Saturday, June 1, 2013

സ്വർഗ്ഗീയനരകം-12 (അവസാനഭാഗം)




 അബുദാബിയും വേഗത നഷ്ടപ്പെട്ട മാനുകളും ......

ബുദാബിയിലെ മറീന മാളിനടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത് .ഹോട്ടലില്‍ നിന്നിറങ്ങി അടുത്തൊരു റോഡ്‌ ക്രോസ് ചെയ്താല്‍ മറീന മാളാണ് .ഈ പരിസരത്താണ് മലയാളികളുടെ “രുചി” ഹോട്ടല്‍.കേരളത്തിന്‍റെ രുചിഭേദങ്ങളും മലയാളത്തിന്റെ മുഖങ്ങളും ഇവിടെ സുലഭമാണ് .ഒപ്പം മലയാള മനോരമ പത്രവും .

മലയാള മനോരമ ഒരു പത്രമല്ല മറിച്ച് ഒരു വ്യവസായമാണ്‌ എന്ന്‍ നമ്മെ പഠിപ്പിക്കും “രുചി”യില്‍ വിളമ്പിയിട്ടിരുന്ന മലയാള മനോരമയുടെ ഗള്‍ഫ് എഡിഷന്‍ .കണ്നാടിചില്ലുപോലെ മിനുസമുള്ള കടലാസ്സില്‍ മഴവില്ലിന്റെ മിഴിവുള്ള ചിത്രങ്ങള്‍ .പരസ്യങ്ങള്‍ .ഗൃഹാൂതുരത്തത്തിന്റെ വാര്‍ത്തകള്‍ .ഒപ്പം മനോരമയുടെ സ്ഥിരം മയക്കുവെടി വാര്‍ത്തകളും .

നല്ല ചൂടുള്ള ഇഡലിയും വടയും സാമ്പാറും ചട്ണിയും കഴിക്കുമ്പോള്‍ മനോരമ പത്രം പകര്‍ന്നുതന്ന വാര്‍ത്ത ഇങ്ങനെ ;”2800 പലച്ചരക്കുകടകള്‍ പൂട്ടാന്‍ ഉത്തരവ് .5000 മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും “രുചിയിലെ ഇഡലിക്കും വടയ്ക്കും സാമ്പാറിനും ചട്ണിക്കും രുചി കുറഞ്ഞതുപോലെ മലയാളികള്‍ പലരും അവരവരുടെ പ്ലേറ്റിലെ പ്രാതല്‍ ബാക്കി വച്ചു .അവരുടെ മുഖത്ത് കത്തിച്ചു വച്ച വിളക്ക് കെട്ടു .

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍നിന്ന് നെല്‍പാടങ്ങളെ ഉപേക്ഷിച്ച് എണ്ണപ്പാടങ്ങളിലെകിനാവ് കൊയ്യാനെത്തിയ 5000 മലയാളികളുടെ കെട്ടുപോയ കിനാവിന്റെ ഇരുട്ടിലൂടെ ഞാന്‍ നടന്നു .കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ ,അവയുടെ ഇടനാഴികകളിലൂടെ ,രാജവീഥികളിലൂടെ .റോഡരുകുകളില്‍ പൂക്കള്‍ പാകിയിരുന്നു .അവ വിളക്കിലെ എണ്ണയില്‍കുതിര്‍ന്ന തിരിപോലെ പ്രകാശിച്ചു നിന്നു .ട്രാക്കുകള്‍ ഒന്നൊന്നായി മുറിച്ചുകടന്നു .ഹിന്ദി സിനിമയുടെ പോസ്റ്ററുകള്‍ പതിപ്പിച്ച സിനിമ തീയ്യറ്ററിന്റെ മുന്‍വശവും കടന്ന്‍ മറ്റൊരു കൂറ്റന്‍ കെട്ടിടത്തിലെത്തി .ഇവിടെയാണ്‌ ഡോ.പ്രവീണിന്‍റെ ദന്താശുപത്രി .
 
ഡോ,പ്രവീണ്‍ കുന്നംകുളത്തുകാരനാണ് .ദന്തവൈദ്യം പഠിച്ചത് കര്‍ണാടകത്തില്‍ .അബുദാബിയില്‍ വന്നിട്ട് പത്തുപതിനഞ്ച് വര്‍ഷമായി .ക്ലിനിക്കിന്റെ സ്വീകരണമുറിയിലിരുന്ന ഫിലിപ്പീനി പെണ്‍കുട്ടി എന്നോട് ഇരിക്കാന്‍ പറഞ്ഞു .അവിടെ നിറയെ ആശുപത്രിമണമുണ്ടായിരുന്നു .ചുമരില്‍ നിറയെ ദന്തപരിപാലനം സംബന്ധിച്ച വാക്കുകളും ചിത്രങ്ങളുമായിരുന്നു .

