Friday, June 14, 2013

സ്വർഗ്ഗീയനരകം - -13 (അവസാന ഭാഗം)


അബുദാബിയും ആടുജീവിതവും 

രാത്രിയിലെ അറബിക്കഥയിലെ അത്ഭുതക്കാഴ്ച്ചകള്‍ക്കുശേഷം ഞങ്ങള്‍ അബുദാബിയിലെ കേരളത്തനിമയുള്ള ഒരു ഹോട്ടലില്‍ അത്താഴം കഴിക്കാനിരുന്നു .നല്ല കേരളീയതയുള്ള പാലപ്പവും കോഴിക്കറിയും കഴിച്ചു .മീന്‍ പറ്റിച്ചതും പൊരിച്ചതും കഴിച്ചു .നല്ല തണുത്ത ബിയറും അത്താഴക്കൂട്ടിനുണ്ടായിരുന്നു .മലയാളത്തിന്റെ സ്വാദും മണവും വര്‍ത്തമാനവും നിറഞ്ഞൊഴുകിയ ഒരു ഗ്രാമം പോലെയായിരുന്നു ആ ഹോട്ടല്‍ അപ്പോള്‍ .ഒരു കൊച്ചു കേരളം തന്നെ .

ബിയറിന്റെ തണുപ്പുനുണഞ്ഞ സൂസന്‍ ഒന്ന് ഉയര്‍ത്തെഴുന്നേറ്റതുപോലെ തോന്നി .അവളുടെ ഭര്‍ത്താവ് അലക്സും .ആടുജീവിതത്തില്‍ കുരുങ്ങിക്കിടന്ന അവള്‍ വീണ്ടും നോവലിന്റെ ചര്‍ച്ചയിലേക്കുതന്നെ വന്നു .നല്ല മലയാളവും സാഹിത്യവും കേള്‍ക്കാന്‍ അവള്‍ക്ക് കൊതിയുള്ളതുപോലെ തോന്നി എനിക്ക് .ഒരു മാസത്തെ പ്രവാസത്തിന്റെ വേദനയില്‍ എനിക്കും കുറച്ച് നല്ല മലയാളവും സാഹിത്യവും പറയണമെന്നുണ്ടായിരുന്നു .ഞാന്‍ പറഞ്ഞു .അവള്‍ കേട്ടു .അലക്സും .അപ്പപ്പോഴായി ഞാന്‍ പറഞ്ഞതും അവര്‍ കേട്ടതും ഏതാണ്ട് ഇങ്ങനെയാണ് .
 
ബെന്യാമിന്റെ ആടുജീവിതത്തിന് അമ്പത് പതിപ്പായി .അത്ഭുതം കൊണ്ട് ബെന്യാമിനും അത്യത്ഭുതം കൊണ്ട് പ്രസാധകനും അന്ധാളിച്ചു നില്‍ക്കുകയാണ് .ആര്‍ക്കോ ജയിക്കാനായുള്ള വായനക്കാരുടെ ഈ റിലെ മത്സരത്തില്‍ പ്രവാസികളടക്കമുള്ള വായനക്കാര്‍ ബാറ്റണുകള്‍ കൈമാറിക്കൊണ്ടിരുന്നു .റിലെ തുടരുകയാണ് .ആവേശത്തിമിര്‍പ്പില്‍ ട്രാക്കുകളില്‍ പ്രാസാധകന്‍ പച്ചക്കൊടി വീശിക്കൊണ്ടിരിക്കുന്നു .പ്രവാസത്തിന്റെ പ്രസവവേദനയുമായി ട്രാക്കുകളില്‍ പുതുജീവന്‍ സ്വപ്നം കാണുന്ന സൂസനടക്കം എല്ലാ പ്രവാസികള്‍ക്കും മലയാളത്തിന്റെ അഭിനന്ദനങ്ങള്‍ . 

ആവേശത്തില്‍ ബിയര്‍ ഒന്നുകൂടി നുണഞ്ഞുകൊണ്ട് സൂസനും അലക്സും എന്നെ പ്രോത്സാഹിപ്പിച്ചു .
ആടുജീവിതം ഒരു സാധാരണ കഥയാണ് .സാധാരണ നോവലാണ്‌ .അമ്പതാം പതിപ്പിന്റെ അശ്വമേധം നടക്കുമ്പോള്‍ അശ്വത്തെ തുറന്നുവിട്ടുകൊണ്ട് മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞതുപോലെ “ഇഷ്ടായി”എന്നുമാത്രം പറയാവുന്ന ഒരു കഥ . 

