Sunday, June 30, 2013

മാധ്യമകുറ്റവാളികള്‍



മാധ്യമ കുറ്റവാളികള്‍ ഇനി കുമ്പസാരിക്കേണ്ടത് ഏത് കുമ്പസാരക്കൂട്ടില്‍ ? ഏത് പുരോഹിതന്റെ മുന്നില്‍ ?

അതിരാവിലെ ഉണരുമ്പോള്‍ ചൂടുള്ള ഒരു കപ്പ്‌ ചായ. നവരസങ്ങളുടെ ആവി പറത്തുന്ന വൃത്താന്തപത്രം മടിത്തട്ടില്‍. ചായ ഊതിക്കുടിക്കുമ്പോള്‍ വാര്‍ത്തകളുടെ ഭൂഗോളം നമ്മില്‍ കറങ്ങിക്കൊണ്ടിരിക്കും. വിജ്ഞാനവും വിനോദവും വിചാരങ്ങളും നാമറിയാതെ നാമങ്ങനെ പകര്‍ന്നെടുത്തുകൊണ്ടിരിക്കും. ഇതായിരുന്നു മലയാളിയുടെ നല്ല കാലത്തെ മാധ്യമാസ്വാദനം.

ഇന്ന് അതെല്ലാം പോയിരിക്കുന്നു. വാര്‍ത്തകളുടെ കറുപ്പും വെളുപ്പും പോയി. പകരം നിഴലും വെളിച്ചവും വന്നു. സപ്തവര്‍ണ്ണങ്ങളും ശബ്ദവര്‍ണ്ണങ്ങളും കൂടിച്ചേര്‍ന്ന് വാര്‍ത്തകള്‍ നമുക്ക് ആഘോഷമായി. മാധ്യമം മാമാങ്കം പോലെ നമുക്ക് ഉത്സവമായി.

“മനുഷ്യന്‍ പട്ടിയെ കടിച്ചു” എന്ന വാര്‍ത്താവ്യാകരണം നമുക്ക് നഷ്ടമായിരിക്കുന്നു. “മനുഷ്യന്‍ മനുഷ്യനെ കടിച്ചു” എന്ന നവമാധ്യമ വ്യാകരണമുണ്ടായിരിക്കുന്നു. നമ്മുടെ വാര്‍ത്തകളില്‍ വാര്‍ത്തകള്‍ ഇല്ലാതായിരിക്കുന്നു.

വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക് (NEWS) എന്നീ നാലിടങ്ങളില്‍ നിന്ന് വന്നു കൊണ്ടിരുന്ന വാര്‍ത്തകള്‍ ഏതോ നാലാളുകള്‍ കൂടി ഇപ്പോള്‍ വാര്‍ത്തുകൊണ്ടിരിക്കുന്നു. നാലുദിക്കുകള്‍ ചേരുന്നിടത്ത്‌ ഇന്ന് നാലുക്ളിക്കുകള്‍ ചേര്‍ന്ന് അപശബ്ദങ്ങളും അപമാനങ്ങളും കൂട്ടിവിളക്കിയെടുത്ത “നേരമ്പോക്കുകള്‍” വാര്‍ത്ത കളായിക്കൊണ്ടിരിക്കുന്നു. വാര്‍ത്തകളുടെ കൃത്യതയും ക്രിയാത്മകതയും പ്രവചനാത്മകതയും ഇന്ന് നശിച്ചിരിക്കുന്നു. മാധ്യമ ധര്‍മ്മങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കും നവ മാധ്യമപ്രവര്‍ത്തകന്‍ അന്ത്യകൂദാശ കൊടുത്തിരിക്കുന്നു.

അന്തസ്സും ആഭിജാത്യവുമുള്ള ഭിക്ഷാംദേഹിയെപോലെ ദിക്കുകള്‍ തെണ്ടി വാര്‍ത്തകളെ സ്വരൂപിച്ചെടുത്തിരുന്ന പഴയ മാധ്യമ പ്രവര്‍ത്തകര്‍ ഇന്നില്ലാതെയായി. വാര്‍ത്തകളുടെ ഫാക്ടറികളാണ് ഇന്ന് കൂടുതലും. ആ ഫാക്ടറിയിലെ കൂലിവേലക്കാരായി അധ:പതിച്ചിരിക്കുന്നു നമ്മുടെ പുതിയ മാധ്യമ പ്രവര്‍ത്തകര്‍.

