Wednesday, June 18, 2014

ഒരു മാധ്യമ സെമിനാറിൽ കേട്ടത് .



പുതിയകാലം  തനതുശീലങ്ങളെ തമസ്കരിക്കുകയും വൈദേശിക ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . അതുകൊണ്ടാണ് കുറിയ രൂപമായ ചര്‍ച്ചകള്‍ മുതല്‍ ഉച്ചകോടികള്‍ വരെ നമ്മുടെ രാഷ്ട്രീയ ശരീരത്തില്‍ വച്ചുകെട്ടലുകളായത് . ഇക്കാരണം ഒന്നുകൊണ്ടുതന്നെ ഞാന്‍ ഈ വച്ചുകെട്ടലുകള്‍ക്ക് നിന്നുകൊടുക്കാറില്ല .

എന്തിനും ഏതിനും ഗരിമ കൂട്ടാന്‍ ഒരു മാധ്യമ സെമിനാര്‍ അത്തരത്തില്‍ ഒരു വച്ചുകെട്ടലായി ഇവിടെ നിലനിന്നുപോരുന്നു . ജീവിതത്തില്‍ അബദ്ധങ്ങള്‍ വന്നെത്തുക സ്വാഭാവികം മാത്രമാണെന്ന പൊതുനീതിയുടെ അടിസ്ഥാനത്തില്‍ ഞാനും ഈയടുത്ത കാലത്ത് ഒരു മാധ്യമ സെമിനാറില്‍ പങ്കെടുത്തു . കേരളത്തിലെ മാധ്യമ രാജാക്കന്മാരും മന്ത്രിമാരും പങ്കെടുത്ത ആ സെമിനാറിനെ ഒന്നയവെട്ടാന്‍ ശ്രമിക്കുകയാണ് ഈ കൊച്ചുകുറിപ്പില്‍.  അയവെട്ടല്‍ ഒരു ചര്‍വ്വിത ചര്‍വണ പ്രക്രിയയായതുകൊണ്ട് അധികപ്രസംഗം ഒഴിവാക്കിയിട്ടുണ്ട് .


പ്രൊഫസര്‍ കെ.വി.തോമസ്‌

മോഡി ദയാപരനായ ഒരു ഏകാധിപതിയാണ് . എങ്കിലും ദീര്‍ഘവീക്ഷണവും ദൃഡതയുമുള്ള ഒരു ഭരണം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് . വാര്‍ത്തകളുടെ വിശ്വാസ്യതയെ കൊല്ലുന്നതരത്തില്‍ ഇലക്ട്രോണിക് മാധ്യമം വളര്‍ന്നതുകൊണ്ടാണ്‌ മോഡിക്ക് ഭരണ രഥത്തില്‍ ഇരിക്കാനായതെന്നും കെ.വി.തോമസ്‌ കുമ്പസാരിച്ചു .

രാജേശ്വര്‍ ദയാല്‍

അഞ്ചു ശതമാനം വാര്‍ത്തയും തൊണ്ണൂറ്റി അഞ്ചു ശതമാനം അഭിപ്രായ പ്രകടനങ്ങളും കൂടിക്കലര്‍ന്നതാണ് ഇന്നത്തെ വാര്‍ത്ത . മാധ്യമ-പരസ്യ കുത്തകകള്‍ ലാഭേച്ചയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വാര്‍ത്തകള്‍ക്ക് ഈ മാനം കൈവന്നത് . എന്നിരുന്നാലും മാധ്യമ-പരസ്യ കുത്തകകളെ ചെറുത്തുതോല്‍പ്പിക്കാവുന്നതല്ല.

നന്ദിനി സഹായ് 

വാര്‍ത്താവിഷ്കാരങ്ങള്‍ക്ക് തീയറ്റര്‍ രൂപം കൈവന്നു .കമ്പോളനിലവാരം വാര്‍ത്തയുടെ അളവുകോലായി .വായനക്കാരായ പ്രേക്ഷകര്‍ ശിഥിലമായി . നിയമപരമല്ലാത്ത സംഘടിതമായ അഭിപ്രായപ്രകടനങ്ങള്‍ വാര്‍ത്തകളെ കീഴടക്കി .വാര്‍ത്തകളുടെ സ്വരൂപം നഷ്ടമായി .അങ്ങനെ അറിവിന്റെ വാര്‍ത്താരൂപങ്ങള്‍ക്ക്‌ നിയമപരമല്ലാത്ത അഭിപ്രായപ്രകടനങ്ങളുടെ വൈയക്തിക രൂപം കൈവന്നു .


