Tuesday, May 31, 2011

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആശയവൈരുധ്യങ്ങള്‍..നിറഭേദങ്ങള്‍

ആശയവൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അതി ഭീകരമായ മുഴക്കങ്ങള്‍ സൃഷ്ടിച്ച ഡോ. സുകുമാര്‍ അഴീക്കോടിന് ഇത് സാംസ്കാരിക പര്‍വ്വത്തിലെ മൂന്നാം ഊഴം .

പിതൃശൂന്യമായ സാഹിത്യ വിമര്‍ശം കൊണ്ട് ജി. ശങ്കരകുറുപ്പെന്ന മഹാകവിയെ ഇല്ലാതാക്കിയ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആദ്യ ഊഴമായിരുന്നു "ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയുടെ ഊഴം. ഒരുപക്ഷെ ഈ കാലഘട്ടമായിരിക്കും ഡോ . സുകുമാര്‍ അഴീക്കോടിനെ മലയാള സാഹിത്യ ചരിത്രം അടയാളപ്പെടുത്തിയ ഒന്നാം ഊഴം. ഇത് വിഗ്രഹ ധ്വംസനത്തിന്റെ (Iconoclasm) ഒരു കാലഘട്ടമായിരുന്നു.

സാഹിത്യം ദര്‍ശനങ്ങള്‍ക്ക് നിര്‍ബന്ധിതമായി കീഴടങ്ങിയ മറ്റൊരു കാലഘട്ടവും ഡോ. സുകുമാര്‍ അഴീക്കോടിന് ഉണ്ടായിരുന്നു. "തത്ത്വമസി" എഴുതിയ ഈ കാലഘട്ടത്തിലാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ രണ്ടാം ഊഴം വന്നെത്തുന്നത്. കുറച്ചു പുരസ്കാരങ്ങളുടെ സഹവാസം ഈ കാലഘട്ടത്തില്‍ അഴീക്കോടിന് വന്നു ചേര്‍ന്നുവെങ്കിലും കാര്യമായ ഫലസിദ്ധി ഈ ഊഴത്തില്‍ ഉണ്ടായില്ല.ആധ്യാല്മീക ഭ്രാമാവസ്തയുടെ (Spiritual Fervor)  മറ്റൊരു കാലഘട്ടമായിരുന്നു ഇത്.

സാഹിത്യവും ദര്‍ശനവും ഉന്നം പിഴച്ചപ്പോള്‍ ഡോ. സുകുമാര്‍ അഴീക്കോട് കണ്ടെത്തിയ മറ്റൊരു വഴിയാണ് സാമൂഹ്യ വിമര്‍ശനം. ശബ്ദാഘോഷത്തിന്റെ നാള്‍വഴികള്‍ കണ്ടെത്തിയ ഈ  ഊഴമാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ മൂന്നാം ഊഴം. അഴീക്കോടിന്റെ ശബ്ദം ജനകീയവല്കരിക്കപ്പെട്ടത്‌ ഇവിടെ വച്ചാണ്. തന്റെ ശബ്ദത്തിന്റെ സൌകുമാര്യം കൊണ്ട് സ്വന്തം പേരിന്റെ പൂര്‍വാംശത്തെ സ്വാര്‍ത്ഥകമാക്കിയ ഒരു വസന്തകാലമായിരുന്നു ഇത് . അതുകൊണ്ടുതന്നെ ആശയവൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ നിറഭേദങ്ങള്‍ വിരിയിച്ച അഴീക്കോടിന്റെ അവസാനത്തെ ഊഴമായി ഇതിനെ കാണാവുന്നതാണ്. തികച്ചും ആത്മരതിയുടെ (Narcissism) ഒരു കാലഘട്ടമാണ് ഇത്.

