Saturday, April 27, 2013

സ്വർഗ്ഗീയനരകം -10 (തുടരുന്നു)




സ്ത്രീശരീരങ്ങള്‍ ഒഴുകിനടക്കുന്ന മാംസഗംഗ .

വിടെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും മനക്ലേശം ഒരുപോലെ യാണ് .ഇഷ്ടപ്പെട്ടവരോടൊപ്പമുള്ള സഹവാസം ബലികൊടുത്ത് പ്രവാസം സ്വീകരിക്കേണ്ടിവരുമ്പോള്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന മനക്ലേശമാണ് ഇവരുടേത് .നഷ്ടങ്ങള്‍ പലതാണ് .ഇഷ്ടമല്ലാത്ത ജോലി ചെയ്യേണ്ടിവരുമ്പോള്‍ നഷ്ടമാവുന്ന അന്തസ്സും അഭിമാനവും .നഷ്ടമാവുന്ന ദേശീയത .നഷ്ടമാവുന്ന കോടികളുടെ ദേശീയ വരുമാനം .നഷ്ടമാവുന്ന കുടുംബ ബന്ധങ്ങള്‍ .നഷ്ടമാവുന്ന സാംസ്കാരികബന്ധങ്ങള്‍ .നഷ്ടമാവുന്ന ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ .


കേരളത്തില്‍ പണിയെടുക്കാനാളില്ലാത്തതുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഏതാണ്ട് 18000 കോടി രൂപയാണത്രേ കേരളത്തിന്‍റെ പൊതു ഖജനാവില്‍നിന്ന് കൊണ്ടുപോയത് എന്ന വാര്‍ത്തയുണ്ടായിരുന്നു ഈയിടെ പത്രങ്ങളില്‍ .എന്നാല്‍ ഗള്‍ഫുനാടുകളില്‍ നിന്ന് പ്രവാസികള്‍ കേരളത്തിലേക്ക് പകരം കൊണ്ടുവന്നത് അത്രക്ക് ആശാവഹമായ വരുമാനവുമായിരുന്നില്ല എന്നും പത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു .


ഇതെല്ലാം നഷ്ടപ്പെടുത്താന്‍ എന്തിനാണിവര്‍ ഈ മണല്‍കാടുകളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത് .ആരാണ് ഇവരെ തെറ്റിദ്ധരിപ്പിച്ചത് .ഭാരത സര്‍ക്കാരിന്റെ ഒത്താശയിന്മേലല്ലേ ഇവര്‍ ഇവിടെ എത്തിയത് .അറബിഭരണകൂടമല്ലേ ഇവരെ ഇവിടെ സ്വീകരിച്ചത് .സാമ്പത്തിക മാന്ദ്യം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് രണ്ടു ഭരണകൂടങ്ങള്‍ക്കും അറിവുള്ള കാര്യമല്ലേ .ഈയിടെ 30 മുതല്‍ 50 ശതമാനംവരെ ശമ്പളവും കൂലിയും വെട്ടിക്കുറച്ചത് ഇവരൊന്നും അറിഞ്ഞില്ലെന്നുണ്ടോ ?പല പല രൂപത്തിലും ഭാവത്തിലും വേഷത്തിലും ഇവിടെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിവരുന്നതും ഇരു സര്‍ക്കാരുകള്‍ക്കും അറിവുള്ള കാര്യമല്ലേ . പൊതുമാപ്പ് കൊടുത്ത് അറവുമൃഗങ്ങളെപോലെ വിമാനങ്ങളില്‍ കയറ്റി അയച്ചത് ഇവരൊക്കെ തന്നെയല്ലേ .എന്നിട്ടും തിരിച്ചയക്കാന്‍ വേണ്ടി മാത്രം എന്തിനിവരെ ഇന്നും കയറ്റി അയക്കുന്നു .ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത് പ്രവാസികളോ ?പ്രവാസികാര്യമന്ത്രിയോ ?അതോ പ്രവാസികളുടെ ദുരഭിമാനബോധമോ ?


എല്ലാം നഷ്ടപ്പെടുന്നവന്റെ വഴി റിബലിന്റെതാണല്ലോ .സാധാരണ ജീവിതയാഥാര്‍ത്യങ്ങളില്‍ നിന്ന്‍ ഒളിച്ചോടുകയാണ് റിബലിന്റെ വഴി .സ്വന്തം ഭാര്യയില്‍ നിന്ന്‍ -മാതാപിതാക്കളില്‍ നിന്ന്‍ -കുട്ടികളില്‍ നിന്ന്‍ -കൂടെപ്പിറപ്പുകാരില്‍ നിന്ന്‍ -സ്വന്തം മണ്ണില്‍ നിന്ന്‍... റിബലിന്റെ ഒളിച്ചോട്ടം ഇങ്ങനെ തുടര്‍ക്കഥയാവുന്നു .ഏകാധിപത്യത്തിന്റെ നാട്ടിലെ നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്‍റെ അമര്‍ഷവും പേറുന്ന ഇവര്‍ പിന്നെ നാട്ടിലേക്കില്ല .ഇവരുടെ സ്നേഹവും കടപ്പാടും ഡ്രാഫ്റ്റായി(Draft) ;ഈമെയിലായി(Email) ;ശബ്ദ-ദൃശ്യ തരംഗങ്ങളായി (Audio-Visual Chat) ;സമ്മാനപ്പൊതികളായി (Gifts)സ്വന്തം നാട്ടിലേക്കയക്കുന്നു .


ഞാന്‍ റിബല്‍ എന്ന്‍ പ്രയോഗിച്ചത് വിപ്ലവകാരിയെന്നോ ,ധിക്കാരിയെന്നോ ,നിഷേധിയെന്നോ എന്നര്‍ത്ഥത്തിലല്ല .കൂട്ടം തെറ്റി മേയാന്‍ വിധിക്കപ്പെട്ടവന്‍ എന്ന ചുരുങ്ങിയ അര്‍ത്ഥത്തിലാണ് .ഇങ്ങനെ കൂട്ടം തെറ്റി മേയുന്നവരുടെ കൂട്ടത്തിലുമുണ്ടായിരുന്നു ഞാനിവിടെ ഒരുമാസക്കാലം .അവരാരുമറിയാതെ .നിശാക്ലബ്ബുകളില്‍ .നൃത്തശാലകളില്‍ .മദ്യശാലകളില്‍ .ഹോട്ടലുകളില്‍ .ഷോപ്പിംഗ്‌ മാളുകളില്‍ .മെട്രോ ട്രെയിനുകളില്‍ .നിരത്തുകളില്‍ .കുടുസ്സായ ഫ്ലാറ്റുകളില്‍ .
 

ഇവിടെ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ ശരീരം കഷ്ടപ്പെടുന്നു. (ഷിഫ്റ്റ് അനുസരിച്ച് സമയത്തിന്‍റെ ദൈര്‍ഘ്യം ഇനിയും കൂടാം.) രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെ മനസ്സ് നഷ്ടപ്പെടുന്നു .കുടുസ്സായ ഫ്ലാറ്റുകളിലും ,കുരുക്ക് വീണ ഡോര്‍മിറ്ററികളിലും ലേബര്‍ ക്യാമ്പുകളിലും ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ അവരില്‍ മുറിവുണ്ടാക്കുന്നു .അതുകൊണ്ട് മുറിവുണക്കാന്‍ ഓര്‍മ്മകള്‍ മരിക്കുന്നിടത്തേക്ക് ,മനസ്സ് നഷ്ടപ്പെടുന്നിടത്തേക്ക് അവര്‍ പോകും രാത്രി ഏഴുമുതല്‍ പുലരും വരെ.കീശയുടെ ആജ്ഞാനുസരണം ഈ പോക്ക് നിശാക്ലബ്ബിലേക്കാവാം. നൃത്തശാലകളിലേക്കാവാം .വേശ്യാലയങ്ങളിലേക്കാവാം .മറവിയുടെ മറ്റ് സങ്കേതങ്ങളിലേക്കാവാം .സുഖോഷ്മളമായ ഒളിച്ചോട്ടം (Comfortable Escapism)


ദുബായിയില്‍ തന്നെ നൂറിലേറെ നിശാക്ലബ്ബുകളുണ്ട് .കൃത്യമായി എണ്ണം പറയാനാവാത്ത വിധം ഭോഗാലയങ്ങളുമുണ്ട് .ചെറിയ പണത്തിന് ചെറിയ സുഖം ,വലിയ പണത്തിന് വലിയ സുഖം എന്ന തോതില്‍ സുഖത്തിന്റെ ദേശീയ കമ്പോളങ്ങളുണ്ട്‌ ഇവിടെ .മനസ്സിന്‍റെ ആജ്ഞാനുവര്‍ത്തിയായി ഞാനും പോയിരുന്നു ഈ കമ്പോളങ്ങളില്‍ അവിടവിടെ .


30 മുതല്‍ 500 ദീര്‍ഹം വരെയാണ് ഈ കമ്പോളങ്ങളിലെ പ്രവേശന ഫീസ്‌ .കാതടപ്പിക്കുന്ന ,മനസ്സിന്‍റെ എല്ലാ വാതായനങ്ങളും അടപ്പിക്കുന്ന ഈ സുഖശാലകള്‍ ഓപ്പറേഷന്‍ തീയ്യറ്ററിലെ അനസ്തേഷ്യ ടേബിള്‍ പോലെയാണ് .സ്ഫോടനം പോലെ സംഗീതം .പ്രേതാലയത്തെ ഓര്‍മ്മിപ്പിക്കും പോലെ അസ്വസ്ഥതയുള്ള വെളിച്ചത്തിന്‍റെ ബഹുവര്‍ണ്ണ പാളികള്‍ .തുള്ളികള്‍ .ജീവിതം നഷ്ടപ്പെട്ട പ്രവാസികള്‍ അവരവരുടെ നഷ്ടങ്ങളെ കൊന്നുകുഴിച്ചുമൂടുന്ന മാസ്മരിക സ്മശാനങ്ങള്‍ .


ഇവിടെ ഒരു ഗ്ലാസ്സ് തണുത്ത ബിയര്‍ സൌജന്യമായി കിട്ടും .ഒരു ചൂരല്‍കൊട്ട നിറയെ ചോളം പൊരിച്ചതും .പുകവലി അന്തസ്സിന് നിര്‍ബന്ധം .കാശുള്ളവന് ശീഷ വലിക്കാം .സംഗീതത്തിന്റെ സ്ഫോടനത്തിനും പ്രേതബാധയേറ്റ ബഹുവര്‍ണ്ണ വെളിച്ചത്തിന്‍റെ പാളികള്‍ക്കും തുള്ളികള്‍ക്കും ഇടയിലൂടെ സ്ത്രീ ശരീരങ്ങള്‍ ഒഴുകിനടക്കും .ഭൂമിയിലെ എല്ലാ സ്ത്രീ ശരീരങ്ങളും ഒഴുകി നടക്കുന്ന ഒരു മാംസഗംഗ .അറബിപെണ്ണിന്‍റെ ശരീരമൊഴികെ ലോകത്തിലെ എല്ലരാഷ്ട്രങ്ങളിലെയും സ്ത്രീ ശരീരങ്ങള്‍ ഈ മാംസഗംഗയില്‍ ഒഴുകിനടക്കും .കൂട്ടത്തില്‍ മലയാളി മങ്കമാരും വേഷപ്രച്ചന്നരായി ഒഴുകുന്നുണ്ട് ഈ മാംസഗംഗയില്‍ .നിതാഖാത് അഥവാ സ്വദേശിവത്കരണം നടപ്പിലാക്കാത്ത ഒരേയൊരു തൊഴില്‍മേഖല ഈ മാംസഗംഗയാണ്.


ആരുടേയും പേരുകള്‍ എടുത്തുപറഞ്ഞ്‌ വൈകാരികത സൃഷ്ടിക്കുന്ന തില്‍ കാര്യമില്ല ഇവിടെ .പേരും വിലാസവുമൊക്കെ ഇവിടെ വ്യാജമാണ് .ഇവിടെ പെണ്ണുങ്ങളും ആണുങ്ങളും മാത്രമേ ഉള്ളൂ .കേവലമായ യാന്ത്രികോര്‍ജ്ജം പുറത്തുവിടുന്ന രേതസ്സിനെ അകത്തേക്കുവിടാത്ത നൈമിഷികമായ യാന്ത്രിക രതിവേലയാണ് ഇവിടെ നടക്കുന്നത് .രണ്ടായിരം ദീര്‍ഹത്തിന് വിലയിടുന്ന സ്ത്രീശരീരം പുലരാറാവുമ്പോള്‍ നൂറും അമ്പതും ദീര്‍ഹമായി വില പേശിയെത്തുന്നു.ചിലപ്പോള്‍ ഒരു നേരത്തെ ആഹാരത്തിനും .


ഈ നൂറും അമ്പതും ദീര്‍ഹം പാവം മലയാളികളുടെതാണ് .അച്ഛനും അമ്മക്കും ,സഹോദരനും സഹോദരിക്കും ,ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടി നാട്ടിലേക്കയക്കാന്‍ സ്വരുക്കൂട്ടിവച്ച, വേര്‍പ്പുമണം ഇനിയും വിട്ടുപോവാത്ത നൂറിന്റെയും അമ്പതിന്റെയും ദീര്‍ഹങ്ങള്‍ .


പ്രവാസത്തിന്‍റെ കൊച്ചുകിനാവുകള്‍ കണ്ടുകഴിയുന്ന എന്‍റെ നാട്ടിലെ പ്രിയപ്പെട്ടവരേ ,നിങ്ങള്‍ തിരിച്ചുവിളിക്കണം  ഇവരെ .മനസ്സും ശരീരവും നഷ്ടപ്പെട്ട ഇവരെ .ദീപനാളത്തിനുച്ചുറ്റും എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട നിങ്ങളുടെ സ്വന്തം ഇവരെ . 


ഒരു ഗ്ലാസ് പഴച്ചാറിന് ,ഒരു ഗ്ലാസ് ബിയറിന് ,ഒരു സിഗരറ്റിന് ,ഒരു തളിക പൊരിച്ച കോഴിക്കാലിന് യാചിക്കുന്ന സ്ത്രീശരീരങ്ങള്‍ ഈ നൃത്തശാലകളില്‍ നമുക്ക് കാണാം .സ്ത്രീത്വം ഇത്രക്ക് അപമാനിക്കപ്പെട്ടുകൂട ,സ്ത്രീശരീരം ഇത്രക്ക് വിലക്കുറവില്‍ വിറ്റുകൂട എന്നൊക്കെ ആത്മരോഷം കൊള്ളുന്ന നിമിഷങ്ങളുണ്ടിവിടെ .എന്തുചെയ്യാം ദുബായ് മോഡല്‍ ഇക്കണോമി(Dubai Model Economy)യില്‍ ഇതൊക്കെ ഘടകമാവുന്നുണ്ട് .എണ്ണയില്ലാത്ത ഇവിടെ, മനുഷ്യന്‍റെ കൊഴുപ്പ് കമ്പോളവല്‍ക്കരിക്ക പ്പെടുന്നസമ്പദ്ഘടനയാണ് .കാറല്‍ മാര്‍ക്സ് എഴുതാതെ പോയ ഒരു സാമ്പത്തികശാസ്ത്രം .

ഡോ.സി. ടി. വില്യം
തുടരും   

Monday, April 22, 2013

സ്വർഗ്ഗീയനരകം -10



പത്ത്
സ്ത്രീശരീരങ്ങള്‍ ഒഴുകിനടക്കുന്ന മാംസഗംഗ .

താണ്ട് ഒരു മാസക്കാലത്തെ ഗള്‍ഫ് യാത്രയില്‍ ആശങ്കയുടെ ഒരുപാട് സ്വര്‍ഗ്ഗവാതിലുകള്‍ ഞാന്‍ തുറന്നടച്ചു .ഞാനൊരു പ്രവാസിയല്ലാത്തതു കൊണ്ട് എനിക്ക് ഈ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കാനും അടക്കാനും കഴിയുമായിരുന്നു .പ്രവാസികള്‍ക്ക് പക്ഷെ അതിന് കഴിയുമായി രുന്നില്ലല്ലോ .അവര്‍ ഈ വാതിലുകള്‍ തുറക്കാന്‍ മാത്രം വിധിക്കപ്പെട്ട വരാണല്ലോ .വാതിലുകള്‍ക്കപ്പുറത്തെ സ്വര്‍ഗ്ഗവും നരകവും അവര്‍ക്ക് വിധിക്കപ്പെട്ട പ്രവാസ സ്ഥലികളാണല്ലോ .ഓരോരോ പ്രവാസകാലവും അതടിച്ചേല്പിക്കുന്ന പീഡന കാലവും അവര്‍ ഓരോരോ ഇടവേള കളിലായി അനുഭവിച്ചുതീര്‍ക്കുന്നു .നിരന്തരമായി ഈ വാതിലുകള്‍ തുറന്നവരില്‍ അപൂര്‍വ്വമായി സ്വര്‍ഗ്ഗം കണ്ടവരും കാണാം .കൂടുതലും നരകം കണ്ടവരാവും .നരകം അനുഭവിച്ചവരാവും .എന്‍റെ ഈ സ്വര്‍ഗ്ഗ–നരക കല്പനകള്‍ എത്ര പ്രവാസികള്‍ നെഞ്ചില്‍ കൈ വച്ച് സ്വീകരിക്കുമെന്ന് അറിഞ്ഞുകൂട .എങ്കിലും എന്‍റെ കല്പനകള്‍ എന്‍റെ മാത്രം കല്പനകളായി അക്ഷരങ്ങളിലിരിക്കട്ടെ .

