Friday, June 7, 2013

സ്വർഗ്ഗീയനരകം -13


അബുദാബിയും ആടുജീവിതവും .

ന്‍റെ ഗള്‍ഫ് യാത്ര ഒരു പുസ്തകത്തിനോട് കടപ്പെട്ടിരുന്നു .ബെന്യാമിന്റെ ആടുജീവിതം .ഈ നോവലാണ്‌ യഥാര്‍ത്ഥത്തില്‍ എന്നെ ഈ ഗള്‍ഫ് യാത്രക്ക് പ്രേരിപ്പിച്ചത് .ആടുജീവിതം 2008 ല്‍ പുറത്തിറങ്ങിയെങ്കിലും ഞാന്‍ അത് അനുഭവിക്കുന്നത് 2012 ലാണ് .എന്റെ പുസ്തകവായനക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ട് .വായനക്കാരുടെ ജനാധിപത്യം ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ഞാന്‍ വിശേഷിച്ചൊരു കൃതി വായനക്ക് എടുക്കുക .

അങ്ങനെ വായനക്കാരുടെ ജനാധിപത്യം ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ബെന്യാമിന്റെ നോവല്‍ അനുഭവിക്കാനിറങ്ങിയത് .ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചുതീര്‍ത്തു .ഭാവനാനുഭവങ്ങളുടെ കച്ചവട സാധ്യതയാണ് ആടുജീവിതം എന്നെ അനുഭവിപ്പിച്ചത് .അതുകൊണ്ടുതന്നെ കഥയോടും കഥാകാരനോടും യോജിക്കാനായില്ല .എതിര്‍ക്കാനുമായില്ല .കഥാലോകം ഒന്നുകണ്ടതിനുശേഷമാവാം പ്രതികരണങ്ങള്‍ എന്ന്‍ തീരുമാനിച്ചു .ഈയൊരു സാഹചര്യത്തിലാണ് ഞാന്‍ പ്രവാസവഴികളിലെ യാത്രാനുഭവങ്ങള്‍ തേടിയെത്തുന്നത് .

എന്നാല്‍ യു .എ .ഇ യില്‍ എവിടെയും ആടുകളെ കണ്ടില്ല .മസറയും കണ്ടില്ല .ബെന്യാമിന്റെ നജീബിനെയും ,ഹക്കീമിനെയും ,ഇബ്രാഹിമിനെയും കണ്ടില്ല .കുഞ്ഞിക്കയെയും കണ്ടില്ല .മരുഭൂമിയിലെ വിചിത്ര വിസ്മയങ്ങളും കണ്ടില്ല .ഒരുപക്ഷെ ഇവരൊക്കെ ഗള്‍ഫിന്റെ എവിടെയെങ്കിലും ഒരുഭാഗത്ത് ഉണ്ടാവാം എന്ന്‍ സമാധാനിച്ച് യാത്ര തുടരുകയായിരുന്നു .യാത്ര പറഞ്ഞുതന്നതും അതുതന്നെയായിരുന്നു .ഇവരാരും തന്നെ മരുഭൂമികളിലെ മസറകളിലായിരുന്നില്ല. ഇവരെയൊക്കെ ഞാന്‍ കണ്ടത് വലിയ ഷോപ്പിംഗ്‌ മാളുകളിലും അംബരചുംബികളായ കെട്ടിടങ്ങളിലും മെട്രോ റയില്‍വേ സ്റ്റേഷനുകളിലും ബുര്‍ജ് മാനിലും ബുര്‍ജ് അറബിലും ബുര്‍ജ് ഖലീഫയിലും ഒക്കെയാണ് . 

യാത്രയില്‍ പക്ഷെ ആടുജീവിതം വായിച്ച രണ്ടുപേരെ കണ്ടു .പ്രവാസികളായ വായനക്കാര്‍ .രണ്ടുപേരും സ്ത്രീകള്‍ .

”ആടുജീവിതം വായിച്ചോ ?”അവര്‍ അത്ഭുതത്തോടെ ചോദിച്ചു .

’വായിച്ചു‘എന്ന് നിസ്സംഗമായി ഞാന്‍ മറുപടിയും കൊടുത്തു .

”ഇങ്ങനെയൊക്കെ സംഭവിക്കുമോ?ഇതൊക്കെ ഉള്ളതാണോ ?വിശ്വസിക്കാനാവുന്നില്ല .എങ്കിലും കഥ നന്നായിട്ടുണ്ട് .”

പ്രവാസികളായ സൂസനും ഗീതയും പറഞ്ഞതിങ്ങനെ .കഥ വായിച്ചതിനുശേഷം സൂസന് കുറച്ചു കാലത്തേക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലത്രേ .ഗീതക്ക് പക്ഷെ ഉറക്കം നഷ്ടപ്പെട്ടില്ല .

സൂസന്‍ അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു .ഭര്‍ത്താവ് അലക്സിന് ബിസ്സിനസ്സാണ് .അലക്സും ആടുജീവിതം വായിച്ചിട്ടുണ്ട് .എന്നാല്‍ സൂസനോളം കോരിത്തരിച്ചില്ല .കോരിത്തരിച്ചിലിന്റെ ഏറ്റക്കുറച്ചിലില്‍ അവര്‍ തമ്മില്‍ കലഹങ്ങളുണ്ടായത്രേ .ഞാന്‍ എന്തുകൊണ്ട് കോരിത്തരിച്ചില്ല എന്ന അവരുടെ ചോദ്യത്തിന് ഞാന്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ പ്രതികരണം കടമെടുത്തു പറഞ്ഞു ,”ഇഷ്ടായി .അത്രതന്നെ .“ ഇങ്ങനെയാണ് മാടമ്പ് ആടുജീവിതത്തിന്റെ പ്രസാധകര്‍ അമ്പതാം പതിപ്പിന് സംഘടിപ്പിച്ച ഉത്സവത്തില്‍ പ്രതികരിച്ചത് 
.
എനിക്ക് അബുദാബി കാണിച്ചുതന്നത് സൂസനും അലക്സുമാണ് .രാത്രി കാഴ്ചകളായിരുന്നു കൂടുതലും .രാത്രിയായിരുന്നു അവര്‍ സ്വതന്ത്രരായി രുന്നത് .ഗള്‍ഫില്‍ എവിടുത്തെയും പോലെ ഇവിടെയും കെട്ടിടക്കാഴ്ച്ചകള്‍ തന്നെ .അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി ടവര്‍ ,നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ ആസ്ഥാന ഗോപുരം ,ലോക പ്രസിദ്ധമായ ഹില്‍ടന്‍ ഹോട്ടല്‍ കൊട്ടാരം ,എറ്റിസലാറ്റിന്റെ അബുദാബിയിലെ ആസ്ഥാന ഗോപുരം ,വിസ്മയിപ്പിക്കുന്ന എമിരേറ്റ്സ് കൊട്ടാരം ,അബുദാബിയിലെ പ്രസിദ്ധമായ വലിയ പള്ളി .തീര്‍ന്നില്ല നിര്‍മ്മാണത്തിലിരിക്കുന്ന വേറെയും കുറെ ആകാശ ഗോപുരങ്ങളും അവര്‍ എനിക്ക് കാണിച്ചുതന്നു .
ഡോ.സി.ടി. വില്യം
തുടരും

 

No comments:

Post a Comment