Wednesday, May 30, 2012

അതുകൊണ്ട് നമുക്ക് സര്‍ക്കാര്‍ ആടുകളാവാം. അങ്ങനെ ചന്ദ്രശേഖരാവസ്ഥ പ്രാപിക്കാം.

കുറച്ചു നാളായി എഴുതിയിട്ടും ചിന്തിച്ചിട്ടുമൊക്കെ. അതങ്ങനെയാണ്. സാമൂഹികമായ കാലാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളും അരക്ഷിതാവസ്ഥകളും ചിലപ്പോള്‍ എഴുത്തിനെയും ചിന്തയെമെല്ലാം സ്വാധീനിക്കാറുണ്ട്. ഏതെങ്കിലും തരത്തില്‍, അത് രാഷ്ട്രീയമാവട്ടെ, സാഹിത്യമാവട്ടെ, പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊരു ശനികാലമോ  കഷ്ടകാലമോ ആണ്. വ്യക്തമായി പറഞ്ഞാല്‍ അമ്പത്തൊന്ന് വെട്ടിന്റെ കാലം. അതും ആറ് വടിവാളുകൊണ്ട്. ഒരാള്‍ക്ക്‌ ചാവാന്‍ ഒരു വെട്ടും, അതിന് ഒരു വാളും മതി. എന്നാല്‍ അവൈലബ്ള്‍ പിബി നിഷ്കര്‍ഷിക്കുന്നത് ചുരുങ്ങിയത് ആറ് വടിവാളും അമ്പത്തൊന്ന് വെട്ടും വേണമെന്ന് തന്നെയാണ്.

ഈയൊരു സാഹചര്യത്തില്‍,എഴുതുന്നതിന്റെയും, ചിന്തിക്കുന്നതിന്റെയും, പ്രവര്‍ത്തിക്കുന്നതിന്റെയും ചന്ദ്രശേഖരാവസ്ഥ നമുക്കെല്ലാം എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ . അതുകൊണ്ടാണ് എഴുത്തും, ചിന്തയും, പ്രവര്‍ത്തനവുമെല്ലാം മുടങ്ങിയത്.

ഈയിടെയായി എഴുത്തിനെയും എഴുത്തുകാരനെയും സര്‍ക്കാര്‍ ഉത്തരവ് മുഖേന നിയന്ത്രിക്കുന്നതായും അറിഞ്ഞു. ഇതൊക്കെ എല്ലാ സര്‍ക്കാരും എല്ലാ കാലത്തും ചെയ്തിട്ടുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ് ഇത്തിരി കടുപ്പമായിപ്പോയി. കടുപ്പത്തിലുള്ള കെ പി സി സി സാഹിത്യത്തില്‍ എഴുതിയ ഈ ഉത്തരവ് സര്‍വാത്മനാ പാലിച്ചുകൊണ്ട്‌ കെ പി സി സി സാഹിത്യ വെള്ളാടുകള്‍, വാലാട്ടി, കൊമ്പാട്ടി മ്പേ... മ്പേ.. എന്ന്
പിന്തുണ പ്രഖ്യാപിച്ചു. കൊമ്പിലും കഴുത്തിലും ചുവന്ന തുണി കെട്ടിയ കുറച്ച് ആടുകള്‍ കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്നും മ്പേ ..മ്പേ ..പിന്തുണ പ്രഖ്യാപിച്ചു .


ജൈവപരമായ ആവശ്യങ്ങളെ പ്രകടിപ്പിക്കാന്‍ വേണ്ടി , വാലാട്ടാനും, കൊമ്പാട്ടാനും, മ്പേ പയാനുമെല്ലാമുള്ള സ്വാതന്ത്ര്യം ആടുകള്‍ക്ക് പണ്ട് ഉണ്ടായിരുന്നു. എന്നാലിന്ന് അതൊക്കെ പോയി. അന്നത്തെ സ്വതന്ത്ര ആടുകളെല്ലാം ഇന്ന് സര്‍ക്കാര്‍ ഫാമിലെ സര്‍ക്കാര്‍ നിയന്ത്രിത ആടുകളായി. ഇതൊക്കെയാണ് നമ്മുടെ ആടുകളുടെ ഇന്നത്തെ ചന്ദ്രശേഖരാവസ്ഥ.  ഈയൊരവസ്ഥയില്‍ എങ്ങനെ എഴുതും? ചിന്തിക്കും? അതുകൊണ്ട് നമുക്ക് സര്‍ക്കാര്‍ ആടുകളാവാം. അങ്ങനെ ചന്ദ്രശേഖരാവസ്ഥ പ്രാപിക്കാം.

ഡോ. സി.ടി. വില്യം. 

No comments:

Post a Comment