Wednesday, October 23, 2013

സര്‍ഗ്ഗസപര്യയുടെ ജനാധിപത്യഭൂമി-www.williamct.blogspot.com


ടിയന്തിരാവസ്ഥയുടെ പരിസരത്തുവച്ചാണ് ഞാന്‍ എഴുത്തിനെ ഗൌരവമായി കാണാന്‍ തുടങ്ങിയത്. സ്വാഭാവികമായും കലാലയ കാലമായിരുന്നു അത്. അസ്തിത്ത്വവാദവും ആധുനികതയും ഉത്തരാധുനികതയും ഒന്നിനുപുറകെ ഒന്നൊന്നായി മുളപൊട്ടിയ കാലം. സാര്‍ത്രും കമ്യുവും കാഫ്കയും മലയാള സാഹിത്യത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ച കാലം. ആനന്ദും മുകുന്ദനും കാക്കനാടനും വേവുന്ന കാലം. വിളമ്പുന്നവനും വിശക്കുന്നവനും പീഡനകാലമായിരുന്നു അത്.

അടിയന്തിരാവസ്ഥ പുലര്‍ന്നപ്പോള്‍ വിളമ്പുകാരൊക്കെ അപ്രത്യക്ഷരായി. വിളമ്പുകാരും വിശക്കുന്നവരും സര്‍ക്കാരിന്റെ ഭക്ഷ്യവകുപ്പില്‍ അഭയം തേടുകയായിരുന്നു. ഭക്ഷ്യവകുപ്പിനുപുറത്ത് അപൂര്‍വ്വമായി വിളമ്പിയവരെയും ഭക്ഷിച്ചവരെയും സര്‍ക്കാര്‍ തന്നെ കണ്ടുകെട്ടിയിരുന്നു

പിന്നീട് അടിയന്തിരാവസ്ഥ അസ്തമിച്ചപ്പോള്‍ വിളമ്പുകാരൊക്കെ ചൊറിയന്‍പുഴു കണക്കെ എവിടെനിന്നോ നൂലിലിറങ്ങി. അനന്തരം വിളമ്പുകാരും വിശക്കുന്നവരും കുറച്ചുകാലം പരസ്പരം ചൊറിഞ്ഞു. സാഹിത്യത്തിന്റെ അസ്വസ്ഥകാലമായിരുന്നു അത്.

 

വൃത്തം തെറ്റിയ കവിതയുടെ താളം വന്നു. കഥയുടെ കലണ്ടര്‍ തെറ്റിച്ച് കഥയുടെ സൂക്ഷ്മാണുക്കളായി മിനിക്കഥകള്‍ പിറന്നു. കാലത്തിന്റെ ക്യാന്‍വാസ് ചെറുതാക്കി നോവലുകള്‍ക്കും രൂപാന്തരമുണ്ടായി. മിനി നോവലുകള്‍ പെയ്തിറങ്ങി. ആകെക്കൂടി എഴുത്തിന് വഴിതെറ്റുന്നതു പോലെയുള്ള ഒരു കാലമായിരുന്നു അത്
 
ഏതാണ്ട് ഈ കാലത്താണ് ഞാനും എഴുത്ത് തുടങ്ങിയത്. മാതൃഭുമി ആഴ്ചപ്പതിപ്പിലാണ് ആദ്യം പേരച്ചടിച്ചുവന്നത്. എഴുത്തുകാരനുള്ള ആദ്യ ത്തെ പ്രതിഫലവും തന്നത് മാതൃഭുമിയായിരുന്നു. പിന്നീടങ്ങോട്ട് എഴുത്തിന്റെ പ്രളയമായിരുന്നു. എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും പെരുമഴക്കാലം തീര്‍ത്തു. വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും ഉണ്ടായി. മറ്റുപലരേയും പോലെ ഞാനും എഴുത്ത് നിര്‍ത്തി പ്രസിദ്ധീകരണം തുടങ്ങി. “സരോവരം” സാഹിത്യ മാസിക അങ്ങനെ ഉണ്ടായതാണ്. പലരേയും പോലെ പന്തയത്തില്‍ ഞാനും തോറ്റ് കൊടുത്തു

പിന്നീടൊരു ഇടവേള. ഇടവേളക്കുശേഷം കര്‍ട്ടന്‍ ഉയര്‍ന്നു. എഴുത്ത് ഉയര്‍ത്തെഴുന്നേറ്റു. വൈജ്ഞാനികസാഹിത്യവും വിമര്‍ശനവും യാത്രാനുഭവവും കവിതയും എഴുത്തിന്റെ വഴികളായി. എഴുത്തിന്റെ ഒരു കുത്തക സ്ഥാപനത്തിനോടും സ്കൂളിനോടും ചേര്‍ന്നുനിന്നില്ല. അതു കൊണ്ടുതന്നെ എന്റെ എഴുത്തും വഴിയും എനിക്കും എന്റെ കുറച്ചു കൂട്ടുകാര്‍ക്കും മാത്രമായി തുറന്നുകിടന്നു

കുത്തക കൂട്ടുകെട്ടിനും സ്കൂള്‍പ്ര വേശനത്തിനും, മുതിര്‍ന്നവരും ഗുരുക്കന്മാരും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അതുകൊണ്ട് അക്കാദമികളിലും, കമ്മറ്റികളിലും, സംസ്കാര സാഹിതി സമിതികളിലും, ചത്തവന്റെ ഫൌണ്ടേഷനുകളിലും സ്മാരക മന്ദിരങ്ങളിലും അംഗത്ത്വം കിട്ടിയില്ല. അവാര്‍ഡും, ആദരവും, പൊന്നാടയും, പുരസ്കാരവും ഒത്തുവന്നില്ല. എന്റെ പുസ്തകങ്ങളും പുസ്തകവാര്‍ത്തകളും പത്രങ്ങളുടെ ചരമക്കോളങ്ങളില്‍ ചത്തുകിടന്നു. നഗരത്തിലെ മുന്‍നിര മദ്യശാലകളില്‍ മുന്‍നിര മദ്യം മുന്‍നിര പത്രാധിപന്മാര്‍ക്ക്‌ വിളമ്പിയിരുന്നെങ്കില്‍  എന്റെ പുസ്തകങ്ങളും പുസ്തകവാര്‍ത്തകളും പത്രത്തിന്റെ പൂമുഖത്തുതന്നെ  പ്രകാശിക്കുമായിരുന്നു.  എഴുത്ത് മാത്രം പോര എഴുത്തുകാരനാവാന്‍ എന്ന പ്രാഥമിക പാഠവും ഞാന്‍ പഠിച്ചു. എന്റെ സാഹിത്യത്തിന്റെ കന്യാചര്‍മ്മം ആരും പൊട്ടിച്ചില്ല. പ്രകൃതി അനുഗ്ര ഹിച്ചുതന്ന ചാരിത്ര്യശുദ്ധിയുള്ള എഴുത്തുകാരനായി ഞാന്‍ തുടരുന്നു

ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ട എഴുത്തിന്റെ ലോകമായിരുന്നു എനിക്കുചുറ്റും. പത്രാധിപര്‍ക്കുള്ള കത്ത് പോലും പ്രസിദ്ധീകരിച്ചു കാണണമെങ്കില്‍ എഡിറ്റോറിയല്‍ ഡെസ്കിലെ പത്രാധിപരുടെ പാനപാത്രം നിറക്കണമെന്ന ദുരവസ്ഥയുണ്ടായി. അവരുടെ പാനപാത്രം നിറച്ചവരുടെ വാര്‍ത്തകളും ചിത്രങ്ങളും (Paid News) പത്രങ്ങളില്‍ നിറഞ്ഞുതുളുമ്പി. പെയ്ഡ് ന്യുസ് തന്നെ രണ്ടുതരമാണ് പ്രീ പെയ്ഡ് ന്യുസും (Pre-paid News) പോസ്റ്റ്‌ പെയ്ഡ് ന്യുസും (Post-paid News). പണം മുന്‍‌കൂര്‍ കൊടുത്താല്‍ അത് പ്രീ പെയ്ഡ് ന്യുസും പണം സ്ഥിരമായി കൊടുത്തുകൊണ്ടിരുന്നാല്‍ അത് പോസ്റ്റ്‌ പെയ്ഡ് ന്യുസും. നമ്മുടെ പല എഴുത്തുകാരും പോസ്റ്റ്‌ പെയ്ഡ് ന്യുസിന്റെ വരിക്കാരാണ്. ചെറുകിട എഴുത്തുകാര്‍ക്കുള്ളതാണ് പ്രീ പെയ്ഡ് ന്യുസ് സംവിധാനം
 
ഈയൊരു ദുരന്ത കാലഘട്ടത്തിലാണ് സാക്ഷാല്‍ സരസ്വതി സൈബര്‍ ലോകത്ത് അവതരിച്ചത്. ബ്ലോഗും ഫേസ്ബുക്കും ട്വിട്ടറും സരസ്വതിയുടെ സാക്ഷാത്കാരങ്ങളായി. സാമൂഹ്യ മാധ്യമത്തില്‍ (Social Media) അങ്ങനെ എനിക്കും ഒരു സര്‍ഗ്ഗഭൂമിയായി. കുത്തക സ്ഥാപനങ്ങളും, സ്കൂളുകളും, അക്കാദമികളും, കമ്മറ്റികളും, ചത്തവന്റെ ഫൌണ്ടേഷനുകളും സ്മാരക മന്ദിരങ്ങളും, എഴുത്തിന്റെ ദല്ലാളുകളും, പാനപാത്രവുമായി യാചിച്ചുനില്‍ക്കുന്ന പത്രാധിപന്മാരുമില്ലാത്ത ഒരു സ്വര്‍ഗ്ഗഭൂമിയായിരുന്നു അത്. അവിടെ പ്രീ പെയ്ഡ് ന്യുസും (Pre-paid News) പോസ്റ്റ്‌ പെയ്ഡ് ന്യുസും (Post-paid News) ഇല്ലായിരുന്നു
.
എന്റെ സര്‍ഗ്ഗ-സ്വര്‍ഗ്ഗഭൂമിക്ക് ഞാന്‍ പേരിട്ടു. www.williamct.blogspot.com എഴുത്തിന്റെ സാര്‍വലൌകികമായ മേല്‍വിലാസം. 2010 ല്‍ സൈബര്‍ ദൈവങ്ങള്‍ പതിച്ചുതന്ന ഈ ഭൂമിയില്‍ ഞാന്‍ ഇന്ന് ഒറ്റക്കല്ല. എന്നെ സ്നേഹിക്കുന്ന-ആരാധിക്കുന്ന-തിരുത്തുന്ന-നേര്‍വഴിക്കുനയിക്കുന്ന കാല്‍ ലക്ഷത്തിലധികം സുഹൃത്തുക്കളുണ്ട്. അവര്‍ എന്നെ വായിക്കുന്നു. ഞാന്‍ അവരെ വായിക്കുന്നു. ഞങ്ങള്‍ വായിക്കപ്പെടുന്നു
.
സര്‍ഗ്ഗസപര്യയുടെ ജനാധിപത്യഭൂമിയാണ്‌ ഞങ്ങളുടേത്. കൃത്യമായി പറഞ്ഞാല്‍ 25525 സഹൃദയരുണ്ട് ഞങ്ങളുടെ ഈ ജനാധിപത്യഭൂമിയില്‍. www.williamct.blogspot.com എന്ന ഈ സര്‍ഗ്ഗ-സ്വര്‍ഗ്ഗഭൂമിയിലെ 25525 സഹൃദയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നന്ദി

ഡോ.സി.ടി.വില്യം                 

Tuesday, October 8, 2013

വടിയുടെ തത്ത്വചിന്താപരമായ പരിണാമം


“കൈകൊണ്ട് തല്ലെല്ലട കൊച്ചപ്പാ ....വട്യെടുത്ത് അടിയ്ക്കടാ..”

കൊച്ചുനാളില്‍ എന്റെ അപ്പന്‍ എന്നെ തല്ലുമ്പോള്‍ അമ്മൂമ അപ്പനോട് അപേക്ഷിക്കുന്നതിങ്ങനെയാണ്. എന്റെ അമ്മയും ഇമ്മാതിരി അപേക്ഷകള്‍ അപ്പന് സമര്‍പ്പിച്ചിരുന്നു. പക്ഷെ അതുകൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. അപ്പന്‍ എന്നെ കൈകൊണ്ടും കാലുകൊണ്ടുമൊക്കെ തൊഴിച്ചിരുന്നു. ഉള്ളത് പറയണമല്ലോ അതിനൊക്കെയുള്ള അര്‍ഹതയും എനിക്കുണ്ടായിരുന്നു. പട്ടാളക്കാരന്റെ ആയുധം കയ്യും മെയ്യും തോക്കുമൊക്കെ അല്ലെ. ഭാഗ്യത്തിന് അപ്പന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. 


ആമുഖമായി ഇത്രയുമെഴുതിയത്‌ അമ്മൂമക്കും അമ്മയ്ക്കും എന്നോടുള്ള സ്നേഹ വും അപ്പന് എന്നോടുണ്ടായിരുന്ന വെറുപ്പും സ്നേഹക്കുറവും രേഖപ്പെടുത്താനല്ല. മറിച്ച്, മനുഷ്യന്റെ വളര്‍ച്ചയുടെ ആധ്യമദ്ധ്യാന്തങ്ങളില്‍ വടി എന്ന അനിവാര്യമായ ഉത്തമ ഘടകത്തെക്കുറിച്ചു പറയാനായിരുന്നു. 

അമ്മൂമയും അമ്മയും ആവശ്യപ്പെട്ടത് വടികൊണ്ട് തല്ലണം എന്നുതന്നെയാണ്. തല്ലണ്ട എന്നൊരു ആവശ്യം അവര്‍ ഉന്നയിച്ചിരുന്നില്ല. അമ്മൂമയുടെയും അമ്മയുടെയും അപ്പീലില്‍ വിധിയൊന്നും വന്നില്ലെങ്കിലും എന്റെ കൌമാരത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ വച്ച് അപ്പന്‍ എന്നെ കൈകൊണ്ടും കാലുകൊണ്ടുമൊക്കെ തൊഴിക്കുന്നത് നിര്‍ത്തിയിരുന്നു. ഞാന്‍ നന്നാവില്ലെന്ന് അപ്പന് ബോധ്യം വന്നു കാണണം. ഞാന്‍ നന്നായെന്ന് നാളിതുവരെയും എനിക്ക് ബോധ്യം വന്നിട്ടുമില്ല.

പിന്നീട് വീടിന്റെ ഉത്തരത്തിനും കഴുക്കോലിനും പട്ടികക്കും ഇടയില്‍ ഒന്നോ രണ്ടോ വടികള്‍ ആരോ തിരുകിവച്ചിരുന്നു എന്നെ തല്ലാന്‍ എന്ന ഓര്‍മ്മയുണ്ട്. സ്കൂളില്‍ ചേര്‍ന്നപ്പോഴും ടീച്ചര്‍മാര്‍ വടിയും ചോക്കുമായാണ് എന്നെ നേരിട്ടിരുന്നത്. അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ എന്റെ വെളുവെളുത്ത കൈപ്പത്തി എത്രയോ തവണ ടീച്ചര്‍ക്ക് നീട്ടിക്കൊടുത്തിട്ടുണ്ടെന്നോ. ആ അടിയുടെ ചൂടും തരിപ്പും ഇന്നും ഓര്‍മ്മയില്‍ ഒരു ചെറുതീ കോരിയിടുന്നുണ്ട്. 

ശോശാമ്മ എന്നുപേരുള്ള ഒരു ഹിന്ദി ടീച്ചര്‍ എന്റെ രണ്ടു കാല്‍മുട്ടുകള്‍ക്കും പിന്നാമ്പുറത്തുള്ള മാംസളതയില്‍ മതിയാവോളം വടിപ്രയോഗം നടത്തി ചോര യൊലിപ്പിച്ചിട്ടുണ്ട്. ഒരു ക്രൂശുമരണം പോലെ ഞാന്‍ ഇന്നും അതോര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇന്നും സത്യകൃസ്ത്യാനികള്‍ക്ക് യഹൂദരോടെന്ന പോലെ ഹിന്ദി ടീച്ചര്‍മാരോടും ഭാഷയോടും ഒരുതരം വെറുപ്പും സ്നേഹക്കുറവും ഉണ്ട്.

വിദ്യാഭ്യാസത്തിന്റെ പത്താംതരം വരെയും വടി എന്നത് എനിക്ക് വേദനിപ്പിക്കുന്ന ഒന്നാംതരം ആയുധമായിരുന്നു. എന്നിരുന്നാലും സ്കൌട്സ് , എന്‍ സി സി തുടങ്ങിയ സൈനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വടി അധികാരത്തിന്റെ അന്തസ്സാവുന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നു. സാമൂഹ്യപാഠങ്ങളിലെ രാജാവിന്റെ ചെങ്കോലും, ബിഷപ്പ് , മാര്‍പ്പാപ്പ തുടങ്ങിയവരുടെ സ്വര്‍ണ്ണക്കോലും അധികാരത്തിന്റെ പ്രഭ ചൊരിഞ്ഞതും ഞാന്‍ പഠിച്ചറിഞ്ഞു. കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഖജനാവും അധികാരവും സമന്വയിപ്പിച്ച് “കോശദണ്ഡം” എന്നൊരു രാഷ്ട്രമിമാംസാപാഠവും ഇതിനിടെ ഞാന്‍ ഗവേഷണ ബുദ്ധിയോടെ ഹൃദിസ്ഥിതമാക്കിയിരുന്നു. 

അങ്ങനെ വടിയില്‍ ഹിംസയുടെ ന്യുനോര്‍ജ്ജവും (Negative Energy) അധികാരത്തിന്റെ അധികോര്‍ജ്ജവും (Positive Energy) ഞാന്‍ കണ്ടെത്തി. രസതന്ത്രത്തിലധിഷ്ടിതമായ തന്മാത്ര സിദ്ധാന്തവും ഇത് ശരിവക്കുന്നുണ്ടെന്ന സത്യവും ഞാന്‍ മനസ്സിലാക്കിയിരുന്നു. തന്മാത്രയില്‍ ന്യുനോര്‍ജ്ജത്തിന്റെ ഇലക്ട്രോണും (Electron) അധികോര്‍ജ്ജത്തിന്റെ പ്രോടോണും (Proton) ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണല്ലോ രസതന്ത്ര സിദ്ധാന്തം.

എന്നിലെ വടിവിവരം അങ്ങനെ പുരോഗമിക്കുകയായിരുന്നു. കാലക്രമേണ വടിക്ക് തത്ത്വചിന്താപരമായ ഒരു മാനം കൈവരുന്നത് ഞാന്‍ സൃഷ്ടിപരമായും അനുഭവിച്ചറിഞ്ഞു. ഞാന്‍ “ഇതുവരെ” തത്ത്വചിന്തയുടെ കാവ്യരൂപം എന്ന കൃതി എഴുതു മ്പോള്‍ വടി തത്ത്വചിന്തയുടെ പൂര്‍ണ്ണതയില്‍ ഒരു കവിതയായി ജനിക്കുകയായിരുന്നു. “വിവാഹം” എന്ന കവിതയില്‍ ഞാന്‍ ഇങ്ങനെ എഴുതി;


പെണ്ണിന് കുടയും
 ആണിന് വടിയുമാണ് വിവാഹം
കുടയുടെ പഴക്കവും 
വടിയുടെ വഴക്കവും 
വിവാഹഗതിയെ നിയന്ത്രിക്കുന്നു
  .

ഈയടുത്ത കാലത്ത് ഞാന്‍ വീണ്ടും വടിയുടെ തത്ത്വചിന്താപരമായ പരിണാമത്തിന്റെ മറ്റൊരു വികസിതരൂപം കൂടി നിരീക്ഷിച്ചറിഞ്ഞു. വീടിന്റെ മട്ടുപ്പാവില്‍ വെറുതെ ഒരു രസത്തിന് കുറച്ചുനേരം വടിയും കുത്തിനടന്നപ്പോഴായിരുന്നു ആ നിരീക്ഷണം അനുഭവമായത്. ആ നടത്തത്തില്‍ വടി എനിക്കൊരു അധികബലം പ്രദാനം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു. വടി ഒരു മൂന്നാംകാലായി പ്രവര്‍ത്തിച്ച്‌ എന്റെ നഷ്ടമായ യൌവ്വനം തിരിച്ചുപിടിക്കുന്നതുപോലെ അനുഭവപ്പെട്ടു. 

അങ്ങനെ വടിയുടെ പരിണാമദശയില്‍ വേദനിപ്പിക്കുന്നതിനും അധികാരപ്പെടുത്തുന്നതിനും അപ്പുറത്ത് വടി ശക്തിയുടെ-ആശ്രയത്തിന്റെ പുതുരൂപമാവുന്നത് ഞാനറിഞ്ഞു. വെറുതെ ഒരു രസത്തിന് ഞാന്‍ ഊന്നിയ ആ വടി പിന്നെ എനിക്ക് ഉപേക്ഷിക്കാനാവുന്നില്ല. വടി എനിക്ക് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ഒരു ആവശ്യമാവുകയായിരുന്നു.
ആ വടിയില്‍ ഊന്നി നിന്നുകൊണ്ട് ഞാന്‍ മട്ടുപ്പാവിന് താഴേക്ക്‌ നോക്കി. അപ്പോള്‍ എന്റെ അയല്‍വാസിയായ വൃദ്ധനായ ഡോക്ടര്‍ നാല് വടികളുള്ള ഒരു വടിസങ്കേതവുമായി (Walker) ഇഴഞ്ഞുനീങ്ങുന്നതു കണ്ടു. ആ കാഴ്ച്ചയെ സാമൂഹ്യശാസ്ത്രവും ശരി വയ്ക്കുന്നുണ്ടെന്നും എനിക്ക് ബോധ്യമായി. 

അതെ, വടി വളരുകയാണ്. ഒറ്റവടിയെന്ന വാക്കിംഗ് സ്ടിക്കില്‍ (Walking Stick) നിന്ന് നാല് വടികള്‍ ചേര്‍ത്തുവച്ച വാക്കിംഗ് സ്ടൂളിലേക്ക് (Walker) വടി പുരോഗമിക്കുകയാണ്. നിലവിലുള്ള എല്ലാ ശാസ്ത്രങ്ങള്‍ക്കും അപ്പുറത്ത് വടി ഒരു ആപേക്ഷിക ശാസ്ത്രവും സിദ്ധാന്തവുമായി രൂപാന്തരം പ്രാപിക്കുകയാണ്.

 
ഡോ.സി.ടി.വില്യം

Thursday, October 3, 2013

എഴുതുന്നവര്‍ എഴുതാതിരിക്കുമ്പോള്‍ ഇത്രയൊക്കെ ഓര്‍ക്കുക.

“ആയതുകൊണ്ട് നമുക്ക് മത്തങ്ങയെക്കുറിച്ചോ എരുമയെക്കുറിച്ചോ സംസാരിക്കാം”; എന്ന് പണ്ടൊരു കവി എഴുതിയത് ഓര്‍ത്ത് പോകുകയാണ്.

കാഴ്ചകള്‍ ഭീകരമാവുമ്പോഴും, കാണുന്നതും കണ്ടതും പറയുന്നത് കുറ്റ ക്രുത്യമാവുമ്പോഴും, ഇതൊന്നും കാണാനും കേള്‍ക്കാനും താല്പര്യമില്ലാത്ത ഒരു പൊതുസമൂഹം നിലനില്‍ക്കുമ്പോഴുമാണ് നേരത്തെ കവി പറഞ്ഞതുപോലെയുള്ള വൈകാരികവും ആക്ഷേപഹാസ്യപരവുമായ പ്രതിസന്ധികള്‍ ഉണ്ടാവുക.


വേദനയുടെ അങ്ങേ അറ്റം ആനന്ദകരമായ നിര്‍വൃതിയാണെന്ന് മഹര്‍ഷിമാരും മനശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാമൂഹ്യ മായ തിന്മകള്‍ കണ്ട് കണ്ണുനിറഞ്ഞ, കരളുമുറിഞ്ഞ കവി വേദനയുടെ അങ്ങേ അറ്റത്തെ ആനന്ദകരമായ നിര്‍വൃതിയെ പ്രാപിച്ചതില്‍ തെറ്റുപറയാനാവില്ല. ഈ അറ്റത്താണ് മത്തങ്ങയും എരുമയും ചിന്തയ്ക്ക് വിഷയമാവുന്നത്,



ഈയ്യിടെയായി എന്നോടും ചിലരൊക്കെ ചോദിക്കുന്നു, “ഇപ്പോള്‍ ഒന്നും എഴുതുന്നില്ലേ? എഴുത്ത് വറ്റിയോ? അല്ല, നിങ്ങളും എസ്ടാബ്ലിഷ്മെന്റിന്റെ ഭാഗമായോ?” എന്നൊക്കെ.
ഇത്തരം ചോദ്യങ്ങളൊന്നും ആത്മാര്‍ഥമായ ചോദ്യങ്ങളല്ല, തുശൂര്‍ക്കാരുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ “തോട്ടി” തന്നെ. എന്നുവച്ചാല്‍ ആത്മാര്‍ത്ഥമായ പരിഹാസം. ഞാന്‍ എഴുതിയതുപോട്ടെ; ആരെഴുതിയതും വായിക്കാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

ഒന്നും വായിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഞാന്‍ തയാറല്ല, കാരണം ഒരു പുസ്തകവും വായിക്കാത്ത എന്നാല്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഒരു പ്രസാധകനെ എനിക്ക് പരിചയമുണ്ട്, എന്തുകൊണ്ടാണ് ഈ പ്രസാധകന്‍ പുസ്തകങ്ങള്‍ വായിക്കാത്തത് എന്ന് ഞാനൊരിക്കല്‍ ഇയാളോട് ചോദിച്ചിരുന്നു.


ഉത്തരം ഇങ്ങനെ, “വായിച്ചാല്‍ എഴുത്തുകാരോടുള്ള ബഹുമാനം കൂടാനൊ കുറയാനോ സാധ്യതയുണ്ട്. രണ്ടായാലും അതെന്റെ പുസ്തകക്കച്ചവടത്തെ ബാധിക്കും. പുസ്തകം എനിക്ക് ചരക്ക് മാത്രമാണ്. വിറ്റഴിയുന്നതിനെ പ്രോത്സാഹിപ്പിക്കുക. വിറ്റുപോകാത്തതിനെ നിരുല്‍സാഹപ്പെടുത്തുക”. ഈ പ്രസാധകന്റെ ന്യായം ഒരിക്കല്‍ പോലും അന്യായമാവുന്നില്ല. കച്ചവടം തന്നെ സര്‍വ്വധനാല്‍ പ്രധാനം.


നേരത്തെ മത്തങ്ങയെകുറിച്ചും എരുമയെകുറിച്ചും പറഞ്ഞ കവിയുടെയും, കള്ളച്ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പോതുസമൂഹത്തിന്റെയും, വായനക്കാരനല്ലാത്ത പ്രസാധകന്റെയും മനോമണ്ഡലത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും എഴുതാനാവില്ല. അതുകൊണ്ടുതന്നെയാണ് ഞാനും എഴുതാതിരിക്കുന്നത്.


മൊബൈല്‍ ഫോണിലെ പടങ്ങളും, ഗൂഗിളിലെ വിശേഷങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും, ഒപ്പം തന്റെ വിവരക്കേടും സമം ചേര്‍ത്ത് ഏതാണ്ടൊരു അഴകൊഴമ്പന്‍ പാകത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ (Social Media) ഇലയിടാതെ വിളമ്പുമ്പോള്‍ എല്ലാം തികഞ്ഞൊരു പൊതുസമൂഹം ഉണ്ടാവുമത്രേ. അതാണ്‌ ഇന്നത്തെ പൊതുസമൂഹം.


ഇവിടെയും കൂട്ടം തെറ്റി മേയുന്നവരുണ്ട്. കൂട്ടം തെറ്റി മേയുന്നവര്‍ കാനേഷുമാരി കണക്കില്‍ വരില്ലല്ലോ? അതുകൊണ്ട് മേയാന്‍ പോയവര്‍ ആരൊക്കെയാണെന്നോ അവരില്‍ ആരൊക്കെ തിരിച്ചുവന്നെന്നോ ആര്‍ക്കുമറിയില്ല. മേച്ചില്‍സ്ഥലങ്ങളില്‍ എവിടെയെങ്കിലും വച്ച് അവരെ ആരെങ്കിലും കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടാവും. അവരെ നമുക്ക് മാവോയിസ്റ്റ് എന്നോ തീവ്രവാദി എന്നോ വിളിക്കാം.


എഴുതുന്നവര്‍ എഴുതാതിരിക്കുമ്പോള്‍ ഇത്രയൊക്കെ ഓര്‍ക്കുക.


ഡോ.സി.ടി.വില്യം