അക്രമരാഷ്ട്രീയമെന്നതോ
അതിക്രമ രാഷ്ട്രീയമെന്നതോ രാഷ്ട്രീയാതിക്രമമെന്നതോ ഏതാണ് കൂടുതല്‍ ശരിയെന്നത്
ഇന്നും ആരും കണ്ടുപിടിച്ചിട്ടില്ല. എല്ലാ ശരികളുടെയും തമ്പുരാക്കന്മാരായ
മാധ്യമങ്ങള്‍ ഇവയില്‍ പലതും പലപ്പോഴായി അവരുടെ സൌകര്യപൂര്‍വ്വം പലതും എടുത്തു
പ്രയോഗിക്കുന്നുണ്ട്.
ചെറിയ
ചെറിയ അക്രമങ്ങളില്‍ നിന്ന് പെരിയ പെരിയ അക്രമങ്ങളിലേക്ക് നമ്മുടെ രാഷ്ട്രീയ
സംസ്കാരം സങ്കോചിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. ഈ രാഷ്ട്രീയ സങ്കോചത്തില്‍ നിന്ന്
ഒരു രാഷ്ട്രീയ പാര്‍ട്ടിയും സത്യം പറഞ്ഞാല്‍ മുക്തമല്ല.
ഇവിടെ
ഞാന്‍ ഒരു രാഷ്ട്രീയ കൊലപാതകത്തെയും പ്രത്യേകമായി എടുത്ത് അപഗ്രഥിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.
ഇഷ്ടപ്പെടുന്നുമില്ല. കാരണം, രാഷ്ട്രീയ കൊലപാതകങ്ങളെ തുലനപ്പെടുത്താനും നിസ്സാരവല്‍ക്കരിക്കാനും
ശ്രമിക്കുന്നത് കൊലപാതകത്തെക്കാള്‍ അതിഹീനമായ ഒരു മാരക പ്രവര്‍ത്തിയായി അധപ്പതിക്കുകയാണ്
ചെയ്യുന്നത്.
എന്നാല്‍
ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളെ
തുലനപ്പെടുത്താനും നിസ്സാരവല്‍ക്കരിക്കാനും ന്യായീകരിക്കാനും വേണ്ടി പാടുപെടുകയാണ്.
ഇതൊരുതരം കൊലപാതക ഓഡിറ്റിംഗ് ആണ്. Murder Audit എന്നുപറയാം. അതുകൊണ്ടുതന്നെ ഈ
കൊലപാതക ഓഡിറ്റിംഗ് നമുക്ക് കൈമാറുന്നത് രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസ്തി-ബാധ്യത,
ലാഭ-നഷ്ട കണക്കുകളുടെ കള്ള പ്രസ്താവനകളാണ്. രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും
കൂടി പ്രസിദ്ധീകരിക്കുന്ന, പ്രക്ഷേപണം ചെയ്യുന്ന ഈ കള്ള പ്രസ്താവനകള്‍ കൂടുതല്‍
കൂടുതല്‍ കൊലപാതകങ്ങളെ സൃഷ്ടിക്കുകയാണ്, പ്രോത്സാഹിപ്പിക്കുകയാണ്.
ഇനിമുതല്‍
ഞങ്ങള്‍ രാഷ്ട്രീയ ശൈലി മാറ്റുകയാണ് എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി പറയുമ്പോള്‍
അതിന്നര്‍ത്ഥം ഇതുവരെ അവര്‍ പിന്തുടര്‍ന്ന രാഷ്ട്രീയ ശൈലി ഹിംസയുടെ മാത്രം
ശൈലിയായിരുന്നു എന്നു സമ്മതിക്കലാണ്. ഇപ്പോള്‍ നടന്നിരിക്കുന്ന കൊലപാതകം അത്യന്തം
ഹീനമാണെന്നും അതുകൊണ്ടുതന്നെ ഞങ്ങള്‍ ഈ കൊലയുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക്
യാതൊരുവിധ രാഷ്ട്രീയ സഹായങ്ങളും കൊടുക്കില്ല എന്നുപറയുമ്പോള്‍ അതിന്നര്‍ത്ഥം
ഇതുവരെ ഇത്രയ്ക്കും ഹീനമല്ലാത്ത കൊലപാതകങ്ങള്‍ക്ക് അവര്‍ രാഷ്ട്രീയ സഹായങ്ങള്‍ നല്‍കിയിരുന്നു
എന്നതിന്‍റെ കുറ്റസമ്മതവുമാണ് പ്രകടമാവുന്നത്. മാത്രമല്ല, നാളിതുവരെ അവര്‍
രാഷ്ട്രീയ കൊലയാളികള്‍ക്ക് കൊടുത്തുപോന്ന രാഷ്ട്രീയ സഹായങ്ങളെ സാധൂകരിക്കുകയുമാണ്
ഇവിടെ.
എന്തുകൊണ്ടാണ്
രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരത്തിലുള്ള കൊലപാതക ഓഡിറ്റിങ്ങും കൊലയുടെ
ന്യായവാദങ്ങളും നിലനില്‍ക്കുന്നത്. നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍
ജന്മമെടുക്കും മുമ്പ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ പോലും നാല് ബ്രിട്ടീഷ് പട്ടാളക്കാര്‍
കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നമ്മുടെ സ്വാതന്ത്ര്യ സമരങ്ങളെ തല്‍ക്കാലത്തേക്ക്
നിര്‍ത്തിവക്കാന്‍ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തത് നാം മറന്നുപോകരുത്. പിന്നീട് ആ
അഹിംസയുടെ ദേവദൂതനെ വെടിവച്ചിട്ടതിനുശേഷമാണ് നമ്മുടെ രാജ്യത്ത് കൊലപാതക രാഷ്ട്രീയം
വളരാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ
സാക്ഷരതയുടെ തളര്‍ച്ചയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ കൊലപാതക രാഷ്ട്രീയം വളര്‍ന്നത്.
അതുകൊണ്ട് നമുക്ക് നഷ്ടമായ രാഷ്ട്രീയ സാക്ഷരതയെ വീണ്ടെടുക്കുകയാണ് രാഷ്ട്രീയ
കൊലപാതകങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം. അത്തരത്തിലുള്ള രാഷ്ട്രീയ
സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാത്തിടത്തോളം കാലം നമ്മുടെ നാട്ടില്‍
കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി നിലനില്‍ക്കാനെ തരമുള്ളൂ. ഈ വാര്‍ത്തയുടെ വീഡിയോ
കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/Qf-z-o5Vv34
ഓരോ
ഭരണകൂടവും അവരാല്‍ ഭരിക്കപ്പെടുന്ന ജനതയും എക്കാലത്തും അതതു രാജ്യങ്ങളിലെ
എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും അദൃശ്യ നിരീക്ഷണങ്ങള്‍ക്ക്
വിധേയമാണ് എന്നത് ഒരു സാമൂഹിക സാംസ്കാരിക പരമാര്‍ത്ഥമാണ്. അത്തരം നിരീക്ഷണങ്ങളുടെ
പ്രതിഫലനമാണ് അവരുടെ എഴുത്തും സാംസ്കാരിക പ്രവര്‍ത്തനങ്ങളും.
എന്നാല്‍
കേരളത്തിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും അവരുടെ ദൃശ്യാദൃശ്യ
നിരീക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കാണുമ്പോള്‍ അത് നമ്മളില്‍ വല്ലാത്ത
ഭയാശങ്കകള്‍ ഉണ്ടാക്കുന്നു. രാഷ്ട്രീയ പ്രഭുദ്ധരായ ചിലരെങ്കിലും അത്തരം ആശങ്കകള്‍
എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും ഓര്‍മ്മിപ്പിക്കുമ്പോള്‍
എഴുത്തിന്റെയും സംസ്കാരത്തിന്റെയും തമ്പ്രാക്കന്മാരും തമ്പ്രാട്ടിമാരും രാഷ്ട്രീയ
പ്രബുദ്ധതയെ പരിഹസിക്കുന്ന അത്യന്തം ദയനീയമായ കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
തല്‍ഫലമായി ഇവിടെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഭരണകൂടത്തിന്റെ അംഗീകൃത
ദല്ലാളുമാരോ വാണിഭക്കാരോ ആയി അധപ്പതിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ
സംഭവിക്കാതിരിക്കാന്‍ ഭരണകൂടവും എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും ഒരുപോലെ ജാഗ്രതയോടെ
നിലയുറപ്പിക്കുകതന്നെ വേണം.
ഈ
വാര്‍ത്തയുടെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/Qf-z-o5Vv34
No comments:
Post a Comment