Monday, January 23, 2012

ആധ്യാല്മീക പ്രഭാഷകന്‍ നടനാവുമ്പോള്‍ പ്രഭാഷണ വേദി നാടക വേദിയാവുമ്പോള്‍


മഹാഭാരതം മതഗ്രന്ഥമല്ല, മറിച്ച് കഥാപുസ്തകമാണ് എന്ന സ്വാമി സന്ദീപാനന്ദന്റെ വാദവും അതിന്  അനുബന്ധമായി മഹാഭാരത യുദ്ധം നടന്നിട്ടില്ലെന്ന യുക്തിവാദവും എന്നാല്‍ ഗീത യുക്തിഭദ്രമെന്ന  വാദവും ഇവിടെ ചര്‍ച്ചയ്ക്ക് എടുക്കുന്നില്ല.

എന്നാല്‍ ഇന്നലെ തൃശൂരില്‍ സ്വാമി ഭൂമാനന്ദ തീര്‍ത്ത മഹാരാജ് ഗീതാ തത്വസമീക്ഷയില്‍ പറഞ്ഞത് ഇങ്ങനെയാണ് . " മഹാഭാരതം ഒരു ചരിത്ര സംഭവമാണ് . അതിലെ നാടകീയ മുഹൂര്‍ത്തങ്ങളില്‍ വച്ച് ഏറ്റവും നാടകീയത ഉള്ളത് ഗീതയിലാണ് . മഹാഭാരതം നിറയെ ശാസ്ത്രമാണ് . നാം സയിന്‍സ് എന്ന് പേരിട്ടു വിളിക്കുന്ന ശാസ്ത്രമല്ല. .അതുകൊണ്ടുതന്നെ ശാസ്ത്ര സംഗം പ്രാപിക്കാന്‍ മഹാഭാരതവും ഗീതയും നമ്മെ സഹായിക്കുന്നു ".

ഇതില്‍  നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത് എന്താണ് ? ഓരോരുത്തരും മനനം ചെയ്തു തന്നെ മനസ്സിലാക്കുക .

ഇനി സന്ദീപാനന്ദന്റെ മാത്രുഭുമിയിലെ ലേഖനം . തന്റെ വാദഗതികള്‍ ശരിയെന്ന് കാണിക്കാന്‍ സ്വാമി കൊണ്ടുവന്നത് മഹാത്മാ ഗാന്ധിയെയും സുകുമാര്‍ അഴീക്കോടിനെയും . ഇവരാണോ ഇത്രയും ഗൗരവമുള്ള ഈ വിഷയത്തില്‍ അവസാന വാക്കാവേണ്ടത് . അല്ലെന്നു തന്നെയാണ് എന്റെ വാദം . ഗാന്ധിജിയുടേത് ആധ്യാല്മീക രാഷ്ട്രീയവും അഴീക്കോടിന്റെത്‌ പ്രായോഗിക രാഷ്ട്രീയവും എന്നാണ് എന്റെ വായനാനുഭാവങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് . രണ്ടും കാലത്തിന് തെളിയിക്കാനുള്ള സത്യങ്ങളാണ് . അപ്പോള്‍ സ്വാമി സന്ദീപാനന്ദന്‍  ഇവിടെ പ്രയോഗിച്ചിരിക്കുന്നത് ഒരു തരം രാഷ്ട്രീയ യുക്തിയെന്ന് മനസ്സിലാവും .

ഇനി ഇതൊക്കെ ശരിയെന്നുതന്നെ ശരിവക്കുക . മഹാഭാരതം ഒരു നടക്കാത്ത യുദ്ധത്തിന്റെ കഥയെങ്കില്‍ എന്തിനാണ് പിന്നെ ഈ യജ്ഞങ്ങളും തത്ത്വസമീക്ഷകളും ? യജ്ഞങ്ങളും തത്ത്വസമീക്ഷകളും നടത്താന്‍ ബൈബിളോ ഖുറാനോ എടുക്കാമല്ലോ ? മാത്രമല്ല ഈ യജ്ഞങ്ങളും തത്ത്വസമീക്ഷകളും ക്രിസ്ത്യന്‍ - മുസ്ലീം പള്ളി പറമ്പുകളില്‍ എന്തുകൊണ്ട്  നടത്തുന്നില്ല എന്ന സംശയവും ബാക്കിയാവുന്നു . അമ്പല പറമ്പുകളില്‍ മാത്രമേ ഇത് നടത്താവൂ എന്നുണ്ടോ ? ഇനി സ്വാമിമാര്‍ ഈ യജ്ഞാങ്ങള്‍ക്കും തത്ത്വസമീക്ഷകള്‍ക്കുമൊക്കെ വരുമ്പോള്‍ ഹിന്ദു മതാചാരപ്രകാരമുള്ള സ്വീകരണ അനുഷ്ടാനങ്ങള്‍ ആവശ്യമുണ്ടോ ?

അപ്പോള്‍ എവിടെയോ എന്തോ ദഹനക്കുറവുള്ളതുപോലെ  തോന്നുന്നു . ഞാന്‍ ഒരുപാട് ഗീതാ ജ്ഞാന യജ്ഞങ്ങളും തത്ത്വസമീക്ഷകളും ശ്രദ്ധിച്ച ഒരാളാണ് . അതില്‍ ശ്രേഷ്ഠം സ്വാമി ചിന്മയാനന്ദന്റെയും ഭൂമാനന്ദന്റെയും ആണെന്ന് പറയട്ടെ . ഈ രണ്ടു സ്വാമിമാരും ആധ്യാല്മീകം പറയുമ്പോള്‍ ശ്രോതാക്കളുടെ കയ്യടി പ്രതീക്ഷിച്ചിരുന്നില്ല . ഇവര്‍ക്കൊന്നും ഇത് കച്ചവടവുമായിരുന്നില്ല . ഇവരുടേത് ആധ്യാല്മീക നാടകവേദിയും (Spiritual Theater) ആയിരുന്നില്ല . ആധ്യാല്മീക പ്രഭാഷകന്‍ നടനാവുമ്പോള്‍ പ്രഭാഷണ വേദി നാടക വേദിയാവുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണിതൊക്കെ.

ഡോ. സി. ടി .വില്യം   

No comments:

Post a Comment