Wednesday, September 27, 2017

ദൈവത്തിന്‍റെ സ്വന്തം വക്കീല്‍


1992 മാര്‍ച്ച്‌ 27 നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ഇപ്പോള്‍ കാല്‍ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അഭയയുടെ മാതാപിതാക്കളും മരിച്ചുപോയിട്ട് വര്‍ഷങ്ങളായി. അഭയ കേസ്സ് കൊലപാതക അന്വേഷണത്തിന്നും കാല്‍ നൂറ്റാണ്ടിന്‍റെ കാലപ്പഴക്കമായി. അഭയയുടെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ആക്ഷന്‍ കൌണ്‍സിലും കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോള്‍ രാജ്യത്ത് ആ കേസ്സുമായി ബന്ധപ്പെട്ട് ഇനിയും മരിച്ചിട്ടില്ലാത്തവരില്‍ ഒരാള്‍ മാത്രം ബാക്കിയാവുന്നു. ശ്രീ. ജോമോന്‍ പുത്തന്‍പുരക്കല്‍. പിന്നെ കേസ്സില്‍ പ്രധാന പ്രതികളായി ജീവിച്ചിരിക്കുന്ന മൂന്ന് പേരും. ഫാദര്‍ തോമസ്‌ എം. കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ പിന്നെ സിസ്റ്റര്‍ സെഫിയും. ചരിത്രത്തില്‍ ചരിത്രമാവുന്ന അഭയ കേസ്സ് ഇപ്പോഴും സി.ബി.ഐ.യുടെ സജീവ പരിഗണനയില്‍ തന്നെ.
ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ നിയമപാലന "ചരിത്രത്തില്‍ ഈ കേസ്സ് തുല്യതയില്ലാത്ത ഒരു സംഭവമായി രേഖപ്പെട്ടു കിടക്കാതിരിക്കില്ല."എവിടെയും എത്താത്ത ഈ കേസ്സ് സുകുമാര്‍ അഴീക്കോടിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നു.

ചരിത്രത്തിന് ഒഴിവാക്കാനാവാത്ത ആ കേസ്സിന്റെ ചുക്കാന്‍ പിടിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീ. ജോമോന്‍ പുത്തന്‍പുരക്കലുമായി മറുനാടന്‍ മലയാളി പ്രതിനിധി സി.ടി. വില്യം നടത്തിയ സംഭാഷണത്തിന്‍റെ കേട്ടെഴുത്ത്.
Ø  അഭയ കേസ്സിന്റെ സ്വഭാവമനുസരിച്ച് ഇങ്ങനെ നീണ്ടുപോകുന്നതില്‍ ആശങ്കപ്പെടെണ്ടതില്ല. ഈ കേസ്സ് ഇങ്ങനെയൊക്കെത്തന്നെ പോവൂ. നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവര്‍ക്കാണ് ആശങ്ക. ഈ കേസ്സിനെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.
Ø  മാധ്യമങ്ങള്‍ പറയുംപോലെയല്ല കാര്യങ്ങള്‍. അഭയ കേസ്സിന്റെ സ്ഥിതി എന്താ. പശുവും ചത്തു മോരിലെ പുളിയും പോയി. അതല്ലേ. അഭയ കേസ്സില്‍ ഇനിയൊരു നാര്‍ക്കോ അനാലിസിസ്സും ആവശ്യമില്ല. എന്നിട്ടും ഏതൊക്കെയോ മാധ്യമങ്ങള്‍ എഴുതി, അഭയ കേസും നാര്‍ക്കോ അനാലിസിസ്സുമായി ബന്ധപ്പെട്ട അഞ്ഞൂറ് കോടിയുടെ അഴിമതി. ഇതിനെ ഊളത്തരം എന്നല്ലാതെ മറ്റെന്താ വിളിക്കുക. ഇതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനില്‍ കുറ്റം ആരോപിക്കുന്നതില്‍ കാര്യമില്ല.
Ø  2008 ആഗസ്റ്റ് മാസത്തില്‍ വിചിത്രവും നിര്‍ണ്ണായകവുമായ രണ്ടു ഹൈക്കോടതി വിധികള്‍ വന്നു. 25 വര്‍ഷമായി ഈ കേസ്സിലെ പ്രധാന ഹരജിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന എനിക്ക് അഭയ കേസ്സുമായി നിയമപരമായി ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്ന വിധിയായിരുന്നു അത്.
