Monday, August 29, 2011

അരാഷ്ട്രീയതയുടെ ചാവേറുകള്‍ .അസ്സല്‍ രാഷ്ട്രീയ ബോധത്തോടുള്ള ഗൌരവപൂര്‍ണമായ സമീപനം ഉരുത്തിരിയുന്നിടത്താണ് അരാഷ്ട്രീയ ബോധം ഉണ്ടാവുക. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗൌരവപൂര്‍ണമായ രാഷ്ട്രീയ ബോധം, വ്യക്തിയുടെയും സമൂഹത്തിന്റെയും ഉപബോധ മണ്ഡലത്തില്‍ ഉറക്കിക്കെടുത്തുന്ന താത്കാലിക ബോധമാണ് അരാഷ്ട്രീയ ബോധം. അസ്സല്‍ രാഷ്ട്രീയ വ്യവസ്ഥയെയും അതിന്റെ ജീര്‍ണാവസ്ഥയില്‍നിനിന്നും ഉണ്ടാവുന്ന വികലമായ രാഷ്ട്രീയ വ്യവസ്ഥയെയും തിരിച്ചറിയുന്ന ഒരു ഘട്ടത്തിലാണ് അരാഷ്ട്രീയ ബോധം ഉണരുന്നത് .

വ്യക്തിയുടെയും സമൂഹത്തിന്റെയും ഉപബോധ മണ്ഡലത്തില്‍ നിദ്ര കൊള്ളുന്ന ഈ ബോധം തികച്ചും താത്കാലികമാണ്.  അസ്സല്‍ പകര്‍ത്തെഴുതപ്പെട്ടപ്പോള്‍ ഉണ്ടായ ഈ വികല രാഷ്ട്രീയ വ്യവസ്ഥ വേദനിപ്പിച്ചവരില്‍ ചിലര്‍ അരാഷ്ട്രീയതയുടെ ചാവേറുകളായി പുനര്‍ജനിക്കുകയായിരുന്നു. മറ്റു ചിലര്‍ പകര്‍ത്തെഴുതപ്പെട്ട വികല രാഷ്ട്രീയ വ്യവസ്ഥയെ പതുക്കെപ്പതുക്കെ സ്വീകരിക്കുകയായിരുന്നു. അവശേഷിച്ച മറ്റൊരു വിഭാഗം ബോധോപബോധ മണ്ഡലങ്ങളില്‍ ഉറങ്ങിയും ഉണര്‍ന്നും ഉറയ്ക്കാത്ത അസ്തിത്വത്തെ നിലനിര്‍ത്തിപോരുന്നു. ഇതാണ് അരാഷ്ട്രീയതയുടെ അടിസ്ഥാന വ്യാകരണം.

അസ്സലിനോടുള്ള ആരാധനയും പകര്‍പ്പിനോടുള്ള പകയും ബൌദ്ധികതയുടെ സാമാന്യമായ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് നേരത്തെ സൂചിപ്പിച്ച അരാഷ്ട്രീയതയുടെ ചാവേറുകള്‍ ജന്മം കൊണ്ടത്‌. ഇത്തരം ചാവേറുകള്‍ അവരവരുടെ വ്യക്തിപരമായ വേദനകളെ സാമൂഹികമായ വേദനകളോട് തന്മയീഭവിപ്പിച്ച് സമൂഹത്തില്‍ അരാഷ്ട്രീയതയുടെ രാഷ്ട്രീയ ഇടങ്ങള്‍ സ്ഥാപിച്ചെടുക്കുന്നു.

സൂക്ഷ്മമായി പരിശോധിച്ചാല്‍, ഇത്തരക്കാര്‍ ആരാധിച്ചുപോന്ന അസ്സല്‍ രാഷ്ട്രീയ വ്യവസ്ഥയുടെ അഗ്നിശുദ്ധി തെളിയിച്ചുകാണിക്കാന്‍ അതെ രാഷ്ട്രീയ വ്യവസ്ഥയുടെ വിപരീത ദിശയില്‍ സഞ്ചരിച്ചും ശത്രു പക്ഷം ചേര്‍ന്നും ചാവേറാക്രമണം നടത്തുന്നത് കാണാവുന്നതാണ് .

