Saturday, January 26, 2019

കേരളം കാണാത്തവന്‍ കര്‍ണാടകത്തിലെ കൂര്‍ഗ് കാണുമ്പോള്‍ എട്ടിന്റെ പണി.

നമ്മുടെ വിനോദസഞ്ചാര മേഖല മൊത്തം ഒരു വ്യവസായം മാത്രമായി അധപതിച്ചിരിക്കുന്നു. നേരും നെറിയും ഇന്ന് ഈ മേഖലക്ക് കൈമോശം വന്നിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പലതും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. നേരും നെറിയുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും അതിദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ആരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഇത്തരത്തില്‍ നേരും നെറിയും കെട്ട അവസ്ഥയില്‍ എത്തിക്കുന്നത്. സര്‍ക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഈ മേഖലയില്‍ പണിയെടുക്കുന്ന യാത്രാസേവന ദാതാക്കളായ ട്രാവല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും വെബ്സൈറ്റുകള്‍ക്കും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന യാത്രാ വിവരണ പത്രപ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമ ബ്ലോഗ്ഗര്‍മാര്‍ക്കും ഇതില്‍ കാര്യമായ കയ്യുണ്ട്‌. സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും അത്തരത്തില്‍ വഴിപിഴച്ചുപോകുന്നത് ടൂറിസം വഴി സ്വരൂപിക്കേണ്ട അധിക വരുമാനത്തെക്കുറിച്ചുള്ള ഉത്കണ്ട കൊണ്ടാണെന്ന ആനുകൂല്യത്തിന്മേല്‍ നമുക്ക് അവരെ വെറുതെ വിടാം.

എന്നാല്‍ ട്രാവല്‍ ബിസിനസ് സ്ഥാപനങ്ങളും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന ബഹുഭൂരിപക്ഷം യാത്രാ വിവരണ പത്രപ്രവര്‍ത്തകരും സമൂഹമാധ്യമ ബ്ലോഗ്ഗര്‍മാരും അങ്ങനെയല്ല. അവര്‍ സത്യത്തിലും ഇവിടുത്തെ ജനങ്ങളേയും വിനോദ സഞ്ചാരികളേയും അക്ഷരാര്‍ത്ഥത്തിലും പറ്റിക്കുകയാണ്. ചിത്രങ്ങളേയും വീഡിയോകളേയും അത്യാധുനിക സോഫ്റ്റ്‌വെയര്‍ മുഖാന്തിരം കൃത്രിമമായി നിറവും ചലനഗതിയും ചേര്‍ത്തു പടച്ചുണ്ടാക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വര്‍ത്തമാന പ്രചാരണം ഏറെക്കുറെ മുഴുവനും കാശിനോ തത്തുല്യമായ ദ്രവ്യങ്ങള്‍ക്കോ വേണ്ടി നിര്‍വ്വഹിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

നമ്മുടെ ട്രാവല്‍ വെബ്സൈറ്റുകള്‍ പലതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച്  നമുക്ക് തരുന്ന വിവരങ്ങളെല്ലാം തന്നെ ഊതിവീര്‍പ്പിച്ചവയാണ് എന്നുമാത്രമല്ല അവയൊക്കെ സത്യത്തിനും നീതിക്കും നിരക്കാത്തതുമാണ്. കൃത്യമായി പഠിച്ചാല്‍ നമുക്ക് മനസ്സിലാവുന്നത് അവയൊക്കെ കാലഹരണപ്പെട്ട വസ്തുതകളും വിവരണങ്ങളും ആണെന്നാണ്‌. അഞ്ചോ ആറോ ഇത്തരം വെബ്സൈറ്റുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഇത് വ്യക്തമാവും. ഇവയിലൊക്കെ ഒരേ വിവരണം തന്നെയായിരിക്കും കൊടുത്തിരിക്കുക. അത് മിക്കവാറും സര്‍ക്കാരിന്റെയോ വിനോദ സഞ്ചാര വകുപ്പിന്റെയോ അതുമല്ലെങ്കില്‍ വിക്കിപീഡിയയുടെയോ ഏതോ കാലത്തെ പരിഷ്കരിക്കപ്പെടാത്ത വിവരണങ്ങളുടെയും വസ്തുതകളുടെയും അസ്സല്‍ പകര്‍പ്പായിരിക്കും. അതോടൊപ്പം ഇവര്‍ കൊടുക്കുന്ന കൃത്രിമമായുണ്ടാക്കിയ  ചിത്രങ്ങളും വീഡിയോകളുമാണ് സത്യത്തിന്‍റെ മുഖം വികൃതമാക്കുന്നത്.

ഇത്തരത്തിലുള്ള മനോജ്ഞ മനോഹരങ്ങളായ ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ട്‌ നാം വിനോദ കേന്ദ്രങ്ങളിലെത്തുമ്പോഴാണ് വസ്തുതകള്‍ തകിടം മറയുന്നത്. ഇവര്‍ മുഖാന്തിരം നാം ബുക്ക് ചെയ്ത താമസസ്ഥലം, ഭക്ഷണം മുതല്‍ ഇവര്‍ നമ്മേ വല്ലാതെ മോഹിപ്പിച്ച വിനോദ സഞ്ചാര ചിത്രങ്ങളും ദൃശ്യങ്ങളും വരെ പച്ച കള്ളമായിരുന്നുവെന്ന സത്യം നമുക്ക് ബോധ്യമാവുന്നത്‌ നാം ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുമ്പോഴാണ്.  (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ പ്രതിപാദിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഞാന്‍ ഈയ്യിടെ അനുഭവിച്ച ഒരു വിനോദസഞ്ചാര കേന്ദ്രത്തെ കുറിച്ച് മാത്രം പറയാം. ഇത്തരത്തിലുള്ള ഒരു ട്രാവല്‍ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്താണ് ഞാന്‍ ഈയ്യിടെ കര്‍ണാടകത്തിലെ കൂര്‍ഗ് അഥവാ കുടക് എന്നിടത്ത് എത്തിയത്. വനശ്രീ എന്ന പേരിലുള്ള ഈ ഹോം സ്റ്റേ ക്ക് രണ്ടുരാത്രിയുടെ ഒരു പാക്കേജിന് ജി.എസ്.ടി. അടക്കം എട്ടായിരം രൂപയാണ്, ഭക്ഷണ ഒഴികെ വിലയിട്ടത്. ഒരു കന്നഡ പത്രപ്രവര്‍ത്തകനാണ് ഈ ഹോം സ്റ്റേ യുടെ ഉടമ.

എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളേയും പോലെ സ്ഥലത്തിനും ഭൂപ്രകൃതിക്കും ഇണങ്ങുന്ന വിധം നല്ല ആകര്‍ഷകമായ പേരുകളും വിവരണങ്ങളുമാണ് ഇവര്‍ ഇത്തരം താമസ സ്ഥലങ്ങള്‍ക്ക് നല്‍കുക. എന്നാല്‍ ഞാന്‍ വനശ്രിയില്‍ എത്തുമ്പോള്‍ വെബ്സൈറ്റില്‍ കൊടുത്ത ചിത്രവും വിവരണവും നാം നേരില്‍ കാണുന്ന ചിത്രവും വിശദാംശങ്ങളും തമ്മില്‍ അജഗജാന്തരം മാറ്റമുണ്ടായിരുന്നു. ഇത് ഏറെക്കുറെ എല്ലാ താമസ സ്ഥലങ്ങള്‍ക്കും ബാധകമായിരിക്കും. അതിനേക്കാള്‍ രസകരമായ വസ്തുത ഈ താമസ സ്ഥലത്തിന്‍റെ യഥാര്‍ത്ഥ വാടക മൂന്നു ദിവസത്തേക്ക് കേവലം 2400 രൂപ മാത്രമാണെന്ന് ഈ താമസ സ്ഥലത്തിന്‍റെ നടത്തിപ്പുകാരന്‍ പവന്‍ പറയുന്നു. അപ്പോള്‍ ട്രാവല്‍ വെബ്സൈറ്റും, വനശ്രി ഹോം സ്റ്റേ ഉടമയും ബ്ലോഗ്ഗര്‍മാരും കൂടി എന്നില്‍ നിന്ന് കൊള്ളയടിച്ചത് ഏകദേശം 6000 രൂപയാണെന്നോര്‍ക്കുക. കാര്യങ്ങള്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ഞാന്‍ ഈ പരിസരത്ത് ചുറ്റിക്കറങ്ങിയപ്പോള്‍ മനസ്സിലാക്കാനായത് ഇതിലും കുറവിലും ഇവിടെ താമസസ്ഥലങ്ങള്‍ ലഭ്യമായിരുന്നു എന്നാണ്. എന്തായാലും നടത്തിപ്പുകാരന്‍ പവനന്റെ ഭക്ഷണം വളരെ സ്വാദിഷ്ടമായിരുന്നു എന്ന് പറയാതെ വയ്യ.

വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ഇന്റര്‍നെറ്റ് വിവര സങ്കേതങ്ങള്‍ നമ്മെ പലപ്പോഴും വഞ്ചിക്കുന്നതിന്റെയും ഊരാക്കുടുക്കില്‍ വീഴ്ത്തുന്നതിന്റെയും ഒരു ചെറിയ അനുഭാവോദാഹരണമാണ് ഞാന്‍ ഇവിടെ കൊടുക്കുന്നത്. നമ്മള്‍ അത്തരത്തില്‍ എത്തിപ്പെടുന്ന കുടുക്കുകള്‍ ഇവിടെയും അവസാനിക്കുന്നില്ല.

നമ്മള്‍ ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ താമസ സ്ഥലം ഉറപ്പുവരുത്താന്‍ നമുക്ക് പണം ഭാഗികമായോ മുഴുവനായോ മുന്‍കൂറായി കൊടുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ നമുക്ക് പിന്നീട് താമസസ്ഥലം മാറുകയും അസാധ്യമാണ്. ഈ സാഹചര്യത്തില്‍ നാം വീണ്ടും ഹോം സ്റ്റേ ഉടമയുമായി ബന്ധപ്പെടുമ്പോള്‍ നല്ലവന്‍ എന്നുതോന്നിക്കുന്ന അയാള്‍ നമുക്ക് മറ്റൊരു ഉപായവും പറഞ്ഞുതരും. അതിങ്ങനെ. നമ്മള്‍ താമസ സ്ഥലം ബുക്ക് ചെയ്ത ട്രാവല്‍ വെബ്സൈറ്റുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ ബുക്കിംഗ് ഇന്റര്‍നെറ്റ് മുഖാന്തിരം തന്നെ ക്യാന്‍സല്‍ ചെയ്യുന്നു. അപ്പോള്‍ നമുക്ക് ജി.എസ്.ടി. വകയില്‍ ഏകദേശം ആയിരം രൂപയോളം ഈ നല്ല മനുഷ്യന്‍ വിട്ടുതരുന്നു. ഇവിടെ രണ്ട് കുതന്ത്രം നടക്കുന്നു. ഒന്ന്, നമ്മുടെ ഹോം സ്റ്റേ ഉടമയുടെ ബിസിനസ് വിഹിതമായ നികുതി കൊടുക്കാതെ അയാള്‍ സര്‍ക്കാരിനെ പറ്റിക്കുന്നു. നാമും അതിനു ഗത്യന്തരമില്ലാതെ കൂട്ടുനില്‍ക്കുന്നു. രണ്ട്, മിക്കവാറും അനധികൃതമായി നടത്തുന്ന ഈ ഹോം സ്റ്റേ ഉടമ സര്‍ക്കാരിന്റെ രേഖകളില്‍ പെടാതെ തടിയൂരുന്നു. കര്‍ണാടകത്തിലെ മാത്രം കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലാക്കാനായത് ഇവിടെ ഇത്തരം ഏകദേശം 5000 ഹോം സ്റ്റേകള്‍ ഉണ്ടെന്നാണ്. അവയില്‍ 500 എണ്ണത്തിനു മാത്രമാണ് നിയമപ്രകാരമുള്ള സര്‍ക്കാരിന്റെ അനുമതി പത്രങ്ങളുള്ളൂ എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.

ഇതൊക്കെയാണെങ്കിലും ഇവിടുങ്ങളിലെ ഹോം സ്റ്റെകള്‍ ഒട്ടുമിക്കവാറും ലാഭത്തിലാണ്. അതെന്തുകൊണ്ട് എന്നും പരിശോധിക്കേണ്ടതാണ്. ഇവിടേക്ക് വരുന്നവരില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണ്. കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശമായ ഇവിടെ എത്തിച്ചേരുന്നതിന്നും വലിയ പ്രയാസമില്ല. എന്നാല്‍ ഇവിടെനിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇവിടെയെത്തുന്ന കൂടുതല്‍ മലയാളികളും മദ്യപാന ആഘോഷങ്ങള്‍ക്കും മറ്റു അവിഹിത വ്യവഹാരങ്ങള്‍ക്കുമാണെന്നാണ്. മദ്യം, മദിരാക്ഷി, ലഹരിമരുന്നു വ്യവഹാരങ്ങള്‍ മറ്റു അവിഹിതങ്ങള്‍ എല്ലാം ഇവിടെ നിര്‍ഭയം നിരന്തരം നടക്കുന്നുവത്രേ. ഇവിടെ നമുക്ക് ആരെയും ഭയക്കേണ്ടതില്ല. ഈ വനാന്തര പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇത്തരം അനധികൃത താമസ താവളങ്ങളില്‍ ഒരു പോലീസും ഉദ്യോസ്ഥരും എത്തില്ല. കാരണം അവര്‍ക്കുള്ളതെല്ലാം ഈ അനധികൃത ഒളിത്താവള ഉടമകള്‍ എത്തിക്കുന്നുണ്ടായിരിക്കണം.

ഇനി കൂര്‍ഗ്ഗിലെ കാണാകാഴ്ച്ചകളിലേക്ക് കടക്കാം. ഇവിടുത്തെ കാഴ്ച്ചകള്‍ക്ക് മഴക്കാലമായിരിക്കും കൂടുതല്‍ നല്ലതെന്ന് വേണമെങ്കില്‍ പറയാമെങ്കിലും കേരളം കണ്ടിട്ടുള്ള ഒരു ശരാശരി കേരളീയന് കൂര്‍ഗ് വിശേഷിച്ചൊരു കാഴ്ച്ചകളും സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെ ഏകദേശം പത്തോളം പ്രധാന വിനോദസഞ്ചാര ആകര്‍ഷക കേന്ദ്രങ്ങള്‍ ഉള്ളതായാണ് പറയപ്പെടുന്നത്‌. അവയിങ്ങനെ. അബി വെള്ളച്ചാട്ടം, ബ്രമ്മഗിരി കൊടുമുടി, ദുബേര ആന പാര്‍ക്ക്, ഇരുപ്പൂ വെള്ളച്ചാട്ടം, നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക്, ചേട്ടള്ളി കാപ്പിത്തോട്ടങ്ങള്‍, രാജാ സീറ്റ്, മണ്ടാലപ്പട്ടി കുന്നിന്‍ താഴ്വരകള്‍, സുവര്‍ണ്ണ ബൌദ്ധ ക്ഷേത്രം, കാവേരി നിസ്സര്‍ഗ്ഗ ദാമം. വേറെയും ആകര്‍ഷക കേന്ദ്രങ്ങള്‍ ഉള്ളതായും പറയപ്പെടുനുണ്ട്. എന്നാല്‍ ഈ പറയുന്ന വിനോദ സഞ്ചാര ആകര്‍ഷക കേന്ദ്രങ്ങളൊന്നുംതന്നെ കേരളം കണ്ട വിനോദസഞ്ചാരികള്‍ക്ക് കേമങ്ങളാവാന്‍ തരമില്ല.  (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ഞാന്‍ കൂര്‍ഗ്ഗില്‍ കണ്ട ഈ ആകര്‍ഷക കേന്ദ്രങ്ങളൊന്നും തന്നെ ഒരു കേരളീയനായ വിനോദ സഞ്ചാരിയെന്ന നിലയില്‍ ആകര്‍ഷക കേന്ദ്രങ്ങളെന്നുപറയാന്‍ ഞാന്‍ തയ്യാറല്ല. നമ്മുടെ കൊച്ചു കേരളത്തിന്റെ കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന വിനോദസഞ്ചാര ആകര്‍ഷക കേന്ദ്രങ്ങളോട് കിടപിടിക്കാന്‍ കഴിവുള്ള ഒരു ആകര്‍ഷക വിനോദ കേന്ദ്രവും കര്‍ണാടകത്തില്‍ അഥവാ ഇവിടെ കൂര്‍ഗില്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. നമ്മുടെ വയനാടും, നിലമ്പൂരും, ഗുരുവായൂരും, അതിരപ്പിള്ളിയും, കൊച്ചിയും, മൂന്നാറും , ആലപ്പുഴയും, ഇടുക്കിയും, തേക്കടിയും, പൊന്മുടിയും, കോവളവും, കുമരകവും, മട്ടാഞ്ചേരിയും, കന്യാകുമാരിയും കേരളത്തിന്റെ തീരദേശങ്ങളും, ബീച്ചുകളും, ജല സംഭരണികളും കാടുകളും, ക്ഷേത്രങ്ങളും, നദികളും, പുഴകളും എല്ലാതന്നെ മികച്ചവയാണ്. എന്നാല്‍ നമ്മുടെ വിനോദസഞ്ചാരികളില്‍ പലരും കേരളം മുഴുവനും കാണാതെയാണ് കേരളത്തിനു പുറത്തും വിദേശത്തും വിനോദസഞ്ചാരം നടത്തുന്നത് എന്നതാണ് ആശ്ചര്യകരമായ വസ്തുത.

ഒരു ഉദാഹരണത്തിന്നായി ഞാന്‍ കൂര്‍ഗ്ഗിലേക്ക് തന്നെ തിരിച്ചുവരട്ടെ. ഇവിടുത്തെ പ്രമാദമായ അബി വെള്ളച്ചാട്ടം നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആയിരത്തില്‍ ഒരംശം പോലുമില്ല. പ്രേത ബാധയേറ്റതുപോലെ ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്നത് കാണാം. നമ്മുടെ ഗുരുവായൂരിലെ ആനക്കോട്ടയും തേക്കടി ആന വനകേന്ദ്രങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇവിടുത്തെ ദുബേര ആനപാര്‍ക്ക് ഒരു കളിപ്പാട്ടം പോലെ ശുഷ്കിതമാവുന്നു. ഇവിടുത്തെ ആകര്‍ഷക കേന്ദ്രങ്ങളായ ക്ഷേത്ര പരിസരങ്ങളും വൃത്തിയിലും വെടിപ്പിലുമല്ല സംരക്ഷിക്കപ്പെടുന്നത്. നിസ്സര്‍ഗ്ഗ ദാമും രാജാ സീറ്റും ജലസംഭരണി പ്രദേശങ്ങളും സമ്പൂര്‍ണ്ണമായും മാലിന്യം നിറഞ്ഞുകിടക്കുന്നു. ആകെക്കൂടി ഒരു ആശ്വാസത്തിന് ഇവിടുത്തെ ഒരു സുവര്‍ണ്ണ ബുദ്ധ ക്ഷേത്രം മാതമുണ്ട് വിനോദ സഞ്ചാരികള്‍ക്ക് കാണാന്‍.

എല്ലാ ആകര്‍ഷണ കേന്ദ്രത്തിലേക്കുമുള്ള വഴികളും ദുഷ്കരങ്ങളാണ്. എല്ലാം എടുത്തുപറഞ്ഞുകൊണ്ട് സമയം കളഞ്ഞിട്ടു കാര്യമില്ലല്ലോ. ഇവിടുത്തെ കുന്നുകള്‍ക്കോ പുഴകള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ ഉദ്യാനങ്ങള്‍ക്കോ പാര്‍ക്കുകള്‍ക്കോ എന്തിന് റോഡുകള്‍ക്ക് പോലും കേരളത്തോളം മികവില്ല എന്നുപറയേണ്ടിവരുന്നു. മാത്രമല്ല, കേരളത്തെ അപേക്ഷിച്ച് പറയുകയാണെങ്കില്‍ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും തന്നെ സര്‍ക്കാര്‍ തീരെ പരിപാലിക്കപ്പെടുന്നില്ലെന്നുവേണം പറയാന്‍.
ഇതെക്കുറിച്ചൊക്കെ ഇവിടുത്തെ ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഉത്തരവും പ്രതികരണവും രസാവഹമായിരുന്നു.

അതിമനോഹരമായ കേരളം കണ്ടവര്‍ക്ക് കൂര്‍ഗ് യാതൊരു കാരണവശാലും ആസ്വാദ്യകരമാവില്ല എന്നവര്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, ഇത് കര്‍ണാടകത്തില്‍ ഉള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം മാറിത്താമസിക്കാന്‍ മാത്രം കൊള്ളാവുന്ന സ്ഥലമാണെന്നും അവര്‍ പറയുന്നു. ഇതൊരു വിനോദ സഞ്ചാരകേന്ദ്രത്തെക്കാള്‍ ഉപരി സ്റ്റേക്കേഷന്‍ (Staycation) കേന്ദ്രമാണെന്നും അവര്‍ ഉറപ്പിച്ചുപറയുന്നുണ്ട്. 

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പോരായ്മകളെക്കുറിച്ചു പ്രതിപാദിച്ചപ്പോള്‍ അവരുടെ പ്രതികരണം സര്‍ക്കാരിന്നും വിനോദ സഞ്ചാര വകുപ്പിന്നും എതിരായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഇവിടേക്ക് ഒഴുകുന്നുവെന്നതിന് ഒരുത്തരമേ ഉള്ളൂ; നാം ഇനിയും നമ്മുടെ കേരളം ഭാഗികമായെങ്കിലും കണ്ടിട്ടില്ല; അല്ലെങ്കില്‍ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ആപ്തവാക്യം ഇവിടെ സത്യമാവുന്നു; അതുമല്ലെങ്കില്‍ സ്വന്തം നാടിനെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന മലയാളിയുടെ കൊള്ളരുതാത്ത അഹങ്കാരമാവാം പൊങ്ങച്ചമാവാം.  (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment