പത്രപ്രവര്‍ത്തകരാകാന്‍
ജീവിതത്തെ ബലി കൊടുത്തവരുടെ കൂട്ടത്തില്‍ ഒരുപാടുപേരുണ്ട് ഈ കൊച്ചുകേരളത്തില്‍.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന ആവേശഭരിതനായ മാതൃകാ വിപ്ലവകാരിയായ പത്രപ്രവര്‍ത്തകന്‍
കേരളത്തിന്റെ വൃത്താന്തപത്രങ്ങളുടെ പിതൃസ്ഥാനത്തു പ്രതിഷ്ഠ നേടിയതുതന്നെയാവണം ഈ
ബലിദാനങ്ങള്‍ക്കുപിന്നില്‍. അവരില്‍ ആദ്യകാലങ്ങളില്‍ കുറേപേര്‍ സ്വദേശാഭിമാനികള്‍
ആയെങ്കിലും ആധുനികകാലങ്ങളിലെ കൂടുതല്‍ പേരും സ്വാര്‍ത്ഥലാഭങ്ങളുടെ സ്വാഭിമാനികളായി
ഇന്നും ജീവിച്ചുപോരുകയാണ്.
പത്രപ്രവര്‍ത്തനത്തിന്
ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത് കറകളഞ്ഞ ജനക്ഷേമകരമായ ഒരു ദൌത്യമായിരുന്നു (Missionary Role).
ഈ ദൌത്യം സ്വാതന്ത്ര്യപൂര്‍വ്വ ഭാരതം സ്വരാജ്യസ്നേഹികളായ പത്രസ്വാമികളില്‍ ഏല്‍പ്പിക്കപ്പെട്ട
ജനാതിപത്യ കര്‍മ്മം കൂടിയായിരുന്നു. സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് വാക്കുകളുടെ
വാളോങ്ങിക്കൊണ്ട് സ്വാതന്ത്ര്യത്തെ അടര്‍ത്തിയെടുത്ത മഹനീയ പാരമ്പര്യമാണ് അന്ന്
പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. നാഷണല്‍ അഥവാ ദേശീയ പത്രം എന്നൊക്കെ അന്ന്
പത്രങ്ങള്‍ അവകാശപ്പെട്ടിരുന്നത് ഈ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.
എന്നാല്‍
സ്വാതന്ത്ര്യലബ്ദിക്കുശേഷം പത്രസ്വാമികള്‍ അവരില്‍ ഏല്‍പ്പിക്കപ്പെട്ട ദൌത്യപൂര്‍ത്തീകരണം
അവസാനിച്ചെന്ന സാഹചര്യത്തില്‍ പതുക്കെപ്പതുക്കെ പത്രമുതലാളിമാര്‍ ആവുകയായിരുന്നു.
അവര്‍ നേരത്തെ ആട്ടിപ്പായിച്ച സാമ്രാജ്യത്വ ശക്തികള്‍ക്ക് പകരം സ്വതന്ത്ര
ഭാരതത്തിന്റെ ഭരണകൂടം നിലവില്‍ വന്നതോടെ പത്രമുതലാളിമാര്‍ ഭരണകൂടത്തെ താങ്ങുന്ന
നാലാം തൂണിലേക്ക് വികാസം കൊണ്ടു. അങ്ങനെ നാലാം തൂണിന്റെ നിര്‍വികാരതയിലും
നിസ്സഹായതയിലും ഹ്രസ്വകാലത്തേക്ക് നിലയുറപ്പിച്ച പത്രപ്രവര്‍ത്തനം കാലക്രമേണ നാലാം
തൂണിന് വിലപറയാന്‍ തുടങ്ങി. വിലനിലവാരത്തിന്റെ വേലിയേറ്റത്തില്‍ പത്രപ്രവര്‍ത്തനം
സാവധാനം അതിന്റെ കമ്പോള സാധ്യത മനസ്സിലാക്കി പത്രസാമ്രാജ്യവിപുലീകരണം
നടത്തിക്കൊണ്ടിരുന്നു.