അല്പം കഴിഞ്ഞപ്പോള്‍ ഡോ. പ്രവീണ്‍ ഡോക്ടറുടെ വേഷത്തില്‍ തന്നെ പ്രത്യക്ഷനായി .ഞങ്ങളെ മറ്റൊരു മുറിയില്‍ ഇരുത്തി .ആ മുറിയും ഒരു കാലത്ത് ചികിത്സാമുറിയായിരുന്നിരിക്കണം .ദന്തരോഗികളെ ഇരുത്തി ചികിത്സിക്കുന്ന ഒരുതരം കസേര അവിടെ പൊടിപിടിച്ചുകിടന്നിരുന്നു .ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതീകം പോലെ ആ കസേര എന്നെ തുറിച്ചുനോക്കി .ഉച്ചയൂണിന് വീണ്ടും കാണാമെന്ന ധാരണയില്‍ ഞങ്ങള്‍ പിരിഞ്ഞു.

ഞാന്‍ വീണ്ടും അബുദാബിയിലെ രാജവീഥിയിലേക്കിറങ്ങി .കുതിപ്പും ഉദിപ്പുമുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അബുദാബിയുടെ ഭൂമിശാസ്ത്രത്തിനും സാമൂഹ്യശാസ്ത്രത്തിനും സാമ്പത്തിക ശാസ്ത്രത്തിനും മറ്റ് എമിരേറ്റ്സുകളില്‍ നിന്ന് കാര്യമായ വ്യത്യാസം അനുഭവപ്പെട്ടില്ല .

ഉച്ചയൂണിന് “രുചി” ഹോട്ടലിലേക്കുതന്നെ പോയെങ്കിലും കാര്‍ പാര്‍ക്ക് ചെയ്യാനായില്ല .അതുകൊണ്ട് മലയാളിയുടെ മറ്റൊരു ഹോട്ടലായ “ഇന്‍റര്‍ നാഷണല്‍” ഹോട്ടലിലേക്ക് പോയി .മീന്‍കറി കൂട്ടി ഊണുകഴിക്കുമ്പോള്‍ ഡോ. പ്രവീണ്‍ നാട്ടില്‍ പണിയാനാഗ്രഹിക്കുന്ന വീടിനെക്കുറിച്ചും ഗള്‍ഫിലെ സാമ്പത്തിക പരാധീനതകളെ കുറിച്ചും പ്രാരാബ്ധങ്ങളെ കുറിച്ചും വേവലാതിപ്പെട്ടുകൊണ്ടിരുന്നു .
 
ഡോ.പ്രവീണിന്റെ പ്രശ്നം സാമ്പത്തികമാണ് .വീട് പണി ഉയര്‍ത്തുന്ന സാമ്പത്തിക പ്രശ്നം .കേരളത്തില്‍നിന്ന് ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍നിന്ന് 50 ലക്ഷം രൂപയുടെ വായ്പ വേണം .അതിന് ഞാന്‍ സഹായിക്കണം .ആ വായ്പ അടഞ്ഞുതീരും വരെ ഗള്‍ഫില്‍ കഴിഞ്ഞുകൂടണം .അതുകഴിഞ്ഞാല്‍ നാട്ടിലേക്ക് വരണം .ഗള്‍ഫിലെ മലയാളികള്‍ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രാരാബ്ധങ്ങളുടെ പുസ്തകത്തില്‍ ഡോ.പ്രവീണിന്റെ പ്രാരാബ്ധവും ഞാന്‍ കുറിച്ചിട്ടു .ഇതെന്തൊരു നാട് .പ്രാരാബ്ദങ്ങളുടെ പറുദീസയോ?