തന്നാണ് യഥാര്‍ത്ഥ ഗാന്ധിയനെന്നോ , മാര്‍ക്സ്സിസ്റെന്നോ , സോഷ്യലിസ്റ്റെന്നോ അല്ലെങ്കില്‍ എന്തോ ഒന്നാണെന്നോ മറ്റുമുള്ള അഹങ്കാര തിമിര്‍പ്പിലായിരിക്കും ഈ ചാവേറാക്രമണം. സ്വന്തമെന്ന് അവകാശപ്പെടാന്‍ ഇവര്‍ക്ക് വിഗ്രഹങ്ങളില്ലാത്തതുകൊണ്ട് ഇവര്‍ പലപ്പോഴും മഹാത്മാ ഗാന്ധി , കാറല്‍ മാര്‍ക്സ് , മറ്റ് ഭൌമികമോ അഭൌമികമോ ആയ യുഗ പുരുഷന്മാര്‍ എന്നിവരെ സ്വന്തം വിഗ്രഹങ്ങളായി കടമെടുക്കുന്നു. സ്വാഭാവികമായും ഇത്തരം ചാവേറ്കളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ കഴിഞ്ഞുകൂടുന്ന താത്കാലിക അരാഷ്ട്രീയ വര്‍ഗ്ഗം തയാറയിരിക്കും. ഇതാണ് അരാഷ്ട്രീയതയുടെ കര്‍മപഥം.

ലോകത്തെല്ലായിടത്തെന്നപോലെ ഇന്ത്യയിലും കോണ്ഗ്രസ് - കമ്മ്യുണിസ്റ്റ് -സോഷ്യലിസ്റ്റ് രാഷ്ട്രീയ സങ്കേതങ്ങള്‍ പിളര്‍ന്നതും പിളര്‍ന്നുകൊണ്ടിരിക്കുന്നതും നേരത്തെ സൂചിപ്പിച്ച അരാഷ്ട്രീയതയുടെ വ്യാകരണത്തിനും കര്‍മപഥത്തിനും വിധേയമായാണ്. മഹാത്മാ ഗാന്ധിയില്‍ നിന്ന്  രമേശ്‌ ചെന്നിത്തല വരെയും, എം. എന്‍ . റോയില്‍ നിന്ന് പിണറായ് വിജയന്‍ വരെയും , ആചാര്യ നരേന്ദ്ര ദേവില്‍ നിന്ന് ഒ . രാജഗോപാല്‍ വരെയും പ്രസ്ഥാനങ്ങള്‍ പിളര്‍ന്നതും പിളര്‍ന്നുകൊണ്ടിരിക്കുന്നതും മേല്‍ സൂചിപ്പിച്ച അരാഷ്ട്രീയതയുടെ നിറ സാന്നിധ്യം കൊണ്ടാണ്.

രാഷ്ട്രീയത്തിലെ അരാഷ്ട്രീയചിന്തപോലെത്തന്നെ മതങ്ങളില്‍ വിമതചിന്തയും ഇതേ അളവിലും , ക്രമത്തിലും , ഭാവത്തിലും വളര്‍ന്നവയാണ്. വിമോചന ദൈവശാസ്ത്രം മുതല്‍ ജീവനകലയുടെ രീതിശാസ്ത്രം വരെ പരിണമിച്ചെത്തിയ വിമതചിന്ത അരാഷ്ട്രീയതയോളം തന്നെ ആപല്‍കരമാണ്. അരാഷ്ട്രീയ ചിന്തയായാലും വിമത ചിന്തയായാലും രണ്ടും നിഗ്രഹിക്കുന്നത് അസ്സല്‍ രാഷ്ട്രീയ ചിന്തയേയും  മതചിന്തയെയുമാണ്. 

രാം ലീല മൈതാനത്തില്‍ മഹാത്മാ ഗാന്ധിയുടെ വിഗ്രഹത്തണലില്‍ അണ്ണാ ഹസാരെ നടത്തിയ ഹസാരെ ലീലകളും , പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈതൃക സംരക്ഷണത്തിന്റെ തണലില്‍ തുറന്ന നിലവരകളും നമുക്ക് കാണിച്ചുതന്നത് അരാഷ്ട്രീയതയുടെയും വിമതചിന്തയുടെയും വിശ്വരൂപമാണ് . ആദ്യത്തേത് സോഷ്യല്‍ ആക്ടിവിസത്തിന്റെ മറവില്‍ പാര്‍ളിമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുമ്പോള്‍ രണ്ടാമത്തേത് പൈതൃകത്തിന്റെ മറവില്‍ ആദ്ധ്യാത്മീക ജനാധിപത്യത്തെ അട്ടിമറിക്കുന്നു.

സി.ടി. വില്യംNo comments:

Post a Comment