ചരിത്രവും
സംസ്കാരവും വിശ്വാസവും പരസ്പര ബന്ധിതവും പൂരകവുമാണ്. ചിലപ്പോഴൊക്കെ അവ വിരുദ്ധവുമാകാറുണ്ട്.
അത്തരത്തിൽ ചരിത്രവും സംസ്കാരവും വിശ്വാസവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു
ദേവാലയമാണ് പാലയൂർ വിശുദ്ധ തോമാസ്ലീഹായുടെ നാമത്തിലുള്ള ഈ ദേവാലയം. വീഡിയോ കാണാൻ ഈ
ലിങ്കിൽ ക്ലിക് ചെയ്യുക. https://youtu.be/jm_gagrmkwM?list=PL9qOO3QJfVA-kKTtb38HrmQxrP4XV5ycD
എ.ഡി.
52-ൽ വിശുദ്ധ തോമാസ്ലീഹ കേരളത്തിൽ കൊടുങ്ങല്ലൂരിൽ ജലമാർഗ്ഗം എത്തിയെന്നാണ് ക്രൈസ്തവരുടെ
വിശ്വാസവും വാദമുഖങ്ങളും. അതേസമയം ഈ വാദഗതികളെ ഖണ്ഡിക്കുന്ന ചരിത്രകാരന്മാരും
കുറവല്ല.
എന്തായാലും
നമുക്ക് ഈ പള്ളിയേയും ഇവിടുത്തെ വിശ്വാസികളേയും സാക്ഷിനിർത്തിക്കൊണ്ട് പാലയൂർ
പള്ളിപുരാണത്തിലേക്ക് കടക്കാം.
വിശുദ്ധ
തോമാസ്ലീഹ എ.ഡി. 52-ൽ പ്രാചീനകാലത്തെ മുസിരിസിലെ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിലെ
തുറമുഖത്ത് തന്റെ കൊച്ചു ബോട്ടിൽ ഒറ്റക്ക് വന്നിറങ്ങി. പിന്നീട് വടക്കോട്ടുള്ള
തീരദേശ ജലമാർഗ്ഗം സഞ്ചരിച്ച് പാലയൂരിലെ ബോട്ടുജെട്ടിയിൽ വന്നിറങ്ങിയതായാണ്
ക്രൈസ്തവരുടെ വിശ്വാസം. ആ വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഇവിടെ
കാണുന്ന ബോട്ടുകുളവും, നോക്കാത്താവുന്ന ദൂരത്തിൽ തോമാസ്ലീഹ അന്ന് സ്ഥാപിച്ച
കരിങ്കൽ കുരിശും കൊച്ചുപള്ളിയും. ഇവയൊക്കെ തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന
തീർത്ഥാടനകേന്ദ്രങ്ങളായി ഇന്നും നിലകൊള്ളുകയാണ്.
ബോട്ടുകുളത്തിന്നരികെ
സ്ഥാപിച്ചിട്ടുള്ള 45 അടി ഉയരത്തിലുള്ള തോമാസ്ലീഹായുടെ പടുകൂറ്റൻ ശില്പവും
ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന ഓട്ടുമണി മുഴങ്ങുന്ന പള്ളിയുടെ മണിഗോപുരവും ഈ ദേവാലയത്തിന്റെ
ചരിത്രപരമായ ഗരിമ കൂട്ടുന്നുണ്ട്.
ക്രിസ്തുവിന്റെ
സന്ദേശവുമായി തോമാസ്ലീഹ അക്കാലത്തെ് നടത്തിയ സാഹസിക യാത്രയുടെ ഭാഗമായി ഇവിടെ
ഏഴുപള്ളികൾ സ്ഥാപിച്ചതായാണ് ക്രൈസ്തവ വിശ്വാസം. മാല്യേങ്കര, കൊല്ലം, നിരണം,
നിലയ്കൽ, കൊക്കമംഗലം , കോട്ടക്കാവ് പിന്നെ പാലയൂർ എന്നിവടങ്ങളിലാണത്രെ തോമാസ്ലീഹ പള്ളികൾ
സ്ഥാപിച്ചത്. എന്നാൽ പാലയൂർ ഒഴിച്ചുള്ള എല്ലാ മൂല പള്ളികളും പിൽക്കാലത്ത്
നശിച്ചുപോയതായാണ് വിശ്വസിച്ചുപോരുന്നത്. പാലയൂരിൽ മാത്രമാണ് യഥാർത്ഥത്തിൽ വിശുദ്ധ
തോമാസ്ലീഹായുടെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിച്ചുപോരുന്നതത്രെ.
