എന്തുകൊണ്ടും
ത്രിമാനങ്ങളാൽ സമ്പുഷ്ടമാണ് തൃശിവപേരൂർ എന്ന ശിവപുരി. മൂന്ന് ശിവക്ഷേത്രങ്ങളിൽ
ത്രിമാന സ്വരലയങ്ങളിൽ ഓംകാരങ്ങളിൽ മുഴങ്ങുമ്പോഴും നാം മറക്കരുതാത്ത
മറ്റൊന്നുകൂടിയുണ്ട് ഈ ശിവപുരിയിൽ.
ഹൈന്ദവർക്കെന്നപോലെ
ക്രിസ്ത്യാനികൾക്കും അവകാശപ്പെടാവുന്ന ത്രിമാനതയുണ്ട് തൃശൂരിൽ. മൂന്ന്
ശിവക്ഷേത്രങ്ങൾക്ക് സമാനമായി പരിശുദ്ധമാതാവിന്റെ പ്രധാനപ്പെട്ട മൂന്ന്
ദേവാലയങ്ങളും കൂടി നമ്മുടെ ശിവപുരിയിലുണ്ടെന്ന വസ്തുത നാളിതുവരെ ഒരു സ്ഥലനാമ
വിദഗ്ദരും ചൂണ്ടിക്കാണിച്ചില്ലെന്ന വസ്തുത ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്.
അതിപുരാതനമായ
മർത്തമറിയം വലിയപള്ളിയും, പുത്തൽ പള്ളിയും, ലൂർദ് പള്ളിയും തൃശൂരിൽ സംഗമിക്കുമ്പോൾ
നമുക്ക് ന്യായമായും തൃശിവപേരൂരിനെ മൂന്നു പരിശുദ്ധ മാതൃ രൂപങ്ങളുടെ സംഗമസ്ഥാനമായ തൃമാതാപുരം
എന്നുകൂടി വിളിക്കാവുന്നതാണ്.
ചരിത്രവും
പുരാണവും ഐതിഹ്യങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന തൃശൂരിന്റെ ക്രൈസ്തവ
ചരിത്രത്തിന് ടിപ്പുവിന്റെ പടയോട്ടക്കാലത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തൃശിവപേരൂർ ഏതാണ്ട് നാശോന്മുഖമായ
അവസ്ഥയിലായിരുന്നുവത്രെ. പിന്നീട് വാണിജ്യ-വ്യവസായിക മേഖലകളിൽ നവോന്മേഷം ഉന്നം
വച്ചുകൊണ്ട് കൊച്ചി മഹാരാജാവായ ശക്തൻതമ്പുരാനാണ് അമ്പതോളം ക്രൈസ്തവ കടുംബങ്ങളെ
ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചതെന്ന് ചരിത്രം പറയുന്നുണ്ട്.
അങ്ങനെ
പലയിടങ്ങളിൽനിന്നായി തൃശൂരിലെത്തിയ ക്രൈസ്തവർക്ക് ആരാധനക്കായി 1814-ൽ ആദ്യം
പണികഴിപ്പിച്ച ദേവാലയമാണത്രെ തൃശൂരിലെ മർത്തമറിയം വലിയപള്ളി. എക്കാലത്തേയും പോലെ ക്രൈസ്തവർക്കിടയിലുണ്ടായ
പടലപിണക്കങ്ങളെ തുടർന്ന് പിന്നീട് 1885-ൽ ലൂർദ് മാതാവിന്റെ പള്ളിയും, 1925-ൽ
വ്യാകുലമാതാവിന്റെ പുത്തൻ പള്ളിയും സ്ഥാപിതമായി.
ഗോതിക്
ശില്പകലയുടെ സാന്നിദ്ധ്യം ഈ മൂന്നു പള്ളികളുടെ നീർമ്മിതിയിലും പ്രകടമാണെങ്കിലും
അവിടവിടെ റോമൻ വാസ്തുകലയും നിഴലിക്കുന്നതുകാണാം. എന്നിരുന്നാലും അടിസ്ഥാനപരമായി
കേരളീയ വാസ്തുകലാപാരമ്പര്യം തന്നെയാണ് ഈ പള്ളികളുടെ നിർമ്മിതിയിൽ കാണുന്നത്.
തെക്കൻ
ഫ്രാൻസിലെ പിറിനീസ് മലനിരകളുടെ താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ലൂർദ് എന്ന ഒരു
കൊച്ചു അങ്ങാടി തെരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ 1858-ൽ
പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടതായാണ് ലോകത്തെമ്പാടുമുള്ള മരിയഭക്തർ
വിശ്വസിക്കുന്നത്. ബെർണാഡെറ്റ് സിബീറിയസ് എന്ന പെൺകുട്ടിക്കാണ് മാതാവ്
പ്രത്യക്ഷപ്പെട്ടതത്രെ.