ഗള്‍ഫ് കാണാനാണ് വന്നതെന്ന് ഗള്‍ഫ് നിവാസികളോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും ,”മാളുകള്‍ കണ്ടോ ?വലിയ ഹോട്ടലുകള്‍ കണ്ടോ ?ബുര്‍ജ് ഖലീഫ കണ്ടോ ?ബുര്‍ജ് അറബ് കണ്ടോ ?പാം അയലണ്ട് കണ്ടോ ?പാം ജുമേര കണ്ടോ ?ഹോട്ടല്‍ അറ്റ്ലാണ്ടീസ് കണ്ടോ ?വലിയ പള്ളി കണ്ടോ ?മരുഭൂ സവാരിക്കുപോയോ ?ക്രൂസില്‍ പോയോ ?അല്‍ അയിന്‍ കണ്ടോ?”സാധാരണ ഗള്‍ഫുകാര്‍ ഇത്രയൊക്കെ ചോദിക്കും .അസാധാരണ ഗള്‍ഫുകാരെ നാം കാണുന്നുമില്ലല്ലോ.
നാം ഇതെല്ലാം കാണും .ഒരുപക്ഷെ കീശക്ക് കയറിച്ചെല്ലാവുന്ന ഇതിനൊക്കെ അപ്പുറവും കാണും .ശരാശരി ഗള്‍ഫുകാരന്റെ അതിശയ ങ്ങളും സന്ദര്‍ശകന്റെ അനുഭവങ്ങളും ഇവിടെ അവസാനിക്കുന്നു .
എന്നാല്‍ ഈ അതിശയങ്ങളും അനുഭവങ്ങളുമെല്ലാം ഭൌതികതയുടെ ഉപരിപ്ലവ വികാരങ്ങളാണ് .കണ്ടതിനേക്കാള്‍ കാണാത്തതും കേട്ടതിനേക്കാള്‍ കേള്‍ക്കാത്തതുമാണ് ഇവിടുത്തെ ആഴങ്ങളിലെ വികാരങ്ങള്‍ .യഥാര്‍ത്ഥത്തില്‍ അതൊക്കെ തേടിയുള്ള യാത്രയായിരുന്നു എന്റേത് .ഈ സ്വര്‍ഗ്ഗവാതിലുകള്‍ക്കപ്പുറത്ത് നമുക്ക് കാണാന്‍ കഴിയാത്തവരുണ്ട് .നമുക്ക് കേള്‍ക്കാന്‍ കഴിയാത്തവരുണ്ട് .അവര്‍ ഗള്‍ഫിന്റെ രാജവീഥികളിലെവിടെയോ ഇടനാഴികളിലെവിടെയോ ഉണ്ടായിരുന്നു .കേരളത്തിന്‍റെ നാലുദിക്കുകളില്‍ നിന്നുമെത്തിയവര്‍ .അവരെയൊക്കെ കാണുകയും കേള്‍ക്കുകയുമായിരുന്നു ഞാന്‍ എന്റെ ഈ ഗള്‍ഫ് യാത്രയില്‍ .

ഇവിടുത്തെ മെട്രോ റെയിലില്‍ സഞ്ചരിക്കുമ്പോള്‍ ,ബസ്സുകളില്‍ സഞ്ചരിക്കുമ്പോള്‍,നിരത്തുകളിലൂടെ വെറുതെ നടക്കുമ്പോള്‍ ,പാര്‍ക്കുകളില്‍ അലഞ്ഞുതിരിയുമ്പോള്‍ ,തട്ടുകടകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ,മാളുകളിലൂടെ ഒഴുകിയിറങ്ങികയറുമ്പോള്‍ .........ഞാന്‍ ഈ മനുഷ്യരൂപങ്ങളെ കാണുന്നു .കേള്‍ക്കുന്നു .
 
ഒരിക്കല്‍ സന്ധ്യക്ക് മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ മൂന്ന്‍ മലയാളികളെ കണ്ടു .അവരുടെ മുഖങ്ങള്‍ മ്ലാനമായിരുന്നു .അവരുടെ കൈകളില്‍ മുഷിഞ്ഞ കടലാസ്സുകവറുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ മരവിച്ചുകിടന്നിരുന്നു .എവിടെയെല്ലാമോ ജോലി അന്വേഷിച്ചു നിരാശരായി മടങ്ങുകയായിരുന്നു അവര്‍ .അവര്‍ പരസ്പരം നിസ്സഹായമായി പറയുന്നതുകേട്ടു .അവരാരും തന്നെ ആ ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന്‍ .ഇനി ആ വൈകുനേരം അവര്‍ ഭക്ഷണം കഴിക്കുമോ ആവോ .

മറ്റൊരവസരത്തില്‍ ഒരു കാസര്‍കോട്ടുകാരന്‍ പയ്യനെ കണ്ടു .അവന്‍റെ കയ്യിലുമുണ്ടായിരുന്നു മുഷിഞ്ഞ കടലാസ്സുകവറുകളില്‍ സര്‍ട്ടിഫി ക്കറ്റുകള്‍ .ഗള്‍ഫില്‍ ജോലി അന്വേഷിച്ചു വന്നതാണ് .കമ്പ്യൂട്ടര്‍ വിദഗ്ദനാണ് .നാട്ടില്‍ ജോലി ഉണ്ടായിരുന്നു .മാസം പതിനായിരം രൂപ ശമ്പളവും .ഇപ്പോള്‍ വിസ കാലാവുധി തീരാറായി .ജോലിയൊന്നും ശരിയാവുന്നില്ല .1500 മുതല്‍ 2000 വരെ ദുബായ് ദീര്‍ഹത്തിലുള്ള ജോലിയാണത്രെ അവന് ലഭിക്കുക .ഇന്ത്യന്‍ രൂപയുടെ കണക്കനുസരിച്ചു പറഞ്ഞാല്‍ ഏതാണ്ട് മുപ്പതിനായിരം രൂപയോളം വരും .എന്നുവച്ചാല്‍ കേരളത്തിലെ ഒരു ആശാരിയുടെ പ്രതിമാസ വരുമാനം .ഈ തുകകൊണ്ട് ദുബായിയില്‍ ജീവിക്കാനാവില്ലെന്ന് അവനറിയാം .കേരളത്തിലാ ണെങ്കില്‍ ഈ തുകകൊണ്ട് സുഖമായി തിന്നും കുടിച്ചും അന്തസ്സായി ജീവിക്കാം .എന്നാലും അവന്‍ കേരളത്തിലേക്കില്ല .സ്വന്തം നാട്ടിലെ മിതമായ കാലാവസ്ഥയില്‍ വിയര്‍ക്കാന്‍ അവന് മനസ്സില്ല .അവന് മരുഭൂമിയിലെ ചൂടില്‍ത്തന്നെ വിയര്‍ക്കണം .വിയര്‍പ്പുനാറ്റം അകറ്റാന്‍ അത്തറുപൂശണം.അതുകൊണ്ട് അവന് അവിടെത്തന്നെ പിടിച്ചു നില്‍ക്കണം .തിരച്ചു പോവാന്‍ അവന് മനസ്സില്ല .ഏതോ ദുരഭിമാനം അവനെ തിരിച്ചു പോവുന്നതില്‍നിന്ന്‍ വിലക്കുന്നു .
 
