Friday, June 21, 2013

സ്വർഗ്ഗീയനരകം -14



ജോസ് പാലാട്ടി ,ആടുജീവിതത്തിലെ കുഞ്ഞിക്ക .

ന്റെ പ്രവാസനാളുകള്‍ തീരുകയാണ് .ബര്‍ ദുബായിയിലെ ഫ്ലാറ്റില്‍ ജോസ് പാലാട്ടി നാട്ടില്‍ നിന്ന്‍ തിരിച്ചെത്തിയിട്ടുണ്ട് .നാട്ടില്‍ പാല് കാച്ചിയ വീടിന്റെ ഓര്‍മ്മകള്‍ അയാളെ വിട്ടുപിരിഞ്ഞിട്ടില്ല .വീട് ഇനിയും പൂര്‍ണ്ണമായിട്ടില്ല .പൂര്‍ണ്ണതയുടെ രേഖാചിത്രങ്ങള്‍ അയാള്‍ മനസ്സിലും കടലാസിലുമായി മാച്ചെഴുതികൊണ്ടിരിക്കുകയാണ് .വീട് ജോസ് പാലാട്ടിയുടെ മാത്രം ഒരഹങ്കാരമാണ് .കാരണം നിര്‍മ്മാണം അയാള്‍ക്ക് ഒരു ഹരമാണ് .അയാളുടെ വീട് ഉഴുതതും വിതച്ചതും കൊയ്തതും അയാള്‍ മാത്രമായിരുന്നു .

ജോസ് പാലാട്ടിയെ ഞാന്‍ ആദ്യമായി കാണുകയാണ് .പാലാട്ടി എന്ന്‍ പറഞ്ഞാല്‍ ഗള്‍ഫ് മലയാളികള്‍ക്ക് അറിയാം .പ്രതേകിച്ച് ദുബായിലുള്ളവര്‍ക്ക് .മദ്ധ്യവയസ്കനാണെങ്കിലും ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനാണെന്നെ  തോന്നൂ .വെള്ള ഷര്‍ട്ടും കറുത്ത കൊട്ടും ടയ്യും സ്ഥിരം വേഷം .ദുബായിയിലെ യുണൈറ്റഡ് അറബ് ബാങ്കിലെ ഉന്നത ഉദ്യോഗ സ്ഥനാണ് .

ബാങ്കിംഗ് ഇഷ്ടപ്പെട്ട തൊഴിലും നിര്‍മ്മാണം ഇഷ്ടപ്പെട്ട ആവേശവുമാണ് പാലാട്ടിക്ക് .(Banking is my favourite profession and Construction is always my passion) എന്ന്‍ പലാട്ടി ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടെയിരിക്കും .ഗള്‍ഫിലെ പല ബാങ്കിംഗ് സ്ഥാപനങ്ങളിലേയും മാനേജ്‌മന്റ്‌ കണ്സല്‍ട്ടന്റാണ് പാലാട്ടി .മാനവ വിഭവ വികസന(Human Resource Development)മേഖലയാണ് ഇഷ്ടപ്പെട്ട വിഷയം .കൂടാതെ ഗള്‍ഫിലും കേരളത്തിലുമായി ഒട്ടേറെ സന്നദ്ധ സംഘടനകളുമായി നിസ്വാര്‍ത്ഥമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു .ദൈവശാസ്ത്രവും തത്ത്വചിന്തയും മാനേജ്‌മെന്റും പഠിച്ചിട്ടുള്ള പാലാട്ടി ബിരുദാനന്തരബിരുദധാരിയാണ് .ഒരുപാട് കാലമായി ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നു .

വളരെ ചെറുപ്പത്തില്‍ തന്നെ നാട് വിട്ടവനാണ് .ശരാശരി ക്രിസ്ത്യന്‍ കുടുംബം .ആദ്യം ചെന്നെത്തിയത് ബോംബെയില്‍ .അവിടെ വളരെ താഴ്ന്ന ജോലിയെടുത്ത് ജീവിതത്തിന്റെ കഷ്ടതയോടും വെല്ലുവിളി കളോടും പൊരുതിജയച്ചവന്‍ .ദൈവശാസ്ത്രവും തത്ത്വചിന്തയും പഠിക്കാനായി ക്രിസ്ത്യന്‍ സെമിനാരിയില്‍ ചേര്‍ന്നു .അന്തേവാസികളുടെ തലമുടി വെട്ടി കാശുണ്ടാക്കി ഫീസ്‌ കൊടുത്തു .ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തണമെന്നുണ്ടായിരുന്നു .പക്ഷെ നടന്നില്ല .കളങ്കമില്ലാത്ത ക്രിസ്ത്യന്‍ വിശ്വാസി .അക്ഷരാര്‍ഥത്തില്‍ സത്യക്രിസ്ത്യാനി .കാര്‍ക്കശ്യമുള്ള പരോപകാരി .സര്‍വ്വോപരി ബൈബിളിലെ നല്ല ശമരയക്കാരന്‍ .
 
എന്നെ ദുബായ് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയതും ജോസ് പാലാട്ടി തന്നെ .ഒരു മോസ്ക്കിനോട് അടുത്തായിരുന്നു ഈ പള്ളി. ഇംഗ്ലീഷ് കുര്‍ബ്ബാനയാണെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നമ്മുടെ നാട്ടിലെ പള്ളി ആചാരക്രമങ്ങളും ആരാധനാക്രമങ്ങളും ഒക്കെത്തന്നെ. പുരോഹിതന്റെ ഇംഗ്ലീഷ് ഭാഷോച്ചാരണത്തിനും നല്ല മലയാളിത്തമുണ്ടായിരുന്നു .ഭക്തരില്‍ കൂടുതലും മലയാളികള്‍ തന്നെ .

ഞാന്‍ ഗള്‍ഫിലെത്തിയത് പ്രവാസത്തിന്റെ കഥകള്‍ എഴുതാനായിരുന്നു .അതോടൊപ്പം കേരളത്തിലെ ഒരു പ്രമുഖ ധനകാര്യ കമ്പനിയുടെ ഗള്‍ഫിലെ മാനേജ്‌മെന്റ്കണ്‍സല്‍ട്ടന്റ് പദവിയും എനിക്കുണ്ടായിരുന്നു .ആ കമ്പനിയുടെ ഒരു ഡയറക്ടറോടൊപ്പമായിരുന്നു ഗള്‍ഫ് യാത്രയും .ഗള്‍ഫ് ഭാഷയില്‍ പറഞ്ഞാല്‍ ഈ ഡയറക്ടര്‍ ആയിരുന്നു എന്റെ അര്‍ബാബ് .ഗള്‍ഫില്‍ ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഈ ഡയറക്ടര്‍ അര്‍ബാബ് ഒരു വന്‍ ചതിയായിരുന്നു എന്ന്‍ .അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ചോ അയാള്‍ ചെയ്യേണ്ട ജോലിയെക്കുറിച്ചോ ഞാന്‍ അയാള്‍ക്ക് ചെയ്തുകൊടുക്കേണ്ട ജോലിയെകുറിച്ചോ അയാള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല .പകല്‍ മുഴുവന്‍ എവിടെയെല്ലാമോ അലഞ്ഞുതിരിയും രാത്രിയായാല്‍ നിശാക്ലബ്ബുകളില്‍ അലിഞ്ഞുചേരും എന്‍റെ ഈ അര്‍ബാബ് .
 
അയാളോടൊപ്പമുള്ള എന്റെ സഹവാസം എന്റെ എഴുത്തിനും അയാളുടെ നിലനില്‍പ്പിനും സഹായകമായിരുന്നില്ല .ഈ സത്യം എനിക്കെന്നപോലെ  അയാളുടെ ഗള്‍ഫിലെ സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു .അവരില്‍ ചിലരാണ് അയാളെ ഞാന്‍ ഉപേക്ഷിക്കുന്നതായിരിക്കും എനിക്ക് നല്ലത് എന്ന്‍ ഉപദേശിച്ചത് .അല്ലെങ്കില്‍ ഒരുപക്ഷെ മരുഭൂതടവറ വരെ ഞാന്‍ അനുഭവിക്കേണ്ടിവരുമെന്ന് ചില സുഹൃത്തുക്കള്‍ എനിക്ക് മുന്നറിയിപ്പും തന്നിരുന്നു .അതുകൊണ്ട് ഞാന്‍ അയാളെ ദേര സിറ്റി സെന്‍റര്‍ മെട്രോ റയില്‍വേ സ്റ്റേഷനില്‍ വെച്ച് ഒരു നാള്‍ ഉപേക്ഷിച്ചു. അയാളോടൊപ്പമുള്ള എന്‍റെ ഗള്‍ഫ് യാത്രയില്‍ എനിക്ക് നഷ്ടപ്പെട്ടത് 500 ദീര്‍ഹം. അയാളെ പോലുള്ളവരാണ് ഗള്‍ഫിന്റെ അന്തസ്സ് കളഞ്ഞതെന്നും, ഇവ്വിധം ഗള്‍ഫ് കൊള്ളരുതാത്തതായതെന്നും എന്നോട് ചില നല്ല പ്രവാസികള്‍ പറഞ്ഞു .പ്രവാസികളുടെ ശത്രു എന്നും പ്രവാസികള്‍ തന്നെയായിരുന്നുവെന്നും ഇവിടുത്തെ പ്രവാസികള്‍ സാക്ഷ്യം പറയുന്നുണ്ട് .