ഈ ഫാക്ടറി കൂലിവേലക്കാരാണ് വാര്‍ത്തകള്‍ക്ക് ലിംഗഭേദ കല്‍പ്പനകള്‍ കണ്ടെത്തിയത്. പുലിംഗ-സ്ത്രീലിംഗ-നപുംസഹലിംഗ വാര്‍ത്തകള്‍ അങ്ങനെ ഉണ്ടായതാണ്. കാലാന്തരത്തില്‍ സ്ത്രീലിംഗ വാര്‍ത്തകള്‍ മാധ്യമ ലോകത്തെ പ്രാണാമിക സ്ഥാനം അലങ്കരിച്ചുപോന്നു. മാധ്യമ ലോകത്തെ പീഡനകാലം അങ്ങനെ രൂപപ്പെട്ടതാണ്. “പീഡനാത്മക മാധ്യമപ്രവര്‍ത്തനം” പോലൊന്ന് വേരുപിടിച്ചതും അങ്ങനെയാണ്.

ഡയാന രാജകുമാരിയെ ഓടിച്ചിട്ട്‌ കൊന്ന പാപ്പരാസികള്‍ ഇന്നും കൊന്നുകൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ടവരില്‍ രാജകുമാരിയം രാജകുമാരനും രാജാവും പാവം പ്രജയുമുണ്ട്. അതിനൂതന മാധ്യമ സങ്കേതങ്ങള്‍ അവര്‍ക്കിന്ന്‍ ആയുധങ്ങളായി കൂട്ടിനുണ്ട്. രാഷ്ട്രാന്തര യുദ്ധക്കളങ്ങളും രാഷ്ട്രീയ കുരുതിക്കളങ്ങളും അതിസാഹസികമായി അളന്നെടുത്ത തൂലികപ്പടയാളികള്‍  ഇന്ന് കിടപ്പറകളില്‍ ഒളിക്യാമാറ യുമായി പതിയിരിക്കുന്നു. പ്രതിയോഗികളെ ചതിച്ചുകൊല്ലാന്‍ വാടകക്കൊലയാളികളെ പോലെ വാരിക്കുഴികളിലും ഒളിച്ചിരിക്കുന്നു. രേതസ്സിന്റെ ഗന്ധവും ചോരയുടെ മണവുമുള്ള വാര്‍ത്തകള്‍ക്കായി അവര്‍ വല വിരിച്ചിരിക്കുന്നു. അവരോടൊപ്പം കുളിച്ചു കുറിതൊട്ട് വാര്‍ത്താമണിക്കൂറുകളെ സ്വപ്നം കാണുന്ന നമ്മുടെ മാധ്യമ ന്യായാധിപന്മാരും പുതിയ മലയാളിയും.

മറിയം റഷീദ മുതല്‍ സരിത വരെ ഒറ്റിയും തെറ്റിയും നിലകൊള്ളുന്ന മാധ്യമ കുറ്റവാളികള്‍ ഇനി കുമ്പസാരിക്കേണ്ടത് ഏത് കുമ്പസാരക്കൂട്ടില്‍ ? ഏത് പുരോഹിതന്റെ മുന്നില്‍ ?

ഡോ.സി.ടി.വില്യം


ബുദ്ധ ദര്‍ശനങ്ങളുടെ നാട്.
മഞ്ഞ മേലങ്കിയണിഞ്ഞ
ബുദ്ധ സംന്യാസിമാരും സംന്യാസിനികളും
ഭിക്ഷയെടുക്കുന്ന നാട്.
അവരിലൊരാള്‍ ഭരിക്കുന്ന നാട്.
ഇവിടുത്തെ പകലുകള്‍ക്കും രാത്രികള്‍ക്കും
രേതസ്സിന്‍റെ ഗന്ധം.
ഏറ്റവും വിലക്കുറവില്‍
ഭോഗം വില്‍ക്കപ്പെടുന്ന നാട്.
ഏറ്റവും വിലകുറഞ്ഞ
ഉപഭോക്താക്കളുടെ നാട്.

“യശോധര നഗ്നയാണ്‌”

തികച്ചും വ്യത്യസ്തമായ
ഒരു യാത്രാനുഭവ കഥ.
നിങ്ങളുടെ പ്രിയപ്പെട്ട ബ്ലോഗ്ഗില്‍
കാത്തിരിക്കുക.

www.williamct.blogspot.com     

No comments:

Post a Comment