Friday, June 29, 2012

ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ താന്തോന്നിത്തരങ്ങളുടെ നാടായി മാറുകയാണോ ?

 
ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ താന്തോന്നിത്തരങ്ങളുടെ നാടായി മാറുകയാണോ ?വാളെടുക്കുന്നവര്‍ മുഴുവനും വെളിച്ചപ്പാടുകള്‍ ആവുകയല്ല, ഇവിടെ . അവരെല്ലാം തന്നെ കൊലയാളികള്‍ ആവുകയാണ് ഇവിടെ. വ്യക്തിയും , സമൂഹവും , സമുദായവും , മാധ്യമവും , രാഷ്ട്രീയക്കാരുമെല്ലാം ഇവിടെ വാളെടുക്കുന്നു . "വാളെടുക്കുന്നവന്‍ വാളാലേ " എന്ന സുവിശേഷ വചനം ഡമോക്ലസ്സിന്റെ വാള്‍മുന പോലെ നിലകൊള്ളുകയാണ് ഇവിടെ .

ആദ്യമൊക്കെ രാഷ്ട്രീയക്കാരുടെ കായികാഭ്യാസത്തിന്റെ ഭാഗമായി നീതി നടപ്പിലാക്കിയിരുന്നു . ന്യായപീറങ്ങളും, നീതിപീറങ്ങളും, വഴിമാറിപോയത് അങ്ങനെയായിരുന്നു. പിന്നീട് വ്യക്തിയും , സമൂഹവും , സമുദായവും , മാധ്യമവും ആള്‍ദൈവരൂപത്തില്‍ നീതി നടപ്പാക്കികൊണ്ടിരിക്കുന്നു .നാട്ടിലെ ക്രമസമാധാന പരിപാലനം ഇപ്പോള്‍ പോലീസിന്റെ പണിയല്ല . കോടതിയുടെയും പണിയല്ല .

അറിയാനുള്ള അവകാശം അഭിനവ ജനാധിപത്യം ജനങ്ങള്‍ക്ക്‌ അറിഞ്ഞുകൊടുത്ത സ്വാതന്ത്ര്യമാണ് . എന്നാല്‍ ഈ സ്വാതന്ത്ര്യം ഇന്ന് ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും അരാജക രൂപമായിരിക്കുന്നു. അണ്ണാ ഹസാരെയായിരുന്നു ഈ അരാജക രൂപത്തിന്റെ അവസാനത്തെ വികസിത കാഴ്ചാനുഭവം .

മാധ്യമങ്ങള്‍ക്ക് ദൃശ്യമാനം കൈവന്നതോടെ നിഴലും വെളിച്ചവും ആയുധമാക്കി അവരും നീതി നടപ്പിലാക്കികൊണ്ടിരിക്കുന്നു . മാധ്യമങ്ങളുടെ ഈ ദൃശ്യമാനവല്കരണം വ്യക്തിയെയും, സമൂഹത്തെയും നീതി നടപ്പാക്കുന്നതിന് പ്രേരകമായി . അങ്ങനെയാണ് സദാചാര പോലീസിംഗ് അഥവാ മോറല്‍ പോലീസിംഗ് നിലവില്‍ വന്നത് . അണ്ണാ ഹസാരെ ഇന്ത്യന്‍ പാര്‍ലെമെന്റിനെ വെല്ലുവിളിച്ചതും ജയരാജന്മാരും മറ്റും കോടതിയെ വെല്ലുവിളിച്ചതും ഈ മോറല്‍ പോലീസിങ്ങിന്റെ ഭാഗമാണ് .ഏറ്റവുമൊടുവില്‍ ഗോപി കോട്ടമുറിക്കലിനെ പാര്ട്ടിയില്‍നിന്നും പുറത്താക്കിയതും ഇതേ മോറല്‍ പോലീസിങ്ങിന്റെ ഭാഗം തന്നെ .

യഥാര്‍ഥത്തില്‍ ടി പി വധം ആസൂത്രണം ചെയ്ത അതെ രീതി തന്നെയാണ് ഗോപി കോട്ടമുറിക്കലിന്റെ സ്വഭാവ ഹത്യയ്ക്കുമായി പാര്‍ട്ടി സ്വീകരിച്ചത് . രണ്ടിലും കെട്ടുറപ്പുള്ള ഒരു തിരക്കഥ ഉണ്ടായിരുന്നു . സംവിധാനവും മികവുറ്റതായിരുന്നു. രണ്ടിന്റെയും നിര്‍മാണവും വിതരണവും നടത്തിയതും കുത്തക മാധ്യമങ്ങള്‍ തന്നെ. പ്രേക്ഷകരും കാലക്കേടുകൊണ്ട് സ്ഥിരം പ്രേക്ഷകര്‍ തന്നെ .
ഡോ.സി .ടി . വില്യം

Monday, June 18, 2012

മാധ്യമങ്ങള്‍ കൊല്ലുന്നു . പൊതുസമൂഹം തിന്നുന്നു


തലവാചകങ്ങള്‍ മാത്രം വായിച്ചും ,കണ്ടും ,കണക്കിലെടുത്തും സാമൂഹികവും, സാംസ്കാരികവും , രാഷ്ട്രീയവുമായ അവസാന തീര്‍പ്പുകളിലെത്തുന്ന ഒരു സമൂഹത്തില്‍നിന്നാണ് ഞാന്‍ ഇതെഴുതുന്നത് . അതുകൊണ്ടുതന്നെ അതി ദാരുണമായ ആ ദുരന്താവസ്ഥ ഈ കുറിപ്പിനും ഉണ്ടാവാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് .

മാധ്യമ രംഗത്ത്  പ്രധാനമായും ദൃശ്യ മാധ്യമ രംഗത്തുണ്ടായ ശാസ്ത്രീയവും വിവര സാങ്കേതികവുമായ വന്‍ പുരോഗതി നമ്മുടെ മാധ്യമ സംസ്കാരത്തെയും അനുവാചക - പ്രേക്ഷക സമൂഹത്തെയും പുതുക്കി പണിതിരിക്കുന്നു .

പത്രങ്ങളാല്‍ നിയന്ത്രിച്ചുപോരുന്ന എട്ടു കോളങ്ങള്‍ വീതമുള്ള പന്ത്രണ്ടോ പതിനാലോ പേജുകളിലെ വാര്‍ത്തായിടങ്ങളും , ചാനലുകളാല്‍ നിയന്ത്രിച്ചുപോരുന്ന സമയ സൂചികയുടെ ഇരുപത്തിനാലുഭാഗം  കൊണ്ട്  ഏഴു ദിനരാത്രങ്ങളെ ഗുണിച്ചുകിട്ടുന്ന സമയസ്ഥാനങ്ങളിലെ സംപ്രേക്ഷണയിടങ്ങളും, നമ്മുടെ പൊതു സമൂഹത്തെ നിലക്ക് നിര്‍ത്തുന്ന മധ്യവര്‍ത്തി ഘടകങ്ങളാവുന്നു.

മാധ്യമങ്ങളുടെ ഈ ഇടങ്ങളില്‍ അവര്‍ കൊന്നിടുന്ന വാര്‍ത്തകളെ പച്ചക്ക് തിന്നാന്‍ വിധിക്കപ്പെട്ട ഒരു പൊതുസമൂഹമാണ് ഇന്നിവിടെയുള്ളത് .  നാം അറിയേണ്ടതും സമൂഹത്തില്‍ അരുതാത്തതുമായ കുറ്റങ്ങളും പാപങ്ങളുമൊക്കെയാണ് മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രകാശിപ്പിക്കുന്നതും. എന്നാല്‍ ഈ വാര്‍ത്താവതരണങ്ങള്‍ എവ്വിധമാണ് ഒരു പൊതുസമൂഹത്തെ വൈചാരികമായും    വൈകാരികമായും ബാധിക്കുക എന്നുകൂടി മാധ്യമ ന്യായപീറങ്ങള്‍  മനസ്സിലാക്കേണ്ടതുണ്ട് .

കഴിഞ്ഞ കുറെ കാലങ്ങളായി പോതുസമൂഹത്തിനുനേരെ മാധ്യമങ്ങള്‍ അനാവരണം ചെയ്യുന്ന വിശ്വരൂപം പീഡനങ്ങളുടെതും  കൊലപാതകങ്ങളുടെതുമാണ് . അതിരാവിലെയുള്ള  അര മണിക്കൂര്‍ പത്ര പ്രദക്ഷിണവും അവശേഷിക്കുന്ന ഇരുപത്തിമൂന്നര മണിക്കൂറിന്റെ ചാനല്‍ നയനഭോഗവും ഈ പൊതുസമൂഹത്തെ പീഡനങ്ങളുടെയും  കൊലപാതകങ്ങളുടെയും ലഹരിയില്‍ മയക്കികിടത്തുന്നു .

സമൂഹത്തിലെ ഈ അരുതായ്മകളുടെ തനിയാവര്‍ത്തനങ്ങള്‍ സമൂഹത്തെ ഇത്തരം അരുതായ്മകളില്‍നിന്നും അകറ്റി നിര്‍ത്തുകയല്ല, മറിച്ച് അടുപ്പിച്ചുനിര്‍ത്തുകയാണ് ചെയ്യുന്നത് . അരുതായ്മളോട് ചേര്‍ന്നുനില്‍ക്കാന്‍ അവരെ നിരന്തരം പ്രേരിപ്പിക്കുകയാണ്  മാധ്യമങ്ങള്‍ ഈ തനിയാവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത് . പീഡനങ്ങളുടെയും  കൊലപാതകങ്ങളുടെയും ജിജ്ഞാസോല്‍സുകമായ വിധങ്ങളും, വഴികളും , സങ്കേതങ്ങളും   മാധ്യമങ്ങള്‍ ഈ പൊതുസമൂഹത്തെ പഠിപ്പിക്കുന്നു. അങ്ങനെ പീഡനങ്ങള്‍ കൂടുതല്‍ വിദഗ്ദമായ പീഡനങ്ങളിലേക്കും  കൊലപാതകങ്ങള്‍  കൂടുതല്‍ ശാസ്ത്രീയമായ   കൊലപാതകങ്ങളിലേക്കും വളര്‍ന്നുവികസിക്കുന്നു. അതുകൊണ്ടുതന്നെയാവണം ഭീകരമായ ഇത്തരം അരുതായ്മകള്‍ നാള്‍ക്കുനാള്‍ വളരുന്നതും പെരുകുന്നതും . പ്രതിസ്ഥാനത്ത് മാധ്യമങ്ങള്‍ തന്നെ .

നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ കൊന്നിട്ട് പോവുകയാണ് . പിന്നീട് വാര്‍ത്തകളുടെ മൃതദേഹങ്ങളെ കെട്ടുകാഴ്ചകളാക്കുകയാണ്. വാര്‍ത്തകളുടെ പുതിയ കൊലകള്‍ നടത്തുമ്പോള്‍ അവര്‍ പഴയ മൃതദേഹങ്ങളെ വേണ്ടുംവിധം സംസ്കരിക്കാതെ ഉപേക്ഷിച്ചുപോവുന്നു . മൃതദേഹങ്ങളോടുള്ള  അനാദരവ് പോലെതന്നെയാണ് വാര്‍ത്തകളോടുള്ള ഇത്തരം അനാദരവും . അങ്ങനെ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങളാണ് അടിയന്തിരാവസ്ഥ കാലത്തെ രാജന്റെത് , സിസ്റ്റര്‍ അഭയയുടെത് , ചേകന്നൂര്‍ മൌലവിയുടെത് , ശാരിയുടെത് , ജയകൃഷ്ണന്‍ മാഷിന്റേത് , സൌമ്യയുടെത് , ഇപ്പോളിതാ ഉപേക്ഷിക്കപ്പെടാന്‍ പോവുന്ന ടി .പി . ചന്ദ്രശേഖരന്റെത് .

നമ്മുടെ പൊതുസമൂഹം ഈ മൃതദേഹങ്ങളെ ഭക്ഷിക്കുന്നു . അവര്‍ അതിന് വിധിക്കപ്പെട്ടവരാണ് . മാധ്യമങ്ങള്‍ നമുക്ക് മുടങ്ങാതെ ഭക്ഷിക്കാനുള്ള മൃതദേഹങ്ങളെ തരുന്നു . മാധ്യമങ്ങള്‍  കൊല്ലുന്നു .  പൊതുസമൂഹം തിന്നുന്നു . അങ്ങനെ നാം ശവംതീനികളാവുന്നു. അവര്‍ കൊലയാളികളും.

ഡോ. സി .ടി . വില്യം   

Thursday, June 7, 2012

വൈധവ്യാത്മക പ്രതിഭാഗ വാദം

കവിത

 
ആദ്യം ശ്രദ്ധിച്ചത്
പഞ്ചായത്തിലെ കാരണവരായിരുന്നു .
ചോരപ്പറമ്പ്  പഞ്ചായത്തിലായിരുന്നു സംഭവം .
പഞ്ചായത്ത് കിണറില്‍ നിന്നൊരാര്‍ത്ത നാദം
പിന്നെ, കണ്ടു തിരയിളക്കം .
ചോരപ്പറമ്പ്  പഞ്ചായത്തുകാര്‍ ഓടിക്കൂടി
കിണറ്റിന്‍കര പഞ്ചായത്തായി .
എന്തോ പന്തികേടുണ്ടെന്ന് കാരണവര്‍ .
കാരണവര്‍ പഞ്ചായത്തിന്റെ പെരുന്തച്ചനാണ് .