സൂസന്റെ കണ്ണുകള്‍ വിടര്‍ന്നുവികസിച്ചു .അവര്‍ ബിയര്‍ ഗ്ലാസ് ഒന്നുകൂടി മുത്തി .അലക്സ് അധികം സംസാരിച്ചില്ല .അയാള്‍ക്ക് സൂസനെ പേടിയുള്ള തുപോലെ തോന്നി .

ആടുജീവിതം പ്രവാസത്തിന്റെ കഥയാണ് .സിനിമയാണ് .അനവധി തവണ പറഞ്ഞുതീര്‍ന്ന കഥ .അനവധി തവണ കാണിച്ചു തീര്‍ന്ന സിനിമ .അവിടെ കഥാകാരന് ഏറെ പറയാനും കാണിച്ചുതരാനും പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ലെന്ന് നോവല്‍ ഗൌരവത്തോടെ വായിക്കുന്നവര്‍ക്ക് ബോധ്യമാവും .

അതുശരിയല്ലെന്ന് സൂസന്‍ .അനുഭവോഷ്മളം തന്നെയാണ് ആ കഥ എന്നവള്‍ ആവര്‍ത്തിച്ചു .അവള്‍ എന്നെ തുടരാന്‍ അനുവദിച്ചു .

ഇവിടെ കഥാകാരനും കഥ വെളിച്ചം കാണിച്ചവനും കൂടി ഒരു പ്രത്യേകതരം പുസ്തകത്തട്ട് തുറന്നു .പ്രവാസസാഹിത്യം .പ്രവാസികള്‍ക്ക് മാത്രമായുള്ള ഒരു വായനശാലയും തുറന്നു .അങ്ങനെ കഥയും കച്ചവടവും അഭിരമിച്ചപ്പോള്‍ നജീബും ഹക്കീമും ഇബ്രാഹിമും വശ്യമോഹനങ്ങളായ മരുപ്പച്ചയായി .പ്രവാസത്തിന്റെ തണ്ട് നജീബും ഇലകള്‍ ഹക്കീമും ഇബ്രാഹിമുമായി .കുഞ്ഞിക്ക കാവ്യനീതിയുടെ മണ്ണായി .ആടുജീവിതത്തിന്റെ ലളിത സമവാക്യം ഇതാണ് .

“ഇതൊക്കെ സാഹിത്യ വിമര്‍ശനമാണ് .ഞങ്ങള്‍ കഥയാണ് അനുഭവിക്കുന്നത് .ആസ്വദിക്കുന്നത് “.
സൂസന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട്  തുടരാന്‍ സമ്മതവും തന്നു .അലക്സ് നിശബ്ധമായി എന്നെ പ്രോത്സാ ഹിപ്പിച്ചു .

മലയാള സാഹിത്യത്തിലെ തല നരച്ച ആട്ടിടയന്മാരൊക്കെ അവധിയിലായിരുന്ന കാലത്താണ് ആടുജീവിതം അരങ്ങേറുന്നത് .ആടുകള്‍ക്ക് ആട്ടിടയന്മാര്‍ വേണ്ടാത്ത കലുവുമായിരുന്നു അത് .ആടുകള്‍ക്ക് പ്രത്യേകിച്ച് ഒന്നുംതന്നെ തിന്നാനും കുടിക്കാനും ഇല്ലാത്ത കാലം .മേയാനും മദിക്കാനും ഉഷാറില്ലായിരുന്നു അവര്‍ക്ക് .കഴിച്ചതുതന്നെ വീണ്ടുംവീണ്ടും പുറത്തെടുത്ത് അയവെട്ടിയ വിരസമായ കാലം .ആടുകമ്പനിക്കാരും തോറ്റുകൊടുത്ത കാലം .അവര്‍ തല നരച്ച ആട്ടിടയന്മാരുടെ പഴയ “പോച്ചകള്‍”ഉപ്പും മധുരവും ചേര്‍ത്ത് ആടുകളുടെ തീറ്റത്തൊട്ടിലുകളില്‍ വീണ്ടും വിളമ്പിയ കാലം .അപ്പോഴാണ്‌ പ്രവാസത്തിന്റെ ഉപ്പും വേര്‍പ്പും ചേര്‍ത്തആടുജീവിതം തരപ്പെട്ടത്. പ്രവാസത്തിന്റെ ഉപ്പും വേര്‍പ്പും കലര്‍ത്തിയ “പോച്ച” പ്രവാസി ആടുകള്‍ മതിയാവോളം തിന്നു .പ്രവാസികളല്ലാത്ത ആടുകള്‍ക്ക് വേറെ പണിയുണ്ടായിരുന്നു .അങ്ങനെയാണ് പ്രവാസി ആടുകള്‍ തീറ്റത്തൊട്ടില്‍ അനവധിതവണ നക്കിതോര്‍ത്തിയത് .ആടുജീവിതം ധന്യമായി .ആടുകമ്പനിയും. പ്രവാസികളും ധന്യരായി.