ഇത്തരം വേറിട്ട കാഴ്ചകള്‍ ഇനിയുമുണ്ട് .വേറിട്ട ശബ്ദങ്ങളും .ദുബായിലെ ഒരു ഷോപ്പിംഗ്‌ മാളിനുമുന്നില്‍ മലയാളത്തില്‍ ഭിക്ഷ ചോദിച്ചുനിന്ന വൃദ്ധന്‍ അത്തരമൊരു കാഴ്ചയായിരുന്നു .ശബ്ദമായിരുന്നു .എല്ലാം പറയുന്നത് വായനയെ ബാധിക്കും .പ്രവാസികളായ വായനക്കാരനേയും .

ഇത്തരത്തിലുള്ള ഒരുപാട് ദുരഭിമാനികള്‍ അനുഭവിച്ചുതീര്‍ക്കുന്ന ദുരിതപര്‍വ്വങ്ങള്‍ ഗള്‍ഫുനാടുകളില്‍ സുലഭമാണ് .പ്രവാസികളുടെ വലിയൊരു വിഭാഗത്തിന്‍റെയും മുഖമുദ്ര എന്ന്‍ പറയുന്നതും ഈ ദുരഭിമാനമാണ് .ഈ ദുരഭിമാനം അവര്‍ മനപ്പൂര്‍വ്വമായി ഉണ്ടാക്കിയെടുക്കുന്നതല്ല .മറിച്ച് ,അവരില്‍ മനശാസ്ത്രപരമായി ഉടലെടുക്കുന്നതാണ് .പണം ഒരുപാട് ലഭിക്കുന്നവരിലും ലഭിക്കാത്തവരിലും ഒരുപോലെ ഈ ദുരഭിമാനം പ്രകടമാണ് .
ഡോ.സി. ടി. വില്യം
തുടരും

Tuesday, April 16, 2013

സ്വർഗ്ഗീയനരകം -9 (തുടരുന്നു)

 
ഒമ്പത്
ആശങ്കയുടെ സ്വര്‍ഗ്ഗവാതിലും 
നുണയനായ സഹയാത്രികനും 
 
ദ്യസമാഗമം ഒരിക്കലും അനുഭവത്തിന്‍റെ പൂര്‍ണതയാവാറില്ല .അത് ഒരനുഭവത്തിന്റെ തുടക്കം മാത്രമാണ് .രാജ്യങ്ങളുടെ കാര്യവും അങ്ങനെത്തന്നെ.ഏതൊരു രാജ്യവും ആദ്യ സന്ദര്‍ശനത്തില്‍ നിന്ന് നമുക്ക് അനുഭവിച്ചളക്കാവുന്നതല്ല.ദുബായ് പ്രതേകിച്ചും .ആലീസിന്‍റെ അത്ഭുതലോകത്തെന്നപോലെയോ സ്വര്‍ഗ്ഗലോകത്തെന്നപോലെയോ ദുബായ് നമ്മെ അനുഭവപ്പെടുത്തും, സന്ദര്‍ശനത്തിന്‍റെ ആദ്യനാളുകളില്‍ .സന്ദര്‍ശനം നീളുന്നതനുസരിച്ച് അനുഭവത്തിന്‍റെ ഊഷ്മളതയുടെയും  ഊര്‍വ്വരതയുടെയും മര്‍ദ്ദം, അതിന്‍റെ അതിശയനിലകളില്‍നിന്നു താഴെയിറങ്ങി സാധാരണ നിലയിലെത്തും .

ദുബായിലെ ആദ്യാനുഭവങ്ങള്‍ എനിക്ക് സ്വര്‍ഗ്ഗീയാനുഭൂതി പകര്‍ന്നുതന്നതും അവസാനാനുഭവങ്ങള്‍ നാരകീയത പകര്‍ന്നുതന്നതും അങ്ങിനെയാണ് .സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കാനാവാത്ത വിധം ദുബായ് നഗരം എനിക്ക് സങ്കീര്‍ണ-സമ്മിശ്രമായ ഒരനുഭവമായതങ്ങിനെയാണ്.”സ്വര്‍ഗ്ഗീയനരകം”എന്ന ഈ യാത്രാനുഭവകഥകള്‍ അങ്ങനെ രൂപം കൊണ്ടവയാണ് .

എന്‍ .എന്‍ .പിള്ളയുടെ ഒരു നാടകരംഗം ഓര്‍മ്മയില്‍ വരുന്നു .രംഗത്ത് രണ്ട് വാതിലുകള്‍ .ഒരുപോലെയുള്ള വാതിലുകള്‍ .രണ്ടിടത്തും ഒരേ വേഷത്തിലും ഭാവത്തിലും കാവല്‍ഭടന്മാര്‍ .ഒരു വാതില്‍ സ്വര്‍ഗ്ഗത്തിലേക്കും ഒരു വാതില്‍ നരകത്തിലേക്കും തുറക്കുന്നവയാണ് .എന്നാല്‍ ഏതാണ് സ്വര്‍ഗ്ഗവാതില്‍ ഏതാണ് നരകവാതില്‍ എന്ന് അറിയുക പ്രയാസമാണ് .അകത്ത് പ്രവേശിച്ചാല്‍ മാത്രമേ അറിയൂ സ്വര്‍ഗ്ഗവും നരകവും .അകത്ത് പ്രവേശിച്ചാല്‍ പിന്നെ തിരിച്ചുകടക്കാനുമാവില്ല .അതാണ്‌ നിയമം .
 
ഏതാണ്ട് ഇതുപോലെയാണ് ഗള്‍ഫിലേക്ക് തുറക്കുന്ന വാതിലുകള്‍ .പ്രവേശിച്ചാലെ അറിയൂ സ്വര്‍ഗ്ഗവും നരകവും .അകത്തുകടന്നവരാരും ഒന്നും പറയുന്നില്ല .നാമൊന്നും അറിയുന്നുമില്ല .അതുകൊണ്ട് കാഴ്ച്ചക്കാരുടെ മനോധര്‍മ്മം പോലെയാവും പ്രവാസികളുടെ സ്വര്‍ഗ്ഗവും നരകവും പ്രസിദ്ധപ്പെടുന്നത് .കാഴ്ചക്കാരുടെ ഗള്‍ഫ് എന്നും സ്വര്‍ഗ്ഗമാണല്ലോ .അങ്ങനെ പ്രവാസികള്‍ കാഴ്ചക്കാര്‍ക്ക് പൂര്‍ണ വിധേയരാവും .പ്രവാസലോകത്തിന്റെ കെട്ടുകാഴ്ചകള്‍ അങ്ങനെ പ്രവാസികള്‍ക്ക് പോലും പിടികൊടുക്കാതെ നമ്മെ സ്വര്‍ഗ്ഗതുല്യമായി കണ്ണഞ്ചിപ്പിക്കുന്നു .

എന്‍റെ യാത്രകളെന്നും പഠനയാത്രകളായിരുന്നു .ഞാന്‍ പ്ലാന്‍ ചെയ്യുന്ന യാത്രകളും പഠന യാത്രകളായിരിക്കും.ഒറ്റക്ക് യാത്ര ചെയ്യുന്നതിനുപകരം സമാനമനസ്കരായ ആരെയെങ്കിലുമൊക്കെ യാത്രക്ക് കൂട്ടുകയോ അവരോട് കൂട്ടുചേരുകയോ പതിവായിരുന്നു .എന്നാല്‍ എന്നെപോലെ പഠന യാത്രക്ക് മനസ്സുള്ള സഹയാത്രികരെ കിട്ടാറില്ല .

യാത്ര തുടങ്ങാന്‍ വേണ്ടി പലരും പഠന യാത്രാകുതുകികള്‍ ആണെന്ന്‍ അവകാശപ്പെടുകയും പിന്നീട് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ അവര്‍ ഒന്നുകില്‍ കച്ചവടക്കാരാവുകയോ അരസികന്മാരാവുകയോ പതിവ നുഭവമായിരുന്നു .അവര്‍ എന്റെ യാത്രയെയും എന്നെയും വല്ലാതെ വേദനിപ്പിച്ചിരുന്നു . 

എന്‍റെ ചൈന യാത്രയില്‍ ഇത്തരത്തില്‍ എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു സഹയാത്രികനുണ്ടായിരുന്നു .സഹയാത്രികര്‍ ബോധപൂര്‍വ്വം വേദനിപ്പിക്കുന്നതല്ല .യാത്രികന്റെയും സഹയാത്രികന്റെയും മാനസികവും സൌന്ദര്യാത്മകവുമായ പൊരുത്തക്കേടുകള്‍ ഉണ്ടാക്കുന്ന വേദനകളാണ് ഇതൊക്കെ .ഏതോ ഒരു നിയോഗം പോലെ യാത്രികന്‍ ഏറ്റുവാങ്ങേണ്ട വേദനകളാണ് ഇവയൊക്കെ .

എന്‍റെ ഗള്‍ഫ് യാത്രയിലെ കുന്നംകുളം സഹയാത്രികന്‍ ഒരുപാട് നുണകള്‍ പറയുമായിരുന്നു .ഈ യാത്രയില്‍ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും ചിലപ്പോഴൊക്കെ ഏറെ സന്തോഷിപ്പിച്ചതും ഇയാളുടെ നുണകള്‍ ആയിരുന്നു .

ഇതെന്‍റെ ആദ്യ ഗള്‍ഫ് യാത്രയാണ് .എന്‍റെ കുന്നംകളും സഹയാത്രികന്റെ പത്താമത്തെയോ പന്ത്രണ്ടാമത്തെയോ യാത്രയാണിതെന്നാണ് അയാള്‍ പറഞ്ഞത് .എന്നെ ഏറ്റവും സന്തോഷിപ്പിച്ച അയാളുടെ നുണയും ഇതായിരുന്നു .ഗള്‍ഫില്‍ അയാള്‍ക്ക്‌ കൂടി താമസാവകാശമുള്ള ബര്‍ ദുബായിലെ ഫ്ലാറ്റ് എവിടെയാണെന്നും ഏതു നിലയിലാണെന്നും അയാള്‍ക്കറിയില്ലായിരുന്നു .പിന്നീട് ആ ഫ്ലാറ്റിലെ ഒരു താമസക്കാരനെ വിളിച്ചുണര്‍ത്തിയതിനുശേഷം ആ താമസക്കാരനാണ് അയാള്‍ക്ക്‌ അയാളുടെ ഫ്ലാറ്റ് കാണിച്ചുകൊടുത്തത് .ഈ നുണയുടെ പ്രഭാവം  എന്നെ ഏറെ സന്തോഷിപ്പിച്ചു .

ഗള്‍ഫില്‍ അയാള്‍ക്ക്‌ ആകെ അറിയാവുന്ന രണ്ട് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ .ഒന്ന്‍ ,ബര്‍ ദുബായിലെ സ്വാമീസ് പത്തന്‍സ് ഹോട്ടല്‍ .രണ്ട് ,റാസല്‍ഖൈമയിലെ ഒരു മലയാളി ഡോക്ടര്‍ .അയാളുടെ ഗള്‍ഫ് പരിജ്ഞാനം ഇവിടെ പൂര്‍ണമാവുകയായിരുന്നു .
 
എന്‍റെ ശേഷിച്ച മുഴുവന്‍ കാലവും ചിരിച്ചു ചിരിച്ച് മരിക്കാവുന്ന ഒരു നുണയും അതിന്‍റെ തണലില്‍ എന്നില്‍ അടിച്ചേല്‍പ്പിച്ച ഒരു അബദ്ധവുമുണ്ട് .അതിതാണ് .ഗള്‍ഫില്‍ ഏത് പെട്ടിക്കടയിലും വിദേശ മദ്യം കിട്ടുമെന്നും മദ്യത്തിന് വളരെ വിലക്കുറവാണെന്നും അതു കൊണ്ട് ദുബായ് ഡ്യുട്ടിപെയ്ഡില്‍ നിന്നൊന്നും മദ്യം വാങ്ങേണ്ട തില്ലെന്നുമുള്ള ആ ഭീകരമായ നുണയാണ് എന്നെ ചിരിപ്പിച്ചു കൊല്ലാനുള്ളമധുരമനോഹരമായ നുണ .എന്നിലെ നിഷ്കളങ്കനായ മദ്യപാനിയെ സ്നേഹിക്കുന്ന നാട്ടിലെ യാത്രാനുഭവസമ്പത്തുള്ള എന്‍റെ സുഹൃത്തുക്കള്‍ എനിക്ക് തന്ന നല്ലൊരു ഉപദേശമായിരുന്നു ദുബായില്‍ വിമാനമിറങ്ങിയ ഉടനെ തന്നെ ദുബായ് ഡ്യുട്ടി പെയ്ഡില്‍ രണ്ടുകുപ്പി മദ്യം വാങ്ങി കരുതണം എന്നത് .അത് അട്ടിമറിച്ച എന്‍റെ നുണയന്‍ സഹയാത്രികന്റെ പേരുദോഷം മാറ്റിയത് പിന്നീട് അഷറഫ് എന്ന ഡ്രൈവര്‍ ആയിരുന്നു .

സഹയാത്രികന്റെ അസഹനീയമായ നുണകള്‍ ഇനിയുമുണ്ട് ഒരുപാട് പറയാന്‍ .എന്നാല്‍ ഒരു യാത്രാനുഭവകഥയില്‍ ഒരളവില്‍ കൂടുതല്‍ ഒരാളുടെ നുണകള്‍ വിസ്തരിച്ചു പറയുന്നത് എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ പൊറുക്കില്ലെന്നതുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു .അയാള്‍ നുണകളുടെ തമ്പുരാനായി ശേഷിച്ച കാലം വിരാജിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു . 

ഡോ.സി. ടി. വില്യം
തുടരും

Tuesday, April 9, 2013

സ്വർഗ്ഗീയനരകം -9



ഒമ്പത്
ആശങ്കയുടെ സ്വര്‍ഗ്ഗവാതിലും 
നുണയനായ സഹയാത്രികനും 

നമുക്ക് അപ്പ്വാശാരിയിലേക്ക് തന്നെ തിരിച്ചുവരാം .ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തായിരിക്കണം അപ്പ്വാശാരി ഗള്‍ഫില്‍ പോയി പണം സമ്പാദിച്ച് പുതിയ വീട് പണികഴിപ്പിച്ചത് .ഗള്‍ഫിനോടും ഗള്‍ഫ് പണത്തിനോടും ബഹുമാനാദരവുകള്‍ പുലര്‍ത്തിയതുകൊണ്ടായി രിക്കണം അപ്പ്വാശാരി പണി കഴിപ്പിച്ച വീടിന്റെ ഉയര്‍ത്തിപ്പണിത പൂമുഖത്ത് “ഗ“ എന്നക്ഷരത്തിന്റെ ശിലാവിഷ്കാരമുണ്ടായിരുന്നു .ആദ്യമൊക്കെ കമ്പിത്തിരി കത്തുംപോലെ ദീപ്ത്തമാനമായ ആ വീട് പിന്നെപ്പിന്നെ കത്തിതീര്‍ന്ന കരിന്തിരി പോലെ അന്ധാളിച്ചുനിന്നിരുന്നു .ഞങ്ങള്‍ നാട്ടുകാര്‍ അന്ന് അപ്പ്വാശാരിയുടെ പൂമുഖത്തെ പൂപ്പല്‍ വീണ “ഗാ”ന്ധാരത്തിന് ഹിന്ദി ഭാഷയിലെ “ഗരീബ്”അഥവാ മലയാള ഭാഷ യിലെ ദാരിദ്ര്യം എന്ന പദത്തിനോട്‌  അടുപ്പിച്ചുനിര്‍ത്തിയിരുന്നു .

ഇതൊന്നുംതന്നെ എന്റെ പരദൂഷണ ത്വര കൊണ്ട് പറഞ്ഞുപോകുന്നതല്ല .അറേബ്യന്‍ ഐക്യ നാടുകളിലെ എന്റെ യാത്രകളില്‍ അപ്പ്വാശാരിയുടെ വീടിനെ ഓര്‍മ്മിപ്പിക്കും തരത്തില്‍ ഒരുപാട് സൌധങ്ങള്‍ ഞാനവിടെ കണ്ടുവെന്ന വസ്തുത വെളിപ്പെടുത്താന്‍ മാത്രമാണ് .കേരളത്തിലെ അപ്പ്വാശാരിയുടെ പൂമുഖത്തെ പൂപ്പല്‍ വീണ “ഗാ”ന്ധാരത്തിന് ഗള്‍ഫിലും പകര്‍പ്പുണ്ടായിരിക്കുന്നു .ഇവിടുത്തെ ആര്‍ഭാടസൌധങ്ങള്‍ക്കും കരിന്തിരിയുടെ അന്ധാളിപ്പ് ബാധിച്ചിരിക്കുന്നു .
 
