Wednesday, September 27, 2017

നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കാന്‍ പാടില്ല.



നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപിന് ജാമ്യമില്ല. ഒന്നിനുപുറകെ ഒന്നായി സമര്‍പ്പിച്ച എല്ലാ ജാമ്യാപേക്ഷകളും കോടതി തള്ളി. പള്‍സര്‍ സുനില്‍, ദിലീപ്, കാവ്യ, നാദിര്‍ഷ എന്നിവരടങ്ങുന്ന ഈ കേസ്സിലെ ചത്വര മാനം പ്രോസിക്യുഷനെയും കോടതിയേയും ഒരേസമയം വട്ടം കറക്കുന്നു. അതീവ സങ്കീര്‍ണ്ണമായ ഈ കേസ്സ്  കഴിഞ്ഞ എട്ടുമാസമായി നിരീക്ഷിക്കുന്ന സംസ്ഥാനത്തെ അറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി മറുനാടന്‍ മലയാളി പ്രതിനിധി സി.ടി. വില്യമിനോട്  സംസാരിക്കുന്നു.
Ø  സ്വാതന്ത്ര്യം കിട്ടി ഇത്ര കാലം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്ത് കുറ്റാരോപിതര്‍ക്ക് വിഹിതമായ അര്‍ഹമായ ,നീതി ലഭിക്കുന്നില്ല. ജഡീഷ്യല്‍ കസ്റ്റഡിയില്‍ കിടക്കുന്നവര്‍ക്ക് ജയില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഇതിനൊക്കെ ഐക്യരാഷ്ട്രസഭ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ അതില്‍ ഒപ്പുവച്ചിട്ടുമുണ്ട്. എന്നാല്‍ അതൊന്നും ഇന്ത്യയില്‍ നടപ്പാക്കുന്നില്ല. നിയമങ്ങള്‍ക്ക് മുകളിലാണ് നീതി. നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കാന്‍ പാടില്ല. നീതിപൂര്‍വ്വകമായ നീതിയാണ് (Just Justice) നടപ്പാക്കേണ്ടത്.    
Ø  120 ബി. എന്നത് ഗൂഡാലോചനയാണ്. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഗൂഡാലോചന തെളിയിക്കുക പ്രയാസമാണ്. അതിന്നാവശ്യമായ തെളിവുകള്‍ ലഭ്യമാക്കുന്നതും പ്രയാസകരമാണ്. അതേസമയം ഗൂഡാലോചന തെളിയിക്കുക അസാധ്യമാണെന്ന് സുപ്രീംകോടതി പറയുന്നില്ല. സുപ്രീംകോടതി പറയുന്നത് പ്രയാസങ്ങളെ അതിജീവിച്ചുകൊണ്ട് വേണ്ടത്ര സാഹചര്യ-ഭൌതിക (Circumstantial and Material Evidence) തെളിവുകള്‍ ശേഖരിച്ച് ഗൂഡാലോചന തെളിയിക്കണമെന്നാണ്, സാധ്യമാക്കണമെന്നാണ്. ഇന്‍വെസ്റ്റിഗേഷന്‍ ടീം ശ്രമിക്കേണ്ടതും അതാണ്‌.
Ø  എന്താണ് ഇവിടെ സാഹചര്യ തെളിവുകള്‍. ദിലീപിന്‍റെ ഭാര്യയായ കാവ്യ മാധവന്‍. ഭാര്യയായി പോയി എന്നുള്ളത് ഞാന്‍ സമ്മതിക്കാം. പക്ഷെ അവരുടെ സഹോദരന്‍റെ പേരിലുള്ളതായ കടയില്‍ പള്‍സര്‍ സുനില്‍ വന്നു എന്നുപറയുന്നതില്‍ കാവ്യക്ക് എന്ത് ബന്ധമാണ് ഉള്ളത്? കാശ് മുടക്കിയത് കാവ്യയാവാം. പക്ഷെ കടയുടെ ആധാരം സഹോദരന്‍റെ പേരിലാണോ എന്നുനോക്കണം. കാവ്യ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നതും അതാണ്‌.
Ø  കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യുരിറ്റികാരന്‍റെ കയ്യിലുള്ളതായ ബുക്ക് നശിച്ചുപോയെങ്കില്‍ അതിനകത്ത് കാവ്യക്കുള്ള ബന്ധം എന്താണ്? കാവ്യ അവിടെ വരുന്നു, താമസിക്കുന്നു എന്നല്ലാതെ കാവ്യയുടെ വീട്ടില്‍ എന്ന് പറഞ്ഞാല്‍ എങ്ങനെ ന്യായീകരിക്കാനാവും? ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യുരിറ്റി റജിസ്റ്ററും അവിടുത്തെ താമസക്കാരും തമ്മില്‍ എന്ത് ബന്ധം? അത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്നുത്തരവാദി സെക്യുരിറ്റിക്കാരനാണ്. അവനെ പിടിക്കണം. അപ്പോള്‍ അതെങ്ങനെ സാഹചര്യ തെളിവാകും?
