Friday, January 4, 2019

പോയ വര്‍ഷത്തിനൊരു ചരമഗീതം

ഈ ലക്കം ബ്ലോഗ്‌ പോയ വര്‍ഷത്തെ ഓര്‍ത്തെടുക്കുകയാണ്. ഒപ്പം പുതുവര്‍ഷത്തെ ഓര്‍മ്മപ്പെടുത്തുകയുമാണ്. എല്ലാവര്‍ക്കും ബ്ലോഗിലേക്ക് സ്വാഗതം.

സാമൂഹ്യം

കേരളീയ സമൂഹത്തെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ ഒരു പ്രളയ വര്‍ഷമായിരുന്നു 2018. പ്രളയം എങ്ങനെയുണ്ടായി എന്നതിനെ ചൊല്ലിയുള്ള ഗവേഷണങ്ങള്‍ ഇന്നും തുടരുകയാണ്. എന്നിരുന്നാലും ഏറ്റവും അവസാന ഗവേഷണ ഫലങ്ങളില്‍ പ്രളയം വിവേകമില്ലാത്ത മനുഷ്യസൃഷ്ടി മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം പ്രളയം ഉണ്ടായെന്ന സത്യം കേരളത്തിലെ ജനങ്ങള്‍ അവരുടെ സ്വന്തം ചോരകൊണ്ടുതന്നെ എഴുതി ഉറപ്പിക്കുന്നുണ്ട്. ഓരോ ദുരന്തവും ആവശ്യപ്പെടുന്നതുപോലെ നാമും പ്രളയകാലത്ത് ഉണര്‍ന്നു. പ്രളയാനന്തര കാലത്തെ ആദ്യനാളുകളിലും നാം വല്ലാതെ ഉണര്‍ന്നിരുന്നു. പിന്നെ പതിവുപോലെ രാഷ്ട്രീയ കേരളവും ഉണര്‍ന്നു. തുടര്‍ന്നുള്ള നാളുകള്‍ ശബരിമല യുവതി പ്രവേശത്തിനും നവോത്ഥാനത്തിനുമായി നാം പങ്കിട്ടെടുത്തു. നാം പ്രളയം മറന്നു. പ്രളയ ബാധിതരേയും നാം സൌകര്യപൂര്‍വ്വം മറന്നു. നാം ഇപ്പോള്‍ മതിലുകള്‍ പണിതും വിളക്കുകള്‍ തെളിയിച്ചും രാഷ്ട്രീയ നിര്‍വൃതിയടയുകയാണ്.

രാഷ്ട്രീയം

കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തിനും 2018 അക്ഷരാര്‍ത്ഥത്തിലും ഒരു മണ്ഡലകാലമായിരുന്നു. വൃതം നോറ്റും നോല്‍ക്കതെയും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ വിപ്ലവകാരികളും ഈ മണ്ഡലകാലം ആഘോഷിച്ചുപോന്നു. ഒരു സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളീയ സമൂഹം മത-വര്‍ഗ്ഗ-സാമുദായിക-രാഷ്ട്രീയ മേഖലകളില്‍ വിഭജിക്കപ്പെട്ടു. ഓരോ മലയാളിയിലും അവന്റെ മത-വര്‍ഗ്ഗ-സാമുദായിക-രാഷ്ട്രീയ ജനിതകം താപമുദ്രിതമായി. മനുഷ്യവര്‍ഗ്ഗ സമത്വത്തിന്നായി നിലകൊണ്ട ഐതിഹാസിക രാഷ്ട്രീയ പ്രസ്ഥാനത്തിന് ചരിത്രത്തില്‍ ആദ്യമായി വഴിപിഴച്ചു. ഒരു കമ്മ്യുണിസ്റ്റുകാരന്‍റെ അഹന്തക്കും അഹങ്കാരത്തിനും മുമ്പില്‍ കേരളം ഇന്നും വിലപിച്ചുകൊണ്ടിരിക്കുന്നു.

സംസ്കാരം

കേരളീയ സംസ്കാരം മനുഷ്യാസൂത്രിതവും അപകടകരവുമായ ഒരു ഉന്മൂലന ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഏതൊരു സംസ്കാരത്തിന്റെയും ഉല്‍പ്പത്തി മുതലുള്ള അതിന്റെ പരിശുദ്ധമായ ഘടനയെ സംരക്ഷിക്കുകയാണ് ഓരോ ഭരണകൂടവും ചെയ്യേണ്ടത്. എന്നാലിവിടെ കേരളീയ സംസ്കാരത്തെ തികച്ചും രാഷ്ട്രീയമായി തര്‍ജ്ജമപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. പരിശുദ്ധമായ സംസ്കാരത്തിന് ആചാരമെന്നും അനാചാരമെന്നുമുള്ള വേര്‍തിരിവ് ഇന്നോളം ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്മുടെ വോട്ടുബാങ്ക് രാഷ്ട്രീയ വ്യവസ്ഥകളുടെ ദുസ്വാധീനവലയങ്ങളില്‍ പെട്ടുപോയ നമ്മുടെ സംസ്കാരം ആചാര-അനാചാരങ്ങളില്‍ വീണുടയുന്ന ദയനീയമായ കാഴ്ച്ചയ്ക്കും ഈ 2018 സാക്ഷ്യം വഹിച്ചു.