ലോകസമ്പദ്ഘടനയെയും ഊര്‍ജ്ജഘടനയെയും അചഞ്ചലവും അജയ്യവുമായി നിയന്ത്രിച്ചുകൊണ്ടിരുന്ന ഈ അത്ഭുത മരുഭൂമിക്ക് എന്തുപറ്റി ?എണ്ണയുടെ ലോക ഉപഭോഗത്തിന്റെ പകുതിയിലധികവും ഉല്‍പാദിപ്പിക്കുന്ന ഗള്‍ഫ് നാടുകളുടെ ഗരിമയുടെ ഗാന്ധാരത്തിന് എന്തുപറ്റി ?ലോക ബാങ്കുകളെ മുഴുവന്‍ കടിഞ്ഞാണിട്ടു നിയന്ത്രിച്ചുപോന്ന ഇവിടുത്തെ ഇസ്ലാമിക ബാങ്കുകള്‍ക്ക് എന്തുപറ്റി ?എണ്ണ ഉല്‍പാദിപ്പിക്കുന്നവര്‍ അമര്‍ത്തപ്പെടുകയും എണ്ണ ഉപയോഗിക്കുന്നവര്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ട്‌ ?അപ്പ്വാശാരിമാര്‍ക്ക് വീടുകള്‍ പണിതീര്‍ത്ത അര്‍ബാബുകള്‍ക്ക് എന്തുപറ്റി ?അപ്പ്വാശാരിമാരുടെ വീടുകള്‍ക്കും അര്‍ബാബുകളുടെ വീടുകള്‍ക്കും ഗാന്ധാരം നഷ്ടമായതെങ്ങനെ ?ചോദ്യങ്ങള്‍ തുടരുകയാണ് .

1993 -ല്‍ പുറത്തിറങ്ങിയ ഐക്യ രാഷ്ട്ര സഭയുടെ മാനവ വിഭവ വികസന റിപ്പോര്‍ട്ടിലെ സ്ഥിതി വിവര കണക്കുകള്‍ കിഴക്കും പടിഞ്ഞാറുമുള്ള ഗള്‍ഫ് നാടുകള്‍ക്ക് വളരെ അനുകൂലമാണ് .ശരാശരി ഗള്‍ഫുകാരന്റെ ആയുസ്സ് വര്‍ദ്ധിച്ചിട്ടുണ്ട് .സാക്ഷരത വര്‍ദ്ധിച്ചിട്ടുണ്ട് .വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വര്‍ദ്ധിച്ചിട്ടുണ്ട് .ഭക്ഷ്യോപഭോഗത്തിന്റെ അളവും ഗുണവും വര്‍ദ്ധിച്ചിട്ടുണ്ട് .ആരോഗ്യ സംരക്ഷണ പദ്ധതികളും വിജയിച്ചിട്ടുണ്ട് .കുടിവെള്ള സംവിധാനങ്ങളും ശുചിത്വവും മെച്ചപ്പെട്ടിട്ടുണ്ട് .സാമൂഹ്യ –സാമ്പത്തിക മേഖലകളില്‍ അത്യപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് .മാനവ വികസനത്തിന്റെ (HDI)  തോത് 76 മുതല്‍ 82 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട് .ഈ വസ്തുതകളൊക്കെ പച്ച വിരിപ്പിട്ട ഈ മരുഭൂമി നമ്മോട് സാക്ഷ്യപ്പെടുത്തുന്നുണ്ട് .എന്നാല്‍ അപ്പ്വാശാരിമാര്‍ പ്രഹേളിക പോലെ ഈ മരുഭൂമിയിലെനിശ്ചലദൃശ്യങ്ങള്‍ പോലെ കാണപ്പെടുന്നു .

ഇവിടെ എണ്ണപ്പാടങ്ങള്‍ കണ്ടെത്തുന്നതിനുമുമ്പ് അറബികള്‍ ഈ മരുഭൂമിയില്‍ എല്ലുമുറിയെ പണി എടുത്തിരുന്നു .കഷ്ടപ്പെട്ടിരുന്നു .അത്യപൂര്‍വ്വമായ ജലശ്രോതസ്സുകള്‍ കണ്ടെത്തി മരനിര്‍മ്മിതമായ ടാങ്കുകളില്‍ ജലത്തെ ശേഖരിച്ച് കൃഷി ചെയ്തിരുന്നു .ഇതിന്‍റെയെല്ലാം അടയാളങ്ങള്‍ ദുബായിയിലെ ചരിത്ര മ്യുസിയത്തില്‍ കാണാം .കഷ്ടപ്പാടുകളുടെ ദുരിത പര്‍വ്വങ്ങള്‍ കീഴടക്കിയ അറബികള്‍ അദ്ധ്വാനത്തിന്റെ കൂടി മാതൃകാ അടയാളങ്ങളായിരുന്നു .ഈ ജീവിത പീഡകള്‍ക്ക് പാരിതോഷികമായി അല്ലാഹു കനിഞ്ഞുകൊടുത്തതായിരിക്കണം ആശ്വാസത്തിന്റെ എണ്ണപ്പാടങ്ങള്‍ . 

എന്നാല്‍ എണ്ണ കണ്ടതോടെ അറബികള്‍ പണി നിര്‍ത്തി .പണിയെടുക്കുന്ന അറബിയെയും പണിയെടുപ്പിക്കുന്ന അറബിയെയും നമുക്ക് ഇവിടെ കാണാനാവില്ല .എന്നാല്‍ പണിയാളന്മാരോട് അഹങ്കാരത്തിന്റെയും അധികാരത്തിന്‍റെയും ധിക്കാരവും ധാര്‍ഷ്ട്യവും പ്രയോഗിക്കുന്ന അര്‍ബാബുകളെ കാണാം .അവര്‍ അടിമരാജാക്കന്മാരെ പോലെ , ഇവിടെ ചേക്കേറിയ മലയാളികളടക്കമുള്ള വിദേശ അടിമകളെ ഭരിച്ചുപോന്നു .അവര്‍ അളന്നുവച്ചത് രാഷ്ട്ര നിര്‍മ്മാണത്തിനാവശ്യമായ പണിക്കൂട്ടുകളായിരുന്നില്ല മറിച്ച് ,അവരുടെ തന്നെ അധികാരത്തിന്‍റെയും അഹങ്കാരത്തിന്റെയും  ചെങ്കോലിന്‍റെ നീളമായിരുന്നു .
 
അറബികള്‍ ഇവിടെ ഇങ്ങനെ പണിയെടുക്കാതെയും രാഷ്ട്ര നിര്‍മ്മാണ ലക്ഷ്യത്തോടെ പണിയെടുപ്പിക്കാതെയും സുഖിച്ചു ജീവിച്ചുപോന്നു.അവരുടെ സുഖങ്ങള്‍ക്ക് കുളിര്‍മ്മയേകി എണ്ണപ്പാടങ്ങളില്‍ കൂടുതല്‍ കൂടുതല്‍ എണ്ണ തെളിഞ്ഞുവന്നു .ശീഷ വലിച്ചും ചഷകങ്ങള്‍ നുണഞ്ഞും നൃത്തശാലകളിലെ ലയവിന്യാസങ്ങളില്‍ അഭിരമിച്ചുംഅറബികള്‍ ആര്‍ഭാടത്തോടെ ജീവിച്ചുപോന്നു .എന്നോ ഒരുനാള്‍ നൃത്തശാലയിലെ വെളിച്ചം കെട്ടു .ശീഷകള്‍ അണഞ്ഞു .ചഷകങ്ങള്‍ തകര്‍ന്നുടഞ്ഞു .നൃത്തച്ചുവടുകള്‍ നിലച്ചു .ഗള്‍ഫില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍ വീണു .അപ്പ്വാശാരിമാര്‍ മരവിച്ച ബിംബങ്ങളായതും ഗള്‍ഫിന്റെ ഗാന്ധാരം നഷ്ടപ്പെട്ടതും അങ്ങനെ .സാമ്പത്തിക മാന്ദ്യത്തിന്റെ കെട്ടഴിയുന്നില്ല .കെട്ടു മുറുകുന്നുമില്ല .വീഴാത്ത തിരശീലക്കുമുമ്പില്‍ അപ്പ്വാശാരിമാര്‍ ശൂന്യമായ കളിത്തട്ടിലെ കേവലകാഴ്ച്ചക്കാരായി .

തുടരും 

ഡോ.സി.ടി.വില്യം  
 

Wednesday, April 3, 2013

സ്വർഗ്ഗീയനരകം -8


എട്ട്
പ്രവാസികളുടെ ഒരു സങ്കീര്‍ണ്ണ സൗരയുഥം .