ഇതിന്നിടെ
പഴയ അച്ചുകൂടങ്ങള്‍ വഴിമാറി. അതിനൂതന സാങ്കേതിക വിദ്യകള്‍ പുത്തന്‍ വഴികള്‍
തുറന്നു. അങ്ങനെയാണ് പത്രപ്രവര്‍ത്തനം ഒരു വ്യവസായമാകുന്നത്. പത്രമുതലാളി വ്യവസായിയായതും
പത്രപ്രവര്‍ത്തകന്‍ വ്യാവസായിക തൊഴിലാളിയായതും അങ്ങനെയാണ്. പിന്നെ
വളരെപെട്ടെന്നായിരുന്നു ജനക്ഷേമകരമായ ദൌത്യത്തില്‍ നിന്നും ജനാതിപത്യപരമായ കര്‍മ്മത്തില്‍
നിന്നും പത്രപ്രവര്‍ത്തനം പിന്മാറിയത്. പിന്നീടങ്ങോട്ട് പത്രപ്രവര്‍ത്തനത്തിന്
കൈവന്നത് സമ്പൂര്‍ണ്ണമായ വ്യാവസായിക ദൌത്യമായിരുന്നു (Industrial Role).
വാര്‍ത്തകള്‍ വില്പന ചരക്കാവുന്നതും വാര്‍ത്തകള്‍ക്ക് ലാഭമുണ്ടാവുന്നതും
അങ്ങനെയാണ്. ആവശ്യമനുസരിച്ച് വാര്‍ത്തകളുണ്ടാക്കുകയും വാര്‍ത്തകള്‍ക്ക്
അനുസൃതമായി ആവശ്യമുണ്ടാക്കുകയും പത്രങ്ങളുടെ ആധുനിക വ്യാവസായിക ദൌത്യമായി മാറി.
ആധുനിക
സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ പത്രപ്രവര്‍ത്തനത്തിന് മറ്റു മാനങ്ങള്‍
കൈവന്നതോടെയാണ് ശ്രാവ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ എന്ന പുതുപ്പേരില്‍ പത്രപ്രവര്‍ത്തനത്തിന്
രൂപാന്തരം സംഭവിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആരുംതന്നെ പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തകന്‍ എന്നൊന്നും പറയുന്നില്ല; പകരം മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകന്‍
എന്നൊക്കെയാണ് പറയാന്‍ ഇഷ്ടം കാണിക്കുന്നത്. പത്രപ്രവര്‍ത്തനമായാലും മാധ്യമപ്രവര്‍ത്തനമായാലും
അതൊക്കെ സമൂഹബദ്ധിതമെങ്കിലും ഇന്റര്‍നെറ്റ് കേന്ദ്രീകൃതമായ മാധ്യമപ്രവര്‍ത്തനത്തെ സമൂഹമാധ്യമമെന്ന
ഒരു വിഭാഗീകരണം കൂടി നാം നടത്തി.
ആരൊക്കെ
ഏതൊക്കെ പേരില്‍ വിളിച്ചാലും വിളംബരം ചെയ്താലും പത്രപ്രവര്‍ത്തനം എന്നത്
അടിസ്ഥാനപരമായി സമൂഹബദ്ധിതമാണ്. അതുതന്നെയായിരിക്കണം മാധ്യമങ്ങളുടെ പ്രതിജ്ഞാബദ്ധതയും.
എന്നാല്‍ ആധുനിക മാധ്യമപ്രവര്‍ത്തനം ഒന്നാമതാണ്, നേരെയാണ്, നേരിന്റെ വഴിയേയാണ് യഥാര്‍ത്ഥ
ശക്തിയാണ് എന്നൊക്കെ ഗീര്‍വാണം നടത്തുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ അതിന്റെ
അടിസ്ഥാന ശിലകളില്‍ നിന്ന് തെന്നിമാറി ആഗോള കുത്തകക്കാരുടെ നെറുകയിലെ സിന്ദൂരം
കണക്കെ ഒളിമിന്നുകയാണ് ഇന്നും. പത്രങ്ങളുടെ മുഖപ്പേജുകള്‍ ആഗോളകുത്തകക്കാരുടെ നെറ്റിത്തടങ്ങളും
കവിള്‍ത്തടങ്ങളുമായി രൂപാന്തരം പ്രാപിക്കുന്നത് അതുകൊണ്ടാണ്.
ഈയൊരു
ദുരന്ത പരിണാമത്തില്‍ പത്രമുതലാളിമാര്‍ക്കോ പത്രപ്രവര്‍ത്തകര്‍ക്കോ നാണക്കേട്
തോന്നേണ്ട കാര്യമില്ലെന്നുമാത്രമല്ല, അതില്‍ അഭിമാനിക്കുകയാണ് നമ്മുടെ മാധ്യമപ്രപഞ്ചമെന്നതാണ്
വാസ്തവം. ആഗോള കുത്തകക്കാരുടെ കാശുവാങ്ങാത്ത ഒരു മാധ്യമവും ഇന്ന് നമുക്കില്ല. അത്തരം
അധോലോക സാമ്പത്തിക വിനിമയങ്ങള്‍ നടത്താന്‍ യോഗ്യമായ അത്യാധുനിക ഭരണ സംവിധാനങ്ങളും
ഇന്ന് മാധ്യമങ്ങളുടെ ആര്‍ക്കും തുറന്നുകൊടുക്കാത്ത അകത്തളങ്ങളിലുണ്ട്. സമൂഹ മാധ്യമമേഖലയില്‍
വിപ്ലവാത്മകമായ തുടക്കം കുറിച്ച ടെഹെല്‍ക ഈയൊരു
പേരുദോഷത്തെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടെഹെല്‍കയുടെ അനുയായികള്‍
എന്ന് ഘോരഘോരം ഗീര്‍വാണം നടത്തുന്നവരും സാരമായി വിജയിക്കുന്നുവെന്ന് ആ മേഖലയുമായി
ബന്ധമുള്ള ഈ ലേഖകനും പറയാനാവില്ല. കാരണം, അവിടെയൊക്കെ വാര്‍ത്തകള്‍ വില്‍ക്കപ്പെടുന്നത്
പണത്തിന് തത്തുല്യമായ മറ്റുപല ദ്രവ്യങ്ങള്‍ക്കുകൂടിയാണ്.
വസ്തുതകള്‍ ഇതായിരിക്കെ തനിക്കു ചുറ്റുമുള്ള വര്‍ത്തമാനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന അധികമില്ലാത്ത മനുഷ്യര്‍ എന്തുചെയ്യും? അവര്‍ അറിയുന്നതും അറിഞ്ഞുകൊണ്ടിരിക്കുന്നതും അവരെ അറിയിച്ചുകൊണ്ടിരിക്കുന്നതും അവര്‍ക്ക് ചുറ്റുമുള്ള വര്‍ത്തമാനങ്ങളല്ല. അതൊക്കെ ദുരൂഹവും ദുര്‍ഗ്രഹവുമായ ചതിക്കുഴികളിലേക്ക് നയിക്കുന്ന ആര്‍ക്കോവേണ്ടിയുള്ള ഗര്‍ത്തമാനങ്ങളാണ്. അതുകൊണ്ടാവാം അല്ലായിരിക്കാം, 2004-നുശേഷം അമേരിക്കയില്‍ മാത്രം പൂട്ടുവീണ പ്രാദേശിക പത്രങ്ങളുടെ എണ്ണം 1800 ആണത്രേ. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ക്കു മുമ്പില്‍ മാധ്യമ തിരസ്കരണം മാത്രമേ ഒരു വഴിയുള്ളൂ. എന്തായാലും ആ ഒറ്റവഴിയിലൂടെയുള്ള മനുഷ്യരുടെ യാത്ര ആരംഭിച്ചുകഴിഞ്ഞു എന്നുവേണം കരുതാന്‍. ആ ഒറ്റവഴിയിലും അവര്‍ക്ക് അത്തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ വലിയ ചെലവില്ലാതെ പ്രത്യേകിച്ച് ബാധ്യതകളില്ലാതെ വീണുകിടപ്പുണ്ടാകും വെറുതെ അനുഭവിക്കാന്‍. അപ്പോഴും മാധ്യമങ്ങള്‍ മുന്നില്‍ത്തന്നെ എന്ന പരസ്യവാചകങ്ങള്‍ നമുക്ക് മുന്നില്‍ സര്‍ക്കസ് അവതരിപ്പിക്കാം. കാരണം അത്തരം അവതരണങ്ങള്‍ വ്യാവസായികവല്‍ക്കരണത്തിന്റെ അനിവാര്യതകൂടിയാണല്ലോ. എന്തായാലും വരുംകാല മനുഷ്യര്‍ ഈ ഭ്രമാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുമെന്നു തോന്നുന്നില്ല. ഭ്രാമാവസ്ഥയുടെ അടുത്ത അവസ്ഥാന്തരം പ്രവചിക്കുകയെ ഇനി നമുക്ക് രക്ഷയുള്ളൂ.
No comments:
Post a Comment