Ø  ഇന്ത്യാരാജ്യത്ത് ഒരു ഹൈക്കോടതിക്കും പറയാനാകാത്ത വിധിയായിരുന്നു അത്. ഈ വിധിയെയാണ് ഞാന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. 2008 ആഗസ്റ്റ് മാസത്തിലെ ആ വിധി അങ്ങനെയാണ് തിരുത്തിയെഴുതിയത്. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍റെ ബഞ്ചില്‍ നിന്നുതന്നെയാണ് നിയമം തിരുത്തിയെഴുതപ്പെട്ടത്‌. ഈ വിധിയാണ് പിന്നീട് എനിക്ക് അഭയ കേസ്സില്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജമായത്.
Ø  ഈശ്വരന്‍ എനിക്ക് തന്ന ആ ഗതികോര്‍ജ്ജമാണ് 2008 ല്‍ പ്രതികളായ  ഫാദര്‍ തോമസ്‌ എം. കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ അറസ്റ്റിലേക്കും 2009 ല്‍ ടി പ്രതികള്‍ക്കെതിരെയുള്ള സി.ബി.ഐ. കുറ്റപത്രത്തിലേക്കും വഴിമരുന്നിട്ടതും.
Ø  അഭയ കേസ്സുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകളും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും കൊടുക്കുന്നവര്‍ക്ക് സി.ബി.ഐ. പത്ത് ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 20 കൊല്ലം മുമ്പാണ് ഈ പ്രതിഫലം പ്രഖ്യാപിക്കുന്നത്. പിന്നീട് സി.ബി.ഐ.  തെളിവുകള്‍ക്കും സൂചനകള്‍ക്കുമായി വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. അവസാനം ഞാന്‍ കൊടുത്ത തെളിവുകളുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതും. അപ്പോള്‍ സി.ബി.ഐ.  പ്രഖ്യാപിച്ച ആ പ്രതിഫലത്തിന്ന്‍ എനിക്ക് അര്‍ഹതയില്ലേ. എനിക്ക് മാത്രമേ ആ പ്രതിഫലത്തിന്ന്‍ അര്‍ഹതയുള്ളൂ. അല്ലെങ്കില്‍ അവര്‍ പറയട്ടെ ആരാണ് അവര്‍ക്ക് തെളിവുകളും സൂചനകളും കൊടുത്തതെന്ന്. ഞാന്‍ അവര്‍ക്ക് കൊടുത്ത ഈ കേസ്സുമായി ബന്ധപ്പെട്ട തെളിവുകളും സൂചനകളും കൊടുത്തതിന് രേഖകളുണ്ട്.
Ø  ഇത്തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിക്കുന്ന പ്രതിഫലങ്ങള്‍ ഇന്ത്യയില്‍ ആര്‍ക്കും ലഭിക്കാറില്ല. എന്നെപ്പോലെയുള്ളവരില്‍ നിന്നോ മറ്റുചിലപ്പോള്‍ പ്രതികള്‍ തന്നെ നേരിട്ടോ നല്‍കുന്ന തെളിവുകളും സൂചനകളും ശേഖരിക്കുകയും അവസാനം പ്രതികളെ ഓടിച്ചിട്ടുപിടിച്ചുവെന്ന് വാര്‍ത്തകള്‍ ബ്രെയ്ക്ക് ചെയ്യുകയാണ് പതിവ്. അതുകൊണ്ട് ഞാന്‍ എനിക്ക് മാത്രം അവകാശപ്പെട്ട ആ പ്രതിഫലത്തിന്നായി കേരള ഹൈക്കോടതിയില്‍ ഹരജി കൊടുക്കാന്‍ പോവുകയാണ്.
Ø  മൂന്നുകോടി നാല്‍പ്പത്തഞ്ചു ലക്ഷം ജനങ്ങളുള്ള കേരളത്തില്‍ ആരോരുമില്ലാത്തവര്‍ക്കായി, ഇന്നും സജീവമായി, ഈ കേസ്സിന്നൊപ്പം നില്‍ക്കാന്‍ കഴിയുന്നത്‌ ഈശ്വരന്‍ കൂടെയുള്ളതുകൊണ്ടാണ്. ദൈവം വാദിയാവുന്ന കേസ്സാണിത്. ദൈവത്തിന്‍റെ സ്വന്തം വക്കീലാവുക മാത്രമാണ് ഞാന്‍ ചെയ്തത്. എനിക്ക് അഭയയെ അറിയില്ല. അവരുടെ മാതാപിതാക്കളേയും അറിയില്ല. യാതൊരുവിധ രക്തബന്ധവും എനിക്ക് അവരോടില്ല. എന്നിട്ടും ഞാന്‍ ഈ കേസ്സുമായി മുന്നോട്ടുപോകുന്നത് ഈശ്വര നിശ്ചയം കൊണ്ടാണ്.
