Friday, February 8, 2013

സ്വര്‍ഗ്ഗീയനരകം-2


രണ്ട്
മരുഭൂമിപോലെ മനസ്സുള്ള മലയാളി 

ദുബായ് .അഹങ്കാരവും അധികാരവുമുള്ള ഒരു മരുമകളെ പോലെ ദുബായ് . അവളുടെ പൂമുഖമായി .നിരാഹാരസമരം നടത്തിയ കോളനിവാസികള്‍ സിംഹ കുഞ്ഞുങ്ങളെപോലെ സട കുടഞെണീറ്റു .അവര്‍ അവരുടെ പെട്ടിക്കും പ്രമാണത്തിനുമായി എയര്‍പോര്‍ടിലേക്ക് കുതിച്ചു.

നീണ്ടുനിവര്‍ന്ന വരികളില്‍ അവര്‍ അയവെട്ടാന്‍ പോലും പേടിക്കുന്ന കുഞ്ഞാടുകളായി രൂപാന്തരം കൊണ്ടു . കുഞ്ഞാടുകള്‍ കൂട്ടം കൂടിയ എയര്‍പോര്‍ട്ട്‌ പരിസരം നമ്മെ വീര്‍പ്പുമുട്ടിക്കും വിധമായിരുന്നു. എല്ലാവരുടെയും മുഖത്ത് ആശങ്കകളും ഭയവിഹ്വലതകളുമായിരുന്നു .അവിടെ ഉണ്ടായിരുന്ന ഇംഗ്ലീഷുകാരും അറബികളും മാത്രമേ പ്രസന്നവദനരായിരുന്നുള്ളൂ .അവരൊക്കെ എയര്‍പോര്‍ട്ട് കണ്ട്രോള്‍ പരിസരത്തെ കടമ്പകള്‍ അനായാസം കടന്നിരുന്നു .അവരൊക്കെ അറബികളാല്‍ അകമ്പടിപ്പെടുകയോ ആനയിക്കപ്പെടുകയോ ആയിരുന്നു .മലയാളികളടക്കമുള്ള വിദേശികളാണ് അവിടെ നിരാലംബരും നിരാശ്രയരുമായി കാണപ്പെട്ടത് .


ദുബായ് എയര്‍പോര്‍ട്ടിന്റെ ഈ പരിസരം മുഴുവന്‍ മലയാളികളാണെന്ന് പറയാം. അവധികഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയവരും അവരോടൊപ്പം കുട്ടികളെ നോക്കാനായി കൂടെവന്ന മാതാപിതാക്കളും ജോലി അന്വേഷിച്ചെത്തിയവരും അക്കൂട്ടത്തിലുണ്ട് . എല്ലാവരുടെ മുഖത്തും ആശങ്കകളുണ്ട് . പാസ്പോര്‍ട്ട് കണ്ട്രോള്‍ കടമ്പ വിജയകരമായി കടന്നാലേ അവര്‍ക്കൊക്കെ എയര്‍പോര്‍ടിനു പുറത്തുകടക്കാനാവൂ .


ഇവിടുത്തെ കൌണ്ടറുകളില്‍ മുഴുവന്‍ അറബികളാണ് .അവരുടെ മുമ്പിലൊരു തിരിച്ചറിയല്‍ പരേഡിനെന്നോണം മലയാളികള്‍ നിന്നുകൊടുക്കണം . കുറ്റവാളികളെപോലെ അവര്‍ അവരവരുടെ വിധികാത്ത് നിന്നു . അവരുടെ ക്യാമറകള്‍ക്കും കണ്ണുകള്‍ക്കും മുന്നില്‍ അവര്‍ അനുസരണയുള്ള കുഞ്ഞാടുകളായി .അറബികളുടെ പെരുമാറ്റം ഏറെ പരുഷവും അരസികവുമായിരുന്നു .എല്ലാം സഹിച്ച് മലയാളികള്‍ മാനം പണയം വച്ചുനിന്നു അവര്‍ക്കുമുന്നില്‍ . “മലയാളമെ നീ നാണിക്കാത്തതെന്ത് ?” എന്ന് എന്റെ മനസ്സും പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു .ഇവിടെ സ്വരവും സ്വത്വവും പതുങ്ങണം .അല്ലെങ്കില്‍ മരുഭൂതടവറകള്‍ നിങ്ങളെ തേടിയെത്തും .ഇവിടെ മനുഷ്യാവകാശവും ജനാധിപത്യവും ഇല്ല . ഇവ രണ്ടും മനുഷ്യരുള്ളിടത്തല്ലേ ഉണ്ടാവൂ .

ഇതിനിടെ എന്‍റെ പിന്നില്‍ നിന്നൊരു മലയാളി പെണ്‍കുട്ടി കുഴഞ്ഞുവീണു .ഏറെ നേരം വരിയില്‍ നിന്നതിന്റെ ക്ഷീണമുണ്ടായിരുന്നു അവളില്‍ . അവള്‍ ഒറ്റക്കായിരുന്നു . ജോലി തേടി വന്നതായിരിക്കണം . കാണേണ്ടവരെ കാണണമെങ്കില്‍ എയര്‍പോര്‍ടിനു പുറത്തുകടക്കണം . ആരും അവളെ ശ്രദ്ധിക്കുന്നില്ല . മലയാളി പെണ്ണുങ്ങള്‍ പോലും .എന്‍റെ പിറകിലുള്ള ഒരു മലയാളി പെണ്‍കുട്ടി പറഞ്ഞു “ഈ കുട്ടി ഒറ്റക്കാണ്” .ഞാന്‍ അവളെ എടുത്തുയര്‍ത്തി.അപ്പോഴേക്കും ഒരു വീല്‍ ചെയര്‍ എത്തിയിരുന്നു . ഞാന്‍ അവളെ ആ വീല്‍ ചെയയറില്‍ ഇരുത്തി ഹാളിന്‍റെ ഒരു വശത്തേക്ക് ഉരുട്ടിനീക്കി . അപ്പോള്‍ മാത്രമാണ് സഹായത്തിന് നേരത്തെ എന്നോട് സംസാരിച്ച ആ പെണ്‍കുട്ടിക്കും ധൈര്യം വന്നത് . ഞങ്ങള്‍ രണ്ടു പേരും കൂടി അവള്‍ക്ക് വെള്ളം കൊടുത്തു .അവളുടെ മുഖത്ത് വെള്ളം തളിച്ചു . 