എ.കെ.രാമകൃഷ്ണന്‍

നവലിബറലിസം  വന്നതോടെ മിനിമം സര്‍ക്കാരും മാക്സിമം ഭരണവും കടന്നുവന്നു . സി.ഇ.ഒ. ഭരണ ക്രമമാണ് ഇതിനു കാരണം . ഭരണകൂടം ശക്തമാവുമ്പോള്‍ അതിനെ പേടിക്കേണ്ടതുണ്ട്.  മാധ്യമങ്ങള്‍ക്കും ഈ അവസ്ഥ ബാധകമാണ് .

ഡോ.സെബാസ്റ്റ്യന്‍ പോള്‍

അറിയുന്നതിനെ അറിയിക്കുകയാണ് മാധ്യമ പ്രവര്‍ത്തനം .അങ്ങനെവരുമ്പോള്‍ അറിയുക എന്നത് മാധ്യമ സ്വാതന്ത്ര്യമാവും .അതുകൊണ്ട് അറിയുന്നതിന്റെ ഉത്തരവാദിത്വം മാധ്യമ പ്രവര്‍ത്തകന് ഉണ്ടാവേണ്ടതുണ്ട് . അപ്പോള്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണം ആവശ്യമില്ലാതെവരും . നവമാധ്യമങ്ങളുടെ ആകാശവും ഭൂമിയും സ്വതന്ത്രമാണ് . ഏതു രാജ്യത്തിന്റെ ആകാശവും പുതിയ മാധ്യമത്തിന് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ് . ഇതെല്ലാം അംബാനിമാര്‍ വിലക്കെടുക്കുമ്പോള്‍ അവര്‍ പുതിയ കാലത്തെ മര്‍ഡോക്ക് മാരാവും .

അഡ്വ.ജയശങ്കര്‍ 

ഇന്ത്യന്‍ ജനാധ്യപത്യം ജനാധിപത്യത്തിന്റെ പുറന്തോട് മാത്രമാണ് .ആഗോളവല്‍ക്കരണം രാഷ്ട്രപുനര്‍നിര്‍മ്മാണം നടത്തുന്നതിനുപകരം രാഷ്ട്ര നശീകരണമാണ്   നടത്തിയത് . മോഡിയുടെ സത്യപ്രതിജ്ഞക്ക് പെറ്റമ്മയെ ക്ഷണിച്ചില്ല , പകരം ഇന്ത്യയിലെ കോര്‍പ്പറെറ്റുകളെ  ക്ഷണിച്ചു . ഇന്ത്യയിലെ കോര്‍പ്പറെറ്റുകള്‍ പ്രധാനമന്ത്രിയുടെ പെറ്റമ്മക്ക് പകരമായി . തലക്കെട്ടുള്ള പ്രധാനമന്ത്രിക്ക് പകരം തലക്കെട്ടില്ലാത്ത പ്രധാനമന്ത്രി വന്നു . കോര്‍പ്പറെറ്റുകള്‍ ഇന്ത്യ ഭരിക്കും . എം.എ. യുസഫ് അലി കേരളം ഭരിക്കും . മാധ്യമങ്ങള്‍ക്ക് നിറം വക്കാനുള്ള , ആണിരോഗം സുഖപ്പെടാനുള്ള ഔഷധങ്ങളുടെ പരസ്യപ്പലകയാവാം .

പി.സി.ജോര്‍ജ്ജ്

മാധ്യമങ്ങള്‍ വസ്തുതകളില്‍ നിന്ന് ഭാവനകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു . മനുഷ്യക്കടത്തും സരിതോത്സവവും നമ്മോടു പറയുന്നത് അതാണ്‌ . കേരള കോണ്ഗ്രസ് കോണ്ഗ്രസിനൊപ്പം രണ്ടുവര്‍ഷം ഭരിച്ചാല്‍ ഇവിടെ കമ്മ്യുനിസ്ട്ടുകള്‍ ഉണ്ടാവില്ല . മറിച്ചാണെങ്കില്‍ ഒരുവര്‍ഷം കൊണ്ട് ഇവിടെ കോണ്ഗ്രസ് ഉണ്ടാവില്ല . അതുകൊണ്ട് മാണിസാര്‍ കേരളം ഭരിക്കട്ടെ .

എം.ലിജു
 
ഇവിടെ നടക്കുന്നത് മാധ്യമ ചര്‍ച്ചകളല്ല . മാധ്യമ സ്ഥാപനത്തിന്റെ അജണ്ട ചര്‍ച്ചക്കുവരുന്നവരില്‍ അടിച്ചേല്‍പ്പിക്കുകയാണ്  . അതുകൊണ്ടുതന്നെ ചര്‍ച്ചയുടെ ഫലം കാണില്ല . ചര്‍ച്ചക്കുവരുന്നവര്‍ അവരവരുടെ പാര്‍ട്ടിയേയും പ്രസ്ഥാനത്തേയും ഉപരോധിക്കുകയാണ് . മോഡിയെ മാധ്യമങ്ങള്‍ വിഗ്രഹവല്‍ക്കരിച്ചതുകൊണ്ടാണ് ജനം മോഡിക്ക് വോട്ടു ചെയ്തത് .അല്ലാതെ പെട്രോളിനും ഗ്യാസിനും വിലകൂടിയതുകൊണ്ടാല്ല . ഇതുരണ്ടും ജീവിതത്തെ ബാധിക്കാത്ത വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലാണ് മോഡിക്ക് വോട്ട് വീണത്‌ .

ഹരികൃഷ്ണന്‍

മാധ്യമം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന വിശ്വാസമില്ല . ശരിയായ ദിശാനിര്‍ണ്ണയം നടത്താന്‍ താല്‍പ്പര്യവുമില്ല . വീടുപണിക്ക് എടുത്ത ലോണ്‍ ഇനിയും അടഞ്ഞുവീടാനുണ്ട് . അതുകൊണ്ട് മാധ്യമ പ്രവര്‍ത്തനം നടത്തുന്നു .

എന്‍.പി.ചന്ദ്രശേഖരന്‍

എവിടെയുമുള്ള ജനാധിപത്യ നിര്‍വ്വഹണം മാധ്യമ പ്രവര്‍ത്തനത്തിലുമുണ്ട് . ഏതുകാലത്തും ഇവിടെ പൊതുജനാഭിപ്രായം നിര്‍മ്മിച്ചെടുത്തിട്ടുണ്ട് . മാധ്യമവും അതുതന്നെയാണ് ചെയ്യുന്നത് . അതില്‍ തെറ്റില്ല . മാധ്യമങ്ങളെ ആരും നിയന്ത്രിക്കാന്‍ വരണ്ട .

പി.രാജീവന്‍


രാഷ്ട്രീയത്തിന്റെ ചരക്കുവല്‍ക്കരണം വഴിയാണ് മോഡി എന്ന ബ്രാന്റ് ഉണ്ടായത് . മാധ്യമങ്ങള്‍ ആ ബ്രാന്റിനെ ഉറപ്പിച്ചെടുത്തു . Paid News എന്ന സങ്കേതം വഴിതന്നെയാണ് ആ ബ്രാന്റ് ഉറപ്പിച്ചെടുക്കാന്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത് . യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഒരു ഭ്രമാത്മകത സൃഷ്ടിച്ചെടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത് . അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു . മോഡിയുടെ വിജയം അത്തരം ഒരു ഭ്രാമാത്മകതയില്‍ നിന്ന് ഉണ്ടായതാണ് .



ഡോ. സി.ടി.വില്യം 

2 comments:

  1. രാഷ്ട്രീയം ചരക്കു തന്നെ അല്ലെ ? ഭ്രമാല്മകത ബെന്ഗാളിൽ അല്ലെ ? പിന്നെ കേരളത്തിലും. ത്രിപുരയിൽ മാത്രം യാഥാര്തതിനും അയധാര്തത്തിനും ഇടയ്ക്കു ഒരു അഭ്രമാൽമകത ഇപ്പോഴും കിടപ്പുണ്ടല്ലോ . അത് പോരെ ആശ്വസിക്കാൻ ?

    ReplyDelete
  2. രാഷ്ട്രീയം മാത്രമല്ല എല്ലാം ചരക്കുതന്നെ .ചരക്കുവല്‍ക്കരണം ജീവിതത്തിന്റെ എല്ലാ തുറകളിലും എത്തി . ഭ്രമാത്മകതയും .

    ReplyDelete