അറബിക്കഥകള്‍ ഷെയ്ക്ക്സ്പിയര്‍ കഥകള്‍ പോലെയാണ് .കഥാപാത്ര ങ്ങളൊക്കെ രാജകീയങ്ങളാണ് .അമാനുഷങ്ങളാണ്.രാജാവും രാജ്ഞിയും .രാജകുമാരനും രാജകുമാരിയും .രാജകീയ പ്രണയങ്ങള്‍ .രാജകീയ വിരഹങ്ങള്‍ .മഹായുദ്ധങ്ങള്‍ .കൊട്ടാരം കൊലകള്‍ .കൊട്ടാരം തമാശകള്‍ .സാധാരണ മനുഷ്യരില്ല .സാധാരണ ജീവിതവുമില്ല .സാധാരണക്കാരൊക്കെ പ്രേക്ഷകരാണ് .അവര്‍ കഥക്കുള്ളിലെ കഥകള്‍ പറഞ്ഞും അനുഭവിച്ചും അരങ്ങിലും അണിയറയിലുമായി കഴിഞ്ഞു കൂടുന്നു .
അറബി ഐക്യ നാടുകള്‍ ഏതുമായിക്കോട്ടെ ,കഥകളുടെ രാജകീയമായ പശ്ചാത്തലങ്ങള്‍ക്ക് മാറ്റമില്ല .ഇവിടെയും സാധാരണക്കാരൊക്കെ പ്രേക്ഷകരാണ് .രാജഭക്തിയുള്ള പ്രവാസികളായ പാവം പ്രേക്ഷകര്‍ .നമ്മുടെ നാട്ടില്‍ വീടുകളില്‍ ദൈവത്തിന്റെയും സര്‍ക്കാര്‍ ആപ്പീസു കളില്‍ മഹാത്മാഗാന്ധിയുടെയും ഫോട്ടോ വച്ച് ആദരിക്കുന്നതുപോലെ ഇവിടെ പ്രവാസികള്‍ രാജ്യം ഭരിക്കുന്ന ഷെയ്ക്കിന്റെ ഫോട്ടോ വച്ച് ആരാധിക്കുന്നു . ഷെയ്ക്ക്സ്പിയര്‍ കഥകളിലെന്നപോലെ ഇവര്‍ നാടകങ്ങള്‍ക്കുള്ളില്‍ നാടകങ്ങള്‍ അനുഭവിച്ചും അഭിനയിച്ചും ദുരിതപൂര്‍ണ്ണമായ പ്രവാസജീവിതം കളിച്ചുതീര്‍ക്കുന്നു .അതുകൊണ്ടുതന്നെ ഇവിടുത്തെ എല്ലാ പ്രവാസി പ്രേക്ഷകരേയും അവതരിപ്പിക്കാന്‍ ഞാന്‍ മെനക്കെടുന്നില്ല .
അബുദാബിയിലെ മുസ്തഫ പാലവും കടന്ന് ഒരു ഉള്‍പ്രദേശത്ത് താമസിക്കുന്ന ജിജോ കാപ്പനും മിസ്റ്റര്‍ നായരും അത്ഭുതത്തിനും അനുഭവത്തിനും വക തരുന്നുണ്ട് .

ഒരു ചെറിയ ഹാള്‍ .കഷ്ടിച്ച് ഒരു കട്ടിലിനെ ഉള്‍ക്കൊള്ളാവുന്ന ഒരു മുറി .ഒരാള്‍ക്ക് മാത്രം നിന്നുതിരിയാവുന്ന അടുക്കള .അതുപോലെതന്നെ കക്കൂസ് അടങ്ങിയ ഒരു കുളിമുറി .സാധാരണ തറ സംവിധാനം .ഇവിടെയാണ്‌ ജിജോ കാപ്പനും മിസ്റ്റര്‍ നായരും അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നത് .ജിജോ കാപ്പന് അബുദാബിയിലാണ് ജോലി .കുടുംബസമേതം താമസം ഷാര്‍ജയില്‍ .വെള്ളിയാഴ്ചകളില്‍ ജിജോ കാപ്പന്‍ ഷാര്‍ജക്ക് പോകും .തിങ്കളാഴ്ച തിരിച്ചുവരും .ജിജോ കാപ്പനെ കുറിച്ച് ഞാന്‍ ഷാര്‍ജ വിശേഷങ്ങള്‍ എഴുതിയിടത്ത് പരാമര്‍ശിച്ചിരുന്നു .അതുകൊണ്ട് നമുക്ക് നായര്‍ വിശേഷങ്ങളിലേക്ക് തിരിച്ചുവരാം .

ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ മിസ്റ്റര്‍ നായര്‍ പൂജയിലായിരുന്നു .അരമണിക്കൂര്‍ എടുത്തുകാണും നായര്‍ ദര്‍ശനത്തിനായി .മുട്ടോളം ഇറക്കമുള്ള ഒരു ട്രൌസറും ടി ഷര്‍ട്ടുമാണ് വേഷം .നെറ്റിയിലെ കളഭക്കുറിയുടെ നനവ് വറ്റിയിട്ടില്ല .പേരിനൊന്ന് പരിചയപ്പെട്ടെന്നു വരുത്തി മിസ്റ്റര്‍ നായര്‍ അകത്തുപോയി .തിരിച്ചുവന്നപ്പോള്‍ മുക്കാലും കുടിച്ചുതീര്‍ത്ത ഒരു മുഴുവന്‍ കുപ്പിയുമായി പ്രത്യക്ഷനായി .