“ഇതൊക്കെ ശരിയായിരിക്കാം .ഞങ്ങള്‍ക്ക് ആടുജീവിതം ഇഷ്ടപ്പെട്ടു .നിങ്ങള്‍തന്നെ പറഞ്ഞതുപോലെ ഞങ്ങള്‍ക്ക് തല നരച്ച ആട്ടിടയന്മാരുടെ സ്ഥിരം “പോച്ച” ഇനി വേണ്ട .ഞങ്ങള്‍ക്കത് മടുത്തുപോയിരിക്കുന്നു .

സൂസന്‍ എന്നെ ജയിക്കാനനുവദിച്ചില്ല” .വീണ്ടും തുടരാനുള്ള പച്ചക്കൊടി വീശി .

നജീബും ഹക്കീമും കൂടി മരുഭൂമിയിലൂടെ കുറെ നടന്നു .മരുഭൂമിയുടെ പത്തുപതിനഞ്ച് അദ്ധ്യായങ്ങള്‍ അവര്‍ അളന്നെടുത്തു .ഫലം നാലോ അഞ്ചോ അറബി വാക്കുകള്‍ .ഇനിയും ഇവരിങ്ങനെ നടന്നിട്ട് കാര്യമില്ലെന്ന് കഥാകാരന് തോന്നിയിരിക്കണം .അയാള്‍ നജീബിനോട് പറഞ്ഞു ,”ഇനി നീ നജീബല്ല .ഇനിമുതല്‍ നീ ഞാനാണ് , കഥാകാരന്‍ .”ഒരു പരകായപ്രവേശം .പിന്നെ മരുഭൂമി ഒരു വൈജ്ഞാനിക മണ്ഡലമായി .ഇവിടെ കഥക്ക് ഒരു ശോഭനമായ തലമുണ്ടായി .അയാള്‍ വീണ്ടും നജീബിനോട് പറഞ്ഞു ,”ഇനി നീ ഞാനല്ല, നജീബ് തന്നെയാവുക .”മരുഭൂമി ,ബൈബിള്‍ കഥാപാത്രങ്ങളെപോലെ നജീബ് ,ഹക്കീം ,ഇബ്രാഹിം,പാമ്പുകളും ഓന്തുകളും വിചിത്ര മരുഭൂജീവികളും മണല്‍കാറ്റും മരണവും ഇടകലര്‍ന്നനാഷണല്‍ ജിയോഗ്രാഫി ചാനല്‍ കാഴ്ച പോലൊരു പീഡനകാലം ,അള്ളാഹു ,ഖുറാന്‍ ,ബൈബിള്‍ ,എല്ലാം കൂടിച്ചേര്‍ന്നൊരു ദാര്‍ശനിക മണ്ഡലമായി .കുഞ്ഞിക്ക വന്നു,രക്ഷകന്റെ വേഷത്തില്‍ .നജീബിന്റെ മുടി മുറിച്ചു .താടി മുറിച്ചു ,കഥയുടെ കാലഗണന കുറിച്ചു .സൈനബയെ വിളിച്ചു .വിമാനം വന്നു .വിമാനം കേരളത്തിലേക്ക് പറന്നുയര്‍ന്നു .കാവ്യനീതി ഉറപ്പായി .ആടുജീവിതം അവസാനിച്ചു .
 
മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞതുപോലെ “ഇഷ്ടായി”എന്നുപറയാവുന്ന ഒരു സാധാരണ കഥ .

സൂസന്‍ എന്റെ ആടുജീവിതം ഏറ്റെടുത്തില്ല .എതിര്‍ത്തതുമില്ല .എന്നാല്‍ അലക്സ് എന്‍റെ ആടുജീവിതം ഏതാണ്ട് ഏറ്റെടുത്തു ,സൂസനെ പേടിച്ചിട്ടു പോലും .ബിയറിന്റെ തണുപ്പ് വിട്ടു .എങ്കിലും ഞങ്ങള്‍ അവസാന കവിളും കുടിച്ചു .രാത്രി വല്ലാതെ വളര്‍ന്നിരുന്നു .ഞങ്ങള്‍ പിരിഞ്ഞു .ഒരിക്കലും കണ്ടുമുട്ടാത്ത ആടുകളെപോലെ ഞങ്ങളുടെ മസറകളിലേക്ക് നടന്നു .

ഡോ .സി .ടി.വില്യം
തുടരും 
ചിത്രങ്ങൾക്ക് കടപ്പാട് : ഗ്രീൻ ബുക്സ് .


No comments:

Post a Comment