പ്രകൃതിയും, സംസ്കാരവും, സാക്ഷരതയും നിറഞ്ഞുകവിയുന്ന നമ്മുടെ കേരളം ഇന്ന്
വറ്റി വരണ്ടുപോവുകയാണ് . അപക്വവും അശാസ്ത്രീയവുമായ കപട രാഷ്ട്രീയ
നിലപാടുകള്‍ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് . മത - വര്‍ഗീയ -
സാമുദായിക ദുഷ്ട ശക്തികള്‍ രാഷ്ട്രീയവുമായി ഇണചേര്‍ന്ന് അരാജക ജാര
സന്തതികളെ പിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിലോമ മൈധുനങ്ങള്‍
പ്രകൃതിയെയും, സംസ്കാരത്തെയും, സാക്ഷരതയെയും കൊന്നുതിന്നുകയാണ് . ഈ കാടത്ത
പ്രകടനങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ഒരു പൊതുസമൂഹം ഇവിടെ
ഉയര്‍ത്തെഴുനെല്‍പ്പില്ലാത്ത കുരിശില്‍ തൂങ്ങികിടക്കുന്നു .
പുതിയ നീര്‍ത്തട പദ്ധതികള്‍ നീര്‍ത്തടങ്ങള്‍ ഇല്ലാതാക്കുന്നു . പുതിയ വികസന പദ്ധതികള്‍ നമ്മുടെ ഗ്രാമങ്ങളെ കൊല്ലുന്നു. പുതിയ കരാറുകള്‍ നമ്മുടെ ജീവിതത്തെ തകരാറിലാക്കുന്നു . പുതിയ തകരാറുകളെ നാം കരാറുകളാക്കുന്നു. പുതിയ രാഷ്ട്രീയ പാര്‍ടികള്‍ പഴയ രാഷ്ട്രീയ പാര്‍ടികളെ കൊല്ലുന്നു . പഴയ രാഷ്ട്രീയ പാര്‍ടികള്‍ പാഴാവുന്നു . പഴയ നേതാക്കള്‍ പുതിയ ദൈവങ്ങളാവുന്നു. പുതിയ നേതാക്കള്‍ പഴയ ദൈവങ്ങളെ കൊല്ലുന്നു .
കേരളീയ സംസ്കാരം സാംസ്കാരിക കേരളീയമാവുന്നു . അച്ഛന്‍ മകളെ ഭോഗ വസ്തുവും ഉപഭോഗ വസ്തുവുമാക്കുന്നു . അമ്മ അച്ഛനെ ഭോഗ വസ്തുവും ഉപഭോഗ വസ്തുവുമാക്കുന്നു . മകന്‍ കുടുംബം മറന്ന് കാട് കയറുന്നു . അവനില്‍ കാടിന്റെ സ്വകാര്യതയും കാടത്തവും നിറയുന്നു . ഉത്സവങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു . ആചാരങ്ങളും അനുഷ്ടാനങ്ങളും മത - വര്‍ഗീയ - സാമുദായിക ദുഷ്ട ശക്തികള്‍ ഏറ്റെടുക്കുന്നു . സദാചാരങ്ങള്‍ പുനസൃഷ്ടിക്കപ്പെടുന്നു . സദാചാരങ്ങള്‍ക്ക് പുതിയ കപട കാവല്‍ ഭാടന്മാരുണ്ടാവുന്നു . സംസ്കാരത്തിന്റെ ശവസംസ്കാരം നടക്കുന്നു .
സാക്ഷരതയുള്ള നിരക്ഷരര്‍ പെരുകുന്നു . അമ്പത്തൊന്ന് അക്ഷരങ്ങള്‍ അമ്പത്തൊന്ന് മുറിവുകളാവുന്നു. ഇരുപത്താറ് അക്ഷരങ്ങള്‍ ഭൂകണ്ഡം ഭരിക്കുന്നു . അവ കറുപ്പും വെളുപ്പുമാവുന്നു . അവ വെളിച്ചവും നിഴലും തീര്‍ക്കുന്നു . നാം ആ കറുപ്പിലും, വെളുപ്പിലും, വെളിച്ചത്തിലും, നിഴലിലും പെട്ടുഴലുന്നു . സത്യവും അസത്യവും അതിര്‍ രേഖകളില്ലാത്ത അഭിരമിക്കുന്നു . അഭിനവ മാധ്യമ ഗൃഹത്തില്‍ നാം അന്യരാവുന്നു . നമ്മുടെ സാക്ഷരത നമ്മുടെ നിരക്ഷതയാവുന്നു .
കൊല്ലുന്നവനും കൊല്ലിക്കുന്നവനും ബഹുമാനിക്കപ്പെടുന്നു.ആദരിക്കപ്പെടുന്നു. സിംഹാസനങ്ങളില്‍ കൊലയാളികള്‍ വാഴുന്നു. ജയരാജന്മാര്‍ സിംഹരാജന്മാര്‍ ആവുന്നു. കൊലക്കയര്‍ അവര്‍ക്ക് ആട്ടാനുള്ള വാലുകളാവുന്നു. പൊതുസമൂഹം ഈച്ചകളെപോലെ ആ വാലടികൊണ്ട് ചാവുന്നു . 'കേരളം വളരുന്നു' എന്ന് പണ്ടൊരു കവി പാടിയിരുന്നു. അത് ഒരുപക്ഷെ അച്ചടി പിശകാവാം. 'കേരളം വരളുന്നു' എന്നതാവാം ശരി. 'കരയുക മോശം ചിരിക്കട്ടെ ഞങ്ങള്‍' എന്ന പുതിയ കവിതയെ പ്രാപിക്കാം നമുക്ക് .
ഡോ. സി .ടി . വില്യം
No comments:
Post a Comment