നാസര്‍
ഡോക്ടറാണ്. തൃശൂര്‍ പാലസ് റോഡിലാണ് ഡോ. നാസറിന്റെ ആസ്പത്രി. സാധാരണ ദിവസങ്ങളില്‍ രാവിലെ
9 മണി മുതല്‍ വൈകിയിട്ട് 6 മണി വരെ മാത്രമേ ഡോക്ടര്‍ ഉണ്ടാവൂ. ഞായറാഴ്ച അവധിയാണ്.
ഏകദേശം 80 വര്‍ഷത്തെ സേവനപാരമ്പര്യമുണ്ട് നാസറിന്റെ ആസ്പത്രിക്ക്. നേരത്തെ
ആസ്പത്രി നടത്തിപ്പോന്ന നാസറിന്റെ വാപ്പ 2016 ഇഹലോകവാസം വെടിഞ്ഞു. വാപ്പയില്‍
നിന്ന് കിട്ടിയ കൈപുണ്യവുമായി ഡോ.നാസര്‍ ഇപ്പോഴും ഈ ആസ്പത്രിയില്‍ സ്തുത്യര്‍ഹമായ
സേവനം തുടരുന്നു.
മുന്‍
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമും ഈ ആസ്പത്രിയില്‍
ചികിത്സ തേടിയെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കരുണാകരനും സി. അച്ചുതമേനോനും
ഇവിടെ ചികിത്സ തേടിയവരില്‍ പെടുന്നു. കുറെയേറെ മന്ത്രിമാരും കളക്ടര്‍മാരും ഈ
ആസ്പത്രിയില്‍ വന്ന് രോഗശാന്തി നേടിയിട്ടുണ്ട്.
ഇത്രയും
കേട്ടുകഴിയുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് അറിയാനാഗ്രഹമുണ്ടാവും, ഡോ.നാസറിന്റെ
സ്പെഷ്യലൈസേഷന്‍ എന്തിലെന്ന്. ആകാംഷ വേണ്ട. ഇനി പറയാം. ഡോ.നാസര്‍ ചികിത്സ
കൊടുത്തത് മേല്‍പ്പറഞ്ഞ പ്രമുഖരുടെ പേനകള്‍ക്കാണ്. ഡോ.നാസറിന്റേത് ഒരു പേനാസ്പത്രിയാണ്.
പഴയ
കാലത്തെ ഫൌണ്ടന്‍ പേനയും ഇക്കാലത്തെ ബാള്‍ പേനയും ഡോ.നാസറിന്റെ ആസ്പത്രിയില്‍
ഇന്നും രോഗാവസ്ഥയില്‍ വരുന്നു, രോഗം ഭേദമായി പോകുന്നു. ഇപ്പോഴും ആസ്പത്രിയില്‍
നല്ല തിരക്കാണ്. അബദ്ധത്തില്‍ കീശയില്‍ നിന്ന് വീണു പരിക്കേറ്റ പേനകളും, പിന്നെ
നിര്‍ഭാഗ്യവശാല്‍ അതിന്മേല്‍ വണ്ടി കയറി അത്യാഹിതം സംഭവിച്ച പേനകളും നാസറിന്റെ
ആസ്പത്രിയില്‍ വന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു.
പരിക്കേറ്റ
പേനകള്‍ കണ്ടാല്‍ മതി, ഒന്നു തൊട്ടാല്‍ മതി ഡോ.നാസര്‍ പേനയുടെ രോഗവും
ചികിത്സാവിധികളും നിശ്ചയിക്കും. മിക്കവാറും അന്നുതന്നെ പേനയുടെ രോഗം ചികിത്സിച്ചുഭേദമാക്കി
ഡിസ്ചാര്‍ജ് ചെയ്യുന്നു. കിടത്തി ചികിത്സ വളരെ അപൂര്‍വ്വമാണ്.