തൃശൂരില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ പടിഞ്ഞാറ് സഞ്ചരിച്ചാല്‍ അതിമനോഹരമായ ഒരു ഗ്രാമപ്രദേശമുണ്ട് .മൂന്നുപുറവും ജല സാന്നിധ്യവും ,പച്ചച്ച പാടങ്ങളും ,കായലുകളും കൊണ്ട് ഈ കരഭൂമി വടൂക്കര എന്ന പേരില്‍ അറിയപ്പെടുന്നു .ഭൂമിശാസ്ത്രപരമായി നിര്‍വചിക്കുകയാണെങ്കില്‍ ഈ ഭൂപ്രദേശത്തെ ഒരു ഉപദ്വീപ് എന്ന് വിളിക്കാവുന്നതാണ് .ഇതാണെന്റെ പഴയ ഗ്രാമം .ഇപ്പോഴും എന്റെ തറവാട് അവിടെത്തന്നെയുണ്ട് .എന്നാല്‍ നാഗരികതയുടെ കോണ്ക്രീറ്റ് കാടുകള്‍ കൊണ്ട്  ഉപദ്വീപ് എന്നീ സംജ്ഞകളൊക്കെ നഷ്ടപ്പെട്ടുപോയിരിക്കുന്നു ഇന്ന് ഈ ഗ്രാമത്തിന് .


ഈ ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗം ചേര്‍ന്ന് വടൂക്കരയെയും അരണാട്ടുകരയെയും ബന്ധിപ്പിക്കുന്ന ഒരു കടവുണ്ട് .അരണാട്ടുകര തരകന്‍ കടവ് എന്നും,  ഞങ്ങള്‍ ഗ്രാമവാസികള്‍ കടവാരം എന്നും വിളിച്ചുപോന്നിരുന്നു ഈ കടവിനെ .


പ്രവാസവഴികളിലെ യാത്രാനുഭവം എഴുതുമ്പോള്‍ എന്തിനാണ് കേരളത്തിലെ അധികം പ്രശസ്തമല്ലാത്ത ഒരു ഗ്രാമം കയറി വരുന്നത് എന്ന ചിന്ത സ്വാഭാവികമായും വായനക്കാര്‍ക്ക് ഉണ്ടാവാം .അത് ന്യായവുമാണ്‌ .


അരണാട്ടുകര തരകന്‍ കടവ് അഥവാ കടവാരം എന്ന ഈ ഭൂമുദ്ര ഒരു പ്രവാസിയുടെ ജന്മം കൊണ്ടും അറിയപ്പെട്ടിരുന്നു .ഭണ്ടാരം ജോര്‍ജ്ജും ഭാര്യ മേറിയും താമസിച്ചിരുന്നത് ഈ കടവിലായിരുന്നു .അക്ഷരാര്‍ത്ഥത്തിലും ഒരു കൊട്ടാരത്തിലായിരുന്നു അവര്‍ താമസിച്ചിരുന്നത് .ഏതാണ്ട് നാലര പതിറ്റാണ്ടിനപ്പുറം ഭണ്ടാരം ജോര്‍ജ്ജ് എന്നയാള്‍ പേര്‍ഷ്യയില്‍ പോയതും, പേര്‍ഷ്യക്കാരന്‍ എന്ന ഫോറിന്‍ മേല്‍വിലാസം സ്വീകരിച്ചപ്പോഴും, അയാളായിരിക്കും ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ പ്രവാസി എന്ന് ഞങ്ങളാരും തന്നെ നിനച്ചിരുന്നില്ല .
 

നിറയെ ദുരിതങ്ങളും കഷ്ടപ്പാടുകളുമുള്ള ഒരു ഭൂപ്രദേശത്തെ ഒരാള്‍ മാത്രം അതൊന്നുമില്ലാതെ പണക്കാരനാവുന്നത് അന്നും ഇന്നും അയാളുടെ കഷ്ടകാലത്തിനാണ് എന്ന് പറയാം .അതുപോലെതന്നെ ഭണ്ടാരം ജോര്‍ജ്ജിനും ഭാര്യ കടവാരംമേറിക്കും ഞങ്ങള്‍ ഗ്രാമവാസികള്‍ നല്ലൊരു പേരുദോഷമുള്ള കഷ്ടകാലം സമ്മാനിച്ചിരുന്നു .അരണാട്ടുകര പള്ളിയിലെ ഭണ്ടാരം കുത്തിത്തുറന്ന പണവുമായാണ്‌ ജോര്‍ജ്ജ് പേര്‍ഷ്യയില്‍ പോയതെന്നും അതുകൊണ്ട് ടിയാന്‍ ഇനിമേല്‍ ഭണ്ടാരം ജോര്‍ജ്ജ് എന്ന പേരില്‍ അറിയപ്പെടണം എന്ന്‍ അന്നത്തെ ഗ്രാമത്തലവന്മാര്‍ അനുശാസനം ഇറക്കിയിരിക്കണം .


ഭണ്ടാരം ജോര്‍ജ്ജിന്റെ കാര്‍ഷിക സമൃദ്ധമായ പറമ്പും പ്രൌഡ ഗംഭീരമായ കൊട്ടാരവും ഭണ്ടാരത്തിന്റെ (ഇങ്ങനെയും അയാള്‍ അറിയപ്പെട്ടിരുന്നു )കഴുത്തിലെ കട്ടിയുള്ള സ്വര്‍ണ ചങ്ങലയും ,കടവാരംമേറിയുടെ മേനിയിലെ സ്വര്‍ണാഭരണ ശാലയും ഞങ്ങള്‍ ഗ്രാമവാസികളില്‍ അതിശയവും അത്ഭുതവും അടിച്ചേല്‍പ്പിച്ചിരുന്നു .


കാലക്രമേണ എന്‍റെ ഗ്രാമത്തിലെ അപ്പു ആശാരിയും ,തയ്യല്‍ക്കാരന്‍ ബാലകൃഷ്ണനും ,തുണിക്കടയില്‍ നിന്നിരുന്ന ചന്ദുട്ടനും ,എഞ്ചിനീയര്‍ ഹേമുകലാനിയും ,പ്രീ ഡിഗ്രി വരെ പഠിച്ച എന്റെ ബാല്യകാല കൂട്ടുകാരന്‍ പുതുമഠം ജയരാജനും പേര്‍ഷ്യക്ക് പോയെങ്കിലും ഭണ്ടാരം ജോര്‍ജ്ജിനോളം അതിശയവും അത്ഭുതവും അവര്‍ ഞങ്ങളില്‍ നിന്ന് അപഹരിച്ചില്ല .ഇവരില്‍ ഭണ്ടാരം ജോര്‍ജ്ജും കടവാരം മേറിയും ബാലകൃഷ്ണനും ഇന്നില്ല .ബാക്കിയുള്ളവര്‍ പ്രാരബ്ധത്തിന്റെ പെന്‍ഷന്‍ പറ്റിയപ്രവാസികളായി ഇന്നും എന്റെ ഗ്രാമത്തിലുണ്ട് .


ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ ഞാനിപ്പോള്‍ നില്‍ക്കുന്നത് ബര്‍ ദുബായിലെ അല്‍ ഖലീജ് സെന്ററിന് തൊട്ടടുത്തുള്ള മേല്‍പാലത്തിലാണ് .എന്റെ വലത്തും ഇടത്തും മുമ്പിലും പിമ്പിലും കൂറ്റന്‍ കെട്ടിടങ്ങള്‍ ആകാശം തൊട്ട് നില്‍ക്കുന്നു .താഴെ നാല് ട്രാക്കിലൂടെയും വാഹനങ്ങള്‍ റോക്കെറ്റുകള്‍ പോലെ ചീറിപ്പായുന്നു .


ഇടതുവശം ചേര്‍ന്ന്‍ ജംബോ ഇലക്ട്രോണിക് ഷോപ്പിംഗ്‌ മാളും ,ചോയിത് റാം ഷോപ്പിംഗ്‌ മാളും ,അല്‍ ഖലീജ് സെന്ററും സജീവമാണ് .വലതുവശം ചേര്‍ന്ന് റീഗല്‍ പ്ലാസയും ,സ്പിന്നീസ് ഷോപ്പിംഗ്‌ മാളും  ,റമദ ഹോട്ടലും ആര്‍ഭാടത്തോടെ നിലയുറപ്പിച്ചിരിക്കുന്നു .ഭണ്ടാരം ജോര്‍ജ്ജ് മുതല്‍ പുതുമഠം ജയരാജന്‍ വരെയുള്ളവര്‍ ഏതോ ഒരു നാള്‍ ഇതുവഴി കടന്നുപോയിട്ടുണ്ടാവണം .ഇന്നവരില്‍ പലരും ഇല്ല .ഉള്ളവര്‍ നാട്ടിലും .ഞാന്‍ ഈ പേര്‍ഷ്യയില്‍ .ഒരുനാള്‍ അവര്‍ക്ക് അഹങ്കാരമുദ്ര ചാര്‍ത്തിയ ഈ പേര്‍ഷ്യയില്‍ .ദുബായിയില്‍ .


തൃശൂരാണെങ്കില്‍ ടൌണ്‍ ഹാളുണ്ട് .കേരള സാഹിത്യ അക്കാദമിയുണ്ട് .ലളിതകല അക്കാദമിയുണ്ട് .കലാമണ്ഡലമുണ്ട് .പാരമ്പര്യം തല ഉയര്‍ത്തി നില്‍ക്കുന്ന കലാലയങ്ങളുണ്ട് .പള്ളികളുണ്ട് .ക്ഷേത്രങ്ങളുണ്ട് .തേക്കിന്‍കാട്‌ മൈതാനമുണ്ട് .കോര്‍പ്പറേഷന്‍ കെട്ടിടത്തിന് താഴെ സമരപ്പന്തലുണ്ട് .പ്രസംഗിക്കാം .പ്രതികരിക്കാം .പ്രതിഷേധിക്കാം .


എന്നാല്‍ ഇവിടെ അതൊന്നുമില്ല .തിരക്കുപിടിച്ച വഴികള്‍ .പായുന്ന വാഹനങ്ങള്‍ .ധൃതിയില്‍ ഓടുന്ന മനുഷ്യര്‍ .ഇവക്കെല്ലാം ചെന്നെത്താന്‍ ആര്‍ഭാടങ്ങളുടെ കമ്പോളങ്ങള്‍ .വാങ്ങലും കൊടുക്കലും മാത്രമുള്ള ഒരു കമ്പോള നഗരം .വികാരങ്ങളും വിചാരങ്ങളും ഇല്ലാത്ത വിപണനം മാത്രമുള്ള ഒരു യാന്ത്രിക ഭൌതിക നഗരം . ഒരു മരുഭൂനഗരം . 

കൃത്യമായി പറഞ്ഞാല്‍ ഒരു ഉത്സവ പറമ്പിന്റെ വിസ്തൃതിയെ ഈ മരുഭൂമിക്കുള്ളൂ .ഉത്സവ പറമ്പിലെ ബിംബങ്ങളുടെ മരുഭൂമിയിലെ തര്‍ജ്ജമകളും ഇവിടെ കാണാം .അവിടുത്തെ വര്‍ണ്ണാഭമായ ബഹുനില പന്തലുകള്‍ കാണാം .അലംകൃതമായ രഥങ്ങള്‍ ഒഴുകുന്നത്‌ കാണാം .കണ്ണഞ്ചും പൂക്കാവടികള്‍ കാണാം .പെട്രോ മാക്സുകളും പന്തങ്ങളും പ്രകാശിച്ചുനില്‍ക്കുന്നത് കാണാം .കപ്പലണ്ടി വണ്ടികളും പലഹാരവണ്ടികളും കാണാം .ഏറനാടന്‍ ,വള്ളുവനാടന്‍ ,തിരുവിതാംകൂര്‍ മലയാളവും കേള്‍ക്കാം .


എണ്ണപ്പാടങ്ങളും ,അവിടവിടെയുള്ള ഈന്തപ്പനകളും ,അത്യപൂര്‍വ്വമായി കാണുന്ന മരുഭൂമരങ്ങളും കിഴിച്ചാല്‍ പിന്നെ എന്തുണ്ട് ദുബായിയില്‍ .ഉയര്‍ന്നും പരന്നും കിടക്കുന്ന കെട്ടിടങ്ങളുണ്ട് .കെട്ടിടങ്ങള്‍ നിറയെ കട കമ്പോളങ്ങളുണ്ട് .കട കമ്പോളങ്ങള്‍ നിറയെ വിദേശ നിര്‍മ്മിത ഉദ്പന്നങ്ങളുണ്ട് .ഈ കെട്ടിടങ്ങളൊക്കെ നിര്‍മ്മിച്ച കൂലിപ്പണിക്കാര്‍ക്കും ഈ കെട്ടിടങ്ങളില്‍ ജോലി നോക്കുന്നവര്‍ക്കും വാങ്ങാനുള്ള ഉദ്പന്നങ്ങളാണവ .അവര്‍ അത് വാങ്ങുന്നു .വാങ്ങിയതൊക്കെ നാട്ടിലേക്ക് അയക്കുന്നു .വീണ്ടും വാങ്ങുന്നു .വീണ്ടും നാട്ടിലേക്ക് അയക്കുന്നു .അവര്‍ അതൊന്നുംതന്നെ ഉപയോഗിക്കുന്നില്ല .അവര്‍ അതൊക്കെ വാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് .കൊടുക്കാന്‍ വിധിക്കപ്പെട്ടവരാണ് .എല്ലാം വാങ്ങാന്‍ പണം ഉണ്ടാക്കുന്ന തിരക്കില്‍ ഒന്നും ഉപയോഗിക്കാനോ ആസ്വദിക്കാനോ സമയമില്ലാത്തവരാണ് അവര്‍ .അവരുടെ ഭ്രമണ പഥത്തില്‍ ഒരു വര്‍ഷം കൂടുമ്പോഴോ രണ്ടു വര്‍ഷം കൂടുമ്പോഴോ ഒരിക്കല്‍ മാത്രം അവരുടെ മുഖം അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് അഭിമുഖമായി വരുന്നു .അതും ഒന്നോ രണ്ടോ അമാവാസി കാലത്തേക്ക് .പിന്നെ വീണ്ടും ഭ്രമണ പഥത്തില്‍ .
 

ഗള്‍ഫ് നിറയെ കമ്പോളങ്ങളാണ് .ഷോപ്പിംഗ്‌ മാളുകള്‍ എന്നവര്‍ അതിനെ ഓമനപ്പേരിട്ട് വിളിക്കുന്നു .ശമ്പളം കിട്ടുമ്പോള്‍ നാട്ടിലെ പ്രാരാബ്ദങ്ങളുടെ ഓട്ടകള്‍ അടച്ചതിനുശേഷം മിച്ചം കിട്ടുന്ന പണം സ്വരൂപിച്ച് അവര്‍ ഈ ഷോപ്പിംഗ്‌ മാളുകളില്‍ വരുന്നു .അച്ഛനും അമ്മയും ,ആങ്ങളയും പെങ്ങളും ,ഭാര്യയും മക്കളും അയക്കുന്ന കത്തുകളിലെ ആവശ്യങ്ങളെ ചെറിയ ചെറിയ ഉദ്പന്നങ്ങളാക്കുന്നു .ഉറുമ്പുകള്‍ വലിയ തീറ്റയും വലിച്ചുകൊണ്ടുപോകുന്നതുപോലെ അവരും അതൊക്കെ വലിച്ചുകൊണ്ടുപോയി അവരവരുടെ മുറികള്‍ നിറക്കുന്നു .അതിനുമുകളില്‍ കിനാവ് കണ്ടുറങ്ങുന്നു .ഭ്രമണ പഥത്തിന്റെ താളവട്ടം പൂര്‍ത്തിയാവുന്ന മുറക്ക് അതൊക്കെ വാരിക്കെട്ടി വിമാനങ്ങളില്‍ കുത്തിനിറച്ച് നാട്ടിലെത്തിക്കുന്നു .രണ്ട് അമാവാസി സമയം നുണഞ്ഞിറക്കി വീണ്ടും വിമാനത്തില്‍ മരുഭൂമിയിലെത്തുന്നു .ഏതാണ് സൂര്യന്‍ ,ഏതാണ് ചന്ദ്രന്‍ ,ഏതാണ് ഭൂമി ,ഏതാണ് മറ്റു ഗ്രഹങ്ങള്‍ എന്നൊന്നുമറിയാതെ അവര്‍ സ്വയം കറങ്ങുന്നു .എന്തിനെയോ ചുറ്റുന്നു .മലയാളികളുടെ ,പ്രവാസികളുടെ ഒരു സങ്കീര്‍ണ്ണ സൗരയുഥം .

ഡോ .സി.ടി.വില്യം
തുടരും