സാധാരണ ജനപക്ഷത്തിന്റെ സ്വാധീനം കൊണ്ട് ഗുരുത്ത്വം അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ഊഴമായിരുന്നു എന്തുകൊണ്ടും ഈ മൂന്നാം ഊഴം. രാഷ്ട്രീയ വൈചിത്ര്യം കൊണ്ടും തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഗുരുത്ത്വത്തെ നിലനിര്‍ത്തേണ്ടതുകൊണ്ടും ആശയവൈരുധ്യങ്ങളാല്‍ നിറസമ്പുഷ്ടമായിരുന്നു ഈ മൂന്നാം ഊഴം.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇടതുപക്ഷത്തിനുവേണ്ടി വോട്ടുപിടിക്കുകയും, കോണ്‍ഗ്രസ്സിനെ തെറി വിളിക്കുകയും ചെയ്ത അഴീക്കോട് , തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ മനസ്സിലാക്കിയശേഷം വോട്ട് എണ്ണുന്നതിന് മണിക്കൂറ് മുന്‍പ്  താന്‍ കമ്മ്യുണിസ്റ്റ് അല്ലെന്ന് പ്രഖ്യാപിച്ച് ആശയവൈരുധ്യങ്ങളുടെ നിറപ്പൊലിമ കൂട്ടി.

ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മൂന്നാം തരം രാഷ്ട്രീയക്കാരും പ്രസംഗകരും ആണെന്നും ദിനം പ്രതി പത്രത്തിലെ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നവരാണെന്നും തെരഞ്ഞെടുപ്പിന്നു മുന്‍പ് പറഞ്ഞ ഡോ. സുകുമാര്‍ അഴീക്കോട് ,തെരഞ്ഞെടുപ്പിന്നു ശേഷം " ഉമ്മന്‍ ചാണ്ടി -ഒരു കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍" എന്ന കോണ്ഗ്രസ് പ്രസിദ്ധീകരണം അനന്തപുരിയിലെ ഇന്ദിര ഭവനില്‍ വച്ച് ജൂണ്‍ ഒന്നിന് പ്രകാശിപ്പിച്ചു. അതും മൂന്നാം തരം രാഷ്ട്രീയക്കാരും പ്രസംഗകരുമായ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അലങ്കരിക്കുന്ന അതെ വേദിയില്‍ . എന്നിട്ട് പറഞ്ഞതോ അതി ഗംഭീരം . അതിങ്ങനെ , കേരളം കണ്ടത്തില്‍ വച്ച് ഏറ്റവും അതിവേഗമുള്ള മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്ന് .പ്രശംസയുടെ തോരാമഴ ഈ ബ്ലോഗില്‍ പെയ്തുകൂട എന്നതുകൊണ്ട്‌ വിരാമം. ആശയവൈരുധ്യങ്ങളുടെ നിറഭേദസാന്നിധ്യമായി ഡോ. സുകുമാര്‍ അഴീക്കോടിന്റെ അവസാന ഊഴം സമൃദ്ധമായി തന്നെ തുടരുകയാണ്.

കേട്ടുകേള്‍വി : "പ്രസംഗം ഒരു സുകുമാര കലയാണെന്ന്" പറഞ്ഞ വി.കെ.എന്‍ ഒരിക്കല്‍ പറഞ്ഞത്രേ , " തത്വമസി ഇന്ഗ്ലീഷില്‍ എഴുതണമെന്ന് കലശലായ ആഗ്രഹമുണ്ട് പക്ഷെ അതൊരാള്‍ ഇന്ഗ്ലീഷില്‍ നിന്ന് നേരത്തെ മൊഴിമാറ്റം വരുത്തിയതുകൊണ്ട് വേണ്ടെന്നു വച്ചു." വി.കെ.എന്‍.  അല്ലെ നാവ് പിഴയ്കില്ല.

 

സി.ടി.വില്യം

1 comment:

  1. എന്റെ പ്രിയ സുഹൃത്തെ ....
    അഴിക്കോട് മാഷിനു വയസ്സായി..
    ആ പാവം എങ്ങനെയെങ്കിലും എന്തെങ്കിലും പറഞ്ഞു ജീവിച്ചുപോട്ടെ ..

    ReplyDelete