എന്റെ പിന്നീടുള്ള ഗള്‍ഫിലെ നാളുകള്‍ പാലാട്ടിയോടൊപ്പം പങ്കുവയ്ക്കുകയായിരുന്നു .അങ്ങനെ പാലാട്ടിയുടെ സ്നേഹ-വാല്‍സല്യങ്ങളിലും സംരക്ഷണയിലും ഞാന്‍ കഴിഞ്ഞുകൂടുകയായിരുന്നു ശേഷിച്ച കുറച്ചു ദിവസങ്ങള്‍ .ഈ നാളുകളിലാണ്‌ ഞാന്‍ ഈ യാത്രാനുഭവക്കുറിപ്പുകള്‍ എഴുതിതീര്‍ത്തത് .

പാലാട്ടി നല്ലൊരു പാചകക്കാരനാണ് .അയാളുടെ പാചകത്തിന്റെ രസമുകുളങ്ങള്‍ എന്നെ വല്ലാതെ കീഴ്പെടുത്തിയിരുന്നു .എല്ലാം പാചകം ചെയ്ത് എല്ലാവര്‍ക്കും വിളമ്പി എല്ലാവരോടൊപ്പം കഴിക്കുക എന്നത് പാലാട്ടിയുടെ മാത്രം സല്‍സ്വഭാവമാണ് .ഞാന്‍ ഫ്ലാറ്റില്‍ എഴുതാനിരിക്കുമ്പോള്‍ പാലാട്ടി ബാങ്കിലെ തിരക്കുള്ള ജോലിക്കിടയിലും എന്നെ വിളിച്ചുചോദിക്കും ഞാന്‍ ഭക്ഷണം കഴിച്ചുവോ എന്ന് .ഫ്രിഡ്ജിലും പുറത്തുമായി ഇന്നന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നും അതൊക്കെ കഴിക്കേണ്ട രീതിയും ചേരുവയും എല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും .ഹോട്ട ലില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് പാലാട്ടിക്ക് ഇഷ്ടമല്ല .മറ്റുള്ളവര്‍ കഴിക്കുന്നതും ഇഷ്ടമല്ല .ആരോഗ്യപരിപാലനം മാത്രമായിരുന്നില്ല പാലാട്ടിയുടെ ലക്ഷ്യം .സ്വാശ്രയശീലം വളര്‍ത്തിയെടുക്കുകകൂടി പലാട്ടിയുടെ ജീവിത ലക്ഷ്യമാണ്‌ .

താന്‍ താമസിക്കുന്ന ഫ്ലാറ്റും പരിസരവും പാലാട്ടി തന്നെ വൃത്തിയാക്കും .തന്നോടൊപ്പം താമസിക്കുന്ന അതിഥികളുടെ കുളിമുറിയും കക്കൂസും പോലും പലാട്ടിതന്നെ വൃത്തിയാക്കും .നല്ലൊരു ഗാന്ധിയന്‍ കാഴ്ചപ്പാടും ജീവിത ശൈലിയും പാലാട്ടിയില്‍ കാണാം .തികഞ്ഞൊരു ദേശീയവാദി കൂടിയാണ് പാലാട്ടി .പണ്ടൊരിക്കല്‍ ഗള്‍ഫില്‍ വച്ച് ഒരു ബ്രിട്ടീഷുകാരനായ ഉന്നത ഉദ്യോഗസ്ഥന്‍ പാലാട്ടിയെ ബ്ലഡി ഇന്ത്യന്‍ (Bloody Indian) എന്ന്‍ വിളിച്ചത്രേ .അന്നേരം മേശമേലിരുന്ന ആഷ് ട്രേ (Ash Tray) എടുത്ത് ബ്രിട്ടീഷുകാരന്റെ ചെകിട്ടത്തൊന്ന്‍ പൊട്ടിച്ചു .ഗള്‍ഫില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവമായിരുന്നത്രെ ഇത് .അന്ന്‍ എല്ലാവരും പാലാട്ടിക്ക് ജയില്‍വാസം ഉറപ്പിച്ചതാണത്രെ .

എന്നാല്‍ അറബിയുടെ വിചാരണയില്‍ പാലാട്ടി പറഞ്ഞു ,”എന്നെ തെറിവിളിക്കാം .പക്ഷെ എന്റെ നാടിനെ തെറിവിളിച്ചാല്‍ ഞാന്‍ പ്രതികരിക്കും “.

