Saturday, January 28, 2012

അപ്പോഴും ഒരു ബംഗാളി ദേശീയ ഗാനത്തിന്റെ പാടിപ്പതിഞ്ഞ ഈരടികള്‍ നേര്‍ത്തുകിടന്നു

ഒരു റിപ്പബ്ലിക്  ദിനാഘോഷം കൂടി കടന്നു പോയി. ഒരുപാട് കാലമായി ഞാന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നിട്ട് . ബാല്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നതും മധുര പലഹാരങ്ങള്‍ നുണഞ്ഞതും ഇന്നലെയെന്നോണം ഓര്‍മയില്‍ വന്നു പോയി .

മാത്രമല്ല ഈയടുത്തകാലത്ത് ഞാന്‍ ചൈനയില്‍ പോയപ്പോള്‍ അവിടുത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കു ചേരുകയുണ്ടായി . ബീജിങ്ങിലെ നല്ല തണുത്ത വെളുപ്പാന്‍ കാലത്ത് ടിയാനന്മെന്‍ സ്കൊയറില്‍ പോയതും വന്‍പിച്ച ജനക്കൂട്ടം കണ്ട് അന്തം വിട്ടതും ഓര്‍മയില്‍ വന്നിരുന്നു. ചൈനക്കാരുടെ ദേശീയ ബോധം കണ്ട് ഞാന്‍ ലജ്ജിച്ച് മുഖം കുനിച്ചു.  അപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണ്‌ ഇക്കുറി ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ഇന്ത്യയുടെ ദേശീയബോധം ആത്മാര്‍ഥമായി അനുഭവിക്കണമെന്നും. 

പതിവുപോലെ ഞാന്‍ ജോലി ചെയ്യുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ എസ്റ്റേറ്റ്‌ ആപ്പീസില്‍ കൊടി ഉയര്‍ത്താന്‍ രാവിലെ എട്ടു മണിക്ക് ചെല്ലുമ്പോള്‍ കൊടി ഉയര്‍ത്തേണ്ട ആപ്പീസറും ഞാനും മാത്രം . ഇരുപതോളം പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ ആരും തന്നെ ഹാജരായില്ല . കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനത്തും സ്ഥിതി ഇതുതന്നെ. എന്നാല്‍ ഒരു പണിമുടക്കോ ബന്ദോ പ്രഖ്യാപിച്ചാല്‍ ഇവരില്‍ പലരും വളരെ നേരത്തെ തന്നെ വന്ന് പണിമുടക്കും ബന്ദും പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ടിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട് . അനുഭവിച്ചിട്ടുണ്ട് . മാത്രമല്ല ദൂരെ നിന്നുള്ളവരാണെങ്കില്‍ ഇവരില്‍ പലരും രാത്രി വളരെ കഷ്ടപ്പെട്ട് ആപ്പീസ് പരിസരത്തു താമസിച്ച് പണിമുടക്കും ബന്ദും വിജയിപ്പിച്ച കഥയും എനിക്കറിയാം . അതാണ്‌ നമ്മുടെ ദേശീയത എന്ന് ഈ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ എനിക്ക് മനസ്സിലായി.

ഞാന്‍ ഇന്നലെ പിന്നെയും കുറെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ സാക്ഷിയായി . എവിടെയും കുറെ കുട്ടികളും കൊടി ഉയര്‍ത്താന്‍ ബാധ്യതയുള്ള ആപ്പീസര്‍മാരും മാത്രം . ഒരു റിപ്പബ്ലിക്കില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനെയും എനിക്ക് ഇന്നലെ കാണാന്‍ കഴിഞ്ഞില്ല . നേതാക്കന്മാരെയും അവരുടെ സില്‍ബന്തികളെയും എനിക്ക് ഇന്നലെ കാണാന്‍ കഴിഞ്ഞില്ല.

മാത്രമല്ല ഇന്നലെ കൊടി ഉയര്‍ത്താനും ഈ ആപ്പീസര്‍മാര്‍ വന്നത് സര്‍ക്കാര്‍ വാഹനങ്ങളില്‍ തന്നെ. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിലെങ്കിലും  സ്വന്തം വാഹനം ഓടിച്ചുവന്ന് അല്പം ദേശീയത ഇവര്‍ക്കൊക്കെ കാണിക്കാമായിരുന്നു. ദേശസ്നേഹവും സര്‍ക്കാര്‍ ചെലവില്‍ പ്രകടിപ്പിച്ച ഇവരെക്കൂടി ഒഴിവാക്കിയാല്‍  പിന്നെ ബാക്കി  ആരുണ്ട്‌ നമ്മുടെ റിപ്പബ്ലിക് ആഘോഷിക്കാന്‍ എന്ന് ആലോചിച്ച് ആലോചിച്ച് ഞാന്‍ അവസാനം സര്‍വ്വകലാശാലയുടെ മറ്റൊരു ആപ്പീസില്‍ ചെന്നപ്പോഴാണ് എനിക്ക് ഉത്തരം കിട്ടിയ ആ ദൃശ്യം കണ്ടത് . അവിടെ മേല്പറഞ്ഞവരും രണ്ടു ശ്വാനന്മാരും വാലുകൊണ്ട് സല്യുട്ട് ചെയ്തു നില്‍ക്കുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ലജ്ജിച്ച് മുഖം താഴ്ത്തി. മനസ്സില്‍ അപ്പോഴും ഒരു ബംഗാളി ദേശീയ ഗാനത്തിന്റെ പാടിപ്പതിഞ്ഞ ഈരടികള്‍ നേര്‍ത്തുകിടന്നു .

ഡോ. സി.ടി. വില്യം

No comments:

Post a Comment