നാലര
പതിറ്റാണ്ടിന്റെ ഗൃഹാതുരത്വത്തിന്‍റെ ഇടവേളയ്ക്കുശേഷം തൃശൂരില്‍ രാഗം സിനിമ
തീയറ്റര്‍ വീണ്ടും തിരശീല ഉയര്‍ത്തുകയാണ്. സാക്ഷാല്‍ വടക്കുംനാഥന്റെ
തിരുമുറ്റത്തുതന്നെ. 1974 ആഗസ്റ്റ് 24 നാണ് പണ്ട് ഈ സിനിമാശാല തൃശൂര്‍ക്കാര്‍ക്ക്
വേണ്ടി കര്‍ട്ടന്‍ ഉയര്‍ത്തിയത്. രാമു കാര്യാട്ടിന്റെ “നെല്ല്” ആയിരുന്നു പ്രഥമ
ചിത്രം. അന്നത്തെ താരജോഡികളായ പ്രേംനസീറും ജയഭാരതിയും ഉദ്ഘാടനത്തിന് പങ്കെടുത്ത
വേദിയില്‍ അടൂര്‍ ഭാസിയും ശങ്കരാടിയും മലയാളത്തിന്‍റെ സംവിധായകന്‍ രാമു
കാര്യാട്ടും സന്നിഹിതരായിരുന്നു.
നാലര
പതിറ്റാണ്ടിനുശേഷം വീണ്ടും രാഗം തീയറ്റര്‍ ജോര്‍ജേട്ടന്‍സ് രാഗം തീയറ്ററായി തികച്ചും
ന്യുജന്‍ ആയി പുനര്‍ജ്ജനിക്കുകയാണ്. സുനില്‍ സൂര്യയാണ് ഈ തീയറ്റര്‍ ദീര്‍ഘകാല
കരാര്‍ അടിസ്ഥാനത്തില്‍ പ്രേക്ഷകര്‍ക്കായി തുറന്നുകൊടുക്കുന്നത്.
തീയറ്ററിന്റെ
അവസാന മിനുക്കുപണികള്‍ നടന്നുവരികയാണ്. മിക്കവാറും ഈവരുന്ന ഓണത്തിന് രാഗം തൃശൂര്‍ക്കാരുടെ
പുനര്‍ വിസ്മയമാവും. കേരളത്തിലെ തന്നെ ആദ്യത്തെ 4230 പതിപ്പായ 4K സാങ്കേതികതയോടെ
മിഴിവുറ്റ സ്ക്രീനായിരിക്കും തീയറ്ററില്‍
പ്രയോഗിക്കപ്പെടുക. ശബ്ദ സംവിധാനത്തിലും ഡോള്‍ബി 3D-യുടെ പുതിയ പതിപ്പിന്‍റെ ഘോഷയാത്രയായിരിക്കുമെന്നും
സുനില്‍ സൂര്യ അവകാശപ്പെടുന്നു.
ഏറ്റവും
പുതിയ ലക്ഷ്വറി സീറ്റ് സംവിധാനങ്ങള്‍ രൂപപ്പെടുന്നതോടെ സീറ്റിംഗ് കപ്പാസിറ്റി 1100-ല്‍
നിന്ന് 540-ആയി കുറയും. പാര്‍ക്കിംഗ് സംവിധാനം കുറേക്കൂടി മെച്ചപ്പെടും. നാല്
ഭക്ഷണ ശാലകള്‍ പ്രേക്ഷകര്‍ക്കായി രുചിക്കൂട്ടിനെത്തും. പണ്ടൊക്കെ രാഗത്തിന്റെ
തിരശീല ഉയരുമ്പോഴത്തെ തീം മുസിക് പുതിയ രാഗത്തിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്
തൃശൂര്‍ക്കാര്‍.
തൃശൂര്‍ക്കാരുടെ
വികാരമായ രാഗം തീയറ്റര്‍ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. “മ്മടെ
രാഗം” എന്ന ഹ്രസ്വചിത്രം ഇതിനകം യുടൂബില്‍ (https://youtu.be/rqXHqzu6dMM) വന്‍ ഹിറ്റായി കഴിഞ്ഞു.
No comments:
Post a Comment