അങ്ങനെ
മലയാളിയുടെ തണ്ടും മണ്ടത്തരങ്ങളും മായ്ചെഴുതാന്‍ ഒരു പ്രളയം കൂടി എത്തി. എല്ലാം
അറിവുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ഏക അറിവ് കേട്ടുകേള്വിയില് നിന്ന്
കാണാപാഠം പഠിച്ച പൂര്‍ണ്ണമല്ലാത്ത രാഷ്ട്രീയബോധവും സൈബര്‍ അക്കാദമിക കമ്പിയില്ലാകമ്പി
പഠനം വഴി ഇറക്കിയും കയറ്റിയും വച്ച കാല്പനിക ബോധവുമാണ്. പ്രളയത്തിന്റെ ഈ
രണ്ടാമൂഴത്തിലും മലയാളി ഇതൊന്നും പഠിക്കുന്നില്ല. പഠിക്കാന്‍ തയ്യാറുമല്ല. അതേസമയം
ചുവപ്പും വെളുപ്പും പച്ചയും കാവിയും കൂടിക്കലര്‍ന്ന പതാകകളാല്‍ വിഭജിക്കപ്പെടുന്ന
ഒരു ദുരന്തസമൂഹമായി മലയാളിസമൂഹം ഇന്ന് അധ:പ്പതിച്ചിരിക്കുന്നു എന്നതാണ് സത്യം.
മലയാളികള്‍
സര്വ്വജ്ഞാപീഠം കയറുന്നത് ഇവിടുത്തെ സമൂഹമാധ്യമ സര്‍വ്വകലാശാലകള്‍ വഴിയാണ്.
തെങ്ങേലിരുന്നും അനന്തപുരിയിലെ അധികാരക്കസേരയിലിരുന്നും സൈബര്‍ കാറ്റിലൂടെ
പായിക്കുന്ന ഫേസ്ബുക്കും വാട്സാപ്പും യുട്യുബും മലയാളിയുടെ സര്വ്വവിജ്ഞാനകോശങ്ങളാകുന്നു.
നമ്മുടെ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ഈ സൈബര്‍ സര്‍വ്വവിജ്ഞാനകോശത്തിന്റെ
വിസ്മയങ്ങളില്‍ ഭാഗധേയരായി വിസ്മൃതമാവുകയാണ്.
കൂട്ടലും
കിഴിക്കലും ഹരിക്കലും പെരുക്കലും ഇപ്പോള്‍ നടത്തുന്നത് മനുഷ്യന്റെ മനസ്സല്ല,
മറിച്ച്, സൈബര്‍ യുഗപ്പിറവിയിലൂടെ ജന്മം
കൊണ്ട വിവരസാങ്കേതികവിദ്യയാണ്. ഒരു ക്ഷേമരാഷ്ട്ര പൌരനു വേണ്ടുന്ന ഗണിത
സമ്പ്രദായമല്ല ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പ്രയോഗത്തിലിരിക്കുന്നത്. ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ
മേല്ക്കോയ്മകള്ക്ക് ആധിപത്യം പുലര്‍ത്താനുള്ള
സൈബര്‍ ഗണിത സമ്പ്രദായമാണ് ഇപ്പോള്‍ നമുക്കുള്ളത്.
ഇടതു-വലതു-മദ്ധ്യ
പക്ഷങ്ങളും അതിതീവ്രമായ ഇടതു-വലതു-മദ്ധ്യ തീവ്രപക്ഷങ്ങളും അവരവരുടെ സൈബര്‍ ഗണിത
സമ്പ്രദായങ്ങളില്‍ ഉത്തരങ്ങള്‍ കണ്ടെത്തുന്നു. പഴയ ഗണിത സമ്പ്രദായങ്ങളില്‍ നിന്ന്
വിഭിന്നമായി ഇവിടെ ഓരോ കണക്കിനും ചോദ്യത്തിനും വേറെവേറെ ശരിയുത്തരങ്ങള്‍
ഉണ്ടാവുന്നു. ഇത്തരം ശരിയുത്തരങ്ങളുടെ ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ ഗരിമകളില്‍ ജനം
വിഭജിക്കപ്പെടുന്നു. ഇത്തരത്തില്‍ വിഭജിക്കപ്പെടുന്നവര് അവരവരുടെ ഫേസ്ബുക്കും
വാട്സാപ്പും യുട്യുബും അവലംബമാക്കി അവരവരുടെ ശരികളില്‍ ലഹരികൊള്ളുന്നു. അങ്ങനെ
സൈബര്‍ ശരികളുടെ വികലവിസ്മയങ്ങളില് ഒരു ജനതയുടെ മാനവികത നഷ്ടമാവുന്നു. മൃഗീയത നേട്ടമാവുന്നു.
ജനാധിപത്യം മൃഗാധിപത്യത്തിന് വഴിമാറുന്നതിങ്ങനെ.
ഈ
മൃഗാധിപത്യത്തിലാണ്, വേട്ടക്കാരായ ജനസംരക്ഷകരുടെ കാക്കിയുടുപ്പുകള്‍ കസ്റ്റഡിയിലെ
മനുഷ്യരെ ഉരുട്ടിക്കൊന്നത്. ഈ മൃഗാധിപത്യത്തിന്റെ തണലിലാണ് പാവം ആദിവാസികളെ അവര്‍
തല്ലിക്കൊന്നത്. ഇതേ മൃഗാധിപത്യത്തിന്റെ തോക്കിന് കുഴലില്‍ നിന്നാണ് അവര്‍
മാവോയിസ്റ്റുകളുടേയും മറ്റും ആശയഗര്ഭത്തില് വെടിയുണ്ട പായിച്ചത്. ഈ മൃഗാധിപത്യ
ഭൂമിയിലാണ് ജാതി മറന്ന് പ്രണയിച്ച ഒരു പാവം പയ്യനെ അവര്‍ പുഴയില്‍ കെട്ടിതാഴ്ത്തിയത്.
ഇതേ മൃഗാധിപത്യത്തിന്റെ തിണ്ണബലത്തിന്മേലാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍
ഹിംസയുടെ കഴുകന് കുട്ടികളായത്. ഈ മൃഗാധിപത്യത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാണ് നമ്മുടെ കായലും, കടലും, കുന്നും, പുഴയും,
മലകളും അളവില്ലാതെ ലേലം വിളിച്ചത്. ഇതേ മൃഗാധിപത്യത്തിലെ അഹങ്കാരികളാണ് നമ്മുടെ
ദേവാലയങ്ങളും ദേവഭൂമികളും യുദ്ധക്കളമാക്കിയത്. ഒന്നാംതരം ഐ.എ.എസ്സുകാരും, ഐ.പി.എസ്സുകാരും
പാവം ജനതയുടെ നെഞ്ചിലൂടെ കൂവിപ്പാഞ്ഞതും അവരുടെ തലയ്ക്കുമീതെ കുഴലൂതിപ്പറന്നതും ഇതേ
മൃഗാധിപത്യഭൂമിയില് തന്നെ.
എല്ലാ
വിസ്മയങ്ങളും കണ്ടുകൊണ്ട് സൈബര്‍ ജനക്കൂട്ടം അവരുടെ ചൂണ്ടുവിരല്‍ കൊണ്ട് അവരവരുടെ
മൊബൈല്‍ ഫോണിന്റെ സ്ഫടിക പ്രതലങ്ങളില്‍ ഇടവേളകളില്ലാതെ തേയ്ച്ചും മായ്ച്ചുമിരുന്ന്
വിസ്മൃതരാവുന്നു.
അങ്ങനെയിരിക്കെയാണ്
കാലവര്ഷമറിയാതെ ന്യുനപക്ഷമറിയാതെ ന്യുനമര്‍ദ്ദം പെരുമഴ പെയ്ത്ത് നടത്തിയത്. ബലാല്‍സംഘം
ചെയ്യപ്പെട്ട പശ്ചിമഘട്ടം സഹിക്കവയ്യാതെ വന്നപ്പോള്‍ പതുക്കെ ചെറുത്തു.
പുത്തുമലയിലും കവളപ്പാറയിലും കുന്നുകളും മലകളും മറിഞ്ഞുവീണത് അങ്ങനെയാണ്.
മൃഗാധിപത്യത്തിന് പ്രളയം പുത്തരിയല്ല. അവര്‍ പ്രളയത്തെ ആകാശവണ്ടിയിലിരുന്നും ആര്ഭാടവണ്ടിയിലിരുന്നും
നോക്കിക്കണ്ടു. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ കവിളില്‍ തലോടിയും കൈ വീശിയും അവര്‍
കടന്നുപോയി. അപ്പോഴും പ്രളയബാധിതരുടെ കണ്ണീരും നിശ്വാസവും ഇവിടെ ഒടുങ്ങാതെ ഒഴുകാതെ
നിശ്ചലമായി. നിശ്ചലദൃശ്യങ്ങള്‍ ആര്‍ക്കൊക്കെയോ ഉത്സവമായി. ഭിക്ഷാടനത്തിന്റെ അസഹ്യമെങ്കിലും
അനിവാര്യമായ വഴികള്‍ നിര്‍ലജ്ജം വീണ്ടുംവീണ്ടും തുറക്കപ്പെട്ടു.
മലകളും
പാറക്കൂട്ടങ്ങളും ജീവനോടെ സംസ്കരിച്ചവരെ വോട്ടര്‍പട്ടികയില്‍ നിന്ന് വേണ്ടപ്പെട്ടവര്‍
വെട്ടിമാറ്റി. അവര്‍ വോട്ടര്‍പട്ടിക പുതുക്കി. ഇനിയും വരാനുള്ള തെരഞ്ഞെടുപ്പുകളില്‍
വോട്ടുചോദിക്കാനായി കയറിയിറങ്ങേണ്ടാത്ത മലകളും കുന്നുകളും അവര്‍ക്ക് ആശ്വാസമായി.
മൃഗാധിപത്യം കേവലം അതിജീവനത്തില്‍ പൂര്‍ണ്ണമായി.