മരട്
ഇപ്പോള്‍ ഒരു ഭൂപ്രദേശമല്ല; ഭൂപ്രദേശ പ്രശ്നമാണ്. കേരളത്തിന്റെ പാരിസ്ഥിതിക
പ്രശ്നമാണ്. അതുകൊണ്ടാണ് സുപ്രീംകോടതി കേരളത്തെ ശക്തമായി ശാസിച്ചത്. നിയമലംഘനം
നടത്തി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ എത്രയുംവേഗം പൊളിക്കണമെന്നും ഇനിയും പ്രകൃതി
ദുരന്തങ്ങള്‍ മുഖേന മനുഷ്യര്‍ ഇവിടെ ദുരിതമനുഭവിക്കാന്‍ പാടില്ലെന്നും
സുപ്രീംകോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
മരടിനെ
ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്ന ആദ്യത്തെ വസ്തുതയെന്തെന്നാല്‍, മരട് ഒരു തീരദേശ
ഭൂപ്രദേശമാണെന്നാണ്. എന്നുവച്ചാല്‍ തീരദേശ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും
വിധേയമായ ഒരു ഭൂമിക. അതായത് പ്രകൃതി ദുരന്തങ്ങള്‍ വിളിച്ചുവരുത്തന്ന വിധത്തില്‍
മരടില്‍ നിര്‍മ്മിതികള്‍ ഒന്നും പാടില്ലെന്ന് വ്യക്തം.
മരടിലെ
ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ എല്ലാവരും തന്നെ ഗൂഗിള്‍ സാക്ഷരത ഉള്ളവരെന്നാണ്
എന്റെ സ്ഥിരീകരിച്ച വിശ്വാസം. അതുപോലെ തന്നെ അവരില്‍ ഭൂരിപക്ഷവും മരടിലെ
ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത് ഗൂഗിള്‍ പ്ലാറ്റ്ഫോം സാക്ഷ്യപ്പെടുത്തിക്കൊണ്ടുതന്നെയാണെന്നും
ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
ഞാന്‍
നേരത്തെ പറഞ്ഞതുപോലെ മരട് കേരളത്തിന്റെ ഒരു പാരിസ്ഥിതിക പ്രശ്നമാണ്.
അതുകൊണ്ടുതന്നെ മരട് എന്ന ഭൂപ്രദേശത്തിന്റെയോ അവിടെ ഫ്ലാറ്റുകളില്‍
താമസിക്കുന്നവരുടെയൊ പ്രശ്നമല്ല ഇവിടുത്തെ വിഷയം. അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാര
സ്ഥിതിവിവരക്കണക്കുകളും ഇവിടെ വിഷയമാവുന്നില്ല. കാരണം, അതെല്ലാം സമൂഹ
മാധ്യമങ്ങളുടെ വിസ്തൃതമായ ശൃംഗല ഈ ഭൂമിയെ നല്ലവണ്ണം അറിയിച്ചും പഠിപ്പിച്ചും കഴിഞ്ഞു.
ഒരുവേള, ഈ വിഷയത്തില്‍ സുപ്രീംകോടതി പഠിച്ചതിനേക്കാള്‍ ഏറെ പഠിച്ചിരിക്കണം ഇതിനകം നമ്മുടെ
സമൂഹ മാധ്യമ സംവാദക്കാരും പ്രേക്ഷകരും.
മരട്
വിഷയം വളരെ ലളിതമാണ്. അതേസമയം പ്രശ്നം അത്രയ്ക്ക് സങ്കീര്‍ണ്ണവുമല്ല. മരട്, ഗൂഗിള്‍
പറയുന്നതുപോലെ ഒരു തീരദേശ പ്രദേശമാണ്. അതുകൊണ്ടുതന്നെ തീരദേശ ചട്ടങ്ങള്‍ക്കും
നിയമങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കണം മരട് ഭൂപ്രദേശങ്ങളിലെ ഭൂമി വ്യവഹാരങ്ങളും
നിര്‍മ്മിതികളും.
വസ്തുതയും
സത്യവും ഇതായിരിക്കെ മരടിലെ തീരദേശ ചട്ടങ്ങളും നിയമങ്ങളും കായലില്‍ പറത്തി അവിടെ ഒരു
പതിറ്റാണ്ടെങ്കിലും മുമ്പ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചതാരാണ്? തികച്ചും
ബോധപൂര്‍വ്വം നിയമലംഘനം നടത്തി നിര്‍മ്മിച്ച ആ ഫ്ലാറ്റുകള്‍ ബോധപൂര്‍വ്വം തന്നെ സ്വന്തമാക്കിയവര്‍
ആരാണ്?
ഇതൊക്കെ
അറിയാന്‍ കോടതികളുടെയോ, കോടതികളെക്കാള്‍ കേമമായ
സര്‍വജ്ഞപീഠം കയറിയ മാധ്യമ അന്തിച്ചര്‍ച്ചാ കോടതികളുടെയോ ആവശ്യമില്ല. ഉത്തരം വളരെ കൃത്യമാണ്.
ബോധപൂര്‍വ്വം നിയമലംഘനം നടത്തി മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചവരും നിയംലംഘിത
സമുച്ചയങ്ങള്‍ സ്വന്തമാക്കിയവരും കേരളത്തിലെ നിയമ സാക്ഷരതയുള്ള പണക്കൊഴുപ്പും
അധികാരക്കൊഴുപ്പും കൈമുതലായുള്ള പ്രമാണിമാര്‍ തന്നെ. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചുകൊണ്ട് ചില രാഷ്ട്രീയക്കാരും കാണാമറയത്തെ ഭരണകൂടവും ഭരണകൂട
യന്ത്രങ്ങളും മാധ്യമങ്ങളും നിലയുറപ്പിച്ചിരിക്കണം.
മരടിലെ
തീരദേശ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മിതികള്‍ സ്വന്തമാക്കിയവരില്‍
സാക്ഷരകേരളത്തിലെ നിയമജ്ഞരും ന്യായാധിപന്മാരും അന്വേഷണാത്മക മാധ്യമ
തമ്പുരാക്കന്മാരുമെല്ലാം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നുവച്ചാല്‍
മരടില്‍ സംഭവിച്ചത് ബോധപൂര്‍വ്വമായ നിയമലംഘനം തന്നെ. അല്ലെങ്കില്‍ നിയമലംഘനം എന്ന്
പൊതുസമൂഹം കരുതുന്നതിനെ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാണാചരടിന്റെ ബലത്തില്‍
നിയമമാക്കാമെന്ന ചങ്കൂറ്റമുള്ളവര്‍ തന്നെയാണ് മരടില്‍ നിയമലംഘനം നടത്തിയത്. അവര്‍ക്കെതിരെയാണ്
ഇപ്പോള്‍ സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. നടപ്പാവാത്ത സുപ്രീംകോടതി
വിധികളുടെ കൂട്ടത്തില്‍ ഈ വിധിക്കും ദുര്‍വിധി ഉണ്ടാവാതിരിക്കട്ടെ. നമുക്ക്
പ്രത്യാശിക്കാം. കാണാം വീഡിയോ
No comments:
Post a Comment