കഥാകാരി പി. വത്സല വായിച്ചറിയുവാന്‍ കഥ കേട്ട് ഉണര്‍ന്നിരിക്കുന്ന ഒരു കുട്ടി എഴുതുന്നത് എന്തെന്നാല്‍ .....
മാതൃഭൂമി 88 :50 ലക്കത്തില്‍ പി. വത്സല , പ്രസിഡണ്ട് , കേരള സാഹിത്യ അക്കാദമി , തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ഒരു കത്ത് കണ്ടു. "ആഴ്ചപ്പതിപ്പ് എന്നെ അപമാനിച്ചു "എന്ന തലക്കെട്ടില്‍ .
അമ്പത്തിരണ്ടു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായുണ്ടായ എഴുത്തുകാരി പി. വത്സല തന്നെയാണ് കത്ത് എഴുതിയതെന്നു വിശ്വസിക്കട്ടെ . കാരണം , മേല്‍ വിലാസക്കാരിക്ക് ഒരു സ്ഥാപനത്തിന്റെ പിന്‍ബലം കണ്ടതുകൊണ്ടുള്ള ആശങ്ക അവിശ്വാസം ഉണ്ടാക്കുന്നു . പി. വത്സല എന്നെഴുതിയാല്‍ തന്നെ ധാരാളം . ഒരു സ്ഥാപനത്തിന്റെ പിന്‍ബലം പി. വത്സലക്ക് വേണ്ടേ വേണ്ട .
ആഴ്ചപ്പതിപ്പ് 88 :47 ല്‍ പി. വത്സല യെ പറ്റിയുള്ള ലേഖനത്തില്‍ കഠിനമായി പ്രതിഷേധിച്ചാണ് കത്ത് എഴുതിയിരിക്കുന്നത് . പ്രസ്തുത ആഴ്ച്ചപ്പതിപ്പ് തലങ്ങും വിലങ്ങും വായിച്ചിട്ടും പി. വത്സല യെ പറ്റിയുള്ള ലേഖനം കാണാനായില്ല .
" വെട്ടിമാറ്റിയത് കൈപ്പത്തിയോ സത്യമോ ? " എന്ന തലക്കെട്ടില്‍ സി. ടി. വില്യം "എഴുത്തും സ്വാതന്ത്ര്യവും " എന്ന വിഭാഗത്തില്‍ എഴുതിയ ലേഖനത്തില്‍ അവിടവിടെ വത്സല ടീച്ചറെ ആദരപൂര്‍വ്വം പരാമര്‍ശിച്ചതായി കാണാന്‍ കഴിഞ്ഞു . ശ്രി. എം. മുകുന്ദനെയും അതുപോലെത്തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. ഈ ലേഖനമായിരിക്കും പി. വത്സല ഉദ്ദേശിച്ചത് എന്ന് വിശ്വസിക്കട്ടെ .
വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ വളരെ ലളിതമായി പറയുന്ന കഥാകാരിയാണ് പി. വത്സല . എന്നാല്‍ ഒരു കത്തെഴുതിയപ്പോള്‍ കഥയും കാര്യവും ഒളിച്ചുകളിക്കുന്ന ഒരു കപട രീതി ആവിഷ്കരിച്ചു കണ്ടതില്‍ അത്ഭുദം .
പരാമര്‍ശ്യവിഷയകമായ ഒരു ലേഖനത്തിന്റെ തലക്കെട്ടും ലേഖകന്റെ പേരും എഴുതിപ്പോയാല്‍ പി. വത്സലയുടെ അമ്പത്തിരണ്ടു വര്‍ഷത്തെ കഥാ പാരമ്പര്യത്തിന് ഏതെങ്കിലും തരത്തില്‍ കോട്ടം സംഭവിക്കുമെന്ന് കേരളം വിശ്വസിക്കുന്നില്ല . പുതിയ എഴുത്തുകാരോടുള്ള വെറുപ്പും അവജ്ഞയും ആവാം ഈ കഥാകാരിക്ക് പാരമ്പര്യം നേടിക്കൊടുത്തതെന്നും വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നു ഞങ്ങള്‍ . മറ്റൊരര്‍ത്ഥത്തില്‍, ഇതില്‍ നിന്നൊക്കെ വ്യക്ത്തമാവുന്നത് പ്രശ്നം മാതൃഭൂമിയും വീരേന്ദ്രകുമാറും തന്നെ എന്നല്ലേ . രാഷ്ട്രീയ നിലപാടുകള്‍ രാഷ്ട്രീയത്തില്‍ തെറ്റില്ല പക്ഷെ സാഹിത്യത്തില്‍ അത് കൂട്ടിക്കലര്‍ത്തുമ്പോള്‍ അക്ഷന്തവ്യമായ തെറ്റാവുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി കേരള സാഹിത്യ അക്കാദമിയില്‍ വിവാദത്തില്‍ നില്‍ക്കുന്ന പുസ്തകമാണ് പ്രൊഫ . എന്‍. കെ. ശേഷന്റെ ജീവചരിത്രം . വിവാദവുമായി അന്ന് മാതൃഭൂമിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ അതിരാവിലെ തന്നെ ആരാധ്യയായ പി. വത്സല അക്കാദമി സെക്രടറിയെ വിളിച്ചു വിശദീകരണം തേടിയതാണ് . മാത്രമല്ല , ഈ പുസ്തകം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രി. എം. എ. ബേബി യാണ് അക്കാദമി സെക്രട്ടറിക്ക് കൈ മാറിയതെന്നും വത്സല ടീച്ചര്‍ക്ക് അറിയാവുന്ന കാര്യമാണ് .പിന്നീട് ഒരു വര്‍ഷത്തിനു ശേഷമാണ് മാതൃഭൂമിയില്‍ എന്റെ ലേഖനം വരുന്നത്. എന്നിട്ടും ഗ്രന്ഥവും ഗ്രന്ഥകാരനും തനിക്കു അപരിചിതമാണ് എന്ന് പറയുന്നത് പച്ച കള്ളമാണ് .
ഒ.എന്‍. വി .കുറുപ്പിന് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയതിലെ വാത്സല്യമില്ലായ്മയെ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ തലയില്‍ വച്ചുകെട്ടി കള്ളം പറഞ്ഞതും പിന്നീട് അത് തിരുത്തി പറഞ്ഞതും ഞങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ല .
കഥാകാരി കള്ളം പറയാന്‍ പാടില്ല . കഥ പറയുമ്പോള്‍ കാര്യത്തിന്റെ നിലനില്പിനുവേണ്ടി കള്ളത്തെ ഭാവനാപൂര്‍വ്വം ചേര്‍ത്തുപിടിക്കാം . എന്നാല്‍ കാര്യം പറയുമ്പോഴും എഴുതുമ്പോഴും കഥയും കള്ളവും പാടില്ല.
അക്കാദമി പ്രസദ്ധീകരിക്കുന്ന കൃതികള്‍ വായിച്ചുനോക്കുകയോ പ്രസിദ്ധീകരിക്കാനുള്ള അനുമതി കൊടുക്കുകയോ ചെയ്യുന്നത് അക്കാദമി പ്രസിഡന്റിന്റെ ചുമതലയല്ലെന്നു പി. വത്സല പറയുന്നു. ഭരണപരവും നയപരവുമായ കാര്യനിര്‍വ്വഹണം മാത്രമാണ് പ്രസിഡന്റ് ചെയ്യേണ്ടതുള്ളൂ എന്നും പി. വത്സല പറയുന്നു. എന്നാല്‍ പിന്നെ എഴുത്തുകാര്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് കസേരയില്‍ വലിഞ്ഞുകയറി ഇരിക്കേണ്ട വല്ല കാര്യവും ഉണ്ടോ ? ഏതെങ്കിലും ഐ. എ. എസ് . കാര്‍ ഈ കസേരയില്‍ ഇരുന്നാല്‍ പോരെ.
അക്കാദമി പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആവാന്‍ വേണ്ടി കഠിനമായ രാഷ്ട്രീയ വ്യായാമം നടത്തുന്നവരുടെയും നടത്തിയവരുടെയും കേരളത്തിലെ കഥ ഉണര്‍ന്നിരിക്കുന്ന എന്നെ പോലെയുള്ള കുട്ടികള്‍ക്കറിയാം ടീച്ചറെ .
സി. ടി. വില്യം
No comments:
Post a Comment