ഇതിനിടയില്‍ ഞങ്ങള്‍ക്ക് മുമ്പും പിമ്പുമുള്ളവരൊക്കെ പാസ്പോര്‍ട്ട്. കണ്ട്രോള്‍ കടമ്പ കടന്നുപോയിരുന്നു . ഞങ്ങള്‍ പിന്നീട് വരിയില്‍ നിന്നപ്പോള്‍ അറബിയുടെ ചോദ്യങ്ങള്‍ . “ആരാണ് ആ പെണ്‍കുട്ടി ?” “അവളും നിങ്ങളും തമ്മിലുള്ള ബന്ധം ?” ചോദ്യങ്ങള്‍ തുടര്‍ന്നു . അവസാനം ഞാന്‍ ഏതാണ്ട് കുറ്റം ചെയ്ത മട്ടില്‍ ഒരു താക്കീതും .”മൂവ് ...മൂവ്“ എന്‍റെ പാസ്പോര്‍ട്ട് കണ്ട്രോള്‍ ക്ലിയറായി . രോഷാകുലമായ എന്റെ മനസ്സ് അത്രയ്ക്ക് ക്ലിയറായിരുന്നില്ല .ആ പെണ്‍കുട്ടി അപ്പോഴും ആ വീല്‍ ചെയറില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു . ആരും അവളെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവരവരുടെ പെട്ടിക്കും പ്രമാണത്തിനുമായി പരക്കം പാഞ്ഞു . ഞാനും നിസ്സഹായനായി അവരുടെ പിറകെ നടന്നു . അപ്പോള്‍ കൂടെ ഉണ്ടായിരുന്ന മലയാളി പറഞ്ഞു ,” ഇവിടെ സഹായത്തിനുപോയാല്‍ നമ്മ കുടുങ്ങും . ങ്ങടെ ഭാഗ്യം .ങ്ങള് കുടുങ്ങീല്ലല്ലോ .”ബാഗും ഉരുട്ടി എയര്‍പോര്‍ട്ട് കടക്കുമ്പോള്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയുടെ മുഖവും അവളെ ഉപേക്ഷിച്ച് കടന്നുപോയ മലയാളികളുടെ സ്വാര്‍ത്ഥ മുഖഭാവങ്ങളും എന്നെ വല്ലാതെ അലോസപ്പെടുത്തിക്കൊണ്ടിരുന്നു .

ഞങ്ങളെ കാത്ത് ഷാര്‍ജയിലെ ഷാജി കാത്തുനില്‍പ്പുണ്ടായിരുന്നു . നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നു .സ്പൈസ് ജെറ്റ് എന്ന വിലകുറഞ്ഞ വീമാനത്തിലെ ഇരിക്കാന്‍ കൊള്ളാത്ത ഇരിപ്പിടവും കുടിക്കാന്‍ കൊള്ളാത്ത കാപ്പിയും അനുഭവിച്ച ഞാന്‍ നന്നേ ക്ഷീണിതനായിരുന്നു .ഷാജി ഞങ്ങളെ ഹോട്ടലില്‍ കൊണ്ടുപോകാം എന്നൊക്കെ പ്രലോഭിപ്പിച്ചെങ്കിലും അതുണ്ടായില്ല . പകരം വഴിയരികിലെ ഒരു ഷവര്‍മ വില്പനക്കാരന്റെ അരികിലെത്തിച്ചു .നാട്ടിലെ ശവര്‍മയെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ ഷാജി പറഞ്ഞതിങ്ങനെ , “ഇവിടുത്തേത് യഥാര്‍ത്ഥ ഷവര്‍മ തന്നെയാണ് .കഴിച്ചുനോക്കണ്ടതുമാണ് “.എന്തായാലും ഷവര്‍മ വിശപ്പകറ്റി. ഷവര്‍മ ഉണ്ടാക്കിത്തന്ന കണ്ണൂര്‍ക്കാരന്‍ വിജയനും ഏറെ സന്തോഷമായി .



രാത്രി പകലിനോട് അടുത്തെത്തിയിരിക്കണം . അന്ന് ബര്‍ദുബായിലെ ഒരു ഫ്ലാറ്റില്‍ ഉറങ്ങി . ക്രീക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു കടലിടുക്ക് ദുബായിയെ രണ്ടായി ഭാഗിക്കുന്നു .ഒരു ഭാഗം ബര്‍ദുബായ്. മറുഭാഗം ദേര .ദുബായിയുടെ പഴമയും പുതുമയുമാണ് ബര്‍ദുബായിയും ദേരയും .നല്ല തണുപ്പുണ്ടായിരുന്നു .മരുഭൂമിയെ ഓര്‍മിപ്പിക്കാത്ത തണുപ്പ് .

തുടരും

ഡോ .സി .ടി .വില്യം

No comments:

Post a Comment