Saturday, January 26, 2019

കേരളം കാണാത്തവന്‍ കര്‍ണാടകത്തിലെ കൂര്‍ഗ് കാണുമ്പോള്‍ എട്ടിന്റെ പണി.

നമ്മുടെ വിനോദസഞ്ചാര മേഖല മൊത്തം ഒരു വ്യവസായം മാത്രമായി അധപതിച്ചിരിക്കുന്നു. നേരും നെറിയും ഇന്ന് ഈ മേഖലക്ക് കൈമോശം വന്നിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പലതും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. നേരും നെറിയുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും അതിദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ആരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഇത്തരത്തില്‍ നേരും നെറിയും കെട്ട അവസ്ഥയില്‍ എത്തിക്കുന്നത്. സര്‍ക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഈ മേഖലയില്‍ പണിയെടുക്കുന്ന യാത്രാസേവന ദാതാക്കളായ ട്രാവല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും വെബ്സൈറ്റുകള്‍ക്കും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന യാത്രാ വിവരണ പത്രപ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമ ബ്ലോഗ്ഗര്‍മാര്‍ക്കും ഇതില്‍ കാര്യമായ കയ്യുണ്ട്‌. സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും അത്തരത്തില്‍ വഴിപിഴച്ചുപോകുന്നത് ടൂറിസം വഴി സ്വരൂപിക്കേണ്ട അധിക വരുമാനത്തെക്കുറിച്ചുള്ള ഉത്കണ്ട കൊണ്ടാണെന്ന ആനുകൂല്യത്തിന്മേല്‍ നമുക്ക് അവരെ വെറുതെ വിടാം.

എന്നാല്‍ ട്രാവല്‍ ബിസിനസ് സ്ഥാപനങ്ങളും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന ബഹുഭൂരിപക്ഷം യാത്രാ വിവരണ പത്രപ്രവര്‍ത്തകരും സമൂഹമാധ്യമ ബ്ലോഗ്ഗര്‍മാരും അങ്ങനെയല്ല. അവര്‍ സത്യത്തിലും ഇവിടുത്തെ ജനങ്ങളേയും വിനോദ സഞ്ചാരികളേയും അക്ഷരാര്‍ത്ഥത്തിലും പറ്റിക്കുകയാണ്. ചിത്രങ്ങളേയും വീഡിയോകളേയും അത്യാധുനിക സോഫ്റ്റ്‌വെയര്‍ മുഖാന്തിരം കൃത്രിമമായി നിറവും ചലനഗതിയും ചേര്‍ത്തു പടച്ചുണ്ടാക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വര്‍ത്തമാന പ്രചാരണം ഏറെക്കുറെ മുഴുവനും കാശിനോ തത്തുല്യമായ ദ്രവ്യങ്ങള്‍ക്കോ വേണ്ടി നിര്‍വ്വഹിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

നമ്മുടെ ട്രാവല്‍ വെബ്സൈറ്റുകള്‍ പലതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച്  നമുക്ക് തരുന്ന വിവരങ്ങളെല്ലാം തന്നെ ഊതിവീര്‍പ്പിച്ചവയാണ് എന്നുമാത്രമല്ല അവയൊക്കെ സത്യത്തിനും നീതിക്കും നിരക്കാത്തതുമാണ്. കൃത്യമായി പഠിച്ചാല്‍ നമുക്ക് മനസ്സിലാവുന്നത് അവയൊക്കെ കാലഹരണപ്പെട്ട വസ്തുതകളും വിവരണങ്ങളും ആണെന്നാണ്‌. അഞ്ചോ ആറോ ഇത്തരം വെബ്സൈറ്റുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഇത് വ്യക്തമാവും. ഇവയിലൊക്കെ ഒരേ വിവരണം തന്നെയായിരിക്കും കൊടുത്തിരിക്കുക. അത് മിക്കവാറും സര്‍ക്കാരിന്റെയോ വിനോദ സഞ്ചാര വകുപ്പിന്റെയോ അതുമല്ലെങ്കില്‍ വിക്കിപീഡിയയുടെയോ ഏതോ കാലത്തെ പരിഷ്കരിക്കപ്പെടാത്ത വിവരണങ്ങളുടെയും വസ്തുതകളുടെയും അസ്സല്‍ പകര്‍പ്പായിരിക്കും. അതോടൊപ്പം ഇവര്‍ കൊടുക്കുന്ന കൃത്രിമമായുണ്ടാക്കിയ  ചിത്രങ്ങളും വീഡിയോകളുമാണ് സത്യത്തിന്‍റെ മുഖം വികൃതമാക്കുന്നത്.

ഇത്തരത്തിലുള്ള മനോജ്ഞ മനോഹരങ്ങളായ ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ട്‌ നാം വിനോദ കേന്ദ്രങ്ങളിലെത്തുമ്പോഴാണ് വസ്തുതകള്‍ തകിടം മറയുന്നത്. ഇവര്‍ മുഖാന്തിരം നാം ബുക്ക് ചെയ്ത താമസസ്ഥലം, ഭക്ഷണം മുതല്‍ ഇവര്‍ നമ്മേ വല്ലാതെ മോഹിപ്പിച്ച വിനോദ സഞ്ചാര ചിത്രങ്ങളും ദൃശ്യങ്ങളും വരെ പച്ച കള്ളമായിരുന്നുവെന്ന സത്യം നമുക്ക് ബോധ്യമാവുന്നത്‌ നാം ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുമ്പോഴാണ്.  (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ പ്രതിപാദിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഞാന്‍ ഈയ്യിടെ അനുഭവിച്ച ഒരു വിനോദസഞ്ചാര കേന്ദ്രത്തെ കുറിച്ച് മാത്രം പറയാം. ഇത്തരത്തിലുള്ള ഒരു ട്രാവല്‍ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്താണ് ഞാന്‍ ഈയ്യിടെ കര്‍ണാടകത്തിലെ കൂര്‍ഗ് അഥവാ കുടക് എന്നിടത്ത് എത്തിയത്. വനശ്രീ എന്ന പേരിലുള്ള ഈ ഹോം സ്റ്റേ ക്ക് രണ്ടുരാത്രിയുടെ ഒരു പാക്കേജിന് ജി.എസ്.ടി. അടക്കം എട്ടായിരം രൂപയാണ്, ഭക്ഷണ ഒഴികെ വിലയിട്ടത്. ഒരു കന്നഡ പത്രപ്രവര്‍ത്തകനാണ് ഈ ഹോം സ്റ്റേ യുടെ ഉടമ.

എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളേയും പോലെ സ്ഥലത്തിനും ഭൂപ്രകൃതിക്കും ഇണങ്ങുന്ന വിധം നല്ല ആകര്‍ഷകമായ പേരുകളും വിവരണങ്ങളുമാണ് ഇവര്‍ ഇത്തരം താമസ സ്ഥലങ്ങള്‍ക്ക് നല്‍കുക. എന്നാല്‍ ഞാന്‍ വനശ്രിയില്‍ എത്തുമ്പോള്‍ വെബ്സൈറ്റില്‍ കൊടുത്ത ചിത്രവും വിവരണവും നാം നേരില്‍ കാണുന്ന ചിത്രവും വിശദാംശങ്ങളും തമ്മില്‍ അജഗജാന്തരം മാറ്റമുണ്ടായിരുന്നു. ഇത് ഏറെക്കുറെ എല്ലാ താമസ സ്ഥലങ്ങള്‍ക്കും ബാധകമായിരിക്കും. അതിനേക്കാള്‍ രസകരമായ വസ്തുത ഈ താമസ സ്ഥലത്തിന്‍റെ യഥാര്‍ത്ഥ വാടക മൂന്നു ദിവസത്തേക്ക് കേവലം 2400 രൂപ മാത്രമാണെന്ന് ഈ താമസ സ്ഥലത്തിന്‍റെ നടത്തിപ്പുകാരന്‍ പവന്‍ പറയുന്നു. അപ്പോള്‍ ട്രാവല്‍ വെബ്സൈറ്റും, വനശ്രി ഹോം സ്റ്റേ ഉടമയും ബ്ലോഗ്ഗര്‍മാരും കൂടി എന്നില്‍ നിന്ന് കൊള്ളയടിച്ചത് ഏകദേശം 6000 രൂപയാണെന്നോര്‍ക്കുക. കാര്യങ്ങള്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ഞാന്‍ ഈ പരിസരത്ത് ചുറ്റിക്കറങ്ങിയപ്പോള്‍ മനസ്സിലാക്കാനായത് ഇതിലും കുറവിലും ഇവിടെ താമസസ്ഥലങ്ങള്‍ ലഭ്യമായിരുന്നു എന്നാണ്. എന്തായാലും നടത്തിപ്പുകാരന്‍ പവനന്റെ ഭക്ഷണം വളരെ സ്വാദിഷ്ടമായിരുന്നു എന്ന് പറയാതെ വയ്യ.

വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ഇന്റര്‍നെറ്റ് വിവര സങ്കേതങ്ങള്‍ നമ്മെ പലപ്പോഴും വഞ്ചിക്കുന്നതിന്റെയും ഊരാക്കുടുക്കില്‍ വീഴ്ത്തുന്നതിന്റെയും ഒരു ചെറിയ അനുഭാവോദാഹരണമാണ് ഞാന്‍ ഇവിടെ കൊടുക്കുന്നത്. നമ്മള്‍ അത്തരത്തില്‍ എത്തിപ്പെടുന്ന കുടുക്കുകള്‍ ഇവിടെയും അവസാനിക്കുന്നില്ല.

നമ്മള്‍ ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ താമസ സ്ഥലം ഉറപ്പുവരുത്താന്‍ നമുക്ക് പണം ഭാഗികമായോ മുഴുവനായോ മുന്‍കൂറായി കൊടുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ നമുക്ക് പിന്നീട് താമസസ്ഥലം മാറുകയും അസാധ്യമാണ്. ഈ സാഹചര്യത്തില്‍ നാം വീണ്ടും ഹോം സ്റ്റേ ഉടമയുമായി ബന്ധപ്പെടുമ്പോള്‍ നല്ലവന്‍ എന്നുതോന്നിക്കുന്ന അയാള്‍ നമുക്ക് മറ്റൊരു ഉപായവും പറഞ്ഞുതരും. അതിങ്ങനെ. നമ്മള്‍ താമസ സ്ഥലം ബുക്ക് ചെയ്ത ട്രാവല്‍ വെബ്സൈറ്റുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ ബുക്കിംഗ് ഇന്റര്‍നെറ്റ് മുഖാന്തിരം തന്നെ ക്യാന്‍സല്‍ ചെയ്യുന്നു. അപ്പോള്‍ നമുക്ക് ജി.എസ്.ടി. വകയില്‍ ഏകദേശം ആയിരം രൂപയോളം ഈ നല്ല മനുഷ്യന്‍ വിട്ടുതരുന്നു. ഇവിടെ രണ്ട് കുതന്ത്രം നടക്കുന്നു. ഒന്ന്, നമ്മുടെ ഹോം സ്റ്റേ ഉടമയുടെ ബിസിനസ് വിഹിതമായ നികുതി കൊടുക്കാതെ അയാള്‍ സര്‍ക്കാരിനെ പറ്റിക്കുന്നു. നാമും അതിനു ഗത്യന്തരമില്ലാതെ കൂട്ടുനില്‍ക്കുന്നു. രണ്ട്, മിക്കവാറും അനധികൃതമായി നടത്തുന്ന ഈ ഹോം സ്റ്റേ ഉടമ സര്‍ക്കാരിന്റെ രേഖകളില്‍ പെടാതെ തടിയൂരുന്നു. കര്‍ണാടകത്തിലെ മാത്രം കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലാക്കാനായത് ഇവിടെ ഇത്തരം ഏകദേശം 5000 ഹോം സ്റ്റേകള്‍ ഉണ്ടെന്നാണ്. അവയില്‍ 500 എണ്ണത്തിനു മാത്രമാണ് നിയമപ്രകാരമുള്ള സര്‍ക്കാരിന്റെ അനുമതി പത്രങ്ങളുള്ളൂ എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.

ഇതൊക്കെയാണെങ്കിലും ഇവിടുങ്ങളിലെ ഹോം സ്റ്റെകള്‍ ഒട്ടുമിക്കവാറും ലാഭത്തിലാണ്. അതെന്തുകൊണ്ട് എന്നും പരിശോധിക്കേണ്ടതാണ്. ഇവിടേക്ക് വരുന്നവരില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണ്. കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശമായ ഇവിടെ എത്തിച്ചേരുന്നതിന്നും വലിയ പ്രയാസമില്ല. എന്നാല്‍ ഇവിടെനിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇവിടെയെത്തുന്ന കൂടുതല്‍ മലയാളികളും മദ്യപാന ആഘോഷങ്ങള്‍ക്കും മറ്റു അവിഹിത വ്യവഹാരങ്ങള്‍ക്കുമാണെന്നാണ്. മദ്യം, മദിരാക്ഷി, ലഹരിമരുന്നു വ്യവഹാരങ്ങള്‍ മറ്റു അവിഹിതങ്ങള്‍ എല്ലാം ഇവിടെ നിര്‍ഭയം നിരന്തരം നടക്കുന്നുവത്രേ. ഇവിടെ നമുക്ക് ആരെയും ഭയക്കേണ്ടതില്ല. ഈ വനാന്തര പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇത്തരം അനധികൃത താമസ താവളങ്ങളില്‍ ഒരു പോലീസും ഉദ്യോസ്ഥരും എത്തില്ല. കാരണം അവര്‍ക്കുള്ളതെല്ലാം ഈ അനധികൃത ഒളിത്താവള ഉടമകള്‍ എത്തിക്കുന്നുണ്ടായിരിക്കണം.

ഇനി കൂര്‍ഗ്ഗിലെ കാണാകാഴ്ച്ചകളിലേക്ക് കടക്കാം. ഇവിടുത്തെ കാഴ്ച്ചകള്‍ക്ക് മഴക്കാലമായിരിക്കും കൂടുതല്‍ നല്ലതെന്ന് വേണമെങ്കില്‍ പറയാമെങ്കിലും കേരളം കണ്ടിട്ടുള്ള ഒരു ശരാശരി കേരളീയന് കൂര്‍ഗ് വിശേഷിച്ചൊരു കാഴ്ച്ചകളും സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെ ഏകദേശം പത്തോളം പ്രധാന വിനോദസഞ്ചാര ആകര്‍ഷക കേന്ദ്രങ്ങള്‍ ഉള്ളതായാണ് പറയപ്പെടുന്നത്‌. അവയിങ്ങനെ. അബി വെള്ളച്ചാട്ടം, ബ്രമ്മഗിരി കൊടുമുടി, ദുബേര ആന പാര്‍ക്ക്, ഇരുപ്പൂ വെള്ളച്ചാട്ടം, നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക്, ചേട്ടള്ളി കാപ്പിത്തോട്ടങ്ങള്‍, രാജാ സീറ്റ്, മണ്ടാലപ്പട്ടി കുന്നിന്‍ താഴ്വരകള്‍, സുവര്‍ണ്ണ ബൌദ്ധ ക്ഷേത്രം, കാവേരി നിസ്സര്‍ഗ്ഗ ദാമം. വേറെയും ആകര്‍ഷക കേന്ദ്രങ്ങള്‍ ഉള്ളതായും പറയപ്പെടുനുണ്ട്. എന്നാല്‍ ഈ പറയുന്ന വിനോദ സഞ്ചാര ആകര്‍ഷക കേന്ദ്രങ്ങളൊന്നുംതന്നെ കേരളം കണ്ട വിനോദസഞ്ചാരികള്‍ക്ക് കേമങ്ങളാവാന്‍ തരമില്ല.  (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ഞാന്‍ കൂര്‍ഗ്ഗില്‍ കണ്ട ഈ ആകര്‍ഷക കേന്ദ്രങ്ങളൊന്നും തന്നെ ഒരു കേരളീയനായ വിനോദ സഞ്ചാരിയെന്ന നിലയില്‍ ആകര്‍ഷക കേന്ദ്രങ്ങളെന്നുപറയാന്‍ ഞാന്‍ തയ്യാറല്ല. നമ്മുടെ കൊച്ചു കേരളത്തിന്റെ കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന വിനോദസഞ്ചാര ആകര്‍ഷക കേന്ദ്രങ്ങളോട് കിടപിടിക്കാന്‍ കഴിവുള്ള ഒരു ആകര്‍ഷക വിനോദ കേന്ദ്രവും കര്‍ണാടകത്തില്‍ അഥവാ ഇവിടെ കൂര്‍ഗില്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. നമ്മുടെ വയനാടും, നിലമ്പൂരും, ഗുരുവായൂരും, അതിരപ്പിള്ളിയും, കൊച്ചിയും, മൂന്നാറും , ആലപ്പുഴയും, ഇടുക്കിയും, തേക്കടിയും, പൊന്മുടിയും, കോവളവും, കുമരകവും, മട്ടാഞ്ചേരിയും, കന്യാകുമാരിയും കേരളത്തിന്റെ തീരദേശങ്ങളും, ബീച്ചുകളും, ജല സംഭരണികളും കാടുകളും, ക്ഷേത്രങ്ങളും, നദികളും, പുഴകളും എല്ലാതന്നെ മികച്ചവയാണ്. എന്നാല്‍ നമ്മുടെ വിനോദസഞ്ചാരികളില്‍ പലരും കേരളം മുഴുവനും കാണാതെയാണ് കേരളത്തിനു പുറത്തും വിദേശത്തും വിനോദസഞ്ചാരം നടത്തുന്നത് എന്നതാണ് ആശ്ചര്യകരമായ വസ്തുത.

ഒരു ഉദാഹരണത്തിന്നായി ഞാന്‍ കൂര്‍ഗ്ഗിലേക്ക് തന്നെ തിരിച്ചുവരട്ടെ. ഇവിടുത്തെ പ്രമാദമായ അബി വെള്ളച്ചാട്ടം നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആയിരത്തില്‍ ഒരംശം പോലുമില്ല. പ്രേത ബാധയേറ്റതുപോലെ ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്നത് കാണാം. നമ്മുടെ ഗുരുവായൂരിലെ ആനക്കോട്ടയും തേക്കടി ആന വനകേന്ദ്രങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇവിടുത്തെ ദുബേര ആനപാര്‍ക്ക് ഒരു കളിപ്പാട്ടം പോലെ ശുഷ്കിതമാവുന്നു. ഇവിടുത്തെ ആകര്‍ഷക കേന്ദ്രങ്ങളായ ക്ഷേത്ര പരിസരങ്ങളും വൃത്തിയിലും വെടിപ്പിലുമല്ല സംരക്ഷിക്കപ്പെടുന്നത്. നിസ്സര്‍ഗ്ഗ ദാമും രാജാ സീറ്റും ജലസംഭരണി പ്രദേശങ്ങളും സമ്പൂര്‍ണ്ണമായും മാലിന്യം നിറഞ്ഞുകിടക്കുന്നു. ആകെക്കൂടി ഒരു ആശ്വാസത്തിന് ഇവിടുത്തെ ഒരു സുവര്‍ണ്ണ ബുദ്ധ ക്ഷേത്രം മാതമുണ്ട് വിനോദ സഞ്ചാരികള്‍ക്ക് കാണാന്‍.

എല്ലാ ആകര്‍ഷണ കേന്ദ്രത്തിലേക്കുമുള്ള വഴികളും ദുഷ്കരങ്ങളാണ്. എല്ലാം എടുത്തുപറഞ്ഞുകൊണ്ട് സമയം കളഞ്ഞിട്ടു കാര്യമില്ലല്ലോ. ഇവിടുത്തെ കുന്നുകള്‍ക്കോ പുഴകള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ ഉദ്യാനങ്ങള്‍ക്കോ പാര്‍ക്കുകള്‍ക്കോ എന്തിന് റോഡുകള്‍ക്ക് പോലും കേരളത്തോളം മികവില്ല എന്നുപറയേണ്ടിവരുന്നു. മാത്രമല്ല, കേരളത്തെ അപേക്ഷിച്ച് പറയുകയാണെങ്കില്‍ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും തന്നെ സര്‍ക്കാര്‍ തീരെ പരിപാലിക്കപ്പെടുന്നില്ലെന്നുവേണം പറയാന്‍.
ഇതെക്കുറിച്ചൊക്കെ ഇവിടുത്തെ ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഉത്തരവും പ്രതികരണവും രസാവഹമായിരുന്നു.

അതിമനോഹരമായ കേരളം കണ്ടവര്‍ക്ക് കൂര്‍ഗ് യാതൊരു കാരണവശാലും ആസ്വാദ്യകരമാവില്ല എന്നവര്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, ഇത് കര്‍ണാടകത്തില്‍ ഉള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം മാറിത്താമസിക്കാന്‍ മാത്രം കൊള്ളാവുന്ന സ്ഥലമാണെന്നും അവര്‍ പറയുന്നു. ഇതൊരു വിനോദ സഞ്ചാരകേന്ദ്രത്തെക്കാള്‍ ഉപരി സ്റ്റേക്കേഷന്‍ (Staycation) കേന്ദ്രമാണെന്നും അവര്‍ ഉറപ്പിച്ചുപറയുന്നുണ്ട്. 

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പോരായ്മകളെക്കുറിച്ചു പ്രതിപാദിച്ചപ്പോള്‍ അവരുടെ പ്രതികരണം സര്‍ക്കാരിന്നും വിനോദ സഞ്ചാര വകുപ്പിന്നും എതിരായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഇവിടേക്ക് ഒഴുകുന്നുവെന്നതിന് ഒരുത്തരമേ ഉള്ളൂ; നാം ഇനിയും നമ്മുടെ കേരളം ഭാഗികമായെങ്കിലും കണ്ടിട്ടില്ല; അല്ലെങ്കില്‍ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ആപ്തവാക്യം ഇവിടെ സത്യമാവുന്നു; അതുമല്ലെങ്കില്‍ സ്വന്തം നാടിനെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന മലയാളിയുടെ കൊള്ളരുതാത്ത അഹങ്കാരമാവാം പൊങ്ങച്ചമാവാം.  (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Friday, January 25, 2019

വര്‍ഷ എന്ന പെണ്‍കുട്ടിയും ബൊമ്മാവാലകളും

നമസ്കാരം ഈ ലക്കം ബൊമ്മവാലകളാണ് ബ്ലോഗ്ഗില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്വാഗതം, ബൊമ്മകളുടെ വര്‍ണ്ണ പ്രപഞ്ചത്തിലേക്ക് ഒപ്പം പ്രതിമാനിര്‍മ്മാണ കലയുടെ പ്രതിഭകളുടെ ലോകത്തേക്ക്. ( ഈ വീഡിയോ യൂടൂബില്‍ കാണാന്‍ ക്ലിക്ക് ചെയ്യുക.) 

ശബരിമല വിഷയം തല്‍ക്കാലത്തേക്ക് പെയ്തൊഴിഞ്ഞാലും ഈ ബൊമ്മാവാലകള്‍ ഒരുപക്ഷേ ഭാവിയില്‍ അന്യംനിന്നുപോകാന്‍ ഇടയുണ്ട്. ഇപ്പോള്‍ തന്നെ വഴിയാധാരമാക്കപ്പെട്ട ഈ മനുഷ്യജീവിതങ്ങള്‍ നാളെ ഒരുപക്ഷേ കാടുകയറെണ്ടതായും വന്നേക്കാം. എല്ലാ ആചാരങ്ങളും അനാചാരങ്ങളും നടക്കുന്നത് ഇതുപോലെയുള്ള ബോമ്മകളേയോ പ്രതിമകളെയോ ചുറ്റിപ്പറ്റിയാണല്ലോ എന്നൊരു ആരോപണം വരുംകാലങ്ങളില്‍ നമുക്ക് പ്രതീക്ഷിക്കേണ്ടിവരും.

വര്‍ണ്ണ വൈവിധ്യങ്ങളുടെ ശബളിമയില്‍ വഴിയോരങ്ങളില്‍ കാഴ്ച്ചകളാവുന്ന ഈ പ്രതിമാനിര്‍മ്മാണത്തില്‍ കലയും ശാസ്ത്രവും കരവിരുതും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.

പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് നിര്‍മ്മിതിയുടെ തുടക്കം. ആദ്യം അച്ചുകളില്‍ നിന്ന് പ്രതിമകള്‍ രൂപം കൊള്ളുന്നു. പിന്നെ രൂപങ്ങളെ ചെത്തിമിനുക്കി രൂപങ്ങളുടെ ഘടന കൃത്യമാക്കുന്നു. പിന്നീടവയെ ചായമെഴുന്നതിന്നായി പ്രൈമര്‍ ലായിനിയില്‍ കുളിപ്പിച്ചെടുക്കുന്നു. അതിനുശേഷമാണ് വര്‍ണ്ണങ്ങളും വരകളും ഭാവങ്ങളും പ്രതിമകള്‍ക്ക് മിഴിവേകുക. എല്ലാത്തിനും വേറെവേറെ കലാകാരന്മാരാണ്. കലാകാരന്മാര്‍ എന്നുപറയുമ്പോള്‍ അവരില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഉണ്ടാവും.

ഇതൊരു വംശീയ കലയാണ്. രാജസ്ഥാനില്‍ നിന്നെത്തിയ അഞ്ചു കുടുംബങ്ങളാണ് യാത്രാമദ്ധ്യേ സീറ്റി സ്കാനിന്റെ കണ്ണില്‍ കുരുങ്ങിയത്. ഇവര്‍ 25 വര്‍ഷമായി ഈ കൊച്ചുകേരളത്തിലുണ്ട്. കാല്‍ നൂറ്റാണ്ടായി വഴിയോരങ്ങളില്‍ നിന്ന് വഴിയോരങ്ങളിലേക്ക് മാറിമാറി പാര്‍ക്കുന്ന ഇവര്‍ ഒരുപക്ഷെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുന്നുണ്ടാവാം. അതുവഴി കടന്നുപോകുന്ന പലരും ചിത്രങ്ങളും സെല്‍ഫികളും സ്വന്തമാക്കി കടന്നുപോകുമ്പോഴും ഞാന്‍ മാത്രമായിരിക്കാം ഈ വംശീയ കലാകുടുംബത്തിലേക്ക് ചേക്കേറിയത്.

കളിപറയുന്ന നാണവും നിഷ്കളങ്കതയും ഒളിച്ചുകളിക്കുന്ന പതിനാലുകാരിയായ ഈ രാജസ്ഥാനി പെണ്‍കുട്ടിയെ നമുക്കൊന്നു കേട്ടുനോക്കാം. ഇവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. മലയാളവും പഠിക്കുന്നുണ്ട്. പറയുന്നുണ്ട്. ഇവള്‍ നാളെ ജയിക്കാം ജയിക്കാതിരിക്കാം. എന്ജിനീയറാവാനോ ഡോക്ടറാവാനോ ഇവള്‍ എന്ട്രന്‍സ് കോച്ചിങ്ങിനൊന്നും പോവില്ല. ഇവള്‍ക്ക് അതെക്കുറിച്ചോന്നും അറിയില്ല. ഇവളുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍; എന്തെങ്കിലുമൊക്കെ ആവട്ടെ. ഈ കൊച്ചുകലാകാരിയുടെ പ്രതീക്ഷകളും പ്രത്യാശകളും സ്വപ്നങ്ങളുമെല്ലാം ഈ ദേവ പ്രതിമകളില്‍ എവിടെയോ ഒളിച്ചുകിടക്കുകയാണ്.

ഈ കുടുംബങ്ങളുടെ ജീവിതം പൂര്‍ണ്ണമായും ഈ കണ്ണു തുറക്കാനാവാത്ത മിണ്ടാനാവാത്ത ദേവ പ്രതിമകളോടൊപ്പമാണ്. വീടും പണിശാലയും കുട്ടികളുടെ പഠനമുറിയും ഇവിടുത്തെ പാവം സ്ത്രീകളുടെ പ്രസവമുറിയുമെല്ലാം ഈ വഴിയോരങ്ങള്‍ തന്നെ. ഇവിടെയുള്ള അഞ്ചു കുടുംബങ്ങളില്‍ നിന്നായി 27 കുട്ടികള്‍ കേരളത്തിലെ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്ക് സത്യത്തില്‍ വീടില്ല, അടുക്കളയില്ല,കിടപ്പുമുറിയില്ല, മേശയും കസേരയുമുള്ള പഠനമുറിയില്ല, വൈദ്യുതി വെളിച്ചമില്ല. കാരണം ഇവര്‍ ബൊമ്മാവാലകളാണ്. വഴിയോരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഷെഡുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഏതോ ഒരു രാത്രി ഈ കുട്ടികള്‍ വഴിവിളക്കിന്റെ പ്രകാശത്തില്‍ പഠിക്കുന്നത് കണ്ടപ്പോള്‍ നന്മനിറഞ്ഞ ആരോ ഒരാള്‍ കൊടുത്തതാണത്രേ ഇപ്പോള്‍ ഇവര്‍ക്ക് ആശ്രയമായിരിക്കുന്ന ഇവിടെ കാണുന്ന സോളാര്‍ വിളക്കുകള്‍.

500 മുതല്‍ 1000 രൂപവരെയാണ് പ്രതിമകളുടെ വില. പ്രതിമകളില്‍ കൂടുതലും ദൈവങ്ങളാണ്. ആനയും കുതിരയും തത്തയുമെല്ലാം ഉണ്ടെങ്കിലും ദേവ പ്രതിമകള്‍ തന്നെയാണ് കൂടുതലും. ദൈവങ്ങളില്‍ ശ്രീകൃഷ്ണ ഭഗവാനാണ് കൂടുതല്‍ വിറ്റഴിയുന്നത്. യേശുക്രിസ്തുവിന്റെ പ്രധാന രൂപങ്ങളില്ല. മാതാവും ഉണ്ണിയേശുവുമെല്ലാം ഉണ്ട്. മിക്കവാറും എല്ലാ ഭാവങ്ങളിലുമുള്ള ശ്രീകൃഷ്ണ പ്രതിമകള്‍ ധാരാളമുണ്ടിവിടെ. ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് ഇവരുടെ ഉപജീവനം ഉറപ്പിക്കുന്നത്.

ചിത്രങ്ങളും വീഡിയോകളും ഷൂട്ടുചെയ്ത് ഈ ബൊമ്മാവാലകളെ പിരിയുമ്പോള്‍ വര്‍ഷ എന്ന പാവം കലാകാരിയുടെ, പത്താം ക്ലാസ്സുകാരിയുടെ മുഖത്തെ നാണത്തിനും നിഷ്കളങ്കതയ്ക്കും അപ്പുറം അവളുടെ ഭാവിജീവിതം നമ്മെ നൊമ്പരപ്പെടുത്തുന്നുണ്ടാവും. അവളുടെ പ്രതീക്ഷകളും പ്രത്യാശകളും സ്വപ്നങ്ങളുമെല്ലാം പൂവണിയുമോ. ഏതെങ്കിലും സര്‍ക്കാരോ കോടതിയോ ഭാവിയില്‍ ഇവരുടെ പ്രതിമാനിര്‍മ്മാണം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ട്‌ ഏതെങ്കിലും തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുമോ. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ ഏന്നുമാത്രം ഞാന്‍ മനസ്സുരുകി പ്രാര്‍ഥിക്കുന്നു.

ബ്ലോഗ്ഗിന്റെ ഈ ലക്കം പ്രതിമകളോടൊപ്പം കൊച്ചു കലാകാരി വര്‍ഷയോടൊപ്പം ഇവിടെ അവസാനിക്കുന്നു. വര്‍ഷയ്ക്ക് വേണ്ടി നിങ്ങള്‍ എന്റെ യൂടൂബിലെ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്യണം. ഷെയര്‍ ചെയ്യണം. ഇത്തരം വീഡിയോകള്‍ക്ക് വേണ്ടി ബെല്‍ ബട്ടണ്‍ അമര്‍ത്തണം. ഗുഡ്ബൈ.

Friday, January 11, 2019

മതിലുകള്‍ക്ക് പിന്നിലെ മനശാസ്ത്രം; ഭരണകൂടത്തിന്റെയും.



തിലുകള്‍ എക്കാലത്തും വിഭജനത്തിന്റെയും വിഭാഗീയതയുടെയും പ്രതീകമാണ്. മതിലുകള്‍ മനുഷ്യന്‍ നിര്‍മ്മിക്കുമ്പോള്‍ അവിടെ വിഭജനവും വിഭാഗീയതയും കൃത്യമാവുന്നു. അത് മനുഷ്യസമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പണിയുമ്പോള്‍ അവിടെ വിഭജനവും വിഭാഗീയതയും വര്‍ഗ്ഗീയതയും പൂര്‍ണ്ണമാവുന്നു. കേരളത്തില്‍ ഭരണകൂടത്തിന്റെ അല്ലെങ്കില്‍ മുഖ്യ ഭരണകര്‍ത്താവിന്റെ നേതൃത്തത്തില്‍ പണിതുയര്‍ത്തിയ മതില്‍ ഇത്തരത്തിലുള്ള പൂര്‍ണ്ണതയെ പ്രാപിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ വസ്തുതകളെ വിശ്വസിക്കാമെങ്കില്‍ മതിലുകള്‍ ഒരുകാലത്തും നവോത്ഥാന സഹൃദം പുലര്‍ത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല. (യൂട്യുബ്:Link to youtube )

കേരളത്തില്‍ മതില്‍ നിര്‍മ്മിക്കപ്പെട്ടത് നവോത്ഥാനവും സ്ത്രീ-പുരുഷ തുല്യതയും ദൃഡീകരിക്കാന്‍ വേണ്ടിയായിരുന്നെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്‌ കേരള ഭരണകൂടം മതില്‍ നിര്‍മ്മിതിക്ക് തുനിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഈ വസ്തുതകളെല്ലാം ശരിയെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ കാണുന്ന വിഭജിത-വിഭാഗീയ-വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നിമിത്തമായതും നവോത്ഥാനത്തിന്റെ മറവിലും സുപ്രീംകോടതി വിധിയുടെ മറവിലും പണിതുയര്‍ത്തിയ ഭരണകൂട മതിലാണ് എന്നും പറയേണ്ടിവരും. അതേസമയം സദുദ്ദേശത്തിന്റെ കൃത്രിമ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ഈ ഭരണകൂട മതിലിനെ മഹത്വവല്‍ക്കരിക്കുകയും ആവാം. ഈ മഹത്വവല്‍ക്കരണമാണ് ഇന്ന് കേരളത്തില്‍ ഉടനീളം നടക്കുന്നതും.

ഇവിടെ കേരളത്തിന്റെ ഭരണകര്‍ത്താവായ മുഖ്യമന്ത്രി നേരിട്ടാണ് മതില്‍ നിര്‍മ്മിതിക്കുള്ള സംഘാടനത്തിന് നേതൃത്തം കൊടുത്തതെന്നതും ശ്രദ്ധേയമാണ്. സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിന്നായി സ്ത്രീകളില്‍ ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി ലക്ഷ്യം വച്ചത്. അതില്‍ പ്രഥമ ദൃഷ്ട്യാ തെറ്റുപറയാനുമാവില്ല. അതേസമയം മേല്‍പ്പറഞ്ഞ വിഭജിത-വിഭാഗീയ-വര്‍ഗ്ഗീയ നിര്‍മ്മിതിക്കും കലാപങ്ങള്‍ക്കും ഈ മതില്‍ മുഖ്യ നിമിത്തമായെന്ന സത്യവും പറയാതെ വയ്യ. ഒപ്പം ലിംഗ വിവേചനം, രാഷ്ട്രീയം, ജാതി, മതം, വര്‍ഗ്ഗം, സമുദായം എന്നിങ്ങനെ സമൂഹത്തില്‍ ഒരു സ്വാര്‍ത്ഥബോധം വളര്‍ത്തിയെടുക്കുന്നതിലും മതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചെന്നും നമുക്ക് പറയേണ്ടിവരും.

വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും വനിതാമതില്‍ വിജയിച്ചു. റെക്കോര്‍ഡുകളോടെ അദ്ധ്യായമായെന്നും ചരിത്രമായെന്നും നമുക്ക് ആലങ്കാരികമായി ഉദ്ഘോഷിക്കാം. മതില്‍ നിര്‍മ്മിതിക്കും സംഘാടനത്തിനും ചുക്കാന്‍ പിടിച്ച കേരള ഭരണകൂടത്തിനും മുഖ്യ ഭരണകര്‍ത്താവിനും അണികള്‍ക്കും സന്തോഷിക്കാം, ആനന്ദിക്കാം.

അതേസമയം നമുക്ക് പറയാനുള്ളത് പറയാതിരിക്കാനാവില്ല. അതൊക്കെ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ കേള്‍ക്കുകയും വേണം. വനിതാമതില്‍ ഉയര്‍ത്തപ്പെട്ട നാളുകള്‍ക്ക് അനുബന്ധമായിതന്നെ ശബരിമല യുവതി പ്രവേശവും സാധ്യമാക്കിയെന്നത് ഒരിക്കലും സ്വാഭാവികമല്ല. വനിതകള്‍ അറിയാതെ, അണികള്‍ അറിയാതെ ഈ മതില്‍ നിര്‍മ്മിതിയില്‍ ഒരു കുടില രാഷ്ട്രീയ നിര്‍മ്മിതി കൂടി ഉണ്ടായിരുന്നതിന്റെ തെളിവുകൂടിയാണ് ശബരിമല യുവതി പ്രവേശം. ഒരു സുരക്ഷിത പരിചപോലെ പശ്ചാത്തലത്തില്‍ നിലകൊണ്ട സുപ്രീംകോടതി വിധി നടപ്പാക്കിയെന്ന സത്യം നിലനില്‍ക്കുമ്പോഴും, ഒരു ഭരണകര്‍ത്താവും അയാളുടെ ക്രമസമാധാന കൂട്ടാളികളും കൂടി നടത്തിയ ഒരു പൊളിറ്റിക്കല്‍-സോഷ്യോളജിക്കല്‍ എന്ജിനീയറിംഗിന്റെ രഹസ്യ രേഖാചിത്രങ്ങളും നമ്മുടെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ  രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര തച്ചുശാസ്ത്രം എത്രത്തോളം അധാര്‍മ്മികമായിരുന്നു എന്നത് അന്വേഷിക്കാനും കണ്ടെത്താനും കേരളത്തിലെ ജനങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്നതും ഭരണകൂടം ഓര്‍ത്താല്‍ നന്ന്.

മതില്‍ നിര്‍മ്മിതിയെ തുടര്‍ന്നുണ്ടായ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അശാന്തിയും അസമാധാനവും കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അനൌദ്യോഗികമായി ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഏതാണ്ട് പതിനായിരക്കണക്കിന്നു കേസുകളും അറസ്റ്റുകളും റിമാണ്ടുകളും കേരളത്തില്‍ സംഭവിച്ചുവെന്നാണ്. വരുംനാളുകളില്‍ ഇതില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാവുമെന്നും കരുതേണ്ടിയിരിക്കുന്നു.

മതില്‍ നിര്‍മ്മാണവും ശബരിമല യുവതി പ്രവേശവും തമ്മില്‍ ആസൂത്രിതവും ഘടനാപരവുമായ ബന്ധമുണ്ടായിരുന്നു എന്നുപറയുന്നതില്‍ തെറ്റില്ല. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വര്‍ത്തമാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ രഹസ്യ ബന്ധം നമുക്ക് സ്ഥാപിച്ചെടുക്കാനാവും.

അതോടൊപ്പം തന്നെ ശബരിമല പ്രവേശം സാധ്യമാക്കിയ യുവതികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സാമൂഹ്യ പ്രതിജ്ഞാ ബദ്ധതയുടെ ദൌത്യ പൂര്‍ത്തീകരണം മാത്രമായിരുന്നെന്നും കാണാവുന്നതാണ്. യുവതികളുടെ ശബരിമല പ്രവേശത്തിന് മതിലൊരുക്കി സുരക്ഷ ഏര്‍പ്പെടുത്തിയ ഭരണകൂടത്തിനും ഭരണകര്‍ത്താവിനും അതൊരു രാഷ്ട്രീയാഹന്തയുടെ ദൌത്യ പൂര്‍ത്തീകരണവും ആയിരുന്നെന്നതും വസ്തുതാപരമായ സത്യമാണ്.

ഈ പരിസരത്തുനിന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് മതില്‍ നിര്‍മ്മിതിയും, ശബരിമല യുവതി പ്രവേശവും, സുപ്രീംകോടതി വിധി നടപ്പാക്കലും കേവലം രാഷ്ട്രീയ ഉപകരണങ്ങള്‍ മാത്രമായിരുന്നു എന്നാണ്. മതില്‍ നിര്‍മ്മിച്ചവരും മതിലില്‍ ചാരിനിന്നവരും പക്ഷെ, ഇതൊന്നും ഇപ്പോള്‍ മനസ്സിലാക്കാന്‍ ഇടയില്ല. അവരെ അതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ചുമതല കാലത്തിനാണ്. ചരിത്രത്തിനാണ്.


ഓരോ വ്യക്തിക്കും സമൂഹത്തിനും സാമാന്യേന മൂന്നു മനശാസ്ത്ര തലങ്ങളുള്ളതായി മനശാസ്ത്രം പറയുന്നുണ്ട്. Id അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കില്‍ അഹങ്കാരം, Super ego അഥവാ വിഷിഷ്ടാന്തകരണം എന്നിവയാണ് ആ മൂന്നുതലങ്ങള്‍. മതിലിന്റെ മനശാസ്ത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് നമ്മുടെ ഭരണകൂടത്തിനും മുഖ്യ ഭരണകര്‍ത്താവിനും മൂന്നാം തലമായ Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥാവിശേഷം ഉണ്ടായിരുന്നു എന്നാണ്. ഇതൊരു മനോരോഗമല്ല. അതേസമയം മനശാസ്ത്രപരമായ സമീപനം കൊണ്ട് തിരുത്തിയെടുക്കാവുന്ന മനോനിലയാണ്.

എന്താണ് Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥ. Id അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കില്‍ അഹങ്കാരം തുടങ്ങിയവയുടെ ഒരു പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടുള്ള അങ്ങേയറ്റത്തെ വിശിഷ്ടമായ ഒരു അന്തകരണത്തിന് അടിമപ്പെടുകയാണ് ഇവിടെ  Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥക്ക് വിധേയനാവുന്ന വ്യക്തി അല്ലെങ്കില്‍ സമൂഹം. ഇതൊരുതരം ചോദ്യം ചെയ്യാനാവാത്ത പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego). താന്‍ ചെയ്യുന്നതാണ് ധാര്‍മ്മികത, താന്‍ ചെയ്യുന്നതാണ് പരമമായ ശരി എന്നൊരു അവസ്ഥയാണ് ഇത്. ഇത്തരക്കാര്‍ കൂടുതലും കാര്യങ്ങള്‍ ചെയ്യുന്നത് അവരുടെ അബോധതലങ്ങളില്‍ (Unconsciousness) നിന്നുകൊണ്ടാവും. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുടെ ശരിയും തെറ്റും ധാര്‍മ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും ഈ അവസ്ഥയില്‍ മനസ്സിലാവില്ല. നമ്മുടെ ഭരണകൂടത്തിന്റെ അഥവാ മുഖ്യ ഭരണകര്‍ത്താവിന്റെ മാനസികാവസ്ഥയും പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego) എന്ന് മനശാസ്ത്രപരമായി ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഉറപ്പിക്കേണ്ടിവരും.

അതുകൊണ്ടാണ് സുപ്രീംകോടതി വിധിയുടെ ശരിയുടെ പിന്‍ ബലത്തില്‍ നിന്നുകൊണ്ട് മതിലിന്‍റെ ശരിയിലൂടെ അല്ലെങ്കില്‍ വഴിയിലൂടെ പിതൃ സ്വഭാവമുള്ള അഹംബോധത്തോടെയും അഹങ്കാരത്തോടെയും ഇവിടെ ഒരു ഭരണകൂട ശരി ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്. അതുകൊണ്ട് സമൂഹത്തിന്റെ ശരിയും തെറ്റും ധാര്‍മ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും തന്നെ ഭരണകൂടത്തിന്റെ അല്ലെങ്കില്‍ മുഖ്യ ഭരണകര്‍ത്താവിന്റെ അബോധതല ജന്യമായ ചെയ്തികള്‍ക്ക് കാണാനായില്ല.

കേരളത്തിലെ പതിനായിരക്കണക്കിന്ന്‍ ജനങ്ങളെ കലാപഭൂമിയിലേക്ക് തള്ളിവിട്ട ഭരണകൂടത്തിന്‍റെ അഥവാ മുഖ്യ ഭരണകര്‍ത്താവിന്റെ മനോനിലയെ അതുകൊണ്ടുതന്നെ മനശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും പരിശോധിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു. മതിലിന്റെ നിര്‍മ്മിതി മുതല്‍ ശബരിമല യുവതി പ്രവേശം വരെയുള്ള സംഭവങ്ങളുടെ മനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്‌. കേരളത്തിന്റെ മുഖ്യ ഭരണകര്‍ത്താവിന്റെ ഉപദേശകസമിതിയില്‍ മനശാസ്ത്രജ്ഞരെയും സാമൂഹ്യശാസ്ത്രജ്ഞരെയും കൂടി ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  


ഇമെയില്‍:ctwilliamkerala@gmail.com
വെബ്സൈറ്റ്:www.ctwilliam.com
യൂട്യുബ്:Link to youtube        
          

Friday, January 4, 2019

പോയ വര്‍ഷത്തിനൊരു ചരമഗീതം

ഈ ലക്കം ബ്ലോഗ്‌ പോയ വര്‍ഷത്തെ ഓര്‍ത്തെടുക്കുകയാണ്. ഒപ്പം പുതുവര്‍ഷത്തെ ഓര്‍മ്മപ്പെടുത്തുകയുമാണ്. എല്ലാവര്‍ക്കും ബ്ലോഗിലേക്ക് സ്വാഗതം.

സാമൂഹ്യം

കേരളീയ സമൂഹത്തെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ ഒരു പ്രളയ വര്‍ഷമായിരുന്നു 2018. പ്രളയം എങ്ങനെയുണ്ടായി എന്നതിനെ ചൊല്ലിയുള്ള ഗവേഷണങ്ങള്‍ ഇന്നും തുടരുകയാണ്. എന്നിരുന്നാലും ഏറ്റവും അവസാന ഗവേഷണ ഫലങ്ങളില്‍ പ്രളയം വിവേകമില്ലാത്ത മനുഷ്യസൃഷ്ടി മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം പ്രളയം ഉണ്ടായെന്ന സത്യം കേരളത്തിലെ ജനങ്ങള്‍ അവരുടെ സ്വന്തം ചോരകൊണ്ടുതന്നെ എഴുതി ഉറപ്പിക്കുന്നുണ്ട്. ഓരോ ദുരന്തവും ആവശ്യപ്പെടുന്നതുപോലെ നാമും പ്രളയകാലത്ത് ഉണര്‍ന്നു. പ്രളയാനന്തര കാലത്തെ ആദ്യനാളുകളിലും നാം വല്ലാതെ ഉണര്‍ന്നിരുന്നു. പിന്നെ പതിവുപോലെ രാഷ്ട്രീയ കേരളവും ഉണര്‍ന്നു. തുടര്‍ന്നുള്ള നാളുകള്‍ ശബരിമല യുവതി പ്രവേശത്തിനും നവോത്ഥാനത്തിനുമായി നാം പങ്കിട്ടെടുത്തു. നാം പ്രളയം മറന്നു. പ്രളയ ബാധിതരേയും നാം സൌകര്യപൂര്‍വ്വം മറന്നു. നാം ഇപ്പോള്‍ മതിലുകള്‍ പണിതും വിളക്കുകള്‍ തെളിയിച്ചും രാഷ്ട്രീയ നിര്‍വൃതിയടയുകയാണ്.

രാഷ്ട്രീയം

കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തിനും 2018 അക്ഷരാര്‍ത്ഥത്തിലും ഒരു മണ്ഡലകാലമായിരുന്നു. വൃതം നോറ്റും നോല്‍ക്കതെയും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ വിപ്ലവകാരികളും ഈ മണ്ഡലകാലം ആഘോഷിച്ചുപോന്നു. ഒരു സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളീയ സമൂഹം മത-വര്‍ഗ്ഗ-സാമുദായിക-രാഷ്ട്രീയ മേഖലകളില്‍ വിഭജിക്കപ്പെട്ടു. ഓരോ മലയാളിയിലും അവന്റെ മത-വര്‍ഗ്ഗ-സാമുദായിക-രാഷ്ട്രീയ ജനിതകം താപമുദ്രിതമായി. മനുഷ്യവര്‍ഗ്ഗ സമത്വത്തിന്നായി നിലകൊണ്ട ഐതിഹാസിക രാഷ്ട്രീയ പ്രസ്ഥാനത്തിന് ചരിത്രത്തില്‍ ആദ്യമായി വഴിപിഴച്ചു. ഒരു കമ്മ്യുണിസ്റ്റുകാരന്‍റെ അഹന്തക്കും അഹങ്കാരത്തിനും മുമ്പില്‍ കേരളം ഇന്നും വിലപിച്ചുകൊണ്ടിരിക്കുന്നു.

സംസ്കാരം

കേരളീയ സംസ്കാരം മനുഷ്യാസൂത്രിതവും അപകടകരവുമായ ഒരു ഉന്മൂലന ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഏതൊരു സംസ്കാരത്തിന്റെയും ഉല്‍പ്പത്തി മുതലുള്ള അതിന്റെ പരിശുദ്ധമായ ഘടനയെ സംരക്ഷിക്കുകയാണ് ഓരോ ഭരണകൂടവും ചെയ്യേണ്ടത്. എന്നാലിവിടെ കേരളീയ സംസ്കാരത്തെ തികച്ചും രാഷ്ട്രീയമായി തര്‍ജ്ജമപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. പരിശുദ്ധമായ സംസ്കാരത്തിന് ആചാരമെന്നും അനാചാരമെന്നുമുള്ള വേര്‍തിരിവ് ഇന്നോളം ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്മുടെ വോട്ടുബാങ്ക് രാഷ്ട്രീയ വ്യവസ്ഥകളുടെ ദുസ്വാധീനവലയങ്ങളില്‍ പെട്ടുപോയ നമ്മുടെ സംസ്കാരം ആചാര-അനാചാരങ്ങളില്‍ വീണുടയുന്ന ദയനീയമായ കാഴ്ച്ചയ്ക്കും ഈ 2018 സാക്ഷ്യം വഹിച്ചു.

സാഹിത്യം

മലയാള സാഹിത്യത്തിന്‍റെ വസന്തകാലം ഒരു നോവുപോലെ മാഞ്ഞുകൊണ്ടിരിക്കുന്നു. മലയാള സാഹിത്യത്തിന്‍റെ വികസിതരൂപം ഇന്നും എം.ടി. വാസുദേവന്‍ നായരിലും ഓയെന്‍വി കുറുപ്പിലും സുകുമാര്‍ അഴീക്കോടിലും മാത്രം ഒതുങ്ങിനില്‍ക്കുന്നു. ഇപ്പോള്‍ ചിലരെങ്കിലും അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന മലയാള സാഹിത്യം വൈദേശിക-അക്കാദമിക മൂല്യ-ഘടനാ ചോരണങ്ങളുടെ ആസൂത്രിതമായ ആവിഷ്കാരം മാത്രമാണെന്ന് ബ്ലോഗിന് പറയാതെ വയ്യ. നമ്മുടെ സാഹിത്യം വിചാരവികാരങ്ങളില്‍ നിന്ന് വിവാദവ്യവഹാരങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. 2018-ല്‍ ദീപാ നിശാന്ത് സാക്ഷ്യപ്പെടുത്തിയ സത്യവും അതുതന്നെ.

മാധ്യമം

കേരളത്തിന്‍റെ ശരീരവും ശാരീരവും നിര്‍ലജ്ജം മാധ്യമങ്ങള്‍ അപഹരിച്ചുകൊണ്ടുപോയ ഒരു വര്‍ഷം കൂടിയായിരുന്നു 2018. പരിശുദ്ധമായ വാര്‍ത്തയില്ലാത്ത വാര്‍ത്തകളുടെ കോലാഹലമായിരുന്നു പോയവര്‍ഷം. രാഷ്ട്രീയപാര്‍ട്ടികളും കുത്തക മുതലാളിമാരും പങ്കിട്ടെടുത്ത മാധ്യമങ്ങളുടെ ദയനീയമായ പരാജയങ്ങള്‍ അവിടവിടെ നിഴലിച്ച വര്‍ഷം കൂടിയായിരുന്നു 2018. എല്ലാം കണ്ടു സഹികെട്ട ഒരു ഭരണകര്‍ത്താവിന് മാധ്യമങ്ങളോട് “കടക്ക് പുറത്ത്” എന്ന് ആക്രോശിക്കേണ്ടിവന്നതും പോയ വര്‍ഷമായിരുന്നു. ഈ മാധ്യമ ദുരവസ്ഥയില്‍ ജനങ്ങള്‍ക്കും വായനക്കാര്‍ക്കും അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത് സമൂഹ മാധ്യമങ്ങളായിരുന്നു എന്നുപറയാനും സീറ്റി സ്കാനിന് മടിയില്ല. അതുകൊണ്ടുതന്നെയായിരിക്കണം സമൂഹ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ഭരണകൂടങ്ങള്‍ പോയവര്‍ഷത്തില്‍ തീരുമാനമെടുത്തതെന്നും ഞാന്‍ ഉറപ്പിച്ചുപറയുന്നു.

ബ്ലോഗ്‌

ബ്ലോഗിന് പോയവര്‍ഷം സുഖ-ദുഃഖ സമ്മിശ്രമായിരുന്നു. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ റിസ്റ്റോറേഷന്‍ വാഗ്ദാനം ലഭിക്കാതെ രക്തസാക്ഷിത്തം വഹിച്ച എന്റെ പ്രിയ സഹോദരി ജീനിജോസിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളോടെയാണ് 2018 കടന്നുപോകുന്നത്. അതേസമയം നിരാലംബരായ, നീതി നിഷേധിക്കപ്പെട്ട ഒരുപാടുപേര്‍ക്ക് ഞാനും എന്റെ എഴുത്തും അഭയവും ആശ്വാസവുമായിരുന്നു പോയവര്‍ഷം എന്നതിലും ബ്ലോഗ്‌ അഭിമാനിക്കുന്നു. തുടര്‍ന്നും ബ്ലോഗിന്റെ പോരാട്ടം നിരാലംബര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുമായി മാറ്റിവച്ചിട്ടുണ്ടെന്ന പ്രതിജ്ഞയും ഇവിടെ ഞാന്‍ പുതുക്കുകയാണ്.
ബ്ലോഗിന്റെ 2018-ലെ ഈ ലക്കം ഇവിടെ അവസാനിക്കുന്നു. എല്ലാവര്‍ക്കും 2019-ലേക്ക് സ്വാഗതം. പ്രിയ പ്രേക്ഷകര്‍ക്ക് സീറ്റി സ്കാനിന്റെ സ്നേഹോഷ്മളമായ പുതുവത്സരാശംസകള്‍. ബ്ലോഗിനെ നെഞ്ചോട്‌ ചേര്‍ത്ത് സബ്സ്ക്രൈബ് ചെയ്യുക; ഒപ്പം ഷെയര്‍ ചെയ്യാനും മറക്കാതിരിക്കുക.