ഇത്
തൃശൂരിലെ പാവറട്ടി സെന്റ് ജോസഫ് ദേവാലയം. ഇരട്ടി പാവിൽ തുണികൾ നെയ്ത് പ്രാവീണ്യം
തെളിയിച്ച ഒരു നെയ്തുസമൂഹം ഇവിടെ ഉണ്ടായിരുന്നതിന്നാലാവണം പാവ് ഇരട്ടി എന്ന സ്ഥലനാമം
ലോഭിച്ച് പാവറട്ടി ആയതെന്ന് പറയപ്പെടുന്നു. വേറേയും സ്ഥലനാമ കഥകൾ ഉണ്ടെങ്കിലും
കൂടുതൽ വിശ്വസനീയത ഈ കഥയ്ക്കാണത്രെ. ലോകപ്രസിദ്ധമായ
തൃശൂര്‍ പൂരം കഴിഞാല്‍ പിന്നെ ജില്ലയിലെ പ്രശസ്തമായ ഉത്സവമാണ് പാവറട്ടി
പള്ളിപ്പെരുന്നാള്‍. തൃശൂര്‍ പൂരത്തിന്റെതുപോലെ ദീപാലങ്കാരവും വെടിക്കെട്ടും തന്നെയാണ് പാവറട്ടി പള്ളിപ്പെരുന്നാളിന്റെയും
പ്രധാന ആകര്‍ഷണം. രണ്ടു ഉത്സവപറമ്പിലും കത്തിച്ചുകളയുന്നത് കോടികള്‍.വീഡിയോ കാണാൻ
ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://youtu.be/dPPDlXWlbHw
എന്നാല്‍
ഈയിടെയായി പാവറട്ടിയിലെ വിശ്വാസികള്‍ പെരുന്നാളിന്റെ ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ലാഭിച്ചെടുത്ത ലക്ഷങ്ങൾ
തൃശൂരിലെ തന്നെ നിരാലംബരും അശരണരുമായവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചുകാണുന്നതിൽ
നമുക്ക് സന്തോഷിക്കാം. സഭയുടെ ചരിത്രത്തില്‍ തന്നെ പാവറട്ടി സെന്റ് ജോസഫ് ദേവാലയം
മാതൃകാസ്ഥാനം പിടിച്ചതും മറ്റു മത സ്ഥാപനങ്ങള്‍ക്ക് മാതൃകയായതും ഇത്തരത്തിൽ വിശ്വാസികളിൽ
നിന്ന് സമാഹരിച്ച നേര്‍ച്ചപ്പണം വിശ്വാസികളിലേക്ക് തന്നെ തിരിച്ചെത്തിച്ചതുകൊണ്ടാണ്.
ക്ഷേമ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാവറട്ടി പള്ളി അധികൃതര്‍ ഇടവകയിലെ നിര്‍ധനരായ കുറചച്ച്
കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുത്തതിൽ നമുക്ക് ആനന്ദിക്കാം. ഇതുകൂടാതെ പള്ളിയുടെ
കീഴിലുള്ള സാന്‍ ജോസ് ആശുപത്രിയില്‍ പള്ളിപ്പെരുന്നാള്‍ പ്രമാണിച്ച് വൃക്കരോഗികള്‍ക്കുള്ള
സൌജന്യ ഡയാലിസിസും, വൈദ്യസഹായം തേടിയെത്തുന്ന രോഗികള്‍ക്ക് പത്തുനാള്‍ സൌജന്യ ഒ.പി.
ടിക്കറ്റ് നൽകിയതും വാർത്തയായിരുന്നു. മാത്രമല്ല, ഇവിടെ പെരുന്നാള്‍ പ്രമാണിച്ച്
നടത്തുന്ന അന്നദാനത്തില്‍ ഏകദേശം ഒന്നര ലക്ഷം പേരെങ്കിലും നേര്‍ച്ചചോറുണ്ട്
മടങ്ങാറുണ്ടത്രെ.
സാമൂതിരിമാരുടെയും
രാജാക്കന്മാരുടെയും കാലത്തെ യുദ്ധങ്ങളും, ടിപ്പു സുല്‍ത്താന്റെ പടയോട്ടവും
കണ്ടുപേടിച്ച ഒരു ചെറിയ വിശ്വാസി സമൂഹം പാലയൂരില്‍ വച്ച് തോമ്മാസ്ലീഹായില്‍ നിന്ന്
ജ്ഞാനസ്നാനം സ്വീകരിച്ചും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയും എത്തിയവരാണത്രെ പാവറട്ടി
പരിസരങ്ങളിലെ ക്രൈസ്തവർ.
എന്നിരുന്നാലും
അക്കാലത്ത് ചിറ്റാട്ടുകരയിലെ പള്ളിപ്രമാണികളുമായുണ്ടായ പടലപിണക്കങ്ങളിൽ
നിന്നാണത്രെ ഈ ദേവാലയം ഉണ്ടായത്. ഏറെ ചരിത്രം അവകാശപ്പെടുന്ന ഈ ദേവാലയം 1876
ഏപ്രില്‍ 13 പെസഹാ നാളിലായിരുന്നു വിശുദ്ധീകരിച്ചത്. പോര്‍ച്ചുഗീസ് വാസ്തു
ശൈലിയില്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിന്റെ അള്‍ത്താരകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ്
1975-ലും പിന്നീട് 2004-ലും ഈ ദേവാലയം പുതുക്കിപ്പണിതത്.
12500
ചതുരശ്ര അടി ഉൾവിസ്തീർണ്ണമുള്ള ഈ ദേവാലയത്തിനകത്ത് ഒരു തൂണുപോലും ഇല്ലെന്നതാണ് ഈ
പള്ളിയുടെ നിർമ്മിതിയുടെ പ്രത്യേകത. അതുപോലെതന്നെ മരപ്പണിക്കാരനായ വിശുദ്ധ
ഔസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ പള്ളിയുടെ മദ്ബഹ അഥവാ ശുശ്രൂഷാവേദി പൂർണ്ണമായും
മരത്തിൽ തീർത്തതാണെന്നതും ഈ പള്ളിയുടെ മാത്രം സവിശേഷതയാണ്. മാത്രമല്ല, ഇവിടുത്തെ
പ്രധാന തിരുസ്വരൂപവും മരത്തിൽതീർത്തതാണെന്നതും ശ്രദ്ധേയമാണ്.
പുത്ര
ലബ്ദിക്കും തൊഴില്‍ ലബ്ദിക്കും പേരുകേട്ട ഈ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രത്യകം
സജ്ജമാക്കിയ തൊട്ടിലിൽ പ്രാര്‍ഥനാ-വഴിപാടുകള്‍ നടത്തിയാല്‍ കാര്യസിദ്ധി
ഉറപ്പാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടടെയെത്തുന്ന തീര്‍ഥാടകരില്‍ ഏറെയും. ജാതി-മത-ഭേദമെന്ന്യേ
ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് ഇവിടെ വന്നുപോകുന്നത്. ഇവിടെ ഹൈന്ദവ ആചാരപ്രകാരമുള്ള
തുലാഭാരം വഴിപാടുമുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്.
കേരളത്തിന്റെ
വിനോദ സഞ്ചാര മാപ്പിലും പാവറട്ടി മുദ്രിതമാണ്. അപൂര്‍വ്വം ചില വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍ക്ക് തപ്പാല്‍ വകുപ്പ് കൊടുത്തുപോരുന്ന പ്രത്യേക സചിത്ര റദ്ദാക്കല്‍
മുദ്ര (Pictoral Cancellation Stamp) പാവറട്ടിയിലെ സെന്റ് ജോസഫ് ദേവാലയത്തിന് 1996-ല്‍
അനുവദിച്ചുകിട്ടിയിട്ടുണ്ട്. പാവറട്ടിയിലെ പോസ്റ്റ് ഓഫീസിലെ സചിത്ര റദ്ദാക്കല്‍
പെട്ടിയില്‍ നിക്ഷേപിക്കുന്ന തപ്പാല്‍ ഉരുപ്പടിയിന്മേല്‍ പാവറട്ടി പള്ളിയുടെ
രേഖാചിത്രം ആലേഖനം ചെയ്ത തപ്പാല്‍ മുദ്ര (Pictoral Cancellation Stamp) പതിപ്പിച്ചായിരിക്കും
തപ്പാല്‍ നടപടികള്‍ സ്വീകരിക്കുക. കേരളത്തിലെ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രങ്ങളില്‍
മലയാറ്റൂരിനും ഭരണങ്ങാനാത്തിനും മാത്രമാണ് ഈ തപ്പാല്‍ ബഹുമതി ലഭ്യമായിട്ടുള്ളൂ.
ഈസ്റ്റര്‍
കഴിഞ്ഞു വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് പാവറട്ടി പള്ളിപ്പെരുന്നാള്‍. ഏതാണ്ട് ഈ
കാലത്തുതന്നെയാണ് തൃശൂര്‍ പൂരവും വന്നെത്തുക. പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ
മത്സരം പോലെ പാവറട്ടിയിലും തെക്കും
വടക്കും ഭാഗങ്ങള്‍ തമ്മിലാണ് മത്സരം. പൂരത്തിലെന്നപോലെ പെരുന്നാളിലും പ്രധാന
മത്സരം നടക്കുക ദീപാലങ്കാരത്തിലും വെടിക്കെട്ടിലും
തന്നെ. തൃശൂര്‍ പൂരത്തിന് തീര്‍ത്തും സൌജന്യമായി പൂരക്കഞ്ഞി വിളമ്പുമ്പോള്‍
പാവറട്ടിയിലെ നേര്‍ച്ച ചോറിന് പണം വാങ്ങുന്നു എന്നതുമാത്രമാണ് ഒരേയൊരു അപവാദം.
No comments:
Post a Comment