നമസ്കാരം
ഈ ലക്കം ബൊമ്മവാലകളാണ് ബ്ലോഗ്ഗില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്വാഗതം, ബൊമ്മകളുടെ വര്‍ണ്ണ
പ്രപഞ്ചത്തിലേക്ക് ഒപ്പം പ്രതിമാനിര്‍മ്മാണ കലയുടെ പ്രതിഭകളുടെ ലോകത്തേക്ക്. ( ഈ വീഡിയോ യൂടൂബില്‍ കാണാന്‍ ക്ലിക്ക് ചെയ്യുക.)
ശബരിമല
വിഷയം തല്‍ക്കാലത്തേക്ക് പെയ്തൊഴിഞ്ഞാലും ഈ ബൊമ്മാവാലകള്‍ ഒരുപക്ഷേ ഭാവിയില്‍
അന്യംനിന്നുപോകാന്‍ ഇടയുണ്ട്. ഇപ്പോള്‍ തന്നെ വഴിയാധാരമാക്കപ്പെട്ട ഈ
മനുഷ്യജീവിതങ്ങള്‍ നാളെ ഒരുപക്ഷേ കാടുകയറെണ്ടതായും വന്നേക്കാം. എല്ലാ ആചാരങ്ങളും
അനാചാരങ്ങളും നടക്കുന്നത് ഇതുപോലെയുള്ള ബോമ്മകളേയോ പ്രതിമകളെയോ
ചുറ്റിപ്പറ്റിയാണല്ലോ എന്നൊരു ആരോപണം വരുംകാലങ്ങളില്‍ നമുക്ക്
പ്രതീക്ഷിക്കേണ്ടിവരും.
വര്‍ണ്ണ
വൈവിധ്യങ്ങളുടെ ശബളിമയില്‍ വഴിയോരങ്ങളില്‍ കാഴ്ച്ചകളാവുന്ന ഈ പ്രതിമാനിര്‍മ്മാണത്തില്‍
കലയും ശാസ്ത്രവും കരവിരുതും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.
പ്ലാസ്റ്റര്‍
ഓഫ് പാരീസിലാണ് നിര്‍മ്മിതിയുടെ തുടക്കം. ആദ്യം അച്ചുകളില്‍ നിന്ന് പ്രതിമകള്‍
രൂപം കൊള്ളുന്നു. പിന്നെ രൂപങ്ങളെ ചെത്തിമിനുക്കി രൂപങ്ങളുടെ ഘടന കൃത്യമാക്കുന്നു.
പിന്നീടവയെ ചായമെഴുന്നതിന്നായി പ്രൈമര്‍ ലായിനിയില്‍ കുളിപ്പിച്ചെടുക്കുന്നു.
അതിനുശേഷമാണ് വര്‍ണ്ണങ്ങളും വരകളും ഭാവങ്ങളും പ്രതിമകള്‍ക്ക് മിഴിവേകുക.
എല്ലാത്തിനും വേറെവേറെ കലാകാരന്മാരാണ്. കലാകാരന്മാര്‍ എന്നുപറയുമ്പോള്‍ അവരില്‍
കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഉണ്ടാവും.
ഇതൊരു
വംശീയ കലയാണ്. രാജസ്ഥാനില്‍ നിന്നെത്തിയ അഞ്ചു കുടുംബങ്ങളാണ് യാത്രാമദ്ധ്യേ സീറ്റി
സ്കാനിന്റെ കണ്ണില്‍ കുരുങ്ങിയത്. ഇവര്‍ 25 വര്‍ഷമായി ഈ കൊച്ചുകേരളത്തിലുണ്ട്. കാല്‍
നൂറ്റാണ്ടായി വഴിയോരങ്ങളില്‍ നിന്ന് വഴിയോരങ്ങളിലേക്ക് മാറിമാറി പാര്‍ക്കുന്ന ഇവര്‍
ഒരുപക്ഷെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുന്നുണ്ടാവാം. അതുവഴി കടന്നുപോകുന്ന
പലരും ചിത്രങ്ങളും സെല്‍ഫികളും സ്വന്തമാക്കി കടന്നുപോകുമ്പോഴും ഞാന്‍
മാത്രമായിരിക്കാം ഈ വംശീയ കലാകുടുംബത്തിലേക്ക് ചേക്കേറിയത്.
കളിപറയുന്ന
നാണവും നിഷ്കളങ്കതയും ഒളിച്ചുകളിക്കുന്ന പതിനാലുകാരിയായ ഈ രാജസ്ഥാനി പെണ്‍കുട്ടിയെ
നമുക്കൊന്നു കേട്ടുനോക്കാം. ഇവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. മലയാളവും
പഠിക്കുന്നുണ്ട്. പറയുന്നുണ്ട്. ഇവള്‍ നാളെ ജയിക്കാം ജയിക്കാതിരിക്കാം.