ഇന്ത്യക്കാരന്റെ ദേശീയവാദം കണ്ട് അറബി പാലാട്ടിയെ ശിക്ഷയില്‍ നിന്നൊഴിവാക്കി .ഞാന്‍ ഗള്‍ഫിലുള്ളപ്പോള്‍ ഈ സംഭവം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു .ഒട്ടനേകം പേരാണ് ജോസ് പാലാട്ടിക്ക് അന്ന്‍ ഫേസ്ബുക്ക്  വഴി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത് .നമ്മുടെ പ്രവാസ മന്ത്രാലയവും സര്‍ക്കാരും ഗള്‍ഫിലെ പണചാക്കുകളെ ആദരിക്കുമ്പോള്‍ ഓര്‍ക്കുക, ഇവിടെ ഒരു ഗാന്ധിയനായ ദേശീയവാദിയായ ധീരനായ പ്രവാസിയുണ്ട് “ജോസ് പാലാട്ടി”. ബെന്യാമിന്റെ ആടുജീവിതത്തിലെ നമുക്ക് കണ്ടെത്താവുന്ന  ഒരേയൊരു കഥാപാത്രം “കുഞ്ഞിക്ക”. 
 
സ്വര്‍ഗ്ഗവും നരകവും അഭൌമകല്പനകളാണ് .ദൈവനിശ്ചയമാണ് .ഒന്നുകില്‍ സ്വര്‍ഗ്ഗം .അല്ലെങ്കില്‍ നരകം .ഭൂജന്മസുകൃതങ്ങളെ വിലയിരുത്തികൊണ്ടുള്ള ദൈവത്തിന്റെ അന്ത്യവിധിയാണത് .സ്വര്‍ഗ്ഗം കണ്ടവന് നരകം കാണാനാവില്ല .നരകം കണ്ടവന് സ്വര്‍ഗ്ഗവും .അതാണ്‌ ദൈവനീതി .രണ്ടും പിടിതരാത്ത സങ്കല്പങ്ങളാണ് .ദൈവകല്പനകളാണ് .
എന്നാല്‍ ഞാന്‍ എന്റെ പ്രവാസയാത്രയില്‍ സ്വര്‍ഗ്ഗവും നരകവും അനുഭവിച്ചിരിക്കുന്നു .ആര്‍ക്കും പിടികൊടുക്കാത്ത ആ സങ്കല്പങ്ങളെ ഞാന്‍ അനുഭവിച്ചിരിക്കുന്നു, ഈ പ്രവാസഭൂമിയില്‍ .മധുരവും കയ്പും സമം ചേര്‍ത്ത ഈ സ്വര്‍ഗ്ഗീയനരകത്തിന്റെ അനുഭവക്കുറിപ്പുകളുമായി ഞാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ് .

എന്റെ പെട്ടിയൊതുക്കിതന്നത് ജോസ് പാലാട്ടിയാണ് .പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും പരിശോധിച്ച് എന്നെ ഏല്‍പ്പിച്ചു .അപ്പോഴും എന്‍റെ ഡയറക്ടര്‍ അര്‍ബാബ് എന്നെ വിളിച്ചില്ല .എന്നെ യാത്രയാക്കാനും ആ നുണയന്‍ അര്‍ബാബ് വന്നില്ല .അയാള്‍ അപ്പോള്‍ ഏതോ നിശാ ക്ലബ്ബിലായിരിക്കണം .ഏതോ റഷ്യന്‍ പെണ്‍കുട്ടി അയാളിലെ എന്നെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ കവര്‍ന്നെടുത്തുകാണും.

പാലാട്ടിയുടെ കാര്‍ ,അല്ല ആടുജീവിതത്തിലെ കുഞ്ഞിക്കായുടെ കാര്‍ ദുബായ് എയര്‍പോര്‍ട്ട് അടുക്കുകയായിരുന്നു .മടക്കയാത്രക്കുള്ള ടിക്കറ്റ് ഞാന്‍ നേരത്തെതന്നെ എടുത്തുവച്ചിരുന്നു .അതുകൊണ്ട് അശരണരായ മറ്റുപലര്‍ക്കും ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് കയറ്റി വിടേണ്ട ബുദ്ധിമുട്ട് എന്റെ കാര്യത്തില്‍ പാലാട്ടിക്ക് ഉണ്ടായിരുന്നില്ല .

“വേണമായിരുന്നെങ്കില്‍ അതും അദ്ദേഹം ചെയ്യുമായിരുന്നു എന്ന്‍ എനിക്കുറപ്പുണ്ട് . അതായിരുന്നു പലാട്ടി ,അല്ല കുഞ്ഞിക്ക “.

ഡോ.സി.ടി. വില്യം

അവസാനിച്ചു   

No comments:

Post a Comment