Tuesday, October 8, 2013

വടിയുടെ തത്ത്വചിന്താപരമായ പരിണാമം


“കൈകൊണ്ട് തല്ലെല്ലട കൊച്ചപ്പാ ....വട്യെടുത്ത് അടിയ്ക്കടാ..”

കൊച്ചുനാളില്‍ എന്റെ അപ്പന്‍ എന്നെ തല്ലുമ്പോള്‍ അമ്മൂമ അപ്പനോട് അപേക്ഷിക്കുന്നതിങ്ങനെയാണ്. എന്റെ അമ്മയും ഇമ്മാതിരി അപേക്ഷകള്‍ അപ്പന് സമര്‍പ്പിച്ചിരുന്നു. പക്ഷെ അതുകൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. അപ്പന്‍ എന്നെ കൈകൊണ്ടും കാലുകൊണ്ടുമൊക്കെ തൊഴിച്ചിരുന്നു. ഉള്ളത് പറയണമല്ലോ അതിനൊക്കെയുള്ള അര്‍ഹതയും എനിക്കുണ്ടായിരുന്നു. പട്ടാളക്കാരന്റെ ആയുധം കയ്യും മെയ്യും തോക്കുമൊക്കെ അല്ലെ. ഭാഗ്യത്തിന് അപ്പന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. 


ആമുഖമായി ഇത്രയുമെഴുതിയത്‌ അമ്മൂമക്കും അമ്മയ്ക്കും എന്നോടുള്ള സ്നേഹ വും അപ്പന് എന്നോടുണ്ടായിരുന്ന വെറുപ്പും സ്നേഹക്കുറവും രേഖപ്പെടുത്താനല്ല. മറിച്ച്, മനുഷ്യന്റെ വളര്‍ച്ചയുടെ ആധ്യമദ്ധ്യാന്തങ്ങളില്‍ വടി എന്ന അനിവാര്യമായ ഉത്തമ ഘടകത്തെക്കുറിച്ചു പറയാനായിരുന്നു. 

അമ്മൂമയും അമ്മയും ആവശ്യപ്പെട്ടത് വടികൊണ്ട് തല്ലണം എന്നുതന്നെയാണ്. തല്ലണ്ട എന്നൊരു ആവശ്യം അവര്‍ ഉന്നയിച്ചിരുന്നില്ല. അമ്മൂമയുടെയും അമ്മയുടെയും അപ്പീലില്‍ വിധിയൊന്നും വന്നില്ലെങ്കിലും എന്റെ കൌമാരത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ വച്ച് അപ്പന്‍ എന്നെ കൈകൊണ്ടും കാലുകൊണ്ടുമൊക്കെ തൊഴിക്കുന്നത് നിര്‍ത്തിയിരുന്നു. ഞാന്‍ നന്നാവില്ലെന്ന് അപ്പന് ബോധ്യം വന്നു കാണണം. ഞാന്‍ നന്നായെന്ന് നാളിതുവരെയും എനിക്ക് ബോധ്യം വന്നിട്ടുമില്ല.

പിന്നീട് വീടിന്റെ ഉത്തരത്തിനും കഴുക്കോലിനും പട്ടികക്കും ഇടയില്‍ ഒന്നോ രണ്ടോ വടികള്‍ ആരോ തിരുകിവച്ചിരുന്നു എന്നെ തല്ലാന്‍ എന്ന ഓര്‍മ്മയുണ്ട്. സ്കൂളില്‍ ചേര്‍ന്നപ്പോഴും ടീച്ചര്‍മാര്‍ വടിയും ചോക്കുമായാണ് എന്നെ നേരിട്ടിരുന്നത്. അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ എന്റെ വെളുവെളുത്ത കൈപ്പത്തി എത്രയോ തവണ ടീച്ചര്‍ക്ക് നീട്ടിക്കൊടുത്തിട്ടുണ്ടെന്നോ. ആ അടിയുടെ ചൂടും തരിപ്പും ഇന്നും ഓര്‍മ്മയില്‍ ഒരു ചെറുതീ കോരിയിടുന്നുണ്ട്. 

ശോശാമ്മ എന്നുപേരുള്ള ഒരു ഹിന്ദി ടീച്ചര്‍ എന്റെ രണ്ടു കാല്‍മുട്ടുകള്‍ക്കും പിന്നാമ്പുറത്തുള്ള മാംസളതയില്‍ മതിയാവോളം വടിപ്രയോഗം നടത്തി ചോര യൊലിപ്പിച്ചിട്ടുണ്ട്. ഒരു ക്രൂശുമരണം പോലെ ഞാന്‍ ഇന്നും അതോര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇന്നും സത്യകൃസ്ത്യാനികള്‍ക്ക് യഹൂദരോടെന്ന പോലെ ഹിന്ദി ടീച്ചര്‍മാരോടും ഭാഷയോടും ഒരുതരം വെറുപ്പും സ്നേഹക്കുറവും ഉണ്ട്.

വിദ്യാഭ്യാസത്തിന്റെ പത്താംതരം വരെയും വടി എന്നത് എനിക്ക് വേദനിപ്പിക്കുന്ന ഒന്നാംതരം ആയുധമായിരുന്നു. എന്നിരുന്നാലും സ്കൌട്സ് , എന്‍ സി സി തുടങ്ങിയ സൈനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വടി അധികാരത്തിന്റെ അന്തസ്സാവുന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നു. സാമൂഹ്യപാഠങ്ങളിലെ രാജാവിന്റെ ചെങ്കോലും, ബിഷപ്പ് , മാര്‍പ്പാപ്പ തുടങ്ങിയവരുടെ സ്വര്‍ണ്ണക്കോലും അധികാരത്തിന്റെ പ്രഭ ചൊരിഞ്ഞതും ഞാന്‍ പഠിച്ചറിഞ്ഞു. കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഖജനാവും അധികാരവും സമന്വയിപ്പിച്ച് “കോശദണ്ഡം” എന്നൊരു രാഷ്ട്രമിമാംസാപാഠവും ഇതിനിടെ ഞാന്‍ ഗവേഷണ ബുദ്ധിയോടെ ഹൃദിസ്ഥിതമാക്കിയിരുന്നു. 

അങ്ങനെ വടിയില്‍ ഹിംസയുടെ ന്യുനോര്‍ജ്ജവും (Negative Energy) അധികാരത്തിന്റെ അധികോര്‍ജ്ജവും (Positive Energy) ഞാന്‍ കണ്ടെത്തി. രസതന്ത്രത്തിലധിഷ്ടിതമായ തന്മാത്ര സിദ്ധാന്തവും ഇത് ശരിവക്കുന്നുണ്ടെന്ന സത്യവും ഞാന്‍ മനസ്സിലാക്കിയിരുന്നു. തന്മാത്രയില്‍ ന്യുനോര്‍ജ്ജത്തിന്റെ ഇലക്ട്രോണും (Electron) അധികോര്‍ജ്ജത്തിന്റെ പ്രോടോണും (Proton) ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണല്ലോ രസതന്ത്ര സിദ്ധാന്തം.

എന്നിലെ വടിവിവരം അങ്ങനെ പുരോഗമിക്കുകയായിരുന്നു. കാലക്രമേണ വടിക്ക് തത്ത്വചിന്താപരമായ ഒരു മാനം കൈവരുന്നത് ഞാന്‍ സൃഷ്ടിപരമായും അനുഭവിച്ചറിഞ്ഞു. ഞാന്‍ “ഇതുവരെ” തത്ത്വചിന്തയുടെ കാവ്യരൂപം എന്ന കൃതി എഴുതു മ്പോള്‍ വടി തത്ത്വചിന്തയുടെ പൂര്‍ണ്ണതയില്‍ ഒരു കവിതയായി ജനിക്കുകയായിരുന്നു. “വിവാഹം” എന്ന കവിതയില്‍ ഞാന്‍ ഇങ്ങനെ എഴുതി;


പെണ്ണിന് കുടയും
 ആണിന് വടിയുമാണ് വിവാഹം
കുടയുടെ പഴക്കവും 
വടിയുടെ വഴക്കവും 
വിവാഹഗതിയെ നിയന്ത്രിക്കുന്നു
  .

ഈയടുത്ത കാലത്ത് ഞാന്‍ വീണ്ടും വടിയുടെ തത്ത്വചിന്താപരമായ പരിണാമത്തിന്റെ മറ്റൊരു വികസിതരൂപം കൂടി നിരീക്ഷിച്ചറിഞ്ഞു. വീടിന്റെ മട്ടുപ്പാവില്‍ വെറുതെ ഒരു രസത്തിന് കുറച്ചുനേരം വടിയും കുത്തിനടന്നപ്പോഴായിരുന്നു ആ നിരീക്ഷണം അനുഭവമായത്. ആ നടത്തത്തില്‍ വടി എനിക്കൊരു അധികബലം പ്രദാനം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു. വടി ഒരു മൂന്നാംകാലായി പ്രവര്‍ത്തിച്ച്‌ എന്റെ നഷ്ടമായ യൌവ്വനം തിരിച്ചുപിടിക്കുന്നതുപോലെ അനുഭവപ്പെട്ടു. 

അങ്ങനെ വടിയുടെ പരിണാമദശയില്‍ വേദനിപ്പിക്കുന്നതിനും അധികാരപ്പെടുത്തുന്നതിനും അപ്പുറത്ത് വടി ശക്തിയുടെ-ആശ്രയത്തിന്റെ പുതുരൂപമാവുന്നത് ഞാനറിഞ്ഞു. വെറുതെ ഒരു രസത്തിന് ഞാന്‍ ഊന്നിയ ആ വടി പിന്നെ എനിക്ക് ഉപേക്ഷിക്കാനാവുന്നില്ല. വടി എനിക്ക് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ഒരു ആവശ്യമാവുകയായിരുന്നു.
ആ വടിയില്‍ ഊന്നി നിന്നുകൊണ്ട് ഞാന്‍ മട്ടുപ്പാവിന് താഴേക്ക്‌ നോക്കി. അപ്പോള്‍ എന്റെ അയല്‍വാസിയായ വൃദ്ധനായ ഡോക്ടര്‍ നാല് വടികളുള്ള ഒരു വടിസങ്കേതവുമായി (Walker) ഇഴഞ്ഞുനീങ്ങുന്നതു കണ്ടു. ആ കാഴ്ച്ചയെ സാമൂഹ്യശാസ്ത്രവും ശരി വയ്ക്കുന്നുണ്ടെന്നും എനിക്ക് ബോധ്യമായി. 

അതെ, വടി വളരുകയാണ്. ഒറ്റവടിയെന്ന വാക്കിംഗ് സ്ടിക്കില്‍ (Walking Stick) നിന്ന് നാല് വടികള്‍ ചേര്‍ത്തുവച്ച വാക്കിംഗ് സ്ടൂളിലേക്ക് (Walker) വടി പുരോഗമിക്കുകയാണ്. നിലവിലുള്ള എല്ലാ ശാസ്ത്രങ്ങള്‍ക്കും അപ്പുറത്ത് വടി ഒരു ആപേക്ഷിക ശാസ്ത്രവും സിദ്ധാന്തവുമായി രൂപാന്തരം പ്രാപിക്കുകയാണ്.

 
ഡോ.സി.ടി.വില്യം

No comments:

Post a Comment