Wednesday, July 6, 2011

അഴീക്കോട് പ്രഭാഷകനോ പരിഭാഷകനോ ?

ഡോ. സുകുമാര്‍ അഴീക്കോടിനെയും അദ്ദേഹത്തിന്റെ കൃതികളെയും വളരെ അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആദ്യകാല വിമര്‍ശന കലയും പ്രസംഗ കലയും ഏറെ ആസ്വദിക്കുകയും നെഞ്ചിലേറ്റി നടന്നിട്ടുള്ള ഒരാളുമാണ് ഞാന്‍. ഡോ. സുകുമാര്‍ അഴീ ക്കോടിന്റെ എഴുത്തും വാക്കും കുറിച്ചെടുത്ത നോടുപുസ്തകം ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. 

എന്നാല്‍ ആശയവൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അതിഭീകരമായ മുഴക്കങ്ങള്‍ സൃഷ്ടിച്ച ഡോ. സുകുമാര്‍ അഴീക്കോടിന് ഇത് സാംസ്കാരിക പര്‍വ്വത്തിലെ മൂന്നാം ഊഴമാണെന്ന് എന്ന് പറയേണ്ടി വരും. പിതൃശൂന്യമായ സാഹിത്യ വിമര്‍ശം കൊണ്ട് ജി. ശങ്കരകുറുപ്പെന്ന മഹാകവിയെ ഇല്ലാതാക്കിയ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആദ്യ ഊഴമായിരുന്നു "ജി. ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയുടെ ഊഴം. ഒരുപക്ഷെ ഈ കാലഘട്ടമായിരിക്കും ഡോ . സുകുമാര്‍ അഴീക്കോടിനെ മലയാള സാഹിത്യചരിത്രം അടയാളപ്പെടുത്തിയ ഒന്നാം ഊഴം. ഇത് വിഗ്രഹ ധ്വംസനത്തിന്റെ (Iconoclasm) ഒരു കാലഘട്ടമായിരുന്നു. 

സാഹിത്യം ദര്‍ശനങ്ങള്‍ക്ക് നിര്‍ബന്ധിതമായി കീഴടങ്ങിയ മറ്റൊരു കാലഘട്ടവും ഡോ. സുകുമാര്‍ അഴീക്കോടിന് ഉണ്ടായിരുന്നു. "തത്ത്വമസി" എഴുതിയ ഈ കാലഘട്ടത്തിലാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ രണ്ടാം ഊഴം വന്നെത്തുന്നത്. കുറച്ചു പുരസ്കാരങ്ങളുടെ സഹവാസം ഈ കാലഘട്ടത്തില്‍ അഴീക്കോടിന് വന്നു ചേര്‍ന്നുവെങ്കിലും കാര്യമായ ഫലസിദ്ധി ഈ ഊഴത്തില്‍ ഉണ്ടായില്ല. ആധ്യാല്മീക ഭ്രമാവസ്തയുടെ (Spiritual Fervor) മറ്റൊരു കാലഘട്ടമായിരുന്നു ഇത്. 

സാഹിത്യവും ദര്‍ശനവും ഉന്നം പിഴച്ചപ്പോള്‍ ഡോ. സുകുമാര്‍ അഴീക്കോട് കണ്ടെത്തിയ മറ്റൊരു വഴിയാണ് സാമൂഹ്യവിമര്‍ശനം. ശബ്ദാഘോഷത്തിന്റെ നാള്‍വഴികള്‍ കണ്ടെത്തിയ ഈ ഊഴമാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ മൂന്നാം ഊഴം. വിമര്‍ശന കലയും പ്രസംഗ കലയും സമന്വയിപ്പിച്ച് ഡോ .സുകുമാര്‍ അഴീക്കോട് പ്രഭാഷണം എന്ന ഒരു പുതിയ അവതരണ സങ്കേതത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു ഇവിടെ. ഇവിടെയും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടത് പ്രഭാഷകന്റെ ആദ്യകാല പ്രഭാഷണങ്ങള്‍ തന്നെയായിരുന്നു. അഴീക്കോടിന്റെ ശബ്ദം ജനകീയവല്കരിക്കപ്പെട്ടത്‌ ഇവിടെ വച്ചാണ്. തന്റെ ശബ്ദത്തിന്റെ സൌകുമാര്യം കൊണ്ട് സ്വന്തം പേരിന്റെ പൂര്‍വാംശത്തെ സ്വാര്‍ത്ഥകമാക്കിയ ഒരു വസന്തകാലമായിരുന്നു ഇത് . അതുകൊണ്ടുതന്നെ ആശയവൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ നിറഭേദങ്ങള്‍ വിരിയിച്ച അഴീക്കോടിന്റെ അവസാനത്തെ ഊഴമായി ഇതിനെ കാണാവുന്നതാണ്. സാധാരണ ജനപക്ഷത്തിന്റെ സ്വാധീനം കൊണ്ട് ഗുരുത്ത്വം അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ഊഴമായിരുന്നു എന്തുകൊണ്ടും ഈ മൂന്നാം ഊഴം. രാഷ്ട്രീയ വൈചിത്ര്യം കൊണ്ടും തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഗുരുത്ത്വത്തെ നിലനിര്‍ത്തേണ്ടതുകൊണ്ടും ആശയവൈരുധ്യങ്ങളാല്‍ നിറസമ്പുഷ്ടമായിരുന്നു ഈ മൂന്നാം ഊഴം. തികച്ചും ആത്മരതിയുടെ (Narcissism) ഒരു കാലഘട്ടമാണ് ഇത്.