Ø  ഇനി പള്‍സര്‍ സുനില്‍ ജയിലില്‍ നിന്ന് അയച്ചു എന്നവകാശപ്പെടുന്ന കത്തിന്‍റെ കാര്യമെടുക്കാം. ജയിലില്‍ വച്ച് എഴുതിയ ആ കത്തില്‍ കത്ത് തിരുത്താന്‍ വേണ്ടി വൈറ്റ്നര്‍ (Whitener) ഉപയോഗിച്ചിട്ടുണ്ട്. അതാരാണ് ഉപയോഗിച്ചത്? ആ വൈറ്റ്നര്‍ (Whitener) എവിടെനിന്ന് കിട്ടി? ആരാണ് കൊടുത്തത്? ജയില്‍ അധികൃതര്‍ക്ക് ഇതില്‍ ബന്ധമുണ്ടോ? ആ കത്ത് എഴുതിയത് സഹ തടവുകാരന്‍ കൂടിയായ ലോ കോളജില്‍ പഠിച്ച വിഷ്ണു ആയിരിക്കണം എന്ന് നാം സംശയിക്കണം. പള്‍സര്‍ സുനിക്ക് അത്തരത്തിലൊരു കത്ത് എഴുതാനറിയില്ല. ആ കത്തിന്‍റെ ഭാഷ, ഘടന (Structure) ഉച്ചാരണം (Syntax) അവതരണം (Compsition) എന്നിവയൊന്നും തന്നെ പള്‍സര്‍ സുനിയുടെതാവാന്‍ തരമില്ല. അങ്ങനെവരുമ്പോള്‍ കത്ത് ആരൊക്കെയോ എഴുതിച്ചതാണെന്ന് അനുമാനിക്കെണ്ടിവരും.
Ø  മറ്റൊന്ന്, ഇത്തരത്തില്‍ പള്‍സര്‍ സുനില്‍ എഴുതിയെന്നു അവകാശപ്പെടുന്ന കത്ത് നിലനില്‍ക്കുന്ന ജയില്‍ നിയമങ്ങള്‍ക്ക് വിധേയമായി ജയില്‍ അധികൃതര്‍ കാണേണ്ടതാണ്. എന്നാല്‍ ഈ കത്ത് ജയില്‍ അധികൃതര്‍ കണ്ടിട്ടില്ലെന്ന്‍ പറയപ്പെടുന്നു. അധികൃതര്‍ അറിയാതെയാണ് ഈ കത്ത് ജയിലിനുപുറത്തു പോയതെങ്കില്‍ അത് തെറ്റാണ്‌. ജയില്‍ അധികൃതരുടെ ഒരു വീഴ്ചയാണ്.
Ø  പക്ഷെ ഇക്കാര്യത്തില്‍ അവര്‍ പറയുന്നത് ഈ കേസ്സിന്റെ സമഗ്രമായ അന്വേഷണത്തിന്നായി അവര്‍ ചില അത്യാധുനിക ടെക്നിക്കുകള്‍ ഉപയോഗിച്ചുവെന്നാണ്. പീജിയന്‍സ് സ്റ്റൂള്‍ (Pigeon’s Stool), റീഡ്സ് മെത്തേഡ്  (Reeds Method) തുടങ്ങിയ ടെക്നിക്കുകള്‍ ആണെന്ന് വാര്‍ത്തയില്‍ കണ്ടു. പീജിയന്‍സ് സ്റ്റൂള്‍ തന്ത്ര പ്രകാരം ഒരു പോലീസുകാരനെ പള്‍സര്‍ സുനില്‍ താമസിക്കുന്ന മുറിയിലേക്ക് വേഷ പ്രച്ഛന്നനായി കടത്തിവിട്ട് രഹസ്യങ്ങള്‍ തന്ത്രപൂര്‍വ്വം ചോര്‍ത്തിയെടുക്കലാണ്. കൂടാതെ റീഡ്സ് മെത്തേഡ്സ് പറയുന്ന എട്ടു തന്ത്രങ്ങളും ഇവിടെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌. പക്ഷെ ഒരു ക്രിമിനോളജിസ്റ്റ് എന്ന നിലക്ക് എനിക്ക് ഇതൊന്നും അംഗീകരിക്കാനാവില്ല. കാരണം, തന്ത്രങ്ങളല്ല, ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍. (Interogation is not applying staratagies).
Ø  പിന്നെ മറ്റൊരു കാര്യം പറയുന്നത് പള്‍സര്‍ സുനിയുടെ കയ്യില്‍ ലക്ഷ്യ എന്ന സ്ഥാപനത്തിന്‍റെ വിസിറ്റിംഗ് കാര്‍ഡ് ഉണ്ടെന്നാണ്. ഇതൊക്കെ എത്ര ദുര്‍ബ്ബലമാണ്. ആരുടെയെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിന്‍റെ ഒരു വിസിറ്റിംഗ് കാര്‍ഡ് കയ്യില്‍ ഉണ്ടാവുന്നത് അത്ര വലിയ കാര്യമാണോ. ഇതൊക്കെ എങ്ങനെയാണ് സാഹചര്യ തെളിവുകളാവുന്നത്.
Ø  സാഹചര്യ തെളിവുകളിലേക്ക്‌ മുതല്‍ കൂട്ടാവുന്ന മറ്റൊന്ന്‍ തൊടുപുഴയില്‍ വച്ച് നാദിര്‍ഷാ പള്‍സര്‍ സുനിലിന് പണം കൈമാറിയെന്നതാണ്. ഇതിനും കാര്യമായ നിലനില്‍ക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന്‍ പറയപ്പെടുന്നു. പിന്നെ ഏതോ ചില സെല്‍ഫി ചിത്രങ്ങളും മറ്റും സാഹചര്യ തെളിവുകളിലേക്ക് കൂട്ടിവക്കുന്നുണ്ട്.
Ø  പിന്നെ പറയുന്നു, പള്‍സര്‍ സുനില്‍ കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നെന്ന്. ഇതേ അവകാശം ഉന്നയിച്ചുകൊണ്ട് മറ്റൊരു ഡ്രൈവര്‍ രംഗപ്രവേശം നടത്തിയാല്‍ ഈ തെളിവും പൊളിയില്ലേ. ഇനി അങ്ങനെയാണെങ്കില്‍ തന്നെ ഓടിച്ചിരുന്ന കാര്‍ കാവ്യയുടെ പേരിലുള്ള കാര്‍ ആണോ. ഇയ്യാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ നിയമന ഉത്തരവ് കൊടുത്തിട്ടുണ്ടോ. ഇയ്യാള്‍ ശമ്പളം കൈ പറ്റിയതിന് നിയമാനുസൃതമായ രേഖകള്‍ വല്ലതുമുണ്ടോ. അപ്പോള്‍ ഇതും നിലനില്‍ക്കാന്‍ പ്രയാസമുള്ള തെളിവുതന്നെ.
Ø  ഒരു ക്രിമിനോളജിസ്റ്റ് എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. നമ്മുടെ സി.ആര്‍.പി.സി. (CRPC) യില്‍ ക്രൈം എന്നോ ക്രിമിനല്‍ എന്നോ വാക്കുകളില്ല. അവിടെ പ്രയോഗിക്കുന്നത് Offence അഥവാ Offender എന്ന പദമാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് പലരും ഇവിടെ സംസാരിക്കുന്നത്.
Ø  നമ്മള്‍ ജയില്‍ തടവുകാരെ മൂന്നായി തരംതിരിക്കുന്നുണ്ട്. ഒന്ന്, ശിക്ഷിക്കപ്പെട്ട തടവുകാര്‍. അതായത് Convicted Offenders. അവരെ നമ്മള്‍ ശിക്ഷിക്കുന്നവരെ പാര്‍പ്പിക്കുന്ന ജയിലില്‍ (Conviction Jail) അയക്കും.  രണ്ട്,  അണ്ടര്‍ ട്രയല്‍ തടവുകാര്‍ (Under Trial Prisoners). എന്നുപറഞ്ഞാല്‍ അന്വേഷണത്തില്‍ കുറ്റം ബോധ്യപ്പെട്ടിരിക്കും എന്നര്‍ത്ഥം. ഇവരെയാണ് വിചാരണ തടവുകാര്‍ (Under Trail Prisioners)  എന്നുപറയുന്നത്. ഇവിടെ ട്രയല്‍ പൂര്‍ത്തിയാവണമെന്നില്ല. മൂന്ന്, അറസ്റ്റ് ചെയ്തതിനുശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുന്നവര്‍. (Arrested and detained under judicial custody). ഇവര്‍ക്ക് കൊടുക്കേണ്ടത് കസ്റ്റോഡിയല്‍  ജുഡീഷ്യല്‍ സൌകര്യങ്ങളാണ്. (Judicial Custodial Facility). ഈയൊരു സംവിധാനം മറ്റു രാജ്യങ്ങളിലൊക്കെ ഉണ്ട്. ഭാഗ്യവശാല്‍ ഈയൊരു സംവിധാനം ആന്ധ്രയിലുണ്ടെന്നു പറയപ്പെടുന്നു; കേരളത്തിലില്ല.
Ø  അന്താരാഷ്ട്രതലത്തില്‍ 1956 ലാണ് ഐക്യരാഷ്ട്രസഭ ജയില്‍ നിയമങ്ങള്‍ രൂപകല്‍പന ചെയ്തത്. ഇന്ത്യ അത് അംഗീകരിച്ചെങ്കിലും  കാര്യമാത്രപ്രസക്തമായ മാറ്റങ്ങള്‍ നാളിതുവരെയും ഉണ്ടായിട്ടില്ല. പിന്നീട് ഒരുപാട് ഭേദഗതികള്‍ ഉണ്ടായെങ്കിലും അതൊന്നുംതന്നെ വേണ്ടുവിധം ക്രോഡീകരിച്ചിട്ടില്ല. എല്ലാവരും ഇപ്പോഴും പിന്തുടരുന്നത് നിയമശാസ്ത്രത്തിന്റെ ആ പഴയ സ്കൂളാണ്. ഇവര്‍ക്കാര്‍ക്കും  തന്നെ നിയമശാസ്ത്രത്തിന്റെ പുതിയ സ്കൂളിലുള്ള വേണ്ടത്ര പരിജ്ഞാനമൊ പഠനമോ  ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുകൊണ്ടുള്ള  ഈ കേസ്സ് അന്വേഷണത്തില്‍ ഇപ്പോഴും മിസ്സിംഗ്‌ ലിങ്കുകള്‍ (Missing Links) കണക്റ്റ് ചെയ്യാനാവാതെ നില്‍ക്കുന്നത്. കുറ്റപത്രം കൊടുക്കാന്‍ കഴിയാത്തതും അതുകൊണ്ടാണ്. ഇപ്പോഴും കേസ്സിന് ആസ്പദമായ മൊബൈല്‍ ഫോണും സിമ്മും ഇതുവരെയായും കണ്ടെത്താനായിട്ടില്ല. ഈ കേസ്സിലെ വളരെ പ്രധാനപ്പെട്ട ഭൌതികമായ തെളിവ് (Material Evidence) എന്നുപറയുന്നത് കേസ്സിന് ആസ്പദമായ മൊബൈല്‍ ഫോണും സിമ്മുമാണ്. അത് ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല.
Ø  മറ്റൊരു വളരെ പ്രധാനപ്പെട കാര്യം ഈ കേസ്സില്‍ അന്വേഷണങ്ങളുടെ ഒരു  ത്രീ ഡി ഡിഫന്‍സ് എവിഡന്‍സ് (3Dimensional diffense evidence) പ്രതികള്‍ക്ക് കണ്ടെത്താനായില്ലെന്നതാണ്. അതായത് തെളിവുകളുടെ നീളം, വീതി, കനം. ഇതില്‍ ആദ്യത്തെ അളവ്, പോലീസ് അന്വേഷണങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളും നിയമലംഘനങ്ങളും അധികാരങ്ങളും അധികാര ദുര്‍വിനിയോഗങ്ങളും കണ്ടെത്തുക എന്നതാണ്.  ഇവിടെ 161, 41 A തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള നോട്ടീസ് കൊടുത്തിട്ടാണോ സാക്ഷികളെയും പ്രതികളെയും തെളിവെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുള്ളത്. മാത്രമല്ല, ഇവിടെ ചോദ്യം ചെയ്യല്‍ എന്ന പ്രക്രിയക്ക് ശാസ്ത്രീയമായ നിയമപരിരക്ഷ കാണുന്നില്ല. സാക്ഷികളെ പരിശോദിച്ച് തിട്ടപ്പെടുത്തുകയാണ് (Examine the Witness) വേണ്ടത്; ചോദ്യം ചെയ്യുകയല്ല. സംശയമുള്ളവരെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍  (Questioning the Suspect) എന്ന സാധാരണ പ്രക്രിയ നടത്തുന്നതും; ഏതെങ്കിലും ഘട്ടത്തില്‍ കുറ്റം ബോധ്യം വന്നാല്‍ അറസ്റ്റ് ചെയ്യുന്നതും. അതിനുശേഷമുള്ള ചോദ്യം ചെയ്യലിനെ അറ്റസ്റ്റിനുശേഷമുള്ള ചോദ്യം ചെയ്യല്‍  (Interogating the arrested) എന്ന് പറയും. ഇത്തരം നിയമപരവും ശാസ്ത്രീയപരവുമായ നിഷ്കര്‍ഷകളൊക്കെ പാലിക്കപ്പെടണം ത്രീ ഡി ഡിഫന്‍സ് എവിഡന്‍സ് (3Dimensional diffense evidence) എന്നതില്‍.
Ø  സാക്ഷികളെയും പ്രതികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ലോക തൊഴിലാളി സംഘടനയുടെ ചട്ടപ്രകാരം ഒരാള്‍ പരമാവധി ജോലി എടുക്കേണ്ടത് എട്ടു മണിക്കൂറാണ്. ഈ എട്ടു മണിക്കൂറില്‍ അവന്‍റെ പ്രാഥമികാവശ്യങ്ങള്‍ക്ക് സമയം കൊടുക്കണമെന്നുണ്ട്. അതൊക്കെ കിഴിച്ചാല്‍ പിന്നെ ഒരാള്‍ ജോലിയെടുക്കുന്നത് ഏകദേശം ആറര മണിക്കൂറാണ് എന്നിരിക്കെ ഇവിടെ ചോദ്യം ചെയ്യല്‍ എന്ന പ്രക്രിയ ചിലപ്പോഴെങ്കിലും പകലും രാവും നീണ്ടുനില്‍ക്കുന്നു. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ ത്രീ ഡി ഡിഫന്‍സ് എവിഡന്‍സിന്‍റെ (3Dimensional diffense evidence) ആദ്യ അളവായ 1D. അതായത് ഇവിടെ ചോദ്യം ചെയ്യല്‍ ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം നടക്കുന്നു എന്നര്‍ത്ഥം.
Ø  പോലീസ് ശേഖരിച്ച തെളിവുകളുടെ അശാസ്ത്രീയത കണ്ടെത്തുകയാണ് രണ്ടാമത്തെ അളവ് അഥവാ 2D. നടിയെ ആക്രമിച്ച കേസ്സില്‍ സാഹചര്യ തെളിവുകളുടെ അശാസ്ത്രീയത അല്ലെങ്കില്‍ അന്വേഷണ സംഘത്തിനു വന്ന വീഴ്ച്ചകള്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു. ചോദ്യം ചെയ്യുന്നതിലും അശാസ്ത്രീയത കാണുന്നുണ്ട്. ഒരാളെ ഒരാള്‍ ചോദ്യം ചെയ്യുന്നതാണ് കൂടുതല്‍ ശരി. ഒരു സംഘം ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ ശാരീരികമായും മാനസികമായും തടങ്കലിലാവുന്നു. അവന്‍റെ എല്ലാതരത്തിലുമുള്ള പ്രാഥമിക ആവശ്യങ്ങളും തടസ്സപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അത് മനശാസ്ത്രപരമായ പീഡനമാവുന്നു. ഇവിടെയെല്ലാം പോലീസിന്റെ അധികാര ദുര്‍വിനിയോഗങ്ങളും സംഭവിക്കുന്നു.
Ø  മൂന്നാമത്തെ അളവ് അഥവാ 3D എന്നത് പ്രതിക്ക് അനുകൂലമായ തെളിവുകള്‍ ശേഖരിക്കുക എന്നതാണ്. പ്രതികള്‍ക്ക് സമയാസമയങ്ങളില്‍ അവര്‍ക്ക് അനുകൂലമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതിനുള്ള അവസരം നിഷേധിച്ചുകൂട. ദിലീപിന്‍റെ കേസ്സില്‍ അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ അയാള്‍ക്ക് അവസരം കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ക്ക് ഈ കേസ്സില്‍, അയാള്‍ക്ക് അനുകൂലമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നു. ഇത് പരിഹരിക്കണമെങ്കില്‍ അയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പുറത്തുവിടണം. ഇവിടെ അത് നടക്കുന്നില്ല. മറ്റു ചില രാജ്യങ്ങളിലൊന്നും തന്നെ രണ്ടും മൂന്നും മാസമൊന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വക്കില്ല. കേവലം 14 ദിവസം മാത്രം. ഇവിടുത്തെ നിയമം വിചിത്രമാണ്. ഇവിടെ പ്രതികള്‍ക്ക് അവര്‍ക്കനുകൂലമായ തെളിവുകള്‍ ശേഖരിക്കാനും ശേഖരിച്ച തെളിവുകള്‍ കാലതാമസം കൂടാതെ സമര്‍പ്പിക്കുന്നതിനും സാധിക്കുന്നില്ല.
Ø  ഇവിടെ സി.ആര്‍.പി. സി. (CRPC) വന്നത് 1861 ലാണ്. അന്ന് സ്ഥിരം കോടതികള്‍ ഉണ്ടായിരുന്നില്ല. ഈ ലേബര്‍ കോടതികള്‍ പോലെ സര്‍ക്യുട്ട് കോടതികളായിരുന്നു. അതായത് അന്ന് കോടതികള്‍ ഇങ്ങനെ രാജ്യത്ത് ഉടനീളം കറങ്ങിക്കൊണ്ടിരുന്നു. അക്കാലത്ത് ഒരാള്‍ കുറ്റം ചെയ്‌താല്‍ അയാള്‍ റിമാന്‍ഡില്‍ കഴിയും. സര്‍ക്യുട്ട് കോടതിയാണെങ്കില്‍ അടുത്ത കേസ്സിന്റെ പുറകില്‍ മറ്റെവിടേക്കെങ്കിലും പോയിട്ടുമുണ്ടാവും. അങ്ങനെവരുമ്പോള്‍ റിമാന്‍ഡില്‍ കിടക്കുന്ന പ്രതിയുടെ അന്വേഷണം പൂര്‍ത്തിയാവാതെ പ്രതിക്ക് അനന്തമായി ജയിലില്‍ കഴിയേണ്ടിവരുന്നു. ഈയ്യൊരു സാഹചര്യത്തിലാണ് 1898 ല്‍ സര്‍ക്യുട്ട് കോടതികള്‍ നിര്‍ത്തി സ്ഥിരം കോടതികള്‍ വരുന്നത്. അങ്ങനെയാണ് സെഷന്‍സ് കോടതികള്‍ നിലവില്‍ വന്നത്. അപ്പോള്‍ മാത്രമാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് അല്‍പ്പം ആശ്വാസം കിട്ടിയത്. ഇപ്പോഴും ഏറെക്കുറെ അങ്ങനെതന്നെ. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് കേസ്സിലെ വിചാരണ തീരുംവരെ  മൂന്നോ നാലോ വര്‍ഷമൊക്കെ കിടക്കേണ്ടിവരുന്നു.
Ø  പിന്നീട് 1978 ല്‍ അടിയന്തിരാവസ്ഥക്ക് ശേഷമാണ് ഈ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നത്. അടിയന്തിരാവസ്ഥ കാലത്ത് എല്ലാവരേയും ജയിലുകളില്‍ അടച്ചപ്പോഴാണ് ‘റിമാണ്ട് കാലാവധി എത്രനാള്‍’ എന്ന ഈ പ്രശ്നം വീണ്ടും ചര്‍ച്ചക്ക് വരുന്നത്. അവസാനം ഒരു തീരുമാനം ഉണ്ടായി. ശിക്ഷ പത്തുവര്‍ഷം താഴെയുള്ള കുറ്റങ്ങള്‍ക്ക് രണ്ടു മാസവും പത്തുവര്‍ഷത്തിന്നു മുകളിലുള്ള കുറ്റങ്ങള്‍ക്ക് മൂന്നുമാസവും എന്ന നിയമമുണ്ടായി. അങ്ങനെയാണ് 60, 90 ദിവസം എന്ന റിമാണ്ട് കാലാവധി വന്നത്. ഇതിന്നിടയില്‍ പ്രതിക്ക് ജാമ്യത്തിന്ന്‍ അവകാശമുണ്ട്‌. ജാമ്യം നിഷേധിച്ചാല്‍ രണ്ടുമാസത്തിന്നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസ്സ് അവസാനിപ്പിക്കണം എന്ന 2013 ല്‍ സുപ്രീം കോടതി വിധിയുമുണ്ട്.
Ø  ഒക്ടോബര്‍ 8 ന് പ്രോസിക്യുഷന്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും അത് പൂര്‍ണ്ണമായ ഒരു കുറ്റപത്രം ആകണമെന്നില്ല. കാരണം ഭൌതികമായ തെളിവിലേക്കുള്ള (Material Evidence) മിസ്സിംഗ്‌ ലിങ്ക് ആയ മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്താനുള്ള സമയം കൂടി അനുവദിക്കണമെന്ന്‍ പ്രോസിക്യുഷന് ഒരുപക്ഷെ അപേക്ഷിക്കേണ്ടിവരും. അത്തരത്തിലുള്ള ഒരു കുറ്റപത്രമായിരിക്കും സമര്‍പ്പിക്കുക. അങ്ങനെവരുമ്പോള്‍ ദിലീപിന് ഇനിയും ജാമ്യം കിട്ടാന്‍ സാധ്യത മങ്ങുകയാണ്. അപ്പോള്‍ നേരത്തെ പറഞ്ഞ 2013 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന് രണ്ടു മാസത്തെ സമയം കൂടി കിട്ടും. ആ കാലയളവിന്നുള്ളില്‍ ഭൌതികമായ തെളിവിലേക്കുള്ള (Material Evidence) മിസ്സിംഗ്‌ ലിങ്ക് ആയ മൊബൈല്‍ ഫോണും സിം കാര്‍ഡും അവര്‍ കണ്ടെത്തുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. ഈ ഭൌതികമായ തെളിവുകള്‍ (Material Evidence) കണ്ടെത്തിയാലെ 120 B വകുപ്പുപ്രകാരമുള്ള ഗൂഡാലോചന തെളിയിക്കാനാവൂ.
