Monday, June 18, 2012

മാധ്യമങ്ങള്‍ കൊല്ലുന്നു . പൊതുസമൂഹം തിന്നുന്നു


തലവാചകങ്ങള്‍ മാത്രം വായിച്ചും ,കണ്ടും ,കണക്കിലെടുത്തും സാമൂഹികവും, സാംസ്കാരികവും , രാഷ്ട്രീയവുമായ അവസാന തീര്‍പ്പുകളിലെത്തുന്ന ഒരു സമൂഹത്തില്‍നിന്നാണ് ഞാന്‍ ഇതെഴുതുന്നത് . അതുകൊണ്ടുതന്നെ അതി ദാരുണമായ ആ ദുരന്താവസ്ഥ ഈ കുറിപ്പിനും ഉണ്ടാവാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് .

മാധ്യമ രംഗത്ത്  പ്രധാനമായും ദൃശ്യ മാധ്യമ രംഗത്തുണ്ടായ ശാസ്ത്രീയവും വിവര സാങ്കേതികവുമായ വന്‍ പുരോഗതി നമ്മുടെ മാധ്യമ സംസ്കാരത്തെയും അനുവാചക - പ്രേക്ഷക സമൂഹത്തെയും പുതുക്കി പണിതിരിക്കുന്നു .

പത്രങ്ങളാല്‍ നിയന്ത്രിച്ചുപോരുന്ന എട്ടു കോളങ്ങള്‍ വീതമുള്ള പന്ത്രണ്ടോ പതിനാലോ പേജുകളിലെ വാര്‍ത്തായിടങ്ങളും , ചാനലുകളാല്‍ നിയന്ത്രിച്ചുപോരുന്ന സമയ സൂചികയുടെ ഇരുപത്തിനാലുഭാഗം  കൊണ്ട്  ഏഴു ദിനരാത്രങ്ങളെ ഗുണിച്ചുകിട്ടുന്ന സമയസ്ഥാനങ്ങളിലെ സംപ്രേക്ഷണയിടങ്ങളും, നമ്മുടെ പൊതു സമൂഹത്തെ നിലക്ക് നിര്‍ത്തുന്ന മധ്യവര്‍ത്തി ഘടകങ്ങളാവുന്നു.

മാധ്യമങ്ങളുടെ ഈ ഇടങ്ങളില്‍ അവര്‍ കൊന്നിടുന്ന വാര്‍ത്തകളെ പച്ചക്ക് തിന്നാന്‍ വിധിക്കപ്പെട്ട ഒരു പൊതുസമൂഹമാണ് ഇന്നിവിടെയുള്ളത് .  നാം അറിയേണ്ടതും സമൂഹത്തില്‍ അരുതാത്തതുമായ കുറ്റങ്ങളും പാപങ്ങളുമൊക്കെയാണ് മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രകാശിപ്പിക്കുന്നതും. എന്നാല്‍ ഈ വാര്‍ത്താവതരണങ്ങള്‍ എവ്വിധമാണ് ഒരു പൊതുസമൂഹത്തെ വൈചാരികമായും    വൈകാരികമായും ബാധിക്കുക എന്നുകൂടി മാധ്യമ ന്യായപീറങ്ങള്‍  മനസ്സിലാക്കേണ്ടതുണ്ട് .

കഴിഞ്ഞ കുറെ കാലങ്ങളായി പോതുസമൂഹത്തിനുനേരെ മാധ്യമങ്ങള്‍ അനാവരണം ചെയ്യുന്ന വിശ്വരൂപം പീഡനങ്ങളുടെതും  കൊലപാതകങ്ങളുടെതുമാണ് . അതിരാവിലെയുള്ള  അര മണിക്കൂര്‍ പത്ര പ്രദക്ഷിണവും അവശേഷിക്കുന്ന ഇരുപത്തിമൂന്നര മണിക്കൂറിന്റെ ചാനല്‍ നയനഭോഗവും ഈ പൊതുസമൂഹത്തെ പീഡനങ്ങളുടെയും  കൊലപാതകങ്ങളുടെയും ലഹരിയില്‍ മയക്കികിടത്തുന്നു .

സമൂഹത്തിലെ ഈ അരുതായ്മകളുടെ തനിയാവര്‍ത്തനങ്ങള്‍ സമൂഹത്തെ ഇത്തരം അരുതായ്മകളില്‍നിന്നും അകറ്റി നിര്‍ത്തുകയല്ല, മറിച്ച് അടുപ്പിച്ചുനിര്‍ത്തുകയാണ് ചെയ്യുന്നത് . അരുതായ്മളോട് ചേര്‍ന്നുനില്‍ക്കാന്‍ അവരെ നിരന്തരം പ്രേരിപ്പിക്കുകയാണ്  മാധ്യമങ്ങള്‍ ഈ തനിയാവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത് . പീഡനങ്ങളുടെയും  കൊലപാതകങ്ങളുടെയും ജിജ്ഞാസോല്‍സുകമായ വിധങ്ങളും, വഴികളും , സങ്കേതങ്ങളും   മാധ്യമങ്ങള്‍ ഈ പൊതുസമൂഹത്തെ പഠിപ്പിക്കുന്നു. അങ്ങനെ പീഡനങ്ങള്‍ കൂടുതല്‍ വിദഗ്ദമായ പീഡനങ്ങളിലേക്കും  കൊലപാതകങ്ങള്‍  കൂടുതല്‍ ശാസ്ത്രീയമായ   കൊലപാതകങ്ങളിലേക്കും വളര്‍ന്നുവികസിക്കുന്നു. അതുകൊണ്ടുതന്നെയാവണം ഭീകരമായ ഇത്തരം അരുതായ്മകള്‍ നാള്‍ക്കുനാള്‍ വളരുന്നതും പെരുകുന്നതും . പ്രതിസ്ഥാനത്ത് മാധ്യമങ്ങള്‍ തന്നെ .

നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ കൊന്നിട്ട് പോവുകയാണ് . പിന്നീട് വാര്‍ത്തകളുടെ മൃതദേഹങ്ങളെ കെട്ടുകാഴ്ചകളാക്കുകയാണ്. വാര്‍ത്തകളുടെ പുതിയ കൊലകള്‍ നടത്തുമ്പോള്‍ അവര്‍ പഴയ മൃതദേഹങ്ങളെ വേണ്ടുംവിധം സംസ്കരിക്കാതെ ഉപേക്ഷിച്ചുപോവുന്നു . മൃതദേഹങ്ങളോടുള്ള  അനാദരവ് പോലെതന്നെയാണ് വാര്‍ത്തകളോടുള്ള ഇത്തരം അനാദരവും . അങ്ങനെ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങളാണ് അടിയന്തിരാവസ്ഥ കാലത്തെ രാജന്റെത് , സിസ്റ്റര്‍ അഭയയുടെത് , ചേകന്നൂര്‍ മൌലവിയുടെത് , ശാരിയുടെത് , ജയകൃഷ്ണന്‍ മാഷിന്റേത് , സൌമ്യയുടെത് , ഇപ്പോളിതാ ഉപേക്ഷിക്കപ്പെടാന്‍ പോവുന്ന ടി .പി . ചന്ദ്രശേഖരന്റെത് .

നമ്മുടെ പൊതുസമൂഹം ഈ മൃതദേഹങ്ങളെ ഭക്ഷിക്കുന്നു . അവര്‍ അതിന് വിധിക്കപ്പെട്ടവരാണ് . മാധ്യമങ്ങള്‍ നമുക്ക് മുടങ്ങാതെ ഭക്ഷിക്കാനുള്ള മൃതദേഹങ്ങളെ തരുന്നു . മാധ്യമങ്ങള്‍  കൊല്ലുന്നു .  പൊതുസമൂഹം തിന്നുന്നു . അങ്ങനെ നാം ശവംതീനികളാവുന്നു. അവര്‍ കൊലയാളികളും.

ഡോ. സി .ടി . വില്യം   

No comments:

Post a Comment