Ø  അഭയ കേസ് ഡയറി 2009 ല്‍ പുസ്തകമാക്കിയപ്പോള്‍ ഞാന്‍ ആ പുസ്തകത്തിന്നിട്ട പേര് ‘ദൈവത്തിന്‍റെ സ്വന്തം വക്കീല്‍’ എന്നാണ്. ഒരു കൊലപാതകത്തിന്റെ ആത്മകഥയാണ് ആ പുസ്തകം. ഞാന്‍ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്‍റെ ലാഭനഷ്ടങ്ങളും നോക്കിയിട്ടില്ല. ഇവിടെ എന്‍റെ ലാഭനഷ്ടങ്ങള്‍ ഈശ്വര നിശ്ചയം മാത്രമാണ്. ഞാന്‍ ഈശ്വരന്‍റെ വെറും ഉപകരണം മാത്രം. ഞാന്‍ കേവലം ഒരു നിമിത്തം മാത്രം. ഹൃദയത്തില്‍ തൊട്ടാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. 25 വര്‍ഷത്തിനുശേഷവും ഇന്നലെ നടന്ന ഒരു കൊലപാതകം ഇന്ന് നടന്നതുപോലെയാണ് ഞാന്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്രയ്ക്ക് കൃത്യതയോടെയാണ് ഞാന്‍ ഇന്നും കാര്യങ്ങള്‍ പറയുന്നത്.
Ø  അഭയയുടെ മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഇന്നും ജീവിച്ചിരിപ്പുള്ള അഭയയുടെ വിദേശത്തുള്ള സഹോദരന്‍ കഴിഞ്ഞ 23 വര്‍ഷമായിട്ടും ഈ കേസ്സുമായി ബന്ധപ്പെട്ടോ ഞാനുമായോ ഒരു ഇടപെടലുകളും താല്‍പ്പര്യങ്ങളും കാണിച്ചിട്ടില്ല. ഒരു മണിക്കൂര്‍ പോലും അയാള്‍ ഈ കേസ്സിന്നുവേണ്ടി ചെലവഴിച്ചിട്ടില്ല. അതാണ്‌ യഥാര്‍ഥത്തില്‍ എന്‍റെയൊരു ദുഃഖം. അഭയയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതില്‍ ഏറെ ദുഖിക്കുന്നത് ഈ കേസ്സിലെ വിശുദ്ധരായ പ്രതികളാണ്. കാരണം ഒരിക്കല്‍ പ്രതിഭാഗം വിലക്കെടുത്ത അവര്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരിക്കല്‍കൂടി കൂറുമാറ്റാനായില്ലല്ലോ, പ്രയോജനപ്പെടുത്താനായില്ലല്ലോ എന്ന ആശങ്കയും ദുഖവും അവര്‍ക്കുണ്ടാവാം.
Ø  എന്നെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ലോകശക്തികൂടിയായ കത്തോലിക്കാസഭ അതിന്‍റെ സര്‍വ്വശക്തിയും പ്രയോഗിച്ചുകൊണ്ട് എനിക്കെതിരെ നിലകൊണ്ടിരുന്നു. മാര്‍പ്പാപ്പയുടെ പോലും പിന്തുണയോടെയാണ് അവര്‍ ഈ കേസ്സിലെ പ്രതികളെ സംരക്ഷിക്കാന്‍ അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശക്തിയെപോലും അതിജീവിച്ചുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യിക്കാന്‍ എനിക്ക് കഴിഞ്ഞത് ചില്ലറ കാര്യമല്ല. എന്നിട്ടും ഞാന്‍ പിടിച്ചുനില്‍ക്കുന്നത് സര്‍വ്വേശ്വരന്‍ എന്‍റെ കൂടെ നില്‍ക്കുന്നതുകൊണ്ടാണ്.