പണ്ട്
രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഒരു തൈ നടുമ്പോള്‍ കീശയില്‍ നിന്ന് വീണ
വിലകൂടിയ വാട്ടര്‍ മാന്‍ പേനക്ക് സാരമായ പരിക്കേറ്റു. പിന്നീട് രാഷ്ട്രപതിയുടെ
സംഘത്തില്‍ പെട്ട ആരോ ഒരാള്‍ അറിയിച്ചതാണ് ഡോ.നാസറിന്റെ പേനാസ്പത്രിയെ കുറിച്ച്.
പിന്നെ രാഷ്ട്രപതി ഒട്ടും സമയം കളഞ്ഞില്ല, ഡോ.നാസറിന്റെ പേനാസ്പത്രിയിലെത്തി. ഡോ.നാസറിന്റെ
അത്ഭുത ചികിത്സയില്‍ രാഷ്ട്രപതിയുടെ പേന സുഖപ്പെട്ടു. രാഷ്ട്രപതിയെ പേനയോടൊപ്പം
യാത്രയാക്കുമ്പോള്‍ ഡോ.നാസര്‍ ഇങ്ങനെ ഉപദേശിച്ചു; ‘ഇത് വിലകൂടിയ പേനയാണ് സാര്‍.
കുട്ടികളെ നോക്കുംപോലെ സംരക്ഷിക്കണം. ‘
നേരത്തെ
തൃശൂര്‍ കളക്ടര്‍ ആയിരുന്ന സി.ടി. സുകുമാരന് സമ്മാനമായി കിട്ടിയ മറ്റൊരു പേനയും
മേശമേല്‍ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു. പേനയുടെ വിലകൂടിയ പ്ലാറ്റിനം നിബ്ബ്
തറയില്‍ തറച്ചുനിന്നു. മാരകമായ പരിക്കായിരുന്നു അത്. പേന സുഖം പ്രാപിക്കും വരെ
കളക്ടര്‍ക്ക് ഒരുവരി പോലും എഴുതാനായില്ല. പിന്നീട് പേന സുഖം പ്രാപിച്ചതിനുശേഷം മാത്രമാണ്
കളക്ടര്‍ തന്റെ കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചുവന്നത്.
പിന്നേയും
പിന്നെയുമുണ്ട് ഡോ.നാസറിന്റെ പേനാസ്പത്രിയിലെ കരളലിയിപ്പിക്കുന്ന, കണ്ണുകള്‍
നനയിക്കുന്ന കഥകള്‍. ലക്ഷങ്ങള്‍ വിലയുള്ള വാട്ടര്‍ മാനും, മോണ്ട്ട് ബ്ലാങ്കും, ഷേയ്ഫറും,
ക്രോസ്സും, കാര്‍ട്ടിയറുമെല്ലാം ഈ കഥകളില്‍ വന്നുപോകുന്നുണ്ട്. ഈ കഥകളൊക്കെ പറയുമ്പോഴും ഡോ. നാസര്‍ ഇടയ്ക്കിടെ
വാല്‍ക്കണ്ണിലെ വികാരവായ്പ്പിന്റെ കണ്ണീര്‍ തുടച്ചുകൊണ്ടിരുന്നു.
ഫൌണ്ടന്‍
പേന തന്നെ വേണം കയ്യക്ഷരം നന്നാവാന്‍. ബാള്‍ പേന കയ്യക്ഷരം ചീത്തയാക്കും. നമ്മുടെ
കുട്ടികള്‍ ഇപ്പോള്‍ ഫൌണ്ടന്‍ പേനകള്‍ ഉപയോഗിച്ചു കാണുന്നതില്‍ ഡോ. നാസര്‍
സന്തോഷിക്കുന്നുണ്ട്. വിലകുറഞ്ഞ പ്ലാസ്റ്റിക് ബാള്‍ പേനകള്‍ ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഡോ. നാസര്‍ പറയുന്നു. അവ ഉപയോഗിക്കുന്ന
പലരിലും അലര്‍ജി ഉണ്ടാക്കുന്നുണ്ട്. അവ നിരോധിച്ചാല്‍ നന്ന്.
No comments:
Post a Comment