതര്‍ സൂക്ഷിക്കുന്നുണ്ട്. ഈയ്യിടെയായി സന്ദര്‍ശകരുടെ വരവ് കുറഞ്ഞു. എന്നാലും പഴയ കാലത്തെ ഓര്‍ത്തെടുക്കാന്‍ പ്രകൃതിയേയും കുളങ്ങളെയും സ്നേഹിക്കാന്‍ കഴിവുള്ള കുറച്ചുപേരെങ്കിലും ഇപ്പോഴും പായല്‍ മൂടിയ ഈ കുളക്കടവുകളില്‍ വന്നിരിക്കാറുണ്ട്. കുളത്തെ തടാകക്കരയായി ചിത്രീകരിച്ചുകൊണ്ട് ഇവിടെ പണിതീര്‍ത്ത രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളും ആകാശത്തുനിന്ന് അവരുടെ തടാകം വീക്ഷിക്കുന്നുണ്ട്. എന്തായാലും ആ പഴയ കുളം ഇന്ന് ദൃശ്യമല്ല; ഓര്‍മ്മയാണ്, എങ്കില്‍കൂടി.

അവിടവിടെ പണ്ട് പണികഴിപ്പിച്ച പടിപ്പുരകളുടെയും സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടങ്ങളുടെയും പേടിപ്പിക്കുന്ന അസ്ഥിക്കൂടങ്ങള്‍ നമുക്ക് ഇവിടെ കാണാം. എന്നാലും പച്ചവിരിപ്പിട്ട ജലവിതാനത്തിനുമുകളില്‍ ഇന്നും ദേശാടനപക്ഷികള്‍ പറന്നും അകന്നും കലപില കൂട്ടുന്നുണ്ട്. പതിനഞ്ചോളം ഇനം ദേശാടനപക്ഷികള്‍ ഇവിടെ വന്നുപോകുന്നതായി പക്ഷിശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. അതൊന്നും കേള്‍ക്കാനോ കാണാനോ സര്‍ക്കാരിനോ ടൂറിസം വകുപ്പിനോ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോ സമയവും സൌകര്യവുമില്ല. ഇവിടെ വന്നുപോകുന്ന ദേശാടനപക്ഷികള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പുകാലത്തെങ്കിലും ഭരണകൂടമോ രാഷ്ട്രീയ നേതൃത്തങ്ങളോ വടക്കേച്ചിറയുടെ സങ്കടങ്ങള്‍  പരിഗണിക്കുമായിരുന്നു. വീഡിയോ 

No comments:

Post a Comment