Ø  ഇവിടുത്തെ വളരെ വിചിത്രമായ വസ്തുത, ഈ കേസ്സ് ഡയറി കോടതിയൊഴിച്ചുള്ള മറ്റാരും കണ്ടിട്ടില്ലെന്നതാണ്. കേസ്സ് ഡയറി വിശ്വാസത്തില്‍ എടുത്തുകൊണ്ടാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. പ്രതിഭാഗവും കേസ്സ് ഡയറി കണ്ടിട്ടില്ല. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ച മിസ്സിംഗ്‌ ലിങ്ക് കണ്ടെത്താനുള്ള വ്യക്തമായ സൂചനകള്‍ കേസ്സ് ഡയറിയില്‍ ഉണ്ടാകുമായിരിക്കും എന്ന്‍ നമുക്ക് വിശ്വസിക്കേണ്ടിവരുന്നു.  അതോടൊപ്പം തന്നെ പ്രോസിക്യുഷന് കുറ്റമറ്റതായ കുറ്റപത്രം രണ്ടാഴ്ച്ചക്കുള്ളില്‍ കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണല്ലോ അത് ഒക്ടോബര്‍ 8 ലേക്ക് നീട്ടേണ്ടിവന്നതെന്നതും നമുക്ക് ന്യായമായും സംശയിക്കാം.
Ø  ഇപ്പോള്‍ കുറ്റവാളിപോലുമല്ലാത്ത ദിലീപിന് സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ അനുവാദം കൊടുക്കാത്തത് നമ്മുടെ നിയമങ്ങളുടെ പോരായ്മ  കൊണ്ടാണ്. അത് തെറ്റാണ്‌ . നിയമങ്ങള്‍ക്ക് മാറ്റം വരണം. കാരണം ദിലീപ് Offender അല്ല, Convicted Offender അല്ല, Under trial prisoner അല്ല.
Ø  മറ്റു രാജ്യങ്ങളിലൊക്കെ കൃത്യമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടക്കുന്നത്. ഇവിടെ പക്ഷെ അങ്ങനെയല്ല; അറസ്റ്റ് ചെയ്തതിനു ശേഷമാണ് തെളിവുകള്‍ ശേഖരിക്കുന്നത്. അത് തെറ്റാണ്‌. കൃത്യമായ തെളിവുകളെല്ലാം ശേഖരിച്ചതിനുശേഷം മാത്രം അറസ്റ്റ് ചെയ്യുന്നതാണ് ശരിയായ നിയമനടപടി. അറസ്റ്റ് ചെയ്യുന്നതോടെ ഒരു കേസ്സ് അവസാനിക്കണം. ഇവിടെ പക്ഷെ അങ്ങനെയല്ല; അതുകൊണ്ടാണ് ഇവിടെ ജാമ്യവും വിചാരണയുമെല്ലാം അനന്തമായി നീണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഇത് വലിയ മനുഷ്യാവകാശ ലംഘനമാണ്.
Ø  പിന്നെ എന്തുകൊണ്ട് ഇതൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല എന്നതിന്‍റെ കാരണം, നമ്മുടെ ക്രിമിനല്‍ നിയമങ്ങളും ശിക്ഷാനിയമങ്ങളും (CRPC & IPC) മുഴുവന്‍ പാച്ച് (Patch) ചെയ്തതാണ്, ഇങ്ങനെ പാച്ച് ചെയ്ത കൂട്ടത്തില്‍ സംസ്ഥാങ്ങളും ഉണ്ട്. 1860 ലാണ് IPC രൂപം കൊള്ളുന്നത്‌. 1872 IEA (Indian Evidence Act) ഉണ്ടാവുന്നത്. 1973 ലാണ് CRPC നിലവില്‍ വരുന്നത്. ഏകദേശം 150 കൊല്ലം മുമ്പ് ഉണ്ടാക്കിയതാണ് ഈ നിയമങ്ങളൊക്കെ. അന്നുണ്ടായിരുന്ന ക്രൈം അല്ല, ഇന്നത്തെ ക്രൈം. അന്നത്തെ സാഹചര്യങ്ങളല്ല, ഇന്നത്തെ സാഹചര്യങ്ങള്‍. ഇതൊക്കെ പരിഷ്കരിക്കുകയല്ല ഇനി വേണ്ടത്, മറിച്ച്, പുതിയതൊന്ന് നിര്‍മ്മിച്ചുകൊണ്ട് നമുക്കൊരു കുറ്റമറ്റ ക്രിമിനല്‍-ശിക്ഷാ നിയമസംഹിത ഉണ്ടാവേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു.