അക്കാലത്ത്
യഹൂദന്മാരുടെ കച്ചവടഭൂമിക കൂടിയായിരുന്ന പാലയൂരിൽ ബ്രാഹ്മണർ കുളിച്ചിരുന്ന ഒരു
കുളക്കടവിൽ എത്തിയ തോമാസ്ലീഹ പിതൃതർപ്പണത്തിന്റെ ഭാഗമായി ബ്രാഹ്മണർ ആകാശത്തേക്ക്
വാരിയെറിഞ്ഞ വെള്ളത്തിന്റെ ആചാരത്തെകുറിച്ച് ചോദിച്ചറിഞ്ഞുവത്രെ. ബ്രാഹ്മണർ
ആകാശത്തേക്ക് വാരിവിതറിയ വെള്ളം ദൈവം സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ടാണ്
വെള്ളം താഴേക്ക് വീഴുന്നതെന്നും തോമാസ്ലീഹ പറഞ്ഞു. ഇതൊരു വാദത്തിൽ കലാശിച്ചപ്പോൾ
തോമാസ്ലീഹ അവിടെ ഒരു അത്ഭുതം കാണിച്ചു. താൻ ആകാശത്തേക്ക് വെള്ളം വാരിയെറിഞ്ഞാൽ അത്
ദൈവം സ്വീകരിക്കുമെന്നും പറഞ്ഞ തോമാസ്ലീഹ പിന്നീട് ആകാശത്തേക്ക് വാരിവിതറിയ വെള്ളം
അവിടെ തന്നെ നിശ്ചലമാക്കി അത്ഭുതം കാണിച്ചുവത്രെ. തോമാസ്ലീഹായിൽ വിശ്വസിച്ച
കുറച്ച് ബ്രാഹ്മണർ ആ നിമിഷം തന്നെ അവിടെ വച്ചുതന്നെ ജ്ഞാനസ്നാനം
സ്വീകരിച്ചുവെന്നാണ് കഥ. ഈ കുളമാണ് ഇപ്പോൾ തളിയക്കുളം എന്ന പേരിൽ ഇവിടെ
സംരക്ഷിക്കപ്പെട്ടുപോരുന്നത്.
ഈ
പള്ളിയും പരിസരങ്ങളും നിരീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത്, തികച്ചും ഹൈന്ദവ
ആചാരങ്ങളുടെ ഒഴിവാക്കാനാവാത്ത നിറ സാന്നിദ്ധ്യമാണ്. പള്ളിയുടെ നിർമ്മിതി മുതൽ
ഇപ്പോഴും ഇവിടെ നിലനിൽക്കുന്ന ആചാരങ്ങളും മറ്റും പരിശോധിക്കുമ്പോൾ നമുക്ക് അത്
വ്യക്തമാവും. കേരളീയ വാസ്തുകലയെ, പ്രത്യേകിച്ചും ക്ഷേത്ര വാസ്തുകലയെ ആധാരമാക്കിയാണ്
ഈ പള്ളി നിർമ്മിച്ചിട്ടുള്ളത്. പള്ളിയിലേക്കുളള വഴിത്താരയിൽ സ്ഥാപിച്ചിട്ടുള്ള
തോമാസ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കരിങ്കൽ ശിലാവിഷ്കാരങ്ങളും പള്ളിയിൽ
സ്ഥാപിച്ചിട്ടുള്ള കരിങ്കൽ കുരിശും കരിങ്കൽ വിളക്കുകളും ഭിത്തികളിലേയും
വാതിലുകളിലേയും ചിത്രാവിഷ്കാരങ്ങളും തച്ചുശാസ്ത്ര സങ്കേതങ്ങളും ഹൈന്ദവത
വിളിച്ചുപറയുന്നുണ്ട്.
മാത്രമല്ല,
ഹൈന്ദവാചാര പ്രകാരം ഇവിടെ നടന്നുപോരുന്ന കുട്ടികൾക്കുള്ള എഴുത്തിനിരുത്തലും,
ചോറൂണും; സരസ്വതി ദേവിക്ക് സമമായി താമരയിൽ എഴുന്നെള്ളിനിൽക്കുന്ന സാരിയുടുത്ത
മാതാവും, ആനകളും, പൂജാക്കിണറും അന്നദാനവുമെല്ലാം ഹൈന്ദവതയുടെ തനി പകർപ്പുകളാണ്.
ഇവിടെ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ വിളക്കുകളിൽ എണ്ണയൊഴിച്ച് തിരിയിട്ട്
കത്തിച്ചതിനുശേഷം മാത്രമാണ് ഇവിടെ ഏതു തിരുക്കർമ്മങ്ങളും ആരംഭിക്കുകയെന്നതും
ഹൈന്ദവതയിലേക്കുതന്നെ നമ്മെ നയിക്കുന്നു.
ശബരിമല
അനുഷ്ഠാനം പോലെയുള്ള നോമ്പും മലക്കയറ്റവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട് പാലയൂർ
പള്ളിയും. ശബരിമല അയ്യപ്പനുപകരം ഇവിടെ തോമാസ്ലീഹ കുരിശുമല മുത്തപ്പനാണെന്നുമാത്രം.
നോമ്പുകാലത്ത് അയ്യപ്പ ഭക്തർക്ക് കിട്ടുന്ന പാപമോചനവും ആത്മവിശുദ്ധീകരണവും
കുരിശുമല ചവിട്ടുന്ന കുരിശുമല മുത്തപ്പ ഭക്തർക്കും പാലയൂരിൽ കിട്ടുന്നുണ്ട്.
തോമാസ്ലീഹ
സ്ഥാപിച്ചത് ഏഴല്ല, ഏഴരപള്ളിയാണെന്നുമുള്ള ഒരു വാദമൊ വിശ്വാസമൊ ഇവിടെ
നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഏഴുപള്ളികളും സ്ഥാപിച്ച ശേഷം തോമാസ്ലീഹ മലയാറ്റൂർ
മലയും ചവിട്ടി കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിലെത്തി അവിടെ
തിരുവിതാംകോട് എന്നിടത്ത് ഒരു പള്ളി പണിതതായും പറയപ്പെടുന്നു. അരചൻ പള്ളി,
അരമനപള്ളി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ പള്ളിയാണത്രെ കാലാന്തരത്തിൽ ലോപിച്ച്
അരപള്ളിയായതെന്നാണ് പറയപ്പെടുന്നത്.
തോമാസ്ലീഹായുടെ
പിന്നീടുള്ള യാത്രയിൽ മൈലാപൂരിൽ വച്ച് എ.ഡി. 72-ൽ വധിക്കപ്പെട്ടതായാണ്
പറയപ്പെടുന്നത്. മയിലിനെ വേട്ടയാടുന്ന നേരത്ത് ഒരു വേടന്റെ അമ്പേറ്റാണ്
മരിച്ചതെന്നും അല്ല, ഒരു ബ്രാഹ്മണന്റെ കുത്തേറ്റാണ് തോമാസ്ലീഹ
രക്തസാക്ഷിയായതെന്നും കഥകളുണ്ട്. എന്തായാലും തോമാസ്ലീഹായുടെ ഭൌതികശരീരം മൈലാപൂരിലെ
സെന്തോമസ് കത്തീദ്രലിൽ അടക്കം ചെയ്തതായാണ് വിശ്വസിക്കപ്പെടുന്നത്.
No comments:
Post a Comment