നീ
ഇപ്പോഴും കരുതുന്നുണ്ടാവും
നീ
എനിക്ക് ശത്രുവാണെന്നും
ഞാന്‍
നിനക്ക് ശത്രുവാണെന്നും.
ഈ
കരുതലാണ്
നിന്റെ
കണക്ക് തെറ്റിക്കുന്നത്.
നിന്റെ
വഴിക്കണക്കിന്റെ
വഴി
തെറ്റുന്നതും അവിടെയാണ്.
നീ
കടം കൊള്ളാത്തതുകൊണ്ടാണ്
ഹരണം
കൃത്യമായി നടക്കാത്തതും
മാരണം
പോലെ ശിഷ്ടം വരുന്നതും.
കടം
കടപ്പാട് കടമ
നിനക്ക്
നഷ്ടമായത് ഇവയാണ്.
നിന്നില്‍
ഹരണം നടക്കുമ്പോള്‍
ശിഷ്ടം
സംഭവിക്കുന്നത് അതുകൊണ്ടാണ്.
നീ
ഓര്‍ക്കുക
എന്റെ
സാമ്രാജ്യത്തില്‍
ശത്രുക്കളില്ല,
ശിഷ്ടങ്ങളില്ല.
നീ
ഓര്‍ക്കുക
എന്റെ
സാമ്രാജ്യത്തില്‍
ശത്രുവും
മിത്രവും ശിഷ്ടവും
ഞാന്‍
മാത്രമാണ്.
ശത്രുവും
മിത്രവും
എന്നില്‍
ഒന്നിച്ചുറങ്ങുന്നു.
ശത്രുവും
മിത്രവും ചേരുന്നിടത്ത്
ശിഷ്ടം
സംഭവിക്കാറില്ലല്ലോ.
ഡോ.സി.ടി.
വില്യം
No comments:
Post a Comment