Monday, May 14, 2012

വീയെസ്സിനും വിജയനും വിന "വി" ( v) തന്നെ.

തത്ത്വചിന്താപരമായി ചിന്തിക്കുമ്പോള്‍ ആനന്ദമാണ് മരണം. പരമാനന്ദത്തിന്റെ പരിസമാപ്തിയാണ്  മരണം. ഇഹലോകത്തി ന്റെ പൊക്കിള്‍ കൊടി പൊട്ടിച്ച്, പരലോകത്തിലേക്ക് പിറന്നു വീഴലാണ് മരണം. അതുകൊണ്ടുതന്നെ ഭൂമിയിലെ കുറഞ്ഞൊരു വിഭാഗം മനുഷ്യരെങ്കിലും ആഘോഷിക്കുന്ന ഉത്സവമാണ് മരണം. മരാണോത്സവം. ഇപ്പറഞ്ഞതെല്ലാം ഭൂമിയിലെ സ്വാഭാവിക മരണ ത്തിന്റെ പരിധിയില്‍ മാത്രം വരുന്ന തത്ത്വചിന്തകളാണ്.

എന്നാല്‍ നമ്മുടെ നാട്ടില്‍ മരണോത്സവങ്ങള്‍   തത്ത്വചിന്തയ്ക്കപ്പുറം പ്രായോഗികമായ ഉപ ജീവനത്തിന്റെയും അധിജീവനത്തിന്റെയും വൈയെക്തിക-സാമൂഹിക-രാഷ്ട്രീയാവസ്ഥയെ പ്രാപിച്ചുകൊണ്ടിരിക്കുകയാണ് .

ഗാന്ധിയെ കൊലത്തോക്കിന് സമര്‍പ്പിച്ച നാം മരണോത്സവത്തിന്റെ പേരില്‍ ഗാന്ധി പരമ്പര തന്നെ സംരക്ഷിച്ചുപോരുന്നു. യുദ്ധങ്ങളിലും കലാപങ്ങളിലും കൊല്ലപ്പെടുന്ന പട്ടാളക്കാര്‍ക്കും നാം മരണോത്സവ വേളകളില്‍ പരമ വീര പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചുപോരുന്നു. കാര്‍ഗിലും സുനാമിയും നമുക്കിന്നും മരണോത്സവങ്ങള്‍ തന്നെ. വീരപ്പ ഹത്യയും പ്രഭാകര ഹത്യയും നമുക്ക് മരണോത്സവങ്ങളായിരുന്നു.

നക്സലൈറ്റ് വര്‍ഗ്ഗീസ് വധവും, അഴിക്കോടന്‍ രാഘവന്‍ വധവും, സുകുമാരക്കുറുപ്പിന്റെ മാസ്മരിക വധവും, ചേകന്നൂര്‍ മൌലവി വധവും, സിസ്റ്റര്‍ അഭയ വധവും, ജയകൃഷ്ണന്‍ മാഷ്‌ വധവും, മാറാട് വധങ്ങളും, കൂത്തുപറമ്പ് വധങ്ങളും, പുത്തൂര്‍ ഷീല വധവും, സൌമ്യ വധവും, ഷുക്കൂര്‍ വധവും, ഇപ്പോളിതാ ചന്ദ്രശേഖര്‍ വധവും.....ഇതൊക്കെ നാം പലപ്പോഴായും പതിവായും മരണോത്സവങ്ങളായി ആഘോഷിച്ചുപോരുന്നു.

ഇതിനെല്ലാറ്റിനും പുറമേ വളരെ വ്യതസ്തമായ രീതിയിലും ഗൌരവത്തിലും നാം കൊണ്ടാടുന്ന മരണോത്സവങ്ങളുണ്ട്‌ . അഴീക്കോട് മാഷിന്റെ മരണോത്സവം അത്തരത്തില്‍ ഒന്നാണ്. മാഷിന്റെ സമ്മതത്തോടെയും  പ്രോത്സാഹനത്തോടെയും നാം അതി ഗംഭീരമായി ആഘോഷിച്ച മരണോത്സവമായിരുന്നു അത് . ഇതെഴുതുമ്പോഴും അത് മാഷിന്റെ വീട്ടിലും നാട്ടിലുമായി തുടരുകയാണ്. മാഷ്‌ മരിച്ചിട്ടും മരിച്ചിട്ടില്ലെന്ന മട്ടില്‍ മാഷിന്റെ വീട്ടിലും നാട്ടിലുമായി ഗ്രൂപ്പ് തിരിഞ്ഞ്‌ മരണോത്സവം പൊടിപൊടിക്കുന്നുണ്ട്.

മരണോത്സവം കുറെ പേരുടെയെങ്കിലും ഉപജീവനോപാധിയാണ്. മാധ്യമങ്ങള്‍ക്ക് അത് മദനോത്സവ വാരങ്ങളാണ്. ഇവന്റ് മാനെജ്മെന്റുകാര്‍ക്ക് അത് നിലനില്‍പ്പിന്റെ ഉത്സവമാണ്. അനുസ്മരണം, സ്മാരകം, സ്മരണിക, ട്രസ്റ്റ്‌ ,ഫൌണ്ടെഷന്‍, മെമ്മോറിയല്‍ , പുരസ്കാരം തുടങ്ങിയ ഉപാധികളാല്‍ ഉപജീവനവും അധിജീവനവും തകൃതിയായി നടക്കും.

ചന്ദ്രശേഖരന്‍ വധം പഴയൊരു കുലം കൂപ്പു കുത്തിയതാണെന്ന് പിണറായ്‌ വിജയനും , പുതിയൊരു കുലം കൊത്തിയെടുക്കുകയാണെന്ന് വീയെസ്സും മരണോത്സവ കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പില്‍  പറയുന്നു.

എന്തായാലും കുലം കുത്തി എന്ന വാക്ക് ശ്രീകണ്ടേശ്വരം ശബ്ദതാരാവലിയിലില്ല. ശ്രീകണ്ടേശ്വരത്തിന്റെ കണ്ണൂര്‍  പതിപ്പിലുണ്ടോ എന്നറിയില്ല. എന്നിരുന്നാലും കേരളത്തിന്റെ മാധ്യമങ്ങളുടെ മുഴുവന്‍ പതിപ്പിലും കുലം കുത്തി പ്രയോഗമായി. ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഓക്സ്ഫോര്‍ഡ് കേംബ്രിഡ്ജ്  നിഘണ്ടുവിന്റെ സഹായത്തോടെ ചില വിദൂരസ്ഥ നാനാര്‍ഥങ്ങള്‍ പ്രയോഗിച്ച് കഷ്ടിച്ച് രക്ഷപ്പെട്ടു.

വീയെസ്സിന് വിനയായ "ഡാങ്കെ"യും വിജയന് വിനയായ "ജാഗ്രത"യും നമ്മെ ഒരു പൊതു പരിസരത്തേക്ക് കൊണ്ടുപോവുന്നു. അത് "വി"  ( v) എന്ന ശബ്ദമാണ്.  വീയെസ്സിനും വിജയനും വിന "വി"  ( v) തന്നെ.

ഡോ. സി. ടി. വില്യം       

No comments:

Post a Comment