ചോരപ്പറമ്പിലെ അമ്മമാര്‍
തിരയിളക്കിയ കിണറ്റിലെ വെള്ളം കോരിയെടുത്തു
വെള്ളത്തിന് ചുവപ്പ്  നിറമായിരുന്നു .
ബക്കറ്റിലും ചുവപ്പ് തിരയിളക്കിയിരുന്നു .
പത്രങ്ങളില്‍ വാര്‍ത്ത വന്നു
ചാനലുകള്‍ വാര്‍ത്ത തിന്നു .
പഞ്ചായത്ത് സെക്രട്ടറി പുറത്തുവന്നു .

"കിണറ്റിലെ തിരയും ബക്കറ്റിലെ തിരയും തിരയല്ല .
തിരയിളക്കുന്നത് വൈരുദ്ധ്യാത്മക മാധ്യമ സിന്റികേറ്റാണ് .
കിണറ്റിന്‍ കരയില്‍ ആരും നില്‍ക്കരുത് .
കിണറ്റിന്‍ കരയില്‍ ആരും വിസര്‍ജിക്കരുത് ".
പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവായി .
ജീവനില്‍ കൊതിയുള്ള പഞ്ചായത്തുകാര്‍ പിരിഞ്ഞു പോയി .
ജീവനില്‍ കൊതിയില്ലാത്ത കാരണവരും ,
ഒരമ്മയും , മകനും മാത്രം പിരിഞ്ഞുപോയില്ല .
അവര്‍ എട്ടാം ബ്ലോക്കുവഴി വരുന്ന
കാക്കികുപ്പായക്കാരെയും പട്ടികളെയും കാത്തുനിന്നു .

അന്നേരം കിണറ്റിനകത്ത് നിന്ന് മണികിലുക്കമുണ്ടായി .
ചോരപ്പറമ്പ് പഞ്ചായത്തുകാര്‍ വീണ്ടും ഓടിക്കൂടി .
കാക്കിക്കുപ്പായക്കാരും പട്ടികളും എത്തി.
"കിണറ്റിലെ ചുവന്ന തിരയും മണികിലുക്കവും
പ്രകൃതിയുടെ ഭൂഗര്‍ഭ പ്രതിഭാസമാണ് .
എല്ലാവരും പിരിഞ്ഞു പോകണം".
വീണ്ടും പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവായി .

ജീവനില്‍ കൊതിയില്ലാത്ത കാരണവരും ,അമ്മയും , മകനും,
കാക്കിക്കുപ്പായക്കാരും പട്ടികളും മാത്രം പിരിഞ്ഞുപോയില്ല .
അവര്‍ തിരയിളക്കവും മണികിലുക്കവുമുള്ള
ആ കിണറ്റിലെ വെള്ളം കോരിയെടുത്തു.
അവര്‍ക്ക് ഒരു ബക്കറ്റ് നിറയെ ആയുധങ്ങള്‍ കിട്ടി .

അതോടെ കിണറ്റിലെ മണി കിലുക്കം നിലച്ചു . 
കിണര്‍ അപ്രത്യക്ഷമായി .
"ഇതിനെയാണ് ,
വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന് പറയുന്നത്".
പഞ്ചായത്ത് സെക്രട്ടറി പഠിപ്പിച്ചു .

ഇതുകേട്ട കാരണവര്‍ക്ക്‌
ജീവനില്‍ കൊതിയുണ്ടായി .
കാരണവര്‍ ഒന്നും മിണ്ടിയില്ല .
ജീവനില്‍ കൊതിയില്ലാത്ത അമ്മയും മകനും പറഞ്ഞു ,
"ഇതിനെയാണ് ,
വൈധവ്യാത്മക പ്രതിഭാഗ വാദം എന്ന് പറയുന്നത് ".
അതുകേള്‍ക്കാന്‍ അപ്പോളവിടെ
കാരണവരും , പത്രക്കാരും ,
കാക്കിക്കുപ്പായക്കാരും, പട്ടികളും
ഉണ്ടായിരുന്നില്ല .

ഡോ.സി.ടി.വില്യം