Friday, July 11, 2014

വാള്‍ അതിന്റെ ഉറയില്‍ ഇടുക. വാളെടുത്തവന്‍ വാളാല്‍


ചിന്തയും എഴുത്തും സജീവമല്ലായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി. ഏതുനിമിഷവും കൊല്ലപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു ഈ നാളുകളിലൊക്കെയും. ജോലി സ്ഥലത്തുനിന്ന് മേധാവിയുടെ വധഭീഷണി.

ഫേസ് ബുക്കിലെ പരിമിതമായ സ്വാതന്ത്ര്യം ഉപയോഗിച്ച് അതൊക്കെ കൂട്ടുകാരെ അറിയിച്ചിരുന്നു. കൂട്ടുകാര്‍ക്കും ഭയം ഉണ്ടായിരുന്നിരിക്കണം അധികം പേരും അവരുടെ വിരലുകള്‍ ചലിപ്പിച്ചില്ല. തൃശൂര്‍ മുന്‍ മേയര്‍ ഡോ. ബിന്ദു രാധാകൃഷ്ണന്‍ മാത്രമാണ് ധീരതയോടെ പ്രതികരിച്ചത്. ഡോ. ബിന്ദു രാധാകൃഷ്ണന് അഭിവാദ്യങ്ങള്‍.  
     
കൊല്ലില്ലെന്ന് മനസ്സിന്റെ നിഷ്കളങ്കത ഓര്‍മ്മിപ്പിച്ചിരുന്നെങ്കിലും എന്റെ ജീവന്‍ ആവശ്യമുള്ള അമ്മയും സഹോദരിമാരും അവരുടെ സങ്കടങ്ങളും ആശങ്കകളും  അറിയിച്ചിരുന്നു. ഒപ്പം പ്രാര്‍ഥനയും.

എങ്കിലും ഏതൊരു സത്യാന്വേഷിയെയും പോലെ മരണം കാത്തിരുന്നു. കെന്നഡിയെയും ഗാന്ധിജിയെയും ഇന്ദിരാഗാന്ധിയെയും വെടിവച്ചിട്ടപ്പോള്‍ അവിടെ ഒരു കൊലയാളിയുടെ ദൃഡനിശ്ചയവും തീവ്രമായ ധീരതയും ഉണ്ടായിരുന്നു. അവിടെ സമനില തെറ്റിയതോ തെറ്റാത്തതോ ആയ ചില രാഷ്ട്രീയ ന്യായങ്ങളുമുണ്ടായിരുന്നു. കൊല്ലപ്പെട്ടവനും കൊന്നവനും വിഭിന്ന ധ്രുവങ്ങളില്‍ നിലയുറപ്പിച്ച നീതിശാസ്ത്രവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവനും കൊന്നവനും ഏറ്റക്കുറച്ചിലുണ്ടെങ്കിലും രാഷ്ട്രീയമായ സ്വീകാര്യതകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ എനിക്കുനേരെ കൊലക്കത്തി വീശിയ പ്രൊഫസര്‍ മേധാവിക്ക് അത്തരത്തില്‍ ഒരു കൊലയാളിക്ക് വേണ്ടുന്ന മിനിമം നീതിശാസ്ത്രമോ സംസ്കാരമോ ഉണ്ടായിരുന്നില്ല. അയാള്‍ അധികാരത്തിന്റെ ഹിമാലയത്തിലും അധമാന്ധതയുടെ ആഴങ്ങളിലുമായിരുന്നു നിലയുറപ്പിച്ചത്. പത്ര മാധ്യമങ്ങളിലൊക്കെ ഇക്കഥ എഴുതപ്പെട്ടെങ്കിലും ദൃശ്യവല്‍ക്കരിച്ചെങ്കിലും എന്നെ സാക്ഷ്യപ്പെടുത്തുന്നതിനും എന്റെ ചോര തൊട്ടു സത്യം  പറയുന്നതിനുമായി ആ പ്രൊഫസര്‍ മേധാവിയുടെ കൊലവെറിയും കൊലവിളിയും ഇവിടെ ഒന്നുകൂടി കുറിക്കട്ടെ.

“തന്നെ നാട്ടുകാരെകൊണ്ട് തല്ലിക്കും. തന്നെ തൃശൂര്‍ റൌണ്ടില്‍ പേപ്പട്ടിയെ തല്ലികൊല്ലുന്നപോലെ തല്ലിക്കൊന്നിടും. എന്നിട്ട് താന്‍ വെര്‍ടിഗോ (Vertigo) രോഗിയാണെന്നും അങ്ങനെ വാഹനം ഇടിച്ചതാണെന്നും സെറിബ്രല്‍ ഹെമറേജ് സംഭവിച്ചതാണെന്നും ചിത്രീകരിച്ച് സ്വാഭാവിക മരണമാക്കും.

അതുമല്ലെങ്കില്‍ തനിക്ക് കവി അയ്യപ്പന്റെതുപോലെയുള്ള മരണം സംഭവിക്കും. ചത്തുപോയതിനുശേഷം തനിക്ക് അവാര്‍ഡ് തന്നിട്ടും തന്റെ പേരില്‍ പുരസ്കാരം സമ്മാനിച്ചിട്ടും കാര്യമില്ല. താന്‍ ചത്താല്‍ ഞാന്‍ കാണാന്‍ വരില്ല.”

തല്ലിക്കൊന്നിട്ട പേപ്പട്ടിയുടെ മരണം അതുമല്ലെങ്കില്‍ കവി അയ്യപ്പന്റെതുപോലെ അനാഥാവസ്ഥയിലുള്ള മരണം ഇതാണ് മേധാവിയുടെ വിധിവാക്യം. എന്തായാലും എനിക്ക് സുനിശ്ചിതമായ മരണം വിധിച്ചിട്ടുണ്ട്.

ഇവിടെ താത്വികമായ ചിന്തയുടെ തിളക്കം ഞാന്‍ കാണുന്നു. പേ അഥവാ ഭ്രാന്ത് പിടിച്ച പട്ടി ഒന്നും അറിയുന്നില്ല. പട്ടി പ്രവര്‍ത്തിക്കുകയാണ്. കവിയും അങ്ങനെതന്നെ. സര്‍ഗ്ഗജ്വരബാധിതനായ കവി ഒന്നും അറിയുന്നില്ല. കവി പാടുകയാണ്. വിലപിക്കുകയാണ്. ഇവിടെ പട്ടിക്കും കവിക്കും പേ അഥവാ ഭ്രാന്ത് സമ്മാനിക്കുന്നത് ഒരു സമൂഹമാണ്. ഭ്രാന്ത് പിടിച്ച സമൂഹം പട്ടിയിലേക്കും കവിയിലേക്കും മറ്റൊരു ഭ്രാന്തിനെ സന്നിവേശിപ്പിക്കുകയാണ്. പട്ടിയില്‍ ഭ്രാന്ത്‌ നാശോന്മുഖവും കവിയില്‍ ഭ്രാന്ത് ക്രിയാത്മകവുമാകുന്നു. പട്ടി ചാവുകയും കവി ജീവിക്കുകയും ചെയ്യുന്നു. കവിക്ക്‌ മരണമില്ല. കവിതക്കും മരണമില്ല.

മണ്ണിര പോലെ നട്ടെല്ലുള്ള എന്റെ കൊലയാളി നട്ടെല്ലുള്ള പോലീസിനോട് കുമ്പസാരിച്ചു, “ ഞാന്‍ ഈ കവിയെ കൊല്ലില്ല. വധിക്കില്ല.” പോലീസും അതെന്നോട്‌ ഏറ്റുപറഞ്ഞു. കാക്കിയുടെ കുമ്പസാരക്കൂട്ടില്‍ അയാള്‍ നടത്തിയത് കള്ളക്കുമ്പസാരമാണെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും എന്നിലെ കവി സമാധാനത്തിന്റെ പ്രാക്കളെ പറത്തി ചത്തവന്റെ സുവിശേഷമെഴുതി. കാക്കിയുടുപ്പിലെ നക്ഷത്രങ്ങളെപോലെ സുവിശേഷം മിന്നിത്തിളങ്ങി.

കാക്കിയുടെ അതിര്‍ത്തി കടന്നപ്പോള്‍ പതിവുപോലെ കൊലയാളി എനിക്കുനേരെ വാളോങ്ങി. കൊലവിളി വീണ്ടും കൊലവെറിയായി. കുല വെട്ടാന്‍ പാകത്തില്‍ ഒരു വാഴപോലെ ഞാന്‍ ചാഞ്ഞുകിടന്നു. “വാള്‍ അതിന്റെ ഉറയില്‍ ഇടുക. വാളെടുത്തവന്‍ വാളാല്‍” എന്ന് പ്രവചിക്കാന്‍ അവിടെ യേശുദേവന്‍ ഉണ്ടായിരുന്നില്ല. പക്ഷേ പ്രവചനം മുഴങ്ങിക്കൊണ്ടിരുന്നു. മുഴക്കത്തിന്റെ ഗാംഭീര്യത്തില്‍ ആദ്യം വാളോങ്ങിയ ഒരാള്‍ വീണു. ഇനി വാളോങ്ങിയ രണ്ടാമന്‍ വീഴും. പിന്നെ മൂന്നാമന്‍.......വീഴ്ചകള്‍ സത്യമാണ്.  അനിവാര്യതകളാണ്. മുപ്പതു വെള്ളിക്കാശിന് യൂദാസ് ചിരിക്കുമ്പോള്‍ ചോരപ്പറമ്പില്‍ പ്രകാശിക്കുന്നത് വെള്ളിക്കാശല്ല, ഈ സത്യമാണ്.

ഡോ.സി.ടി. വില്യം                                    

             

No comments:

Post a Comment