Monday, August 1, 2011

ജാഗ്രത ! രവീന്ദ്രന്‍ ക്യാമറക്ക്‌ മുന്നിലുണ്ട് .


" ജാഗ്രത ! രവീന്ദ്രന്‍ ക്യാമറക്ക്‌ മുന്നിലുണ്ട് ."

അവാര്‍ഡ് ദാനം , ആദരണം , അനുശോചനം , അനുസ്മരണം എന്നീ നാല് തൂണുകളില്‍ തൂങ്ങി നില്‍ക്കുകയാണ് കേരളത്തിലെ സാംസ്കാരിക സ്ഥാപനമായ കേരള സാഹിത്യ അക്കാദമി. ഇവയില്‍ ആദ്യത്തേത് രണ്ടാമത്തെതിനോടും മൂന്നാമത്തേത് 
നാലാത്തെതിനോടും കടപ്പെട്ടിരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആദ്യത്തേത് തീര്‍ച്ചപ്പെടുത്തിയാല്‍ പിന്നെ ബാക്കി മൂന്നും ഉറപ്പിക്കാം എന്നത് പരമാത്മ സത്യം .

അവാര്‍ഡു ദാനത്തിന്റെ നിയമവെടിയില്‍ ആദരണം മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നത് പോലെ അനുശോചനത്തിന്റെ ആചാരവെടിയില്‍ അനുസ്മരണങ്ങള്‍ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു . പിന്നെ ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ പരേതാത്മാവിന് വര്‍ഷം തോറും സ്മൃതിയും സ്മൃതി മണ്ഡപവും ഒരുങ്ങുന്നു . പതുക്കെപതുക്കെ സ്മൃതി മണ്ഡപം സ്മാരക മന്ദിരമായി പരിണമിക്കുന്നു . സ്മാരക മന്ദിരത്തിന് തൂങ്ങി നില്‍ക്കാന്‍ പതിവുപോലെ തൂണുകള്‍ ഉണ്ടാവുന്നതോടെ പരേതാത്മാവിന്റെ സ്മരണാര്‍ത്ഥം അവാര്‍ഡ് ദാനം , ആദരണം , അനുശോചനം , അനുസ്മരണം തുടങ്ങിയവ തനിയാവര്‍ത്തിക്കപ്പെടുന്നു . ഇതിനെ സാംസ്കാരിക പരിണാമസിദ്ധാന്തം എന്ന് പേര് വിളിക്കാവുന്നതാണ് . ഇതിന്റെ "ഡാര്‍വിന്മാര്‍" തൃശൂരിലെ സാംസ്കാരിക പ്രവര്‍ത്തകരാണ് . കേരള സാഹിത്യ അക്കാദമിയാണ് ഈ സൈദ്ധാന്തികരുടെ കാര്യാലയം .

എനിക്ക് ഏറെ പ്രിയപ്പെട്ട ഗുരുവും സുഹൃത്തുമായ രവീന്ദ്രന്‍ എന്ന ചിന്ത രവിയും ഈ സാംസ്കാരിക പരിണാമ സൈദ്ധാന്തികരുടെ കരാള വലയത്തില്‍ അകപ്പെട്ടുപോയി . പരിശുദ്ധ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആള്‍ രൂപമാണ് ഞങ്ങള്‍ക്ക് രവിയേട്ടന്‍ . രവിയേട്ടന്റെ തൃശൂരിലെ സൌഹൃദ സങ്കേതങ്ങളിലൊക്കെ  ഞങ്ങള്‍ നിത്യസന്നിഹിതരായിരുന്നു .  എന്നാല്‍ അന്നൊന്നും ഞങ്ങള്‍ കാണാത്ത ചില അരൂപികളാണ് രവിയേട്ടന് അനുശോചന വെടി വെക്കാനും അനുസ്മരണ മുഴക്കങ്ങള്‍ ഉണ്ടാക്കാനും കേരള സാഹിത്യ അക്കാദമിയില്‍ എത്തി ചേര്‍ന്നത്‌ . എന്നിട്ട് എല്ലാവരും ഒറ്റവാക്കില്‍ അനുസ്മരിച്ചു ; "രവീന്ദ്രന്‍ ഒരു തികഞ്ഞ അരാജകവാദിയാണെന്ന് ." 

നുണ ! കല്ല്‌ വച്ച നുണ ! കള്ളം ! പച്ച കള്ളം !

രവിയേട്ടാ ....ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല . ഇവരോട് പൊറുക്കേണമേ .

സാംസ്കാരിക പരിണാമ സൈദ്ധാന്തികര്‍ ഒന്ന് മനസ്സിലാക്കണം .

" ജാഗ്രത ! രവീന്ദ്രന്‍ ക്യാമറക്ക്‌ മുന്നിലുണ്ട് ."


സി. ടി.വില്യം

No comments:

Post a Comment