സമൂഹ
മാധ്യമങ്ങളും അവ സൃഷ്ടിക്കുന്ന സമൂഹ മനോനിലയും ചര്‍ച്ച ചെയ്യേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു. സമകാലിക സമൂഹ മനോനില തീര്‍ത്തും ആശങ്കാജനകമെന്നുതന്നെ
പറയേണ്ടിവരും. നല്ലതും വല്ലതുമൊക്കെ കുത്തിനിറയ്ക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു
മനോനില കൂടിയാണ് ഇത്, ഇതിന് ജനാധിപത്യപരമായ പരിഹാരമില്ല. സമകാലിക
സാമൂഹ്യശാസ്ത്രത്തെ തിരിച്ചറിയുക മാത്രമാണ് ഇതിന് പരിഹാരം.
ഇന്ന്
സമൂഹമാധ്യമങ്ങള്‍ മുന്‍നിരയിലും മുഖ്യധാരാ മാധ്യമങ്ങള്‍ പിന്‍നിരയിലുമാണ്
കഴിഞ്ഞുകൂടുന്നത്. ഇതൊരു തരത്തില്‍ നല്ലതും മറ്റൊരു തരത്തില്‍ ചീത്തയുമാണ്.
മുഖ്യധാരാ മാധ്യമങ്ങള്‍ ആഴത്തില്‍ ചീത്തയായതുകൊണ്ടാണ് സമൂഹം സമൂഹമാധ്യമങ്ങളിലെ
ഉപരിതല നന്മയെ പ്രാപിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ ഉപരിതലസ്പര്‍ശിയാണ്.
സമൂഹമാധ്യമങ്ങളുടെ സ്ഥല-കാല-വിഭവ ഘടനകളുടെ പരിമിതിയാണ് ഇതിന് കാരണം. അതേസമയം
സ്ഥല-കാല-വിഭവ ഘടനകളില്‍ അനന്തമായ സാധ്യതകളുള്ള മുഖ്യധാരാ മാധ്യമങ്ങള്‍
കച്ചവടത്തിന്റെ കച്ചകെട്ടലുകളില്‍ പരാജയപ്പെടുന്നു. ഇവിടെയാണ് സമൂഹമാധ്യമങ്ങള്‍
ഒച്ചപ്പാടോടെ വിജയിച്ചുകൊണ്ടിരിക്കുന്നത്; ഒപ്പം സമൂഹത്തിന്റെ മനോനില അനാരോഗ്യപരമായി
പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതും.
ഈയ്യിടെ
എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് എനിക്ക് കുറച്ച് യുട്യുബ് വീഡിയോകള്‍ വാട്സാപ് വഴി
അയച്ചുതന്നിട്ട് ചോദിക്കുന്നു, അവയില്‍ ഏതാണ് ശരിയെന്നും തെറ്റെന്നും. ഡോക്ടറുടെ
മനോനില പോലും ആശങ്കപ്പെടുത്തിയ ആ വീഡിയോകള്‍ ഞാനും നേരത്തെ കണ്ടതാണ്, കേട്ടതാണ്.
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ആത്യന്തികമായ ശരികളും സത്യങ്ങളും ഏറെ കൂടുതലാണ്.
ഒരുവേള എല്ലാംതന്നെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതോ കച്ചവടവല്‍ക്കരിക്കപ്പെട്ടതോ
ആയ ശരികളും സത്യങ്ങളുമാണ്. ഈ ന്യായീകരണം വച്ചുകൊണ്ടാണ് ഞാന്‍ എന്റെ ഡോക്ടര്‍
സുഹൃത്തിനെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ
വിഷയം ഇവിടെ ചര്‍ച്ചയ്ക്ക് എടുക്കുന്നതും.
ഡോക്ടര്‍
എനിക്ക് അയച്ചുതന്ന എല്ലാ വീഡിയോകളും ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ചും
പ്രതികൂലിച്ചും അപഗ്രഥിച്ച വീഡിയോകള്‍ ആയിരുന്നു. അപഗ്രഥനത്തിന്റെ സൃഷ്ടാക്കളെല്ലാവരും
തന്നെ അതി മിടുക്കന്മാരും മിടുക്കികളുമാണ്. ഇഷ്ടങ്ങള്‍ക്കും പകര്‍ച്ചകള്‍ക്കും
സ്ഥിരാരധനയ്ക്കും വേണ്ടിയുള്ള ആഹ്വാനങ്ങളില്‍ തുടങ്ങുകയും അവസാനിക്കുകയും
ചെയ്യുന്ന ആ വീഡിയോകള്‍ക്ക് ആയിരങ്ങളുടെ മുന്‍ബലവും പിന്‍ബലവുമുണ്ടായിരുന്നു.
ഭൂമിയില്‍
ലഭ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും അക്കമിട്ടുനിരത്തിയാണ് ഈ സമൂഹമാധ്യമ
ശാസ്ത്രജ്ഞമാര്‍ കാര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കില്‍ നിന്ന്‍
നിയമപരമായി സര്‍ക്കാര്‍ എടുത്ത കരുതല്‍ പണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തിയതായും മോശപ്പെടുത്തിയതായും ഈ കുശാഗ്ര ഗവേഷകര്‍ സമര്‍ത്ഥമായി
വാദിക്കുന്നു. രസകരമായ വസ്തുതയെന്തെന്നാല്‍ ഇവരെല്ലാവരും തന്നെ അവരവരുടെ വാദമുഖത്ത്
നിരത്തുന്നത് ഒരേ സ്ഥിതിവിവരക്കണക്കുകള്‍ ആണെന്നതാണ്. ഒറ്റനോട്ടത്തില്‍
ഇവരെല്ലാവരും ശരി പറയുന്നു, സത്യം പറയുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രിയും
സാമ്പത്തിക ശാസ്ത്ര വിദഗ്ദനുമായ ഡോ. മന്‍മോഹന്‍സിംഗ് ഈ സ്ഥിതിവിവരക്കണക്കുകള്‍
ഒന്നുംതന്നെ പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ വിമര്‍ശിക്കുന്നത്.
മാത്രമല്ല, സിംഗിന്റെ വിമര്‍ശനം പ്രധാനമായും ജി.എസ്.ടി.യില്‍ ഒതുങ്ങുകയും ചെയ്തു. എന്റെ
ഡോക്ടര്‍ സുഹൃത്തിന്റെ മനോനില താറുമാറായതും ഇവിടെയാണ്. ഒരുപക്ഷെ എല്ലാ സമൂഹമാധ്യമ
പങ്കാളികളുടെയും മനോനില തെറ്റുന്നതും ഇവിടെതന്നെയായിരിക്കണം.
മാധ്യമങ്ങള്‍
അത് ഏതുമാവട്ടെ, അവയില്‍നിന്ന് വിടുതല്‍ പ്രാപിച്ചും പ്രഖ്യാപിച്ചും നാം ഒരു
കാര്യം മനസ്സിലാക്കണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. തികഞ്ഞ ജനാധിപത്യ
മര്യാദയോടുകൂടി ഭൂരിപക്ഷം നേടിയ ഒരു സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്.
ഇന്ത്യയുടെ ഭരണത്തിന് കാലം തെളിയിച്ച ഒരു ഭരണയന്ത്രം ഉണ്ട്. ഭരണകര്‍ത്താക്കള്‍ ഉണ്ട്.
നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വസ്തുതകള്‍ ഇങ്ങനെയിരിക്കെ മഹത്തായ ഇന്ത്യയെ ഫേസ്
ബുക്കിലോ വാട്സാപ്പിലോ യുട്യുബിലോ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് അത്യന്തം
സഹതാപകരമാണ്.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി
ഭരണകര്‍ത്താക്കളുടെ ആജ്ഞാനുസരണം തിരിഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ഭരണയന്ത്രം.
ആ യന്ത്രം തകരാറിലാവുമ്പോള്‍ അത് താനേ നിശ്ചലമാവും. അല്ലെങ്കില്‍ നിലവിലുള്ള
ജനാധിപത്യ കല്പനകള്‍ ആ യന്ത്രത്തെ നിശ്ചലമാക്കും. ഇതാണ് ലോകത്തെവിടേയും
സംഭവിക്കുന്നത്. ചരിത്രം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നതും അതാണ്.
സമൂഹമാധ്യമങ്ങളുടെ
പുതിയ കാലത്ത് വ്യക്തികള്‍ മാധ്യമങ്ങളായി പരിണമിച്ചിരിക്കുകയാണ്. നാം എല്ലാവരും, ഇതു പറയുന്ന ഞാന്‍ ഉള്‍പ്പടെ
മാധ്യമരാജാക്കാന്മാരോ തമ്പുരാക്കന്മാരോ ആണെന്ന് അഹങ്കരിക്കുന്നു. മാധ്യമങ്ങളുടെ
തരംതിരിവ് ഏതുമാവട്ടെ, അതൊരു തൊഴില്‍ മേഖലയാണ്. ഫേസ് ബുക്കും വാട്സാപ്പും
യുട്യുബും പുതിയ തൊഴിലിടങ്ങളാണ്. പണവും പ്രശസ്തിയും കൊതിച്ചെത്തുന്ന പുതിയ
തലമുറയുടെ സുഖവാസ സ്ഥലികളാണ് സമൂഹമാധ്യമങ്ങള്‍.
അതങ്ങനെ തന്നെ തുടരട്ടെ.
എന്നാല്‍
ഇവിടെ നാം മനസ്സിലാക്കേണ്ട ഒന്നുണ്ട്. ഇന്ത്യയുടെ ഭരണകൂടം ഒരു ചെറ്റക്കുടിലല്ല;
ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഒരു ചിട്ടിക്കമ്പനിയല്ല; പ്രധാനമന്ത്രിയും
ധനമന്ത്രിയും മറ്റു മന്ത്രിമാരും ഭരണകര്‍ത്താക്കളും സാധാരണ മനുഷ്യരല്ല; ജനങ്ങളോട്
ഉത്തരവാദിത്തമുള്ള, ദേശീയ ബോധമുള്ള, ദേശീയ ഭരണയന്ത്ര പിന്‍ ബലമുള്ള ദിശാബോധമുള്ള മഹാ
പ്രസ്ഥാനങ്ങളാണ്. ഈ വിശ്വാസമാണ് നമുക്ക് വേണ്ടത്. നാം ഉയര്‍ത്തിപ്പിടിക്കേണ്ടതും ഈ
വിശ്വാസമാണ്. ഏതൊരു മാധ്യമ കൊടുങ്കാറ്റു വീശിയാലും മനോനില നഷ്ടപ്പെടാതെ ഭൂമിയില്‍
ഉറച്ചുനില്‍ക്കാന്‍ നമുക്ക് കഴിയട്ടെ. ബാക്കിയെല്ലാം കാലത്തെ ജയിച്ച ജനാധിപത്യം സംരക്ഷിച്ചുകൊള്ളും.
ഈ
ലേഖനത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment