ഒരു
വട്ടം കൂടി ഓണം. ആദരണീയനായ മഹാബലിത്തമ്പുരാന്‍ വീണ്ടും ഓര്‍മ്മകളുടെ പൂക്കളങ്ങളിലേക്ക്. എന്നാല്‍ നമ്മുടെ മഹാബലി തമ്പുരാന്‍ ആ പഴയ
തമ്പുരാനല്ല. ആഗോള കുത്തക കമ്പനിക്കാരുടെ ബഹുവര്‍ണ്ണ കുടകളുമായി മലയാളനാട്ടില്‍
ജൈത്രയാത്ര നടത്തുന്ന വിലകൂടിയ ബ്രാന്റ് അംബാസഡര്‍.
ഓണം
പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്റെ
പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ
വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതുക്കലെന്ന ആചാരമാണ്.
നമുക്കിത്
രണ്ടാം പ്രളയകാലത്തെ വേദനിക്കുന്ന ഓണം. മിന്നല്‍ മഴയും ഉരുള്‍പൊട്ടലുകളും
പാതാളത്തിന്നപ്പുറം എവിടേക്കോ ചവിട്ടിത്താഴ്ത്തിയ പ്രളയബാധിതരെ നമുക്ക് ഇനിയും
കണ്ടെത്താനായില്ല. അതിന്നായുള്ള അന്വേഷണങ്ങളും നാം നിര്‍ത്തിവച്ചു.
രണ്ടു
പ്രളയങ്ങള്‍ വിഴുങ്ങിയ കുടിലുകളും വീടുകളും നമ്മുടെ അതിജീവനസേനകള്‍ക്ക് ഇപ്പോഴും
പുനര്‍നിര്‍മ്മിക്കാനായില്ല. എന്നാല്‍ ഓണം പ്രമാണിച്ച് നാം അതെല്ലാം മറക്കുന്നു.
നാം വീണ്ടും ഓണാഘോഷങ്ങളിലേക്ക് തിരതല്ലിയെത്തുന്നു. ഈ ഓണത്തിന് നാം ആറുകോടി രൂപ
മുടക്കി ആഘോഷങ്ങളില്‍ അഭിരമിക്കും. ദുരന്തം ഏറ്റുവാങ്ങിയവരുടെ മരണത്തിന്റെ മണം
മാറും മുമ്പ് നമ്മുടെ KTDC പായസമേള നടത്തി മധുരം വിളമ്പും.കൃത്യമായിപ്പറഞ്ഞാല്‍ പ്രളയങ്ങളില്‍
കിടപ്പാടം നഷ്ടപ്പെട്ടുപോയവര്‍ക്ക് 150 വീടുകളെങ്കിലും നിര്‍മ്മിക്കാവുന്ന ആറുകോടി
രൂപയാണ് നാം ഈ ഓണത്തിന് ധൂര്‍ത്തടിക്കുന്നത്. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ
സാക്ഷാല്‍ ജനപക്ഷത്തിനോ ഈ ധൂര്‍ത്തിനോട് എതിരഭിപ്രായമില്ല.
ഓണത്തിന്റെ
നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും അതിന്റെ വാണിജ്യസാധ്യതകളെ നാം
പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന് പൊന്നോണമല്ല. എള്ളോളം
പൊളിവചനമില്ലാത്ത ആ പഴയ ഓണം, നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന
പൊങ്ങച്ചത്തിന്റെയും കള്ളക്കച്ചവടത്തിന്റെയും കള്ളോണമാണ്.
സമത്വവും
സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍
ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്; ഓണക്കമ്പോളത്തിന്റെ കുംഭ വീര്‍പ്പിച്ചുനില്‍ക്കുന്ന
വില മതിക്കാത്ത ബ്രാന്റ് അംബാസഡര്‍ ആണ്.
നീതിമാന്റെ
ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം ഈ
കള്ളക്കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍
നീതിമാന്മാര്‍ നമ്മുടെ കടം വാങ്ങിയ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക്
എറിഞ്ഞുകൊടുക്കുന്നു.
അരിയും
പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍
സംസ്ഥാനങ്ങളില്‍നിന്ന് നമ്മുടേതെന്ന വ്യാജേന എത്തിച്ചുതരുന്നു. അതിന്റെയൊക്കെ
കോഴയും കൊള്ളലാഭവും, ഒരിക്കലും ചവിട്ടിത്താഴ്ത്തപ്പെടില്ലെന്ന ഉറപ്പുള്ള ഈ അഭിനവ
മഹാബലിമാര്‍ പങ്കുവച്ചെടുക്കുന്നു. എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല.
എല്ലാ വിഭവങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക്
എത്തിച്ചുതന്നിരുന്നത്. അതുകൊണ്ടായിരിക്കാം ആ നീതിമാന്‍ ചവിട്ടിത്താഴ്ത്തപ്പെട്ടത്.
ഓണവിപണികളില്‍
വിറ്റഴിയുന്ന അരിയും പല വ്യഞ്ജനങ്ങളും സ്മാര്‍ട്ട് ടീവി കളും മൊബൈല്‍ ഫോണുകളും ഓണ ബമ്പറും മറ്റ്
സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍ നമ്മുടെ
നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്.
ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയനായ ആ പഴയ മഹാബലിത്തമ്പുരാന്‍.
ആഗോള കുത്തക കമ്പനിക്കാരുടെ ഓണക്കാല ബ്രാന്റ് അംബാസഡര്‍.
നാമിന്ന്
ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും ഉപഭോക്താക്കളാണ്. എല്ലാ
വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും
ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍ വിരല്‍തുമ്പില്‍
ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു
സന്ദേശങ്ങള്‍ ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍ 4ജി വേഗത്തില്‍ പറക്കുന്നു. നമ്മെ
നാമല്ലാതാക്കുന്ന ആഗോള കുത്തകക്കാര്‍ നമ്മെ എങ്ങോട്ടോ കൊണ്ടുപോകുന്നു. നമ്മളെ
എങ്ങോട്ട് കൊണ്ടുപോകണം എന്ന് നിശ്ചയിക്കേണ്ടവരും അവരോടൊപ്പം
നിലയുറപ്പിച്ചിരിക്കുന്നു. എന്നിട്ടും നമുക്ക് പ്രതികരണങ്ങളില്ല. നമുക്ക്
നിലപാടുകളില്ല. നയങ്ങളില്ല. അതെല്ലാം നമ്മുടെ ടീവി ചാനലുകള്‍ നിശ്ചയിക്കും. നാം
നമുക്ക് ബാക്കിയാവുന്ന സമയത്തെ കമ്പോളീകരിക്കാനും
വിനോദീകരിക്കാനും പാടുപെടുന്നു.
നമുക്ക്
ആരെ വേണമെങ്കിലും പീഡിപ്പിക്കാം; പറ്റിക്കാം; ചതിക്കാം. നമുക്ക് ആരെ വേണമെങ്കിലും തല്ലാം,
കൊല്ലാം. നമുക്ക് സമരം ചെയ്യാം. പുതിയ കാലത്ത് നമുക്ക് വേഷ പ്രച്ചഹ്ന്നരായും
പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാം. നമുക്ക് എന്തും ഉപരോധിക്കാം. പ്രതിരോധിക്കാം. എല്ലാ ഉപരോധങ്ങള്‍ക്കും
പ്രതിരോധങ്ങള്‍ക്കും ഭരണകൂട സഹായമുണ്ടാവും. പിന്നെ മതിവരുവോളം ഓശാന പാടാം.
അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ അതൊക്കെ
റേറ്റിംഗ് ഉള്ള കാഴ്ച്ചകളാക്കും. നമുക്ക് എന്നും ഓണം. നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന
ഓണം. കള്ളോണമെങ്കിലും, അതാണ് നമുക്ക് പൊന്നോണം.
എന്നാല്‍
ഇവിടെ നാമറിയാതെ ഓണം മരിക്കുകയാണ്. മരിച്ചുകൊണ്ടി രിക്കുകയാണ്. നമ്മെ അതിഭീകരമായ
വിധത്തില്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ മരണത്തെ ഓര്‍മ്മിപ്പിക്കുകയണ് ഡോ.
സുകുമാര്‍ അഴീക്കോട്; ഇങ്ങനെ...
“ഓണം
മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:
അന്ധകാരഗിരികളും
കട-
ന്നെന്തിനോണമേ
വന്നു നീ?”
രണ്ടു
പതിറ്റാണ്ടിന്നപ്പുറത്തെ ഒരു ഓണക്കാലത്ത് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ്
ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ
വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും
കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്.
പണ്ട്
ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക്
വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും
കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും
കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു
അന്നത്തെ ഓണം.
നാക്കിലകളില്‍
തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറികളുടെ കൂട്ടായ്മയില്‍
സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു അന്നത്തെ ഓണം.
പൊന്നിന്‍ മഞ്ഞയില്‍ പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും
ഓണാലങ്കാരമാവും. അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.
ഇന്നതെല്ലാം
നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക്
നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക്
ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെ മാത്രം നട്ടുനനക്കുന്നു. പൂവ്വനും നെടു
നേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌജന്യങ്ങളുടെയും
അവിശ്വസിനീയമായ കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും
വിപണിയുടെ കള്ളോണം വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും
കള്ളത്തിന്റെയും ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും
പ്രതിധ്വനിപ്പിക്കുന്നതും.
ഓണത്തിന്
അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും
വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം
മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും ഓണം
ബംബറുകളുടെ കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
കര്‍മ്മോല്സുകമായിരുന്ന
ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും
അരമുറുക്കി വായു മുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു
അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത
കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.
നമ്മുടെ
ഭരണകൂടമാണ് ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്.
നമ്മുടെ ഭരണകൂടം ഓണത്തെ സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു.
അങ്ങനെ ആഗോള കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള
കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റിയെടുക്കുകയായിരുന്നു നമ്മുട ഭരണകൂടങ്ങള്‍.
കോര്‍പ്പറേറ്റുകള്‍ക്ക്
പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക് ഓണക്കാലത്ത് ബോണസ്സും
ബത്തയും മുന്‍കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. അങ്ങനെ
കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍
ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ
ഓണമില്ലാ പഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ
ബോധപൂര്‍വ്വമായ കച്ചവടമാണ്. പ്രജാക്ഷേമമല്ല.
ഓണം
മരിച്ചുകൊണ്ടിരിക്കുകയാണ്; മലയാളിയുടെ പ്രതികരണബോധവും. ആരോ നടതള്ളിയ ഒരു കാളക്കൂറ്റന്റെ വിവേചന -
പ്രതികരണ ബോധം പോലുമില്ല നാം അഹങ്കാരത്തോടെ ബ്രാന്റ് ചെയ്യുന്ന ലോക മലയാളി
ബുദ്ധിജീവികള്‍ക്ക്.
മരിച്ചുകൊണ്ടിരിക്കുന്ന
ഈ ഓണം പഴയ പൊന്നോണമല്ല. അതുകൊണ്ടാണ് ഓണക്കവി ഇങ്ങനെ പാടിയത്;
അന്ധകാരഗിരികളും
കട-
ന്നെന്തിനോണമേ
വന്നു നീ?