Monday, September 17, 2012

"ഇത്രമാത്രം" എത്രമാത്രം പരാജയപ്പെട്ടു?

സ്വാദനം എന്നത് ഒരു സുഖോഷ്മളലേപനം പോലെ കലാകാരന്റെ മേല്‍ പുരട്ടി സുഖിപ്പിയ്ക്കാനുള്ള ഒരു വിനോദമാണ്‌. അതുകൊണ്ടുതന്നെ ഏതൊരു കലയുടെയും ആസ്വാദനമെഴുത്ത് എന്ന വിനോദം എനിയ്ക്ക് ചേരാറില്ല. ഈയടുത്ത കാലത്ത് ഡോ. സുകുമാര്‍ അഴീക്കോടിന്റെ " അഴീക്കോട് മുതല്‍ അയോധ്യ വരെ " എന്ന കൃതി ആസ്വാദനത്തിനെടുത്തതും  പിന്നീട് ആസ്വാദനം വഴിതെറ്റി വിമര്‍ശനമായതും ഓര്‍മയില്‍ വരുന്നു . എന്തായാലും ഡോ . സുകുമാര്‍ അഴീക്കോടിനെ ഒരു നിമിഷമെങ്കിലും പ്രതികൂട്ടില്‍ നിര്‍ത്താന്‍ എന്റെ "ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍" എന്ന കൃതിയ്ക്ക് സാധിച്ചുവെന്നത് ആസ്വാദനമെഴുത്തിലുള്ള എന്റെ കഴിവുകേടായി നിലകൊള്ളുന്നു .

എന്നാല്‍ ഈയിടെ കണ്ട ഒരു സിനിമ എന്നെ വീണ്ടും ഒരു ആസ്വാദനമെഴുത്തിന്  പ്രേരിപ്പിച്ചിരിയ്ക്കുകയാണ്. എന്റെ സുഹൃത്തുക്കളായ ദേവരാജനും ഗോപിനാഥനും യഥാക്രമം നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച "ഇത്രമാത്രം" എന്ന സിനിമയാണ് എന്നെ ആസ്വാദനമെഴുത്തിന്  പ്രലോഭിപ്പിച്ചിരിയ്ക്കുന്നത്. കല്‍പ്പറ്റ നാരായണന്റെ ഒരു കഥയെ സ്ത്രീ , കാമം , മരണം എന്നീ മുന്ന് ത്രിമാനങ്ങളില്‍ തീര്‍ത്ത, ത്രികോണാകൃതിയിലുള്ള ഒരു ശവപ്പെട്ടിയിലാക്കി പ്രദര്‍ശിപ്പിച്ച എന്റെ രണ്ടു സുഹൃത്തുക്കളും വലിയൊരു സാംസ്കാരിക കുറുമ്പാണ്  കാണിച്ചിട്ടുള്ളത് .

അഭയം മുതല്‍ ആത്മായനം വരെയുള്ള ചെറു ഖണ്ഡങ്ങളായാണ്  കഥയെ ദൃശ്യവല്‍ക്കരിയ്ക്കാന്‍ ഡോകുമെന്ററി സംവിധായകനായ ഗോപിനാഥന്‍ ശ്രമിച്ചിട്ടുള്ളത് . ശ്വേത മേനോന്‍ വേഷം പകര്‍ന്ന ഒരു ഇളയ തമ്പ്രാട്ടിയുടെ ശവശരീരത്തില്‍നിന്നാണ് ഈ സിനിമ തുടങ്ങുന്നതും ഒടുങ്ങുന്നതും . സിനിമയുടെ ആദ്യ ദൃശ്യം മുതല്‍ അവസാന ദൃശ്യം വരെ ഒരു ശവശരീരം അഭിനയിച്ചുതീര്‍ത്ത മരണത്തെ കുറിച്ചുള്ള ഈ ഡോക്യുമെന്ററി മലയാളത്തില്‍ ആദ്യമായിരിയ്ക്കണം.ഇത്തരം സിനിമകള്‍ ലോക സിനിമയില്‍ ഉണ്ടായിരിയ്ക്കാനാണ് സാധ്യത . അതെകുറിച്ചൊക്കെ ലോക സിനിമ പാണ്ഡ്യത്തമുള്ളവര്‍  പറയട്ടെ .

"ഇത്രമാത്രം " മരണത്തെ ആശ്രയിച്ചുകഴിയുന്ന ഒരു സിനിമയാണ് .ഈ സിനിമയുടെ ആദ്ധ്യദൃശ്യം തന്നെ ഒരു പരാജയമായിരുന്നു.വളരെ പ്രധാനപ്പെട്ട ഒരു മരണം അറിയിക്കാന്‍ വരുന്ന പത്രവിതരണക്കാരന്‍  പയ്യന്‍ പത്രമിട്ടിട്ടും ഉമ്മറത്ത് തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് കാണുമ്പോള്‍ നാം വിചാരിക്കുക അയാള്‍ ആ മാസത്തെ പത്ര വരിസംഖ്യ പിരിക്കാന്‍ നില്‍ക്കുന്നുവെന്നാണ്‌  . പിന്നീട് ഗൃഹനാഥന്‍ നെടുമുടി വേണു ചോദിക്കുമ്പോള്‍  മാത്രമാണ് അയാള്‍ ഇളയ തമ്പ്രാട്ടിയുടെ മരണ വാര്‍ത്ത അറിയിക്കുന്നത്.ചോദിച്ചറിയേണ്ടതാണ്  മരണവാര്‍ത്തയെന്നും ചോദിച്ചാല്‍ മാത്രം പറയാനുള്ളതാണ് മരണവാര്‍ത്തയെന്നും ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് .

മരണപ്പെടുന്ന വ്യക്തി ആരായാലും മരിച്ചുകിടക്കുമ്പോള്‍ അവരൊക്കെ നല്ലവരാണെന്നാണ് നാം പഠിച്ചിട്ടുള്ള സാംസ്കാരിക പാഠം . എന്നാല്‍ ഇവിടെ മരണപ്പെട്ട ഇളയ തമ്പ്രാട്ടിയുടെ സ്ത്രൈണ - ലൈംഗീക ആസക്തികളെ  വിചാരണ ചെയ്യുകയാണ്  സംവിധായകന്‍ . മറ്റൊരര്‍ത്ഥത്തില്‍  പറഞ്ഞാല്‍ ഒരു ഒളിക്യാമറയുമായി  ഇളയ തമ്പ്രാട്ടിയുടെ തീണ്ടാരി മുതല്‍ ഇണചേരല്‍ വരെയുള്ള സ്വകാര്യതകളെ ഒപ്പിയെടുക്കുകയാണ് സദാചാര പൊലീസെന്ന് സംശയിക്കാവുന്ന  ഈ സംവിധായകന്‍.ഇളയ തമ്പ്രാട്ടിയുടെ ശീതീകരിക്കപ്പെട്ട ശവശരീരത്തിന്റെ ഒരു ദൃശ്യത്തെ സാക്ഷിയാക്കി അവളുടെ ലൈംഗീകതയെ എത്രമാത്രം ആഘോഷിക്കാമോ അത്രമാത്രം ആഘോഷിച്ചിട്ടുണ്ട് "ഇത്രമാത്രം" എന്ന സിനിമ. എന്നാല്‍ വളരെയധികം അഭിനയ സാധ്യതകളുള്ള ശ്വേത മേനോന്റെ കഴിവിനെ ഉപയോഗപ്പെടുത്താതെ ഒന്നര മണിക്കൂറുള്ള ഈ സിനിമയുടെ ഏകദേശം ഒരു മണിക്കൂറും ആ നായികയെ കൊന്നിട്ട് കൊല വിളിക്കുകയായിരുന്നില്ലേ സംവിധായകന്‍. ഒരു  സ്ത്രീയുടെ ശവശരീരത്തോട് ഇത്രമാത്രം അനാദരവ് വേണ്ടായിരുന്നെന്ന് പ്രേക്ഷകന്‍ ഈ സിനിമയുടെ അവസാനം വരെ ശാപഗ്രസ്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടിരിക്കും .