സാഹിത്യം

മലയാള സാഹിത്യത്തിന്‍റെ വസന്തകാലം ഒരു നോവുപോലെ മാഞ്ഞുകൊണ്ടിരിക്കുന്നു. മലയാള സാഹിത്യത്തിന്‍റെ വികസിതരൂപം ഇന്നും എം.ടി. വാസുദേവന്‍ നായരിലും ഓയെന്‍വി കുറുപ്പിലും സുകുമാര്‍ അഴീക്കോടിലും മാത്രം ഒതുങ്ങിനില്‍ക്കുന്നു. ഇപ്പോള്‍ ചിലരെങ്കിലും അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന മലയാള സാഹിത്യം വൈദേശിക-അക്കാദമിക മൂല്യ-ഘടനാ ചോരണങ്ങളുടെ ആസൂത്രിതമായ ആവിഷ്കാരം മാത്രമാണെന്ന് ബ്ലോഗിന് പറയാതെ വയ്യ. നമ്മുടെ സാഹിത്യം വിചാരവികാരങ്ങളില്‍ നിന്ന് വിവാദവ്യവഹാരങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. 2018-ല്‍ ദീപാ നിശാന്ത് സാക്ഷ്യപ്പെടുത്തിയ സത്യവും അതുതന്നെ.

മാധ്യമം

കേരളത്തിന്‍റെ ശരീരവും ശാരീരവും നിര്‍ലജ്ജം മാധ്യമങ്ങള്‍ അപഹരിച്ചുകൊണ്ടുപോയ ഒരു വര്‍ഷം കൂടിയായിരുന്നു 2018. പരിശുദ്ധമായ വാര്‍ത്തയില്ലാത്ത വാര്‍ത്തകളുടെ കോലാഹലമായിരുന്നു പോയവര്‍ഷം. രാഷ്ട്രീയപാര്‍ട്ടികളും കുത്തക മുതലാളിമാരും പങ്കിട്ടെടുത്ത മാധ്യമങ്ങളുടെ ദയനീയമായ പരാജയങ്ങള്‍ അവിടവിടെ നിഴലിച്ച വര്‍ഷം കൂടിയായിരുന്നു 2018. എല്ലാം കണ്ടു സഹികെട്ട ഒരു ഭരണകര്‍ത്താവിന് മാധ്യമങ്ങളോട് “കടക്ക് പുറത്ത്” എന്ന് ആക്രോശിക്കേണ്ടിവന്നതും പോയ വര്‍ഷമായിരുന്നു. ഈ മാധ്യമ ദുരവസ്ഥയില്‍ ജനങ്ങള്‍ക്കും വായനക്കാര്‍ക്കും അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത് സമൂഹ മാധ്യമങ്ങളായിരുന്നു എന്നുപറയാനും സീറ്റി സ്കാനിന് മടിയില്ല. അതുകൊണ്ടുതന്നെയായിരിക്കണം സമൂഹ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ഭരണകൂടങ്ങള്‍ പോയവര്‍ഷത്തില്‍ തീരുമാനമെടുത്തതെന്നും ഞാന്‍ ഉറപ്പിച്ചുപറയുന്നു.

ബ്ലോഗ്‌

ബ്ലോഗിന് പോയവര്‍ഷം സുഖ-ദുഃഖ സമ്മിശ്രമായിരുന്നു. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ റിസ്റ്റോറേഷന്‍ വാഗ്ദാനം ലഭിക്കാതെ രക്തസാക്ഷിത്തം വഹിച്ച എന്റെ പ്രിയ സഹോദരി ജീനിജോസിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളോടെയാണ് 2018 കടന്നുപോകുന്നത്. അതേസമയം നിരാലംബരായ, നീതി നിഷേധിക്കപ്പെട്ട ഒരുപാടുപേര്‍ക്ക് ഞാനും എന്റെ എഴുത്തും അഭയവും ആശ്വാസവുമായിരുന്നു പോയവര്‍ഷം എന്നതിലും ബ്ലോഗ്‌ അഭിമാനിക്കുന്നു. തുടര്‍ന്നും ബ്ലോഗിന്റെ പോരാട്ടം നിരാലംബര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുമായി മാറ്റിവച്ചിട്ടുണ്ടെന്ന പ്രതിജ്ഞയും ഇവിടെ ഞാന്‍ പുതുക്കുകയാണ്.
ബ്ലോഗിന്റെ 2018-ലെ ഈ ലക്കം ഇവിടെ അവസാനിക്കുന്നു. എല്ലാവര്‍ക്കും 2019-ലേക്ക് സ്വാഗതം. പ്രിയ പ്രേക്ഷകര്‍ക്ക് സീറ്റി സ്കാനിന്റെ സ്നേഹോഷ്മളമായ പുതുവത്സരാശംസകള്‍. ബ്ലോഗിനെ നെഞ്ചോട്‌ ചേര്‍ത്ത് സബ്സ്ക്രൈബ് ചെയ്യുക; ഒപ്പം ഷെയര്‍ ചെയ്യാനും മറക്കാതിരിക്കുക.

No comments:

Post a Comment