കേരളം ഏറ്റുവാങ്ങിയ ഏറ്റവും വലിയ
ഉരുള്‍പൊട്ടല്‍-പ്രളയ ദുരന്തമാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് നാം സാക്ഷിയായത്.
നാടും നാട്ടുകാരും അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയ ദിവസങ്ങള്‍. പുത്തുമലയിലും
കവളപ്പാറയിലും മനുഷ്യര്‍ ജീവനോടെ സംസ്കരിക്കപ്പെട്ടു. അവരുടെ മൃതദേഹങ്ങള്‍ക്കായി
സര്‍ക്കാരും ജനങ്ങളും ആ ദുരന്തഭൂമിയില്‍ തെരച്ചില്‍ നടത്തുകയാണ്.
ഈയൊരു സന്ദര്‍ഭത്തിലാണ് മുരളി
തുമ്മാരുകുടി എന്ന ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ദുരന്തം
കഴിഞ്ഞ് മൂന്നാം നാള്‍ ദുരന്ത നിവാരണത്തിന്റെ ചില ശാസ്ത്രീയ സമവാക്യങ്ങളും
സൂത്രവാക്യങ്ങളുമായി സമൂഹമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
ആദ്യമേ പറയട്ടെ മിസ്റ്റര്‍
തുമ്മാരുകുടി, താങ്കള്‍ക്ക് ഈ ബുദ്ധി എന്തേ നേരത്തെ തോന്നാതിരുന്നത്? താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് എങ്ങാനും
ദുരന്തനിവാരണം സാധ്യമായെങ്കില്‍ പിന്നെ താങ്കള്‍ക്ക് ഈ സമവാക്യങ്ങളും
സൂത്രവാക്യങ്ങളും എഴുതാനാവില്ലല്ലോ, എന്നതുകൊണ്ടാണോ?
ഇനി താങ്കള്‍ പറഞ്ഞുവച്ച ശാസ്ത്രീയ
സമവാക്യങ്ങളിലേക്കും സൂത്രവാക്യങ്ങളിലേക്കും തിരിച്ചുവരാം. ഉരുള്‍പൊട്ടലിനെക്കുറിച്ചും
മണ്ണിടിച്ചലിനെക്കുറിച്ചും താങ്കള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവിടുത്തെ ഏതൊരു
കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ് സര്‍. താങ്കളും ഒരു ജാമ്യം എന്നനിലക്ക്
അതെക്കുറിച്ച് കൂടുതലൊന്നും തന്നെ പറയുന്നുമില്ല.
ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പുകള്‍
കൊടുക്കുക അസാധ്യമായതുകൊണ്ടാണ് കുന്നിനുതഴെ താമസിച്ചവര്‍ക്ക് മരണം സംഭവിച്ചതെന്ന
താങ്കളുടെ കണ്ടുപിടുത്തവും പ്രശംസനീയമാണ്.
മണ്ണും വെള്ളവും കല്ലും കൂടി
ഒഴുകുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ ഇരകള്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കൂടും, ബോധം
നഷ്ടപ്പെടും, ഇവരില്‍ കൂടുതലും മരിക്കാനാണ് സാധ്യത, രക്ഷപ്പെടുക എളുപ്പമല്ല എന്ന
അങ്ങയുടെ കണ്ടുപിടുത്തവും കേമമാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ Rescue രക്ഷാപ്രവര്‍ത്തനം Recovery വീണ്ടെടുക്കല്‍ എന്നീ രണ്ടു ദുരന്ത
നിവാരണ ഉപാധികളെ ഉള്ളൂവെന്ന താങ്കളുടെ പരിഹാര മാര്‍ഗ്ഗവും എടുത്തുപറയത്തക്കതാണ്.
ആളുകള്‍ ജീവനോടെ ബാക്കി
ഉണ്ടാകാനിടയില്ലാത്ത സാഹചര്യങ്ങളില്‍ ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനമല്ല;
പ്ലാന്‍ ചെയ്ത പ്രവര്‍ത്തനമാണ് ആവശ്യമെന്ന് താങ്കള്‍ പറയുന്നതിന്‍റെ അര്‍ത്ഥം
മനസ്സിലാവുന്നില്ല സര്‍.
ഉരുള്‍പൊട്ടലും മണ്ണിടിച്ചലും
ഉണ്ടായ സ്ഥലം ഏറെ അസ്ഥിരമായതിനാലും മണ്ണിടിച്ചലിനു സാധ്യത ഉള്ളതിനാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്
വാഹനങ്ങള്‍ ഉപയോഗിക്കുന്നതും രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ഒഴിവാക്കാനും താങ്കള്‍
നിര്‍ദേശിക്കുന്നു. പിന്നെ എന്താണ് ചെയ്യേണ്ടത് സര്‍?
മണ്ണിന്നടിയില്‍ പെട്ട ആളുകളെ
കണ്ടെത്താനും അവരുടെ ജീവന്‍റെ സ്പന്ദനങ്ങള്‍ അറിയാനുമുള്ള താങ്കള്‍ പറയുന്ന റഡാറും
പ്രോബ് മൈക്രോഫോണും കൊണ്ട് ആളുകളെ ആകാശത്തുനിന്ന് ഒപ്പിയെടുക്കുന്നതിനോ
വലിച്ചെടുക്കുന്നതിനോ സാധ്യമാണോ സര്‍?
ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്
ആളുകള്‍ പാടില്ല, വാഹനങ്ങള്‍ പാടില്ല, രക്ഷാപ്രവര്‍ത്തകര്‍ പാടില്ല, അപകടത്തില്‍
പെടവരുടെ ഉറ്റവരും ഉടയവരും പാടില്ല, ജനപ്രതിനിധികള്‍ പാടില്ല, മാധ്യമപ്രവര്‍ത്തകരും
പാടില്ല എന്നൊക്കെ പറയുമ്പോള്‍ ആ ദുരന്തഭൂമിയില്‍ ആരൊക്കെ വേണമെന്നെങ്കിലും
വിശദമാക്കൂ സര്‍.
സ്വന്തം കുടുംബം ദുരന്തമെടുക്കുമ്പോള്‍ കുടുംബാംഗങ്ങളെ കാണാന്‍
പോലും ദുരന്തഭൂമിയെന്ന ശവപ്പറമ്പില്‍ ഉറ്റവരും ഉടയവരും വരാന്‍ പാടില്ലെന്ന താങ്കളുടെ
വാദം ഒരു ജനതയോടുള്ള ക്രൂരതയല്ലേ സര്‍? ദുരന്തത്തില്‍ മരണപ്പെട്ടവരോടുള്ള അനാദരവല്ലേ
സര്‍? മിസ്റ്റര്‍ തുമ്മാരുകുടി താങ്കള്‍ കുറച്ചുകൂടി ഹൃദയമുള്ളവനാകൂ.
ദുരന്തനിവാരണത്തില്‍ പ്രത്യേകം
പരിശീലനം കിട്ടിയവര്‍ മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന്നായി ഈരണ്ടുപേര്‍ എന്ന
കണക്കില്‍ പോകണം എന്ന് നിഷ്കര്‍ഷിക്കുന്ന താങ്കള്‍ കഴിഞ്ഞ പ്രളയത്തിലെ
മത്സ്യത്തൊഴിലാളികളുടെ ദുരന്തനിവാരണ സമ്പ്രദായങ്ങള്‍ മറന്നുപോയോ സര്‍.
ദുരന്തത്തില്‍ പെട്ടവരുടെ കൃത്യമായ
കണക്ക് സ്ഥലം പഞ്ചായത്ത് മെമ്പറില്‍ നിന്നോ പോലീസില്‍ നിന്നോ ശേഖരിക്കണമെന്ന
താങ്കളുടെ പ്രത്യേക ബുദ്ധിയെ അഭിനന്ദിക്കുന്നു സര്‍. ദുരിതാശ്വാസ ക്യാമ്പുകള്‍
സംഭവസ്ഥലത്തുനിന്നു ദൂരെ സ്ഥാപിക്കണമെന്ന നിര്‍ദേശവും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
അപകട സൂചന കിട്ടുന്ന മുറയ്ക്കും മഴ
കനക്കുന്ന മുറയ്ക്കും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന താങ്കളുടെ നിര്‍ദേശവും
അപാരം തന്നെ.
ഇനിയും ദുരന്തങ്ങള്‍ ഉണ്ടാവാം
എന്നും ദുരന്തങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ദുരന്തകാലത്തിനുശേഷം
എഴുതാം എന്ന താങ്കളുടെ വാഗ്ദാനവും അതിഗംഭീരം സര്‍.
പ്രയപ്പെട്ട മുരളി തുമ്മാരുകുടി,
താങ്കള്‍ ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണല്ലോ, താങ്കളില്‍ നിന്ന്
ഞങ്ങള്‍ കുറേക്കൂടി പ്രായോഗികവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങളാണ്
പ്രതീക്ഷിക്കുന്നത്. താങ്കള്‍ ഈ എഴുതിയത് സ്കൂള്‍ കുട്ടികള്‍ക്കുള്ള ഒരു ലഘു
കുറിപ്പായിപ്പോയി എന്ന് പറയേണ്ടിവരുന്നതില്‍ സങ്കടമുണ്ട് മിസ്റ്റര്‍ മുരളി
തുമ്മാരുകുടി.
ചുമ്മാ ഒരു വെടി ഫേസ് ബുക്കിലും ഇരിക്കട്ടെ എന്നെങ്കില്‍ ഞങ്ങള്‍ക്ക്
സങ്കടമില്ല. മറിച്ചെങ്കില്‍ അതിയായ ദുഃഖമുണ്ട് സര്‍. ഈ ലേഖനത്തിന്റെ യുട്യുബ് ദൃശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment