Tuesday, February 22, 2011

ഉപജീവനത്തിന്റെ മാംസക്കാഴ്ചകള്‍.

ഏകദേശം നാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് . എഴുപതുകളുടെ ആരംഭത്തില്‍ ഭാഗികമായി ഉയിര്‍ കൊണ്ട ഈ സ്ഥാപനം അന്ന് മുതലേ സ്ത്രീകള്‍ക്ക് പേടി സ്വപ്നമായിരുന്നു എന്ന് പഴയ തലമുറക്കാര്‍ സാക്ഷ്യം പറയുന്നു. 

പിന്നീട് ജീവിത മാത്സര്യത്തിന്റെയും കേരളത്തിന്റെ സാമ്പത്തീക സാഹചര്യ സമ്മര്‍ദ്ദം കൊണ്ടും വളരെ പേടിച്ച് പേടിച്ച് നമ്മുടെ സ്ത്രീകള്‍ ഈ സ്ഥാപനത്തിലേക്ക് അഭയം പ്രാപിക്കുകയായിരുന്നു.  ഇന്നത്തെ പീഡനങ്ങളെ ക്കാള്‍ ഭയാനകമായ രീതിയിലുള്ള ബലാല്‍സംഘങ്ങളും  കൊലപാതകങ്ങളും ഈ സര്‍വ്വകലാശാലയുടെ കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും അരങ്ങേറിയിട്ടുണ്ട് .

ഇതിനിടെയാണ് , ഇപ്പോള്‍ ഒരു താത്കാലിക സ്ത്രീ ജീവനക്കാരിയെ പീഡിപ്പിച്ചതിന് ഒരു ശാസ്ത്രജ്ഞനെ സര്‍വ്വകലാശാല സസ്പെന്ഡ് ചെയ്തിരിക്കുന്നത് . സസ്പെന്‍ഷന്‍ കാലം വാജീകരണത്തിനും  ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുഖ ചികിത്സക്കും ഉപയോഗപ്പെടുത്തി ഈ ശാസ്ത്രജ്ഞന്‍ മുഴുവന്‍ ശമ്പളവും ആനുകൂല്യവും കൈപറ്റി തിരിച്ചുവരും . അപ്പോഴും കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക സ്ത്രീജീവനക്കാര്‍ ഉണ്ടാവും .

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ത്രീ പീഡന കഥ പുതു കഥയല്ല . പരമ്പരയാണ് . ഇവിടെ പരീക്ഷകള്‍ പാസ്സവുന്നതിനും പി.എച് .ഡി . തീസസ് ഒപ്പിട്ടു കിട്ടുന്നതിനും വേണ്ടി പെണ്‍കുട്ടികള്‍ മാംസ കാഴ്ച്ചകള്‍ ആയ സംഭവങ്ങള്‍  അനവധിയാണ് . ഇന്നും അത് തുടരുന്നു.

നേരത്തെ സസ്പെന്ഡ് ചെയ്ത ശാസ്ത്രജ്ഞന്‍ ഇതിനുമുമ്പും ഇത്തരം കുറ്റകൃത്യം   നടത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്‌. ഈയിടെ അദ്ദേഹത്തിന്‍റെ ഓഫീസ്മുറി പരിശോധിച്ചപ്പോള്‍ അതിനകത്തുനിന്നു അതിനൂതന സാങ്കേതിക ശയ്യോപകരണങ്ങളും മറ്റും കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു. ഏവിടെ നില്‍ക്കുന്നു നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ ?

കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ത്രീ പീഡനം പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍, എന്ന് വേണം കരുതാന്‍ . ഇവിടെ സ്ഥിരം ജീവനക്കരെക്കാള്‍ വളരെ കൂടുതലാണ് താത്കാലിക ജീവനക്കാര്‍ . അതില്‍ത്തന്നെ കൂടുതലും സ്ത്രീകളാണ് . ഈ നിയമനങ്ങള്‍ ഒന്നും തന്നെ നിയമവിധേയവുമല്ല. സര്‍ക്കാര്‍ ചട്ടങ്ങളുടെ ഉള്ളില്‍നിന്നുകൊണ്ട്‌ 59 ദിവസത്തേക്കും 179 ദിവസത്തെക്കുമുള്ള നിയമനങ്ങളാണ് ഭൂരിഭാഗവും . ഈ ഹ്രസ്വ കാലയളവില്‍ ഉപജീവനത്തിന്റെ സമ്മര്‍ദ്ദം കൊണ്ടും മറ്റും ഈ പാവം സ്ത്രീജീവനക്കാര്‍ ഇത്തരം ശാസ്ത്രജ്ഞന്മാര്‍ക്ക് സ്വയം അര്‍പ്പിക്കപ്പെടുകയാണ്.  ഉപജീവനത്തിന്റെ 59 ദിവസത്തിന്റെയും 179 ദിവസത്തിന്റെയും തനിയാവര്‍ത്തനത്തിനുവേണ്ടി ഇവര്‍ എല്ലാം പണയപ്പെടുത്തുകയാണ്. ഇക്കഥ കളൊന്നും തന്നെ പുറത്തു വരുന്നില്ല . ഇപ്പോള്‍ പുറത്തുവന്ന കഥ തുടര്‍ കഥയുടെ ഇടയിലെ ഒരു കണ്ണി മാത്രമാണ് .

അതുകൊണ്ട് , കാര്‍ഷിക സര്‍വ്വകലാശാലയില്‍ വനിതാ കമ്മിഷന്റെയും സ്ത്രീപക്ഷ പ്രവര്‍ത്തകരുടെയും ഗൌരവപൂര്‍ണമായ ഇടപെടലുകള്‍ ആവശ്യമുണ്ട് . വനിതാ കമ്മീഷന്‍ നേരിട്ട് സര്‍വ്വകലാശാലയുടെ എല്ലാ സ്ഥാപനങ്ങളിലും തെളിവെടുപ്പ് നടത്തേണ്ടതാണ്. സ്ത്രീ ജീവനക്കാര്‍ക്ക് ആരെയും പേടിക്കാതെ ആത്മരക്ഷാര്‍ത്ഥം തെളിവ് കൊടുക്കാനുള്ള സ്വതന്ത്രവും നിര്‍ഭയവുമായ സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം.     

സി. ടി. വില്യം    

    

1 comment:

  1. It spells out hopeless pathetic situation prevailing in KAU.

    ReplyDelete