ഈ സിനിമയ്ക്ക് തുടര്‍ച്ചയില്ല. കണ്ടം വച്ച് തുന്നിക്കെട്ടിയ തുണി പന്ത് പോലെയാണ് ഈ സിനിമ . പന്തിന്റെ ഏത് ഭാഗത്തുനിന്നും ഒരു കണ്ടം നമ്മെ എപ്പോഴും തുറിച്ചുനോക്കിക്കൊണ്ടിരിക്കും.  പല വര്‍ണ്ണങ്ങളില്‍ സംവിധായകന്‍ തുന്നിച്ചേര്‍ത്ത ഈ കണ്ടങ്ങളാണ് ഈ സിനിമയുടെ ഇടര്‍ച്ചയ്ക്ക്  കാരണം . ഒരു പന്തിനുപിറകെ ഒരുപാടു കാലുകള്‍ എന്നോണം ഇവിടെ ഒരു ശവശരീരത്തിന് ചുറ്റും ഒരുപാട് ആളുകള്‍ ചുറ്റിപ്പറ്റി നടക്കുന്നു . ഒറ്റ വ്യത്യാസം മാത്രം . പന്തിനുപിറകെയുള്ള കാലുകള്‍ക്ക് ഒരു ഐഖ്യഘടനയുണ്ട്‌.ലക്ഷ്യമുണ്ട്.എന്നാല്‍ ശവശരീരത്തിന് ചുറ്റുമുള്ള ആളുകള്‍ തികച്ചും വിഘടിതരും നിര്‍ലക്ഷ്യരുമാണ്.അവരെല്ലാം എന്തൊക്കെയോ പറയുന്നു . വിചാരിക്കുന്നു . പ്രദര്‍ശിപ്പിക്കുന്നു. നായകന്‍ പോലും ഈ സിനിമക്ക് അനാവശ്യമാണ് .ഒരു അപഹാസ്യപിണ്ടം പോലെ ശവശരീരവും കാഴ്ചക്കാര്‍ക്ക് മുമ്പില്‍ ഒരു അനാവശ്യ സിനിമ സെറ്റ് പ്രോപെര്‍ടി പോലെ കിടക്കുന്നു .

"ഇത്രമാത്രം" എന്ന സിനിമ പലപ്പോഴും സംവിധായകന്റെ  ഒരു ബാധ്യതയാവുന്നുണ്ട് . നിര്‍മാതാവും പുതിയ പ്രേക്ഷകനും  അയാളെ നിയന്ത്രിക്കുന്നുണ്ട് .ഇവിടെ സംവിധായകന് കൃത്യമായ സിനിമ സങ്കല്‍പ്പങ്ങളും രസതന്ത്രങ്ങളുമുണ്ട് .എന്നാല്‍ അവ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ പണം മുടക്കുന്ന നിര്‍മാതാവും കാണുമെന്നു പ്രതീക്ഷിക്കുന്ന പ്രേക്ഷകനും സമ്മതിക്കുന്നില്ല . ഇവരുടെയൊക്കെ സമ്മതത്തിന് അപ്പുറം യാത്ര ചെയ്യാനുള്ള സഹന ശക്തിയും പ്രതിബദ്ധതയും സംവിധായകനില്ല.ഇവിടെയാണ്‌ "ഇത്രമാത്രം"  സംവിധായകന് ബാധ്യതയാവുന്നത് . അതുകൊണ്ടാണ് ഈ സിനിമ കണ്ടം വച്ച തുണിപ്പന്തായത്.അവിടെ നിര്‍മാതാവിന്റെയും കാണുമെന്നു പ്രതീക്ഷിക്കുന്ന പ്രേക്ഷന്റെയും താല്‍പ്പര്യങ്ങളുടെ കണ്ടങ്ങളും തുന്നിച്ചേര്‍ത്തിട്ടുണ്ട്.

അതുകൊണ്ടാണ് സംവിധായകന്‍ ശ്വേത മേനോനെ രാജശില്പ്പിയിലെ ഭാനുപ്രിയയെപോലെ എണ്ണ തേച്ചുകുളിപ്പിക്കുന്നത് .അതുകൊണ്ടാണ് സംവിധായകന്‍ ശ്വേത മേനോനെ തകരയിലെ സുഭാഷിണിയാക്കുന്നത്.അതുകൊണ്ടാണ് സംവിധായകന്‍ ശ്വേത മേനോനെ മഴുവിലെ കാമാസക്തിയുള്ള നായികയാക്കുന്നത് . അതുകൊണ്ടാണ് സംവിധായകന്‍ ശ്വേത മേനോനെ ഐ .വി ശശിയുടെയും , എന്‍ .ശങ്കരന്‍ നായരുടെയും, ഭരതന്റെയും , പദ്മരാജന്റെയും മറ്റും വിറ്റഴിഞ്ഞ നായികയാക്കിയത്.സര്‍ക്കസും, സൈക്കിള്‍ യജ്ഞവും, ആനക്കുട്ടിയെ ഒറ്റയടിക്ക് കൊന്ന പെണ്‍കുട്ടിയും  അങ്ങനെ കടന്നുവന്നതാണ്. ഇത്തരം ബാധ്യതകള്‍ക്കിടയിലും സംവിധായകന്‍ അവാര്‍ഡുജൂറിക്കു വേണ്ടിയുള്ള ദാര്‍ശനികതയുടെ പരിവേഷം നായികക്ക് കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട് . പക്ഷെ വിവിധ വര്‍ണ്ണങ്ങളിലുള്ള കണ്ടങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടില്‍ അവയെല്ലാം നിഷ്പ്രഭമാവുകയാണ്.സംവിധായകന്റെ പണിയറിവില്ലായ്മ,അയാളുടെ പരാധീനതയും, പ്രാരാബ്ദവും , പരിമിതിയും ചിലപ്പോഴെങ്കിലും ഗതികേടുമാവുന്നുണ്ട്. എന്തും കുത്തിക്കയറ്റാവുന്ന ഒരു ജൈവ ശരീരമല്ല സിനിമ എന്ന ബാലപാഠം അയാള്‍ മറക്കുന്നു. കഥാഖ്യാനത്തിലെ  ബോധാധാരാ സമ്പ്രദായമല്ല, സിനിമയിലെ ഫ്ലാഷ് ബാക്ക് എന്നതും സംവിധായകന്‍ സൌകര്യപൂര്‍വ്വം മറക്കുന്നുണ്ട്‌ . അതുകൊണ്ടാണ് സംവിധായകന്റെ കയ്യൊപ്പ് പതിയാതെ ഈ സിനിമ സംവിധായകന് മുഖം തിരിച്ചുനിന്നത് . "ഇത്രമാത്രം" എന്ന സിനിമ നമ്മെ ഇതൊക്കെ ഓര്‍മിപ്പിക്കുന്നുണ്ട് .

സിനിമയുടെ ക്രെഡിറ്റ് ലൈന്‍ മേല്‍പ്പോട്ട്‌ ഒഴുകുമ്പോള്‍ തീയറ്ററില്‍ ഇരുന്ന ഒരു കുട്ടി അച്ഛനോട് ചോദിക്കുന്നത് കേട്ടു, "അച്ഛാ സിനിമ കഴിഞ്ഞോ ?" സിനിമ കഴിയാറായിട്ടില്ല എന്ന് ആ കുട്ടിക്ക് തോന്നിക്കാണണം . അല്ലെങ്കില്‍ സിനിമ കഴിയാന്‍ മാത്രം സിനിമ ഉണ്ടായില്ലല്ലോ എന്നും ആ കുട്ടിക്ക് തോന്നിക്കാണണം . എന്തായാലും കുട്ടിയുടെ അച്ഛന്‍ മറുപടി പറഞ്ഞില്ല . ഇത്രമാത്രം . നിര്‍ത്തുന്നു .

വാല്‍കഷണം : സിനിമ ഡയറക്ടര്‍ക്ക്  സ്വന്തം. പക്ഷെ പ്രേക്ഷകര്‍ ആര്‍ക്കു സ്വന്തം ? ഈയൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയെന്നതാണ്  മലയാള സിനിമയുടെ ഇന്നത്തെ പ്രതിസന്ധി. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സന്തോഷ്‌ പണ്ഡിറ്റ്  തരുന്ന പരിഹാരം സ്വീകരിക്കേണ്ടിവരും .

ഡോ . സി .ടി . വില്യം .

No comments:

Post a Comment