Ø  ഇപ്പോള്‍ കണ്ടില്ലേ ഇന്ത്യ ഗവര്‍മ്മെണ്ട് പണിപ്പെട്ടുകൊണ്ട് മോചിപ്പിച്ചെടുത്ത ഫാദര്‍ ടോം ഉഴുന്നാലില്‍ വരെ അവസാനം എത്തിയത് വത്തിക്കാനിലാണ്. അതാണ്‌ റോമിന്റെ ശക്തി. ലോകം ഉറ്റുനോക്കിയ മോചനമായിരുന്നു ഫാദര്‍ ടോമിന്റെത്. മോചനദ്രവ്യം ആരുകൊടുത്താലും, സഭ കൊടുത്താലും ഇന്ത്യരാജ്യം കൊടുത്താലും അത് എന്റെകൂടി പണമാണ്. മോചനദ്രവ്യമായി കൊടുത്ത കോടികള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടി കൊടുത്ത പണമല്ലേ. ഫാദര്‍ ടോം പറയുന്നതും അതല്ലേ. ഭീകരര്‍ അദ്ദേഹത്തെ വേദനിപ്പിച്ചില്ല, പീഡിപ്പിച്ചില്ല. അവര്‍ അദ്ദേഹത്തിന്ന് നല്ല ചികിത്സയും മരുന്നും ആഹാരവും കൊടുത്തു.
Ø  ഭീകരരെ ഇങ്ങനെ മഹത്വവല്‍ക്കരിക്കുന്നതും ശരിയല്ല. അപ്പോഴും ഫാദര്‍ ടോം പറയുന്നു, ഒരേയൊരു മുണ്ടിലാണ് ഒരുവര്‍ഷത്തിലെറെക്കാലം അവിടെ കഴിഞ്ഞുകൂടിയതെന്ന്. ഉടുതുണിക്ക്‌ മറുതുണി കൊടുക്കാത്ത ഭീകരവാദികള്‍ എങ്ങനെ നന്മ നിറഞ്ഞവരാകും. അതേസമയം ഒമാന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഫാദര്‍ ടോം അവിടെ വിമാനമിറങ്ങുന്നത് എന്നതും ആശ്ചര്യം ജനിപ്പിക്കുന്നു. എന്നിട്ടും നാളിതുവരെയായും ഫാദര്‍ ടോമിന്ന് ഇന്ത്യയിലെത്താന്‍ കഴിഞ്ഞിട്ടില്ല. നാം എന്തൊക്കെ വിശ്വസിക്കണം. എന്തൊക്കെ കാണണം. എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ കാണുന്നുണ്ട്.
Ø  എനിക്കെതിരെ അഭയ കേസുമായി പലരും ഒരുപാട് ആരോപണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഒരൊറ്റ ആരോപണം പോലും നാളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നിലനിന്നിട്ടുമില്ല. എല്ലാം കളവായിരുന്നു. ഞാന്‍ സി.ബി.ഐ. കോടതിയില്‍ വാദത്തിന്നിടെ പറഞ്ഞൊരു കാര്യമുണ്ട്. അതിങ്ങനെ; ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന ഞാന്‍ ഏറ്റവും വലിയ ഒരു തട്ടിപ്പുകാരന്‍ എന്ന്‍ കോടതി പറയുകയാണെങ്കില്‍ അതാണ്‌ എനിക്ക് വളരെ സന്തോഷം. കാരണം, ഞാന്‍ ഒരു ഹരിശ്ചന്ദ്രന്‍ ആണെന്ന്, രേഖകളും തെളിവുകളും സഹിതം കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ട് അപ്പോള്‍ മാത്രമാണ് എനിക്ക് സമര്‍ഥിക്കാന്‍ കഴിയുക. അല്ലാതെ എനിക്ക് അതിന് അവസരം ഉണ്ടാവില്ല. ആരെങ്കിലും ചായക്കടയില്‍ ഇരുന്നുകൊണ്ട് ആരോപണം ഉന്നയിച്ചാല്‍ എനിക്ക് ഞാന്‍ ക്ലീന്‍ ആണെന്ന് നിയമപരമായി സമര്‍ഥിക്കാന്‍ സാധ്യമല്ല.
Ø  യാതൊന്നും പ്രതീക്ഷിക്കാതെ നീണ്ട 25 വര്‍ഷം സത്യം തെളിയിക്കാനുള്ള ഈ ധര്‍മ്മസമരം ചരിത്രമാവുകയാണ്. ഇവിടെ പലരും ശ്രമിക്കുന്നതുപോലെ ഞാനും പണിയെടുത്താല്‍ ഗിന്നസ്സ് റെക്കോഡ് പോലും എനിക്ക് തരേണ്ടിവരും. ഈശ്വരന്‍ എന്നെ ഏല്‍പ്പിച്ച പണിയെന്നുപറയുന്നത് ഈ കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കലാണ്. അല്ലാതെ ഗിന്നസ്സ് റെക്കോഡിനുവേണ്ടി പണിയെടുക്കലല്ല.  എന്നാല്‍ എന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും അതല്ല. അതെല്ലാം എനിക്ക് താനേ വന്നുചേരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
Ø  അതുകൊണ്ടൊക്കെയാണ്  ഔട്ട്‌ ലുക്ക്  മാസിക എന്നെക്കുറിച്ച് എഴുതിയത്. അഭയ കേസ്സ് ഒരു ചരിത്ര സംഭവമാണ്. ഞാന്‍ ചരിത്രത്തിന്‍റെ ഭാഗവും. ഇരയുടെ വേദന ഒരുപക്ഷെ ഏതാനും നിമിഷങ്ങളോ മണിക്കൂറുകളോ മാത്രമായിരിക്കാം, എന്നാലിവിടെ എന്‍റെ വേദന കാല്‍ നൂറ്റാണ്ടിന്നപ്പുറവും തുടരുകയാണ്. എന്നെ ഇപ്പോഴും വറചട്ടിയില്‍ ഇട്ടുകൊണ്ട്‌ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ കേസ്സും ഞാനും  ചരിത്രത്തിന്‍റെ ഭാഗമാവുന്നത്.  
Ø  അഭയ കൊല്ലപ്പെടുമ്പോള്‍ എനിക്ക് 24 വയസ്സായിരുന്നു. അരമന രഹസ്യം അങ്ങാടിപ്പാട്ടായ തരത്തിലുള്ള ഒരു കൊലപാതകമായിരുന്നു അത്. എന്നിരുന്നാലും അരമന രഹസ്യം പുറത്തുപറയാന്‍ അന്ന് ആരും ധൈര്യപ്പെട്ടില്ല. ആര്‍ക്കുമില്ലാതെ പോയ ആ ധൈര്യമാണ് ഞാന്‍ അഭയ കേസ്സില്‍ കാണിച്ചത്. ഒന്നും നേടാനും ഒന്നും നഷ്ടപ്പെടാനുമില്ലെന്നു വിശ്വസിക്കുന്നവര്‍ക്കെ ഇതൊക്കെ സാധിക്കൂ. അന്ന് കോട്ടയം YMCA യുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. പിന്നീട് എല്ലാം മറന്നും പരിത്യജിച്ചും ജീവിക്കുകയായിരുന്നു. വിവാഹവും വിദ്യാഭ്യാസവും പോലും ഉപേക്ഷിക്കേണ്ടിവന്നു. തൊഴിലും സ്വത്ത് സമ്പാദനവും ഒന്നും നടന്നില്ല. ഒരു രാഷ്ട്രീയത്തിന്റെയോ ബിസിനസ്സിന്റെയോ പുറകെ ഞാന്‍ പോയില്ല. അതൊന്നും എന്‍റെ ലക്ഷ്യമായിരുന്നില്ല.
Ø  25 വര്‍ഷം മുമ്പുണ്ടായിരുന്ന ആ ആക്ഷന്‍ കൌണ്‍സിലിലെ ഏറെക്കുറെ എല്ലാവരും മരിച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഉഴവൂര്‍ വിജയനും. ഇപ്പോള്‍ അന്നത്തെ കോട്ടയം എം.പി.യും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തലയും ഞാനും മാത്രം അവശേഷിക്കുന്നു. മുമ്പെപ്പോഴോ ഒരു ജഡ്ജ് പറഞ്ഞതുപോലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് കാണാനുള്ള ആയുസ്സ് എനിക്കുണ്ടാവും.
Ø  ഇങ്ങനെയൊക്കെയാണെങ്കിലും എന്‍റെ അനുഭവങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ആത്മധൈര്യത്തോടെ മനുഷ്യാവകാശ രംഗത്തേക്ക് കടന്നുവന്ന ഞാന്‍, എന്‍റെ മാത്രം അനുഭവങ്ങളുടെ സര്‍വ്വകലാശാലയിലൂടെ ജൈത്രയാത്ര തുടരുന്നു. അതില്‍ ഞാന്‍ സംതൃപ്തനുമാണ്.     
  


No comments:

Post a Comment