Friday, December 6, 2013

ഡോ.അലക്സാണ്ടർ ജേക്കബ്ബ് നമുക്ക് തരുന്ന പാഠവും സുവിശേഷവും .
ഡോ.അലക്സാണ്ടർ  ജേക്കബ്ബ് , സുധീരൻ, സുമനസ്കൻ, സുകൃതം നിറഞ്ഞവൻ എന്നൊന്നും ഇപ്പോൾ വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല . അദ്ദേഹം എക്കാലത്തും അങ്ങിനെത്തന്നെയായിരുന്നു . പിന്നെ അദ്ദേഹം ഇത്തരം സുവിശേഷങ്ങളൊന്നും തന്നെ വാർത്താ മാധ്യമങ്ങളെയൊക്കെ വിളിച്ചുവരുത്തി വിളമ്പാറില്ല . ഏതുകാലത്തും ആവശ്യക്കാർക്ക്‌ മാത്രം സുവിശേഷം വിളമ്പുന്ന ഒരു നല്ല ശമരയക്കാരനാണ്  അയാൾ .

ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  എന്റെ ഒരു നല്ല സാംസ്കാരിക സുഹൃത്തും ഒരുവേള സഹോദരസ്ഥാനത്തുനില്ക്കുന്ന ഒരു വിശിഷ്ട വ്യക്തിത്വവുമാണ് . എന്റെ സർഗ്ഗാത്മക - സാന്മാർഗ്ഗിക ജീവിതത്തിൽ എക്കാലത്തും ഒരു വിളക്കുമരമായി  നിലകൊള്ളുന്ന ഒരാളുമാണ് ഡോ.അലക്സാണ്ടർ  ജേക്കബ്ബ് .

എന്നാൽ ഈയടുത്ത കാലത്ത് ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  വാർത്താമാധ്യമ പ്രവാഹങ്ങളിലേക്ക് ഒഴുക്കപ്പെടുകയായിരുന്നു . ടി പി വധം ,മെൽവിൻ പാദുവ , ഫേസ് ബുക്ക് തുടങ്ങിയ കയറ്റിറക്കങ്ങളിലൂടെ ആ ഒഴുക്കിന്റെ വേഗത തട്ടിയും തലോടിയും പുരോഗമിക്കുന്നു . ഒഴുക്കിന്റെ നിയന്ത്രിത ഘടകങ്ങൾ എന്തുമാവട്ടെ , ഒഴുക്കിന്റെ സത്യസന്ധമായ പ്രവാഹം അനശ്വരമായി തുടരുകയാണ് .

മെൽവിൻ പാദുവ വിഷയത്തിൽ മനുഷ്യാവകാശ ലംഘകനാവുന്ന ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  വളരെ പെട്ടെന്നാണ് ടി പി വധ കേസ്സിലെ വിചാരണ തടവുകാരുടെ ഫേസ് ബുക്ക് വിഷയത്തിൽ മനുഷ്യാവകാശ സംരക്ഷകനാവുന്നത് . സമൂഹ മനസാക്ഷിയുടെ ഈ നിലപാടിനെ കേവലം രാഷ്ട്രീയ പ്രേരകമെന്നോ  പ്രലോഭിതമെന്നോ നമുക്ക് പറഞ്ഞവസാനിപ്പിക്കാം .എന്നാൽ ഭൗതികമായ സത്യമിങ്ങനെ :-

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വരച്ചുവച്ച സത്യത്തിന്റെ അതിർത്തിയും ഒരു സനാതനവാദിയുടെ സത്യത്തിന്റെ അതിർത്തിയില്ലായ്മയും എന്നും ഡോ.അലക്സാണ്ടർ  ജേക്കബ്ബിന്  അന്ത:സംഘർഷമായിരുന്നു . എന്റെ ഒരു പുസ്തക ചർച്ചക്കുവന്ന വേളയിൽ അദ്ദേഹം ഈ അന്ത:സംഘർഷത്തെ കുറിച്ച് പറഞ്ഞത് ഞാനിന്നും ഓർക്കുന്നു .

സോഷ്യൽ മീഡിയ നമ്മുടെ സമൂഹത്തിന്റെ പരസരങ്ങളിൽ നിന്ന് അദർത്തിമാറ്റാനാവാത്ത വിധം വേരുപിടിച്ചു വളർന്നു പന്തലിച്ചിരിക്കുന്നു . ഇപ്പോൾ വിവാദത്തിന്  ആദാരമായ ഫേസ് ബുക്ക് എന്നത് ഒരു മൊബൈൽ ഫോണ്‍ ആപ്പ്ലിക്കേഷനാണ് (Application) . ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഫോണ്‍ മുതൽ ഏറ്റവും വിലകൂടിയ സ്മാർട്ട്‌ ഫോണ്‍ വരെയുള്ളവയിൽ ഈ ആപ്പ് ഉണ്ട് . ഇത് സർക്കാർ വിപണാനുമതി കൊടുത്തിട്ടുള്ള മൊബൈൽ ഫോണ്‍ കമ്പനിക്കാർ ഉപഭോക്താവിന്  സൗജന്യമായി കൊടുക്കുന്ന ഒരു സംവിധാനമാണ് . ഇത് മാരകമായ ഒരു വിപത്താണെങ്കിൽ സർക്കാർ തന്നെ ഇത് നിരോധിക്കണം . മാത്രമല്ല , സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അതിന്ന്  അർഹമായ ശിക്ഷ വിധിക്കുന്നതിനും ഇവിടെ നിയമങ്ങളുണ്ട് . ഭരണ സംവിധാനങ്ങളുണ്ട് . അപ്പോൾ പിന്നെ സർക്കാർ അംഗീകൃത ഫേസ് ബുക്ക് , സർക്കാർ അത് ഉപരോധിക്കാത്തിടത്തോളം കാലം ജനങ്ങൾക്ക്‌ അത് ഉപയോഗിക്കാവുന്നതാണ് . വിചാരണ തടവുകാർ അതുപയോഗിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി അതിനെ കാണാവുന്നതുമാണ് . നടപടികൾ സ്വീകരിക്കാവുന്നതുമാണ് .

ഇവിടെ നിയമങ്ങളുണ്ട് . സുശക്തമായ ഭരണഘടനയുണ്ട് .നിയമ-ഭരണ പരിരക്ഷ ഉറപ്പുവരുത്താൻ ജനാധിപത്യ സംവിധാനമുണ്ട് . ഇത്തരം സംവിധാനങ്ങളൊന്നും തന്നെ കാര്യക്ഷമമല്ലെന്നുതന്നെയാണ്  കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത് .അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ജനസമ്പർക്ക പരിപാടിയുമായി മുന്നോട്ട് പോകേണ്ടിവരുന്നത് . ചുരക്കത്തിൽ ജനങ്ങൾക്ക്‌ നീതി ഉറപ്പുവരുത്താൻ സാക്ഷാൽ മുഖ്യമന്ത്രി തന്നെ ജനങ്ങളിലേക്ക് വരേണ്ടിവരുന്നു . സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്ന യന്ത്രങ്ങളാവുന്നു . ഇത്തരം യന്ത്രങ്ങളുടെ നിയന്ത്രണവും കാര്യക്ഷമതയും കൂട്ടണമെന്നുതന്നെയാണ്  ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  നമുക്ക് തരുന്ന പാഠവും സുവിശേഷവും . നമുക്ക് അദ്ദേഹത്തോട് നന്ദി പറയുക .


ഡോ.സി.ടി.വില്യം

No comments:

Post a Comment