എന്നാല്‍ പ്രഭാഷകന് പ്രഭാഷണങ്ങളിലും ഒതുങ്ങാനായില്ല എന്ന് പരിണാമസിദ്ധാന്തം തെളിയിച്ചു. പ്രഭാഷണ കലയിലെ പ്രസംഗത്തിന്റെ അംശവും വ്യാഖ്യാനത്തിന്റെ അംശവും പതുക്കെ പതുക്കെ കൈമോശം വന്ന ഡോ . സുകുമാര്‍ അഴീക്കോട് "പരിഭാഷണം " എന്ന മറ്റൊരു അവതരണ സങ്കേത ത്തില്‍ എത്തിപ്പെടുകയായിരുന്നു. 

"പരിഭാഷണം " എന്നാല്‍ നിന്ദയോടുകൂടിയ ഉപാലംഭം എന്നത്രേ അമരകോശ ധ്വനി. ഉപാലംഭം , ഗുണാവിഷ്കരണപൂര്‍വ്വകമെന്നും നിന്ദാപൂര്‍വ്വകമെന്നും രണ്ടു വിധമുണ്ട്. ഡോ . സുകുമാര്‍ അഴീക്കോടിന്റെ ആദ്യകാല പരിഭാഷണങ്ങള്‍ ഗുണാവിഷ്കാര പൂര്‍വ്വക മായിരുന്നെങ്കിലും, പിന്നീട് കയ്യടിക്കു വേണ്ടി നിന്ദാപൂര്‍വ്വകമായ ഉപാലംഭം സ്വീകരിക്കുകയായിരുന്നു. അങ്ങനെയാണ് പ്രഭാഷകനായ ഡോ. സുകുമാര്‍ അഴീക്കോട് ഇപ്പോള്‍ പരിഭാഷകനായിത്തീര്‍ന്നത്‌ . പാരുഷ്യം , അതിവാദ:, ഭര്‍ത്സനം , അപകാരഗീ : ഇത്യാദി സ്നേഹശൂന്യമായ വാക്കുകളാല്‍ അലങ്ക്രുതമാണ്‌ പരിഭാഷണം എന്ന് അമരകോശകാരന്‍ ശബ്ദാദിവര്‍ഗ്ഗത്തില്‍ പറയുന്നുണ്ട് . എന്തിനോടും സ്നേഹശൂന്യമായ ഒരു സമീപനം കൈക്കൊള്ളുന്നത് മനശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ അത് ആത്മരതിയുടെ പ്രഥമ ലക്ഷണമായി കാണാവുനതാണ് . താന്‍ മാത്രം ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നും വാദിക്കുന്നത് ആത്മരതി കൊണ്ടാണ് . അതുകൊണ്ടുതന്നെ തനിക്ക് ആരെയും വിമര്‍ശിക്കാം ആരും തന്നെ വിമര്‍ശിച്ചുകൂട എന്നിടത്ത് എത്തിച്ചേരുന്നതും ഈ മനശാസ്ത്ര വൈകല്യം കൊണ്ടാണ്. തന്റെ ഒരു കൃതി ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ പത്തുപേരുടെ കയ്യൊപ്പുസഹിതം അനുകൂലപരാമര്ശം നടത്തി വിമര്‍ശകന്റെ വായ മൂടികെട്ടി അയാളെ ഭസ്മമാക്കാന്‍ ശ്രമിക്കുന്നതും ഇതേ മനശാസ്ത്ര വൈകല്യം കൊണ്ടാണ്. അമരകോശകാരന്റെത് സത്യത്തിന്റെയും മനശാസ്ത്രത്തിന്റെയും നേര്കാഴ്ചയാണ് .  

"പാരുഷ്യമതിവാദ: സ്യാത്‌ ഭര്‍ത്സനം ത്വപകാരഗീ : 
യ: സനിന്ദ ഉപാലംഭസ്തത്ര സ്യാത്‌ പരിഭാഷണം." 

വാല്‍കഷണം : ഡോ. സുകുമാര്‍ അഴീക്കോട് അടിസ്ഥാനപരമായി ആത്മരതിയ്ക്ക് വിധേയനാണ് . ഡോ . സുകുമാര്‍ അഴീക്കോടിന് എന്നും അഴീക്കോടിനോടുമാത്രമേ സ്നേഹമുണ്ടായിരുന്നുള്ളൂ . ഇനി അഥവാ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള പാരിതോഷികവും വാങ്ങിയിട്ടുണ്ടാവും . വിലാസിനി ടീച്ചര്‍ സ്വയം സമര്‍പ്പിച്ചപ്പോഴും ഞാന്‍ എന്റെ പുസ്തകം സമര്‍പ്പിച്ചപ്പോഴും അഴീക്കോട് മാഷ്‌  സ്വതസിദ്ധമായ സ്നേഹശൂന്യത പ്രകടിപ്പിച്ചിരുന്നു .

സി.ടി.വില്യം

No comments:

Post a Comment