Ø  ഞാന്‍ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഏകദേശം 800 കൊല്ലം മുമ്പുണ്ടായിരുന്ന തോമസ്‌ അക്വിനാസ് എന്ന തത്വചിന്തകനില്‍ നിന്നുകൊണ്ടുള്ള ഒരു നിര്‍വചനമാണ് നമ്മുടെ ക്രിമിനല്‍-ശിക്ഷാനിയമങ്ങള്‍ ഇന്നും ബലാല്‍സംഘം (Rape) എന്ന കുറ്റകൃത്യത്തിന് കൊടുക്കുന്നത്. അങ്ങനെയാണ് സമ്മതമില്ലാതെ (Without Consent) പൂര്‍ണ്ണ മനസ്സോടെയല്ലാതെ (Against her Will) നടക്കുന്ന ലൈംഗിക ബന്ധമാണ് ബലാല്‍സംഘം (Rape) എന്ന് നാം ഇന്നും നിര്‍വചിക്കുന്നത്. ഇന്ന് വിവാഹം എന്നതിന് ഒരു അന്താരാഷ്‌ട്ര മാനം വന്നു. ലൈംഗികതക്കും മാറ്റങ്ങള്‍ വന്നു. അപ്പോള്‍ 800 കൊല്ലം മുമ്പുണ്ടായിരുന്ന ഒരു നിര്‍വചനത്തെ പുതുക്കേണ്ട സമയമായില്ലേ? ഈയടുത്ത കാലത്ത് നടന്ന നിര്‍ഭയ കേസ്സില്‍, ബലാല്‍സംഘം (Rape) എന്നതിന്‍റെ നിര്‍വചനത്തിന്  ചില മാറ്റങ്ങളൊക്കെ വന്നുവെങ്കില്‍ കൂടി, ഇതൊക്കെ സമഗ്രമായി ചര്‍ച്ച ചെയ്യണം. പുതിയ നിയമങ്ങള്‍ ഉണ്ടാവണം.  
Ø  പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും ? ഇതാണ് നമ്മുടെ പ്രശ്നം. കോടിക്കണക്കിന്നു  രൂപ ചെലവഴിച്ചുകൊണ്ട് നാം ശൂന്യാകാശത്തേക്ക് റോക്കറ്റ് പായിക്കും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും; പക്ഷെ ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള കുറ്റമറ്റ ക്രിമിനല്‍-ശിക്ഷാ നിയമസംഹിത ഉണ്ടാക്കാനുള്ള ഇച്ചാശക്തി നമുക്ക് ഇല്ലാതെ പോയി. നമുക്ക് പണത്തിന്റെ ബുദ്ധിമുട്ടാണോ? ഇതൊക്കെ ചെയ്യാനറിയാവുന്ന എക്സ്പെര്‍ട്ട്സുകളുടെ കുറവാണോ ? അപ്പോള്‍ അതൊന്നുമല്ല പ്രശ്നം. നമുക്ക് അതിനുള്ള ഇച്ചാശക്തി ഇല്ലെന്നതാണ് സത്യം.
Ø  അമേരിക്കയില്‍ പണ്ട് ആസൂത്രിത കുറ്റ കൃത്യങ്ങളെ (Organized Crime / Mafia) ക്കുറിച്ച് നിയമമുണ്ടാക്കാനായി അവര്‍ 40  എക്സ്പെര്‍ട്ട്സുകളെ ഓയിസ്റ്റര്‍ ബെ (Oyster Bay) എന്നൊരു ദ്വീപിലേക്ക് അയച്ച് നിയമനിര്‍മ്മാണം നടത്തിയെന്ന ഒരു വാര്‍ത്ത ഞാന്‍ വായിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഇച്ചാശക്തി നമ്മുടെ നാട്ടിലും വേണം. എന്നാല്‍ മാത്രമേ നമുക്കും ഒരു  കുറ്റമറ്റ ക്രിമിനല്‍-ശിക്ഷാ നിയമസംഹിത ഉണ്ടാവുകയുള്ളൂ.
     


            

No comments:

Post a Comment