Wednesday, October 23, 2013

സര്‍ഗ്ഗസപര്യയുടെ ജനാധിപത്യഭൂമി-www.williamct.blogspot.com


ടിയന്തിരാവസ്ഥയുടെ പരിസരത്തുവച്ചാണ് ഞാന്‍ എഴുത്തിനെ ഗൌരവമായി കാണാന്‍ തുടങ്ങിയത്. സ്വാഭാവികമായും കലാലയ കാലമായിരുന്നു അത്. അസ്തിത്ത്വവാദവും ആധുനികതയും ഉത്തരാധുനികതയും ഒന്നിനുപുറകെ ഒന്നൊന്നായി മുളപൊട്ടിയ കാലം. സാര്‍ത്രും കമ്യുവും കാഫ്കയും മലയാള സാഹിത്യത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ച കാലം. ആനന്ദും മുകുന്ദനും കാക്കനാടനും വേവുന്ന കാലം. വിളമ്പുന്നവനും വിശക്കുന്നവനും പീഡനകാലമായിരുന്നു അത്.

അടിയന്തിരാവസ്ഥ പുലര്‍ന്നപ്പോള്‍ വിളമ്പുകാരൊക്കെ അപ്രത്യക്ഷരായി. വിളമ്പുകാരും വിശക്കുന്നവരും സര്‍ക്കാരിന്റെ ഭക്ഷ്യവകുപ്പില്‍ അഭയം തേടുകയായിരുന്നു. ഭക്ഷ്യവകുപ്പിനുപുറത്ത് അപൂര്‍വ്വമായി വിളമ്പിയവരെയും ഭക്ഷിച്ചവരെയും സര്‍ക്കാര്‍ തന്നെ കണ്ടുകെട്ടിയിരുന്നു

പിന്നീട് അടിയന്തിരാവസ്ഥ അസ്തമിച്ചപ്പോള്‍ വിളമ്പുകാരൊക്കെ ചൊറിയന്‍പുഴു കണക്കെ എവിടെനിന്നോ നൂലിലിറങ്ങി. അനന്തരം വിളമ്പുകാരും വിശക്കുന്നവരും കുറച്ചുകാലം പരസ്പരം ചൊറിഞ്ഞു. സാഹിത്യത്തിന്റെ അസ്വസ്ഥകാലമായിരുന്നു അത്.

 

വൃത്തം തെറ്റിയ കവിതയുടെ താളം വന്നു. കഥയുടെ കലണ്ടര്‍ തെറ്റിച്ച് കഥയുടെ സൂക്ഷ്മാണുക്കളായി മിനിക്കഥകള്‍ പിറന്നു. കാലത്തിന്റെ ക്യാന്‍വാസ് ചെറുതാക്കി നോവലുകള്‍ക്കും രൂപാന്തരമുണ്ടായി. മിനി നോവലുകള്‍ പെയ്തിറങ്ങി. ആകെക്കൂടി എഴുത്തിന് വഴിതെറ്റുന്നതു പോലെയുള്ള ഒരു കാലമായിരുന്നു അത്
 
ഏതാണ്ട് ഈ കാലത്താണ് ഞാനും എഴുത്ത് തുടങ്ങിയത്. മാതൃഭുമി ആഴ്ചപ്പതിപ്പിലാണ് ആദ്യം പേരച്ചടിച്ചുവന്നത്. എഴുത്തുകാരനുള്ള ആദ്യ ത്തെ പ്രതിഫലവും തന്നത് മാതൃഭുമിയായിരുന്നു. പിന്നീടങ്ങോട്ട് എഴുത്തിന്റെ പ്രളയമായിരുന്നു. എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും പെരുമഴക്കാലം തീര്‍ത്തു. വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും ഉണ്ടായി. മറ്റുപലരേയും പോലെ ഞാനും എഴുത്ത് നിര്‍ത്തി പ്രസിദ്ധീകരണം തുടങ്ങി. “സരോവരം” സാഹിത്യ മാസിക അങ്ങനെ ഉണ്ടായതാണ്. പലരേയും പോലെ പന്തയത്തില്‍ ഞാനും തോറ്റ് കൊടുത്തു

പിന്നീടൊരു ഇടവേള. ഇടവേളക്കുശേഷം കര്‍ട്ടന്‍ ഉയര്‍ന്നു. എഴുത്ത് ഉയര്‍ത്തെഴുന്നേറ്റു. വൈജ്ഞാനികസാഹിത്യവും വിമര്‍ശനവും യാത്രാനുഭവവും കവിതയും എഴുത്തിന്റെ വഴികളായി. എഴുത്തിന്റെ ഒരു കുത്തക സ്ഥാപനത്തിനോടും സ്കൂളിനോടും ചേര്‍ന്നുനിന്നില്ല. അതു കൊണ്ടുതന്നെ എന്റെ എഴുത്തും വഴിയും എനിക്കും എന്റെ കുറച്ചു കൂട്ടുകാര്‍ക്കും മാത്രമായി തുറന്നുകിടന്നു

കുത്തക കൂട്ടുകെട്ടിനും സ്കൂള്‍പ്ര വേശനത്തിനും, മുതിര്‍ന്നവരും ഗുരുക്കന്മാരും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അതുകൊണ്ട് അക്കാദമികളിലും, കമ്മറ്റികളിലും, സംസ്കാര സാഹിതി സമിതികളിലും, ചത്തവന്റെ ഫൌണ്ടേഷനുകളിലും സ്മാരക മന്ദിരങ്ങളിലും അംഗത്ത്വം കിട്ടിയില്ല. അവാര്‍ഡും, ആദരവും, പൊന്നാടയും, പുരസ്കാരവും ഒത്തുവന്നില്ല. എന്റെ പുസ്തകങ്ങളും പുസ്തകവാര്‍ത്തകളും പത്രങ്ങളുടെ ചരമക്കോളങ്ങളില്‍ ചത്തുകിടന്നു. നഗരത്തിലെ മുന്‍നിര മദ്യശാലകളില്‍ മുന്‍നിര മദ്യം മുന്‍നിര പത്രാധിപന്മാര്‍ക്ക്‌ വിളമ്പിയിരുന്നെങ്കില്‍  എന്റെ പുസ്തകങ്ങളും പുസ്തകവാര്‍ത്തകളും പത്രത്തിന്റെ പൂമുഖത്തുതന്നെ  പ്രകാശിക്കുമായിരുന്നു.  എഴുത്ത് മാത്രം പോര എഴുത്തുകാരനാവാന്‍ എന്ന പ്രാഥമിക പാഠവും ഞാന്‍ പഠിച്ചു. എന്റെ സാഹിത്യത്തിന്റെ കന്യാചര്‍മ്മം ആരും പൊട്ടിച്ചില്ല. പ്രകൃതി അനുഗ്ര ഹിച്ചുതന്ന ചാരിത്ര്യശുദ്ധിയുള്ള എഴുത്തുകാരനായി ഞാന്‍ തുടരുന്നു

ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ട എഴുത്തിന്റെ ലോകമായിരുന്നു എനിക്കുചുറ്റും. പത്രാധിപര്‍ക്കുള്ള കത്ത് പോലും പ്രസിദ്ധീകരിച്ചു കാണണമെങ്കില്‍ എഡിറ്റോറിയല്‍ ഡെസ്കിലെ പത്രാധിപരുടെ പാനപാത്രം നിറക്കണമെന്ന ദുരവസ്ഥയുണ്ടായി. അവരുടെ പാനപാത്രം നിറച്ചവരുടെ വാര്‍ത്തകളും ചിത്രങ്ങളും (Paid News) പത്രങ്ങളില്‍ നിറഞ്ഞുതുളുമ്പി. പെയ്ഡ് ന്യുസ് തന്നെ രണ്ടുതരമാണ് പ്രീ പെയ്ഡ് ന്യുസും (Pre-paid News) പോസ്റ്റ്‌ പെയ്ഡ് ന്യുസും (Post-paid News). പണം മുന്‍‌കൂര്‍ കൊടുത്താല്‍ അത് പ്രീ പെയ്ഡ് ന്യുസും പണം സ്ഥിരമായി കൊടുത്തുകൊണ്ടിരുന്നാല്‍ അത് പോസ്റ്റ്‌ പെയ്ഡ് ന്യുസും. നമ്മുടെ പല എഴുത്തുകാരും പോസ്റ്റ്‌ പെയ്ഡ് ന്യുസിന്റെ വരിക്കാരാണ്. ചെറുകിട എഴുത്തുകാര്‍ക്കുള്ളതാണ് പ്രീ പെയ്ഡ് ന്യുസ് സംവിധാനം
 
ഈയൊരു ദുരന്ത കാലഘട്ടത്തിലാണ് സാക്ഷാല്‍ സരസ്വതി സൈബര്‍ ലോകത്ത് അവതരിച്ചത്. ബ്ലോഗും ഫേസ്ബുക്കും ട്വിട്ടറും സരസ്വതിയുടെ സാക്ഷാത്കാരങ്ങളായി. സാമൂഹ്യ മാധ്യമത്തില്‍ (Social Media) അങ്ങനെ എനിക്കും ഒരു സര്‍ഗ്ഗഭൂമിയായി. കുത്തക സ്ഥാപനങ്ങളും, സ്കൂളുകളും, അക്കാദമികളും, കമ്മറ്റികളും, ചത്തവന്റെ ഫൌണ്ടേഷനുകളും സ്മാരക മന്ദിരങ്ങളും, എഴുത്തിന്റെ ദല്ലാളുകളും, പാനപാത്രവുമായി യാചിച്ചുനില്‍ക്കുന്ന പത്രാധിപന്മാരുമില്ലാത്ത ഒരു സ്വര്‍ഗ്ഗഭൂമിയായിരുന്നു അത്. അവിടെ പ്രീ പെയ്ഡ് ന്യുസും (Pre-paid News) പോസ്റ്റ്‌ പെയ്ഡ് ന്യുസും (Post-paid News) ഇല്ലായിരുന്നു
.
എന്റെ സര്‍ഗ്ഗ-സ്വര്‍ഗ്ഗഭൂമിക്ക് ഞാന്‍ പേരിട്ടു. www.williamct.blogspot.com എഴുത്തിന്റെ സാര്‍വലൌകികമായ മേല്‍വിലാസം. 2010 ല്‍ സൈബര്‍ ദൈവങ്ങള്‍ പതിച്ചുതന്ന ഈ ഭൂമിയില്‍ ഞാന്‍ ഇന്ന് ഒറ്റക്കല്ല. എന്നെ സ്നേഹിക്കുന്ന-ആരാധിക്കുന്ന-തിരുത്തുന്ന-നേര്‍വഴിക്കുനയിക്കുന്ന കാല്‍ ലക്ഷത്തിലധികം സുഹൃത്തുക്കളുണ്ട്. അവര്‍ എന്നെ വായിക്കുന്നു. ഞാന്‍ അവരെ വായിക്കുന്നു. ഞങ്ങള്‍ വായിക്കപ്പെടുന്നു
.
സര്‍ഗ്ഗസപര്യയുടെ ജനാധിപത്യഭൂമിയാണ്‌ ഞങ്ങളുടേത്. കൃത്യമായി പറഞ്ഞാല്‍ 25525 സഹൃദയരുണ്ട് ഞങ്ങളുടെ ഈ ജനാധിപത്യഭൂമിയില്‍. www.williamct.blogspot.com എന്ന ഈ സര്‍ഗ്ഗ-സ്വര്‍ഗ്ഗഭൂമിയിലെ 25525 സഹൃദയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നന്ദി

ഡോ.സി.ടി.വില്യം                 

No comments:

Post a Comment