”ഇത്രേ ഉള്ളൂ .വാങ്ങണം വാങ്ങണം ന്ന്‍ ച്ചിട്ട് നടക്ക്ണില്ല്യ .നിപ്പോ ഒരു വഴീം ഇല്ല്യ .ഇതൊണ്ട് തൃപ്തിപ്പെടെ നിവര്‍ത്തീള്ളൂ .”

എന്തോ പച്ചക്കറിയൊക്കെ വെട്ടിക്കൂട്ടിയ സലാടുണ്ട് തൊട്ടുകൂട്ടാന്‍ .ഒരു വെജിറ്റേറിയന്‍ മദ്യപാനം .അക്ഷരാര്‍ഥത്തില്‍ ഒരു നായര്‍ മദ്യപാനം .

ചെറിയ ലഹരിയില്‍ നായര്‍ അലറിക്കൊണ്ടിരുന്നത് മുഴുവന്‍ പ്രവാസികളുടെ വിഷമങ്ങളും ,വേദനകളും ,പ്രാരാബ്ധങ്ങളും ,പരിമിതികളും ,പരിദേവനങ്ങളുമാണ് .ഏതാണ്ട് ഒരു മാസക്കാലമായി ഞാനിതൊക്കെ കേട്ടതുകൊണ്ട് എനിക്കെല്ലാം മനപ്പാഠമായിരുന്നു .

“ഗള്‍ഫിന് ഒരു നല്ല കാലമുണ്ടായിരുന്നു ..”ഏറെ ലാഭാത്തിലല്ലാത്ത ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ സൂപ്പര്‍വൈസറായ മിസ്റ്റര്‍ നായര്‍ പ്രവാസത്തിന്‍റെ ദുരിതപര്‍വ്വം ആടിത്തുടങ്ങി .ആ നല്ല കാലത്തായിരുന്നു  നായര്‍ക്ക് മംഗല്യം .ഭാര്യക്ക് സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു .നായരുടെ ലക്ഷങ്ങളുടെ ഓളങ്ങളില്‍ ഭാര്യ സര്‍ക്കാര്‍ ജോലി ധീരപൂര്‍വ്വം രാജിവച്ചു .നായരും ഭാര്യയുടെ ധീരതയില്‍ അഭിമാനിച്ചു .

പക്ഷെ വളരെ പെട്ടെന്നായിരുന്നു ഗള്‍ഫിന്റെ കാലം കഷ്ടകാലമായത് .സാമ്പത്തിക മാന്ദ്യത്തിന്റെ ആമവാതം പ്രവാസികളെ നന്നായി ബാധിച്ചു .നായരെയും കുടുംബത്തെയും അത് കൂടുതല്‍ ബാധിച്ചു .തളര്‍ത്തി . ആ ബാധ ഇന്നും തുടരുന്നു .സര്‍ക്കാര്‍ ജോലി രാജിവച്ച ഭാര്യക്ക് ധീരതക്കുള്ള അവാര്‍ഡ് കൊടുക്കരുതായിരുന്നെന്ന് നായര്‍ ഇന്ന്‍ പശ്ചാത്തപിക്കുന്നു .

മകനെ വിദേശത്ത് പഠിപ്പിക്കുവാനുള്ള തത്രപ്പാടിലാണ് നായര്‍ ഇന്ന്‍ .അമേരിക്കയിലുള്ള നായര്‍ കുടുംബാംഗത്തിന്റെ നിത്യസഹായത്തോടെ കാര്യങ്ങള്‍ അങ്ങനെ നടന്നുപോകുന്നു .അടുത്ത മാസം ഭാര്യ അബുദാബിക്ക് വരുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട് .അതോടെ നായരുടെ കാര്യവും വീര്യവും തീരും .ജിജോ കാപ്പനും മിസ്സിസ് നായരുടെ വരവ് കഷ്ടകാലമാവും .വീടൊഴിയേണ്ടിവരും .എല്ലാംകൊണ്ടും നായര് പുലി വാല് പിടിച്ചിരിക്കുകയാണ് .സമയം അര്‍ദ്ധരാത്രിയായി .ഞങ്ങള്‍ നായര്‍ മഹാസമ്മേളനം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി .
ഡോ .സി .ടി വില്യം
തുടരും 

No comments:

Post a Comment