എന്തായാലും
ഈ അത്യപൂർവ്വമായ സംഭവത്തിനുശേഷമാണ് ലൂദ് മാതാവ് എന്ന വിശ്വാസ സങ്കല്പം
ഉണ്ടാവുന്നത്. അന്ന് അവിടെ ലൂർദിൽ ഉൽഭവിച്ച ചെറിയ ഉറവയിലെ തീർത്ഥജലം ഒട്ടനേകം
വിശ്വാസികളെ സുഖപ്പെടുത്തിയതായും വിശ്വാസമുണ്ട്.
ഫ്രാൻസിൽ
പ്രത്യക്ഷയായ ലൂർദ് മാതാവിനെയാണ് തൃശൂരിലെ ഈ ലൂർദ് ദേവാലയത്തിൽ
പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ രോഗശാന്തിക്കായി അനേകം ഭക്തരാണ് ഈ
പള്ളിയിൽ ഓരോ വർഷവും വന്നുപോകുന്നത്. എല്ലാ വർഷവും നവംബർ മാസത്തിലാണ് ഇവിടെ
തിരുനാൾ ആഘോഷങ്ങൾ നടക്കുക.
ഏകദേശം
25000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പള്ളിക്കകത്ത് മറ്റൊരു ഭൂഗർഭ പള്ളി അഥവാ
അടിപ്പള്ളി കൂടിയുണ്ടെന്നതാണ് ഈ പള്ളിയുടെ സവിശേഷത.
1885-ൽ
പള്ളി സ്ഥാപിച്ചതിനുശേഷം പതിറ്റാണ്ടുകളിലൂടെ നിർമ്മാണം പുരോഗമിച്ച് അവസാനം
1952-ലാണ് ഭൂഗർഭ പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
വളരെ
പ്രശസ്തമായ നോട്ടർദാം കത്തീദ്രലിന്റെ അൾത്താരയുടെ മാതൃകയെ അവലംബിച്ചാണ് ഈ
പള്ളിയുടെ അൾത്താരയും രൂപകല്പന നടത്തിയിട്ടുള്ളത്. 1200 ചതുരശ്ര അടി
വിസ്തീർണ്ണമുള്ള ഈ പള്ളിയുടെ ശുശ്രൂഷാവേദി അഥവാ മദ്ബഹയുടെ ഇരുവശങ്ങളിലുമായി 10
കല്ലറകൾ ദിവംഗതരായ അഭിവന്ദ്യ പിതാക്കന്മാർക്കായി മാറ്റിവച്ചിരിക്കുന്നു. കിഴക്കെ
വശത്തുള്ള 5 കല്ലറകളിൽ ദിവംഗതരായ അഡോൾഫ് മെഡ്ലിക്കോട്ട്, ജോൺ മേനാച്ചേരി,
ഫ്രാൻസിസ് വാഴപ്പിള്ളി, ജോർജ്ജ് ആലപ്പാട്ട്, ജോസഫ് കുണ്ടുകുളം എന്നീ
പിതാക്കന്മാരുടെ ഭൌതികാവശിഷ്ടം അന്ത്യവിശ്രമം കൊള്ളുന്നു.
ഈ
പള്ളിയകത്തെ തിരുസ്വരൂപങ്ങൾ തേക്കിൽ കൊത്തിയെടുത്തവയാണ്. വിദേശങ്ങളിൽ നിന്ന്
ഇറക്കുമതി ചെയ്ത ക്യാൻവാസിലാണ് ഇവിടുത്തെ ഛായാചിത്രങ്ങൾ എഴുതിയിട്ടുള്ളത്.ഡോമിൽ
അലംകൃതമായ ചിത്രങ്ങൾ സ്റ്റെയിൻഡ് ഒപ്പൽ ഗ്ലാസ്സിൽ നിർമ്മിച്ചവയാണ്. ഒരു ലക്ഷത്തിൽ
പരം ചെറിയ ഒപ്പൽ ചില്ലുകഷണങ്ങൾ ചേർത്തുവച്ചാണ് ഇവിടുത്തെ വിശുദ്ധരുടെ രൂപാവിഷ്കാരം
നടത്തിയിട്ടുള്ളത്. പേർഷ്യൻ-മുഗൾ ഭാവനകളിലെഴുതിയ ചുമർചിത്രങ്ങളും നമുക്കിവിടെ
കാണാം. എല്ലാംകൂടി ചേർത്തുവച്ച് അനുഭവിച്ചാസ്വദിക്കുമ്പോൾ ഈ പള്ളി തൃശൂരിലെ
തൃമാതാപുരത്തെ മറ്റു പള്ളികളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ദൃശ്യവിരുന്നായി മാറുന്നു.
വീഡിയോ
കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment