Thursday, December 19, 2013

എന്റെ പിഴ.എന്റെ പിഴ. എന്റെ വലിയ പിഴ


രര്‍ത്ഥത്തില്‍ ഈ ബ്ലോഗ് ഒരു കുമ്പസാരമാണ്. കാരണം, ഞാന്‍ ഈ ബ്ലോഗ്ഗി ടങ്ങളില്‍ പലപ്പോഴായി അണ്ണാ ഹസാരേയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നെ അത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് ഒരുപക്ഷേ എന്റെ വ്യക്തിത്വ ത്തിന്റെ പാകതയില്ലായ്മയോ സത്യത്തെ സാവകാശം സ്വീകരിക്കുന്നതിലുള്ള ക്ഷമയില്ലായ്മയോ ആത്മവിശ്വാസമില്ലായ്മയോ ആയിരിക്കണം.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, എന്നെ അക്കാലത്തെ അധികാര രാഷ്ട്രീയ മേല്‍ക്കോയ്മയോ അധിനിവേശ മാധ്യമ മേല്‍ക്കോയ്മയോ റാഞ്ചിയെടുത്തിട്ടു ണ്ടാവും.

ലോക്പാലിന്റെ സാര്‍വ്വലൗകികത ഞാന്‍ അംഗീകരിച്ചെങ്കിലും ഭരണത്തിന്റെ അത്യുന്നത തലങ്ങളെ ലോക്പാലിന്റെ പരിധിയില്‍നിന്ന് വേര്‍തിരിച്ചു കാണണം എന്നുതന്നെയായിരുന്നു ഞാനന്ന് വാദിച്ചിരുന്നത്. ഈയൊരു കാഴ്ചപ്പാട് ഭരണ ത്തിന്റെ അത്യുന്നതതലങ്ങളോടുള്ള എന്റെ വിനയാന്വിതമായ വിധേയത്വം കൊണ്ടായിരുന്നില്ല; മറിച്ച്, ഭരണത്തിന്റെ സുഗമമായ യാന്ത്രികതയെ തടസ്സ പ്പെടുത്തരുതെന്ന സദുദ്യേശം കൊണ്ടായിരുന്നു. എന്നുപറഞ്ഞാല്‍, കുട്ടി പിഴ ച്ചാല്‍ അമ്മയേയും; രോഗി മരിച്ചാല്‍ ഡോക്ടറേയും ശിക്ഷിക്കണമെന്ന ഒരു ന്യായക്കേടായിരിക്കണം എന്നെ അത്തരത്തില്‍ ചിന്തിപ്പിച്ചത്. എന്നാല്‍ കുട്ടി പിഴക്കരുതാത്ത നിലയില്‍ അമ്മയും; രോഗി മരിക്കരുതാത്ത നിലയില്‍ ഡോക്ടറും നിലകൊള്ളണമെന്ന അണ്ണാ ഹസാരേയുടെ സത്യത്തില്‍ അധിഷ്ഠിത മായ മനോവീര്യം വിജയിച്ചിരിക്കുകയാണ് ഇന്ന്.

ലോക്പാല്‍ ബില്ല് പാസ്സായി. ലോക്പാല്‍ എലിയേയും പുലിയേയും പിടിക്കാം. നേരിയ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക്പാല്‍ എലിക്കും പുലിക്കും ഒരു കെണി തന്നെയാണ്.അണ്ണാ ഹസാരേയ്ക്ക് സമ്പൂര്‍ണ്ണ പ്രണാമം. കെജ്രി വാളിന് അര്‍ദ്ധ പ്രണാമം.കുമ്പസാരത്തിന്റെ പാതിഭാഗം ഇവിടെ തീരട്ടെ. എന്റെ പിഴ.എന്റെ പിഴ.എന്റെ വലിയ പിഴ.

ഒരു ചെറുധ്യാനത്തിനു ശേഷം ഞാന്‍ വീണ്ടും കുമ്പസാരക്കൂട്ടിലേക്ക് തിരി ച്ചെത്തുമ്പോള്‍ എന്റെ ആശങ്കകള്‍ പാപക്കറ മുഴുവനും കഴുകിക്കളയുന്നില്ല. മനസ്സിന്റെ അകവും ഉമ്മറവും വൃത്തിയാക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ചൂലിന് കഴിയുന്നില്ല. ഇടക്കാലതെരഞ്ഞെടുപ്പുകള്‍ തൂത്തുവാരിയ ചൂലിന് പക്ഷേ ഇന്ത്യാ രാജ്യം മുഴുവനും തൂത്തുവാരാന്‍ ഈ ചൂല് മാത്രം മതിയോ? ചൂലിന്റെ പരിണാമ ദശയിലെ അവസാനത്തെ കണ്ണിയായ വാക്വം ക്ലീനര്‍ തന്നെ വേണ്ടിവരില്ലേ? അപ്പോള്‍പിന്നെ ചൂലിന്റെ പരിസരത്തുനിന്ന്‍  വാക്വം ക്ലീനറിന്റെ പരിസരത്തെ ത്തുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയാസ്ഥിത്വം ചരിത്രത്തിന്റെ തനിയാ വര്‍ത്തനം പോലെ അസാധാരന്‍ ആദ്മി പാര്‍ട്ടിയിലേക്കുതന്നെ പരിണമിച്ചെ ത്തുമോ? അങ്ങനെ അസാധാരണരായ കുറച്ചുപേര്‍ സാധാരണക്കാരായ കുറെ പേരെ ഭരിക്കുന്ന നിയതവും വിഹിതവുമായ ജനാധിപത്യം വിഴുങ്ങേണ്ടിവരുന്ന സാഹചര്യം വീണ്ടും വരുമോ? അണ്ണാ ടീം എന്ന സംജ്ഞയില്‍ നിന്ന്‍ കേജ്രിവാള്‍ ടീം എന്ന ആം ആദ്മി സംജ്ഞയിലേക്കുള്ള  പരകായപ്രവേശം നമ്മേ പഠിപ്പിക്കു ന്നതും അതല്ലേ?ഒരര്‍ത്ഥത്തില്‍ എല്ലാം ആപ്പ് തന്നെ.

ലോക്പാലിന്റെ ഒരറ്റം പാര്‍ലമെന്റും മറ്റേ അറ്റം ജനങ്ങളുമെന്നിരിക്കെ, അണ്ണാ ഹസാരെ പാര്‍ലമെന്റിലേക്കും കെജ്രിവാള്‍ ജനങ്ങളിലേക്കും ചായുന്നത് നാം ഇപ്പോള്‍തന്നെ കണ്ടു കഴിഞ്ഞതാണ്. അണ്ണാ ഹസാരേയുടെ ഈ ചായ്‌വ് ലോക്പാലിന്റെ വിജയം തൊടുമ്പോള്‍, യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത് അധികാര രാഷ്ട്രീയം തന്നേയോ? അതോ അധികാര രാഷ്ട്രീയത്തിന്റെ റാഞ്ച ലിനു വിധേയനായ അണ്ണാ ഹസാരെ തന്നേയോ?

രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഇവിടെവരെ പഠിക്കുമ്പോള്‍ മനസ്സിലാവുന്നത്, കെജ്രിവാളിന്റെ ചൂലിന്റെ സ്ഥാനം പുറത്തും അണ്ണാ ഹസാരേയുടെ വാക്വം ക്ളീനറുടെ സ്ഥാനം അകത്തും എന്നാണ്.

കുമ്പസാരത്തിന്റെ അവസാന പാതിയും തീരുമ്പോള്‍ ഞാന്‍ ഈയ്യിടെ ജന്ധര്‍ മന്ദിറില്‍ അണ്ണാ ഹസാരേയെ കണ്ടതോര്‍മ്മവരുന്നു . ഹസ്തദാനം കഴിഞ്ഞപ്പോള്‍ അണ്ണാ ഹസാരെ എന്നെ സ്റ്റേജിന്റെ ഇടതു ഭാഗത്തേക്ക് സ്വാഗതം ചെയ്തു. അപ്പോള്‍ അവിടെ ഒരു സംഭാവനപ്പെട്ടി വച്ചിരുന്നു. ഞാന്‍ അണ്ണാ ഹസാരേ ക്കുള്ള എന്റെ വിഹിതം ആ സംഭാവനപ്പെട്ടിയില്‍ നിക്ഷേപിച്ചു. അന്നേരം എന്നോടൊപ്പം ജന്ധര്‍ മന്ദിറില്‍ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തക സഹയാത്രിക പറഞ്ഞു, “അണ്ണാ ഹസാരേയും രാഷ്ട്രീയക്കാരന്‍ തന്നെ.”
കുമ്പസാരം കഴിഞ്ഞു. എന്റെ പിഴ.എന്റെ പിഴ. എന്റെ വലിയ പിഴ.


ഡോ.സി.ടി.വില്യം .  
        

No comments:

Post a Comment