Tuesday, April 17, 2012

"കഴുകന് ആരുടെ ഇറച്ചിയും തിന്നാം എന്നാല്‍ കഴുകന്റെ ഇറച്ചി ആര്‍ക്കും തിന്നാന്‍ പാടില്ല" അഴീക്കോടിനെ കുറിച്ച് പ്രൊഫ. പി .എ. വാസുദേവന്‍


 (അഴീക്കോടിനെ കുറിച്ചുള്ള   എന്റെ ഓര്‍മ.. ഗുരുപ്രണാമം തുടരുന്നു)
ഒരു മാമാങ്കവുമില്ലാതെ " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ "എന്ന ഏറെ പുസ്തകം പ്രകാശിതമായി . എന്‍ . എം. പിയെഴ്സനും , പി.എ. വാസുദേവനും , സഖാവ് ബേബി ജോണും , ബാലചന്ദ്രന്‍ വടക്കെടത്തും, ജോയ് മണ്ണൂരും എന്റെ കുറെ വിദ്യാര്‍ഥികളും സുഹൃത്തുക്കളും കൂടി പുസ്തകം വെളിച്ചം കാണിച്ചു.

വിനീതനായ ശിഷ്യന്റെ ഉപഹാരം ഗുരു നിരസിച്ചത്‌ സ്വാഭാവികമായും വാര്‍ത്തയായി ." കഴുകന് ആരുടേയും ഇറച്ചി തിന്നാം . എന്നാല്‍ കഴുകന്റെ ഇറച്ചി ആരും തിന്നാന്‍ പാടില്ല " എന്ന (അഴീക്കോടിന്റെ ) നിലപാട് ശരിയല്ലെന്ന് പ്രൊഫ .പി.എ .വാസുദേവന്‍ പറഞ്ഞത് പത്രങ്ങളിലെ ലീഡ് വാര്‍ത്തയായി . " മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളവര്‍ സ്വയം വിമര്ശിക്കപ്പെടാനുള്ള സന്നദ്ധത (അഴീക്കോട്‌) കാണിക്കുകയും വേണം "  എന്ന എന്‍ . എം. പിയെഴ്സന്റെ വാര്‍ത്തയും പത്രങ്ങള്‍ പ്രാധാന്യത്തോടെ തന്നെ കൊടുത്തു.

മാഷ്‌ അപമാനിതനായി. മാഷിനെ ആരൊക്കെയോ കൂടി തെറ്റിദ്ധരിപ്പിച്ചിരിക്കണം. മാഷെന്ന പ്രസ്ഥാനത്തിനകത്ത് കള്ളാ നാണയങ്ങള്‍ പെരുകുകയായിരുന്നു . മാഷ്‌ ആരുടെയൊക്കെയോ കൈകളില്‍ ഭദ്രമാവുകയായിരുന്നു. അതോ തടങ്കലിലോ ?

മാഷിന്റെ കൂടെയുള്ള കള്ളനാണയങ്ങളുടെ പ്രേരണയാലാവാം, എനിക്കെതിരെ മാഷ്‌ കള്ള പ്രസ്താവനകള്‍ ഇറക്കി. മാഷേ ഞാന്‍ ക്ഷണിച്ചിട്ടില്ലെന്ന്  മാഷ്‌ നുണ പറഞ്ഞു . എന്റെ പുസ്തകം കണ്ടിട്ടില്ലെന്നും മാഷ്‌ നുണ പറഞ്ഞു.  അഴീക്കോട് മാഷ്‌ നുണ പറയാന്‍ പാടില്ലായിരുന്നു.

പിന്നീട് മാഷ്‌ പറഞ്ഞ നുണയെ ഒന്നുകൂടി ബലപ്പെടുത്തി പ്രസ്താവന ഇറക്കി. " ഷഷ്ടിപൂര്‍ത്തിയോടടുത്തിട്ടും തൃശൂരില്‍ മാത്രം പേര് കേള്‍പ്പിച്ച് കഴിയുന്ന ഒരു നിരൂപണ ലേഖകന്റെതാണ് (എന്റെ പുസ്തകത്തിന്റെ) അവതാരിക. ഇതിന്റെ പ്രകാശനം എത്രയോ ചിരിയ സംഭവമാണ് " (ജനയുഗം) " ആ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രം ഗൗരവമുള്ള ഒരു പുസ്തകമായിരുന്നില്ല ( നേരത്തെ പുസ്തകം കണ്ടില്ലെന്നു പറഞ്ഞതാണ് ) അത് " (മാധ്യമം)
ഗുരുപൂജ്യര്‍ നുണ പറയുന്നത് അസഹനീയമാണ് . അഴീക്കോട് മാഷ്‌ നുണ പറയാന്‍ പാടില്ലായിരുന്നു.

ഞാന്‍ പിന്നീട് മാഷേ അഭിമുഖീകരിച്ചിട്ടില്ല . ഗുരുവിനോട് തിരിച്ചു കാര്യം പറഞ്ഞതിന്റെ ശിക്ഷ പേടിച്ച് ഗുരുവിന്റെ കണ്‍വെട്ടത്ത് വരാതെ ഭയപ്പാടോടെ പതുങ്ങി നടക്കുന്ന ശിഷ്യനെപോലെ ഞാനും എന്റെ ഗുരുവിന്റെ കണ്‍ വെട്ടത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു. ഭയം കൊണ്ടായിരുന്നു....ഭക്തി കൊണ്ടായിരുന്നു....ഭാഹുമാനം കൊണ്ടായിരുന്നു....ആദരവ് കൊണ്ടായിരുന്നു...ഈ ഒളിച്ചോട്ടം . എനിക്ക് ഗുരുവിന്റെ പഴയ മുഖമാണിഷ്ടം. മാഷിന്റെ പുതിയ മുഖം എന്തോ എനിക്ക് ചേരുന്നില്ല. ഗുരു പൊറുക്കുക.

എന്നിട്ടും മാഷ്‌ എന്നെയും ബാലച്ചന്ദ്രനെയും ശിക്ഷിച്ചു. മാഷിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ അര്‍ഹതയുള്ള ശിക്ഷ്യര്‍ തന്നെയാണ് ഞങ്ങള്‍ രണ്ടുപേരും . അതുകൊണ്ട് അതെറ്റുവാങ്ങി.
എങ്കിലും ഒരു പ്രസംഗം കൊണ്ട് , ഒരു അവതാരിക കൊണ്ട് , അവസാനം അസുഖകരമായ ഒരു പ്രസ്താവന കൊണ്ട് എന്നെ വളരെ വലുതാക്കിയ അഴീക്കോട് മാഷിന്റെ മുന്നില്‍ പ്രണമിക്കുന്നു . ഭക്ത്യാദരപൂര്‍വ്വം .

ഡോ. സി. ടി. വില്യം

ഗുരുപ്രണാമം പന്ത്രണ്ടാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും
 

No comments:

Post a Comment