എന്ജിനീയറാവാനോ ഡോക്ടറാവാനോ ഇവള്‍ എന്ട്രന്‍സ് കോച്ചിങ്ങിനൊന്നും പോവില്ല. ഇവള്‍ക്ക്
അതെക്കുറിച്ചോന്നും അറിയില്ല. ഇവളുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍;
എന്തെങ്കിലുമൊക്കെ ആവട്ടെ. ഈ കൊച്ചുകലാകാരിയുടെ പ്രതീക്ഷകളും പ്രത്യാശകളും
സ്വപ്നങ്ങളുമെല്ലാം ഈ ദേവ പ്രതിമകളില്‍ എവിടെയോ ഒളിച്ചുകിടക്കുകയാണ്.
ഈ
കുടുംബങ്ങളുടെ ജീവിതം പൂര്‍ണ്ണമായും ഈ കണ്ണു തുറക്കാനാവാത്ത മിണ്ടാനാവാത്ത ദേവ
പ്രതിമകളോടൊപ്പമാണ്. വീടും പണിശാലയും കുട്ടികളുടെ പഠനമുറിയും ഇവിടുത്തെ പാവം
സ്ത്രീകളുടെ പ്രസവമുറിയുമെല്ലാം ഈ വഴിയോരങ്ങള്‍ തന്നെ. ഇവിടെയുള്ള അഞ്ചു
കുടുംബങ്ങളില്‍ നിന്നായി 27 കുട്ടികള്‍ കേരളത്തിലെ സ്കൂളില്‍ പഠിക്കുന്നുണ്ട്.
ഇവര്‍ക്ക് സത്യത്തില്‍ വീടില്ല, അടുക്കളയില്ല,കിടപ്പുമുറിയില്ല, മേശയും
കസേരയുമുള്ള പഠനമുറിയില്ല, വൈദ്യുതി വെളിച്ചമില്ല. കാരണം ഇവര്‍ ബൊമ്മാവാലകളാണ്. വഴിയോരങ്ങളില്‍
കെട്ടിയുണ്ടാക്കിയ ഷെഡുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഏതോ ഒരു രാത്രി ഈ കുട്ടികള്‍
വഴിവിളക്കിന്റെ പ്രകാശത്തില്‍ പഠിക്കുന്നത് കണ്ടപ്പോള്‍ നന്മനിറഞ്ഞ ആരോ ഒരാള്‍
കൊടുത്തതാണത്രേ ഇപ്പോള്‍ ഇവര്‍ക്ക് ആശ്രയമായിരിക്കുന്ന ഇവിടെ കാണുന്ന സോളാര്‍ വിളക്കുകള്‍.
500
മുതല്‍ 1000 രൂപവരെയാണ് പ്രതിമകളുടെ വില. പ്രതിമകളില്‍ കൂടുതലും ദൈവങ്ങളാണ്. ആനയും
കുതിരയും തത്തയുമെല്ലാം ഉണ്ടെങ്കിലും ദേവ പ്രതിമകള്‍ തന്നെയാണ് കൂടുതലും.
ദൈവങ്ങളില്‍ ശ്രീകൃഷ്ണ ഭഗവാനാണ് കൂടുതല്‍ വിറ്റഴിയുന്നത്. യേശുക്രിസ്തുവിന്റെ
പ്രധാന രൂപങ്ങളില്ല. മാതാവും ഉണ്ണിയേശുവുമെല്ലാം ഉണ്ട്. മിക്കവാറും എല്ലാ
ഭാവങ്ങളിലുമുള്ള ശ്രീകൃഷ്ണ പ്രതിമകള്‍ ധാരാളമുണ്ടിവിടെ. ശ്രീകൃഷ്ണ ഭഗവാന്‍
തന്നെയാണ് ഇവരുടെ ഉപജീവനം ഉറപ്പിക്കുന്നത്.
ചിത്രങ്ങളും
വീഡിയോകളും ഷൂട്ടുചെയ്ത് ഈ ബൊമ്മാവാലകളെ പിരിയുമ്പോള്‍ വര്‍ഷ എന്ന പാവം
കലാകാരിയുടെ, പത്താം ക്ലാസ്സുകാരിയുടെ മുഖത്തെ നാണത്തിനും നിഷ്കളങ്കതയ്ക്കും
അപ്പുറം അവളുടെ ഭാവിജീവിതം നമ്മെ നൊമ്പരപ്പെടുത്തുന്നുണ്ടാവും. അവളുടെ
പ്രതീക്ഷകളും പ്രത്യാശകളും സ്വപ്നങ്ങളുമെല്ലാം പൂവണിയുമോ. ഏതെങ്കിലും സര്‍ക്കാരോ
കോടതിയോ ഭാവിയില്‍ ഇവരുടെ പ്രതിമാനിര്‍മ്മാണം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന്
ആരോപിച്ചുകൊണ്ട് ഏതെങ്കിലും തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുമോ. അങ്ങനെയൊന്നും
സംഭവിക്കാതിരിക്കട്ടെ ഏന്നുമാത്രം ഞാന്‍ മനസ്സുരുകി പ്രാര്‍ഥിക്കുന്